തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കാൻ ഞാൻ പാടുപെടുകയായിരുന്നു .രാത്രി ഇരുട്ടിലങ്ങനെ കനം തൂങ്ങിക്കിടന്നു .പുറത്ത് ദിശയറിയാതെ വട്ടം കറങ്ങുന്ന വവ്വാലുകളുടെ ചിറകൊച്ച ..ഉമ്മറ മുറ്റത്തെ സപ്പോട്ടമരത്തിൽ തൂങ്ങിയാടുന്ന വവ്വാലുകളെയും അവൾക്കു ഭയമായിരുന്നു .
നിനക്കു പേടിയില്ലാത്ത വല്ലതുമുണ്ടോ ..? കണ്ണൻ്റെ ചോദ്യത്തിനു മുമ്പിൽ വാശിയോടെ തിരിച്ചടിക്കുന്നവൾ ഈ ചോദ്യത്തിനു മാത്രം നിശബ്ദത പാലിക്കുമായിരുന്നു … അവൾ ഇപ്പോൾ ഉറങ്ങിയിരിക്കുമോ….? തിരിഞ്ഞു കിടന്നു കൂർക്കം വലിക്കുന്ന ഉണ്യേട്ടനെ കണ്ടപ്പോൾ ദേഷ്യവും അസൂയയും തോന്നി .എനിക്കങ്ങനെ ഉറങ്ങാൻ കഴിഞ്ഞെങ്കിൽ …!
അമ്മയ്ക്കീ ജന്മം അതു സാധിക്കില്ല … കണ്ണൻ്റെ ചിരി കാതിൽ അലയടിച്ചു. അതെ…., സാധിക്കില്ല … ഞാനൊരമ്മയല്ലേ … എൻ്റെ കുട്ടി ഉറങ്ങാതെ പേടിച്ച് കണ്ണെത്താ ദൂരത്തിരിക്കുമ്പോൾ ഞാനെങ്ങനെ സുഖമായുറങ്ങും … !?
സന്ധ്യയ്ക്കാണ് അവൾ വിളിച്ചത്.പതിവില്ലാതെ ആ നേരത്ത് വിളി കണ്ടപ്പോൾ എന്തോ ഒരു പന്തികേടു തോന്നി .. ‘അമ്മാ … എൻ്റെ സ്റ്റഡി ടേബിളിനടുത്ത് ഒരു വലിയ കൂറ … ‘
ഒരു നിമിഷം ഞാൻ അനക്കമറ്റിരുന്നു .വീട്ടിലായിരിക്കുമ്പോൾ ഈയൊരു വിളി വന്നാൽ ഉടനെ ഞാൻ ചൂലുമെടുത്ത് ചെല്ലേണ്ടതാണ് .അതുവരെ നിന്നിടത്തു നിന്ന് അവളനങ്ങുകയില്ല. ഇതിപ്പോൾ കിലോമീറ്ററുകൾക്കപ്പുറത്തിരുന്ന് അവൾ വിളിക്കുന്നു …
എൻ്റെ ഭാവം കണ്ട് ഉണ്യേട്ടൻ ഫോൺ കയ്യിൽ നിന്ന് വാങ്ങി .. വിവരം കേട്ട് ആദ്യമൊന്ന് ചിരിച്ചു .’അതടുത്ത റൂമിലെ ആരെയെങ്കിലും വിളിച്ചാൽ തീരുന്ന പ്രശ്നമല്ലേ വാവേ …’
അതിനവൾ പറഞ്ഞ മറുപടി കേട്ട് ഉണ്യേട്ടൻ വീണ്ടും ചിരിക്കുകയാണ് . ‘വല്യ വല്യ സാഹസികതകളിഷടപ്പെടുന്ന നിങ്ങളൊക്കെയെന്തേ ഇങ്ങനെയായിപ്പോയി .പാവമൊരു പാറ്റയെ പേടിച്ച് ഒളിച്ചിരിക്കുന്ന അവസ്ഥ കഷ്ടം തന്നെ.. ഭൂമിയുടെ അവകാശികളാം പാവമീ കൂറകളും.. ‘ ഉണ്യേട്ടൻ ബഷീറിൻ്റെ പക്ഷംപിടിച്ചു. .. കൂട്ടുകാരൊക്കെ കുറകളെപ്പേടിച്ച് മുറിയടച്ചിരുപ്പാണെന്നും ഇനി രാത്രിയായതിനാൽ മറ്റു മുറികളിൽ പോകാനാവില്ലെന്നുമൊക്കെ അവൾ പറഞ്ഞതായി ഉണ്യേട്ടൻ പറഞ്ഞപ്പോൾ എൻ്റെ മനസിലൂടെ ഒരു പാടു ചിത്രങ്ങൾ മിന്നി മറഞ്ഞു .അടുക്കളയിലെ തിരക്കിനിടയിൽ ,ഓൺലൈൻ ക്ലാസിനി ടയിൽ ,സ്കൂളിലേക്ക് ധൃതി പിടിച്ച് യാത്രയാകുന്നതിനിടയിൽ ഒക്കെ അവളുടെ വിളി കേട്ട് കൂറയെ കൊല്ലാൻ പാഞ്ഞു നടന്നിരുന്ന ഞാൻ ….
ദിനോസറുകൾക്കും മുന്നേ ഇവിടെയെത്തി സ്ഥാനമുറപ്പിച്ച കൂറകൾ .. പകൽ വെളിച്ചത്തിലൊളിച്ചിരുന്ന് രാത്രിയിരുട്ടിൽ പുറത്തിറങ്ങി നടക്കുന്നവർ … വിക്കിപീഡിയ തപ്പി കൂറകളെപ്പറ്റി അവളൊരു പ്രബന്ധം തന്നെ തയ്യാറാക്കിയിട്ടുണ്ട് .. അവയ്ക്ക് നടക്കാനും പറക്കാനും പറ്റുമെന്ന് പറയുന്നു അമ്മേ…അതു പറയുമ്പോൾ അവളുടെ കുഞ്ഞു കണ്ണുകളിലെ വലിയ കാഴ്ചകൾ എന്നെയും ഭയപ്പെടുത്തിയിരുന്നു എന്നു തോന്നുന്നു .ഒരു പക്ഷേ പതുങ്ങിയിരുന്ന് പറന്നു വന്ന് അപ്രതീക്ഷിതമായി കൂറ ആക്രമിക്കും എന്നവൾ ഭയപ്പെട്ടിരിക്കാം. അവളുടെ അടുത്തെത്തി കൂറയെ ഓടിക്കാനും അവൾക്കരികിലിരുന്ന് അവളെ ഉറക്കാനും എനിക്കേറെ കൊതി തോന്നി .. ഈ കോഴ്സിന് ചേർത്തേണ്ടായിരുന്നുവെന്നും ഹോസ്റ്റലിൽ നിർത്തേണ്ടായിരുന്നുവെന്നും ഞാൻ ചിന്തിച്ചു.. അവളെ വിളിച്ചു നോക്കിയാലോ എന്ന് പലവുരു ആലോചിച്ചു പക്ഷേ അവൾ ഉറങ്ങുകയാണെങ്കിലോ എന്ന ചിന്ത എന്നെ പുറകോട്ടു വലിച്ചു .ഉറങ്ങാതെയിരുന്ന് ചിന്തകളിലൂടെ പുലർകാലവെട്ടത്തിലേക്ക് വഴി നടന്നു .നേരം വെളുത്തതും ഫോണിലവളുടെ നമ്പർ അമർത്തി .. ‘എന്താ അമ്മേ …?’
‘മോളേ .. കൂറ പോയോ …?’
അവളുറക്കെ ചിരിച്ചു ..”അമ്മയ്ക്കായോ ഇപ്പോ പേടി … അതിനെ ഞാൻ ഇന്നലെ കഷ്ടപ്പെട്ട് എൻ്റെ റൂമിൽ നിന്ന് ഓടിച്ചു അമ്മേ … പിന്നെയ് എനിക്കിപ്പോ പണ്ടത്തെ അത്രേം പേടില്ലാട്ടോ … പേടി കുറഞ്ഞിട്ടുണ്ട് .. അവർക്കും ജീവിക്കണ്ടേ ഭൂമീല് … അമ്മ പറയാറുള്ളത് ശരി തന്നെയാ .”
അവളുടെ മറുപടി കേട്ട് ഞാൻ വിളിച്ച നമ്പറിലേക്ക് ഒന്നുകൂടി നോക്കി ..
എൻ്റെ മകൾ വലുതായിരിക്കുന്നു ..!
‘അമ്മേ… എന്താ ഒന്നും മിണ്ടാത്തെ ‘ ‘ഒന്നൂല്യാ… അമ്മ പിന്നെ വിളിക്കാം ട്ടോ’
ഫോൺ കട്ടു ചെയ്ത് എടുത്തു വയ്ക്കുമ്പോഴും കുഞ്ഞുടുപ്പിട്ടു നടക്കുന്ന വാവയുടെ പിന്നാലെ പായുകയായിരുന്നു എൻ്റെ മനസ് .
ഒറ്റയ്ക്കാകുമ്പോൾ സ്വന്തം കാര്യം നോക്കാൻ അവൾ പ്രാപ്തയായിരിക്കുന്നുവെന്ന തിരിച്ചറിവിലും അവളെനിക്ക് കുഞ്ഞുവാവയായി പിച്ചവയ്ക്കുകയായിരുന്നു.