കൊതിയൊരനുഭൂതിയാണ്
‘കാറ്റിനോട് കാടിനോട്
കാനനനീർചോലയോട്
കടലിനോട് കനവിനോട്
കാമുകഭാവത്തോട്
ഒന്നു തൊട്ടാൽ തുളുമ്പും
പ്രണയത്തോടും കൊതി’
എന്നൊക്കെ പറയാൻ
ഗന്ധർവഗായകനല്ല ഞാൻ
കഥിക്കുന്നതു കാവ്യവുമല്ല!
(അപ്പോൾ കൊതിയില്ലേ…?)
കൊതിയാണെനിക്കു
കാണാത്ത സ്വർഗങ്ങൾ
കാണാതിരിക്കുവാൻ
ഇല്ലാത്ത വേദങ്ങൾ തച്ചുടയ്ക്കാൻ
കേൾക്കാവചനങ്ങൾ
ചൊല്ലിപ്പഠിക്കുവാൻ
കാണാക്കയങ്ങളിൽ മുങ്ങിത്തുടിക്കുവാൻ
പാപനാശത്തിൽ കുളിച്ചെന്റെ
ജന്മപാപങ്ങളെ പ്പുനർജനിപ്പിക്കുവാൻ
കൊതിയേറെ…
പറയാതെ വയ്യിനി!
സീതാലക്ഷ്മണരേഖ
വട്ടത്തിലാക്കാൻ
യുവതയുടെ
സ്വപ്നങ്ങളെത്തല്ലിത്തകർക്കുവാൻ
ശോകമൊരു വീടിനെ മൂകമാക്കാൻ
രാത്രിയിൽ വെട്ടം തിരഞ്ഞ
സിദ്ധാർത്ഥന്റെ കൈകോർത്തു
നാടിനെ ശോണവർണമാക്കാൻ
നേതാക്കളെ ജനബുദ്ധരാക്കാൻ
കൊതിയേറെ…
കവിയുടെ നാരായം കവരാൻ
കാവിലമ്മയോട്
നാല് പയ്യാരം ചൊല്ലാൻ
സ്വാമിനിയുടെ കണ്ണിലെ
നക്ഷത്രമാവാൻ
പടമുള്ള പാമ്പിന്റെ
നാവ് നുണയാൻ
നോവുമാത്മാവിനെ
നോക്കി പൊട്ടിച്ചിരിക്കാൻ
അങ്ങനെയങ്ങനെയങ്ങനെ…
കവിയുടെ കാപട്യം തകർക്കാൻ
കള്ളനെന്നലറാൻ
ഒടുവിൽ ദേഹിയില്ലാതൊരു
തൂവലായലയാൻ
സൂര്യനായ് പൊള്ളിയടരാൻ
പുത്രനായ് ഭിക്ഷുകനാകാൻ
ബന്ധനിരാസത്തിനൊടുവിൽ
ഉമിത്തീയിൽ വെന്തുനീറിയൊരു
ഫീനിക്സ് പക്ഷിയായ്
പുനർജനിക്കാൻ കൊതി…
കൊതികളുടെയീ
തിറയാട്ടത്തിൻ നടുവിൽ
കൊതി വിഴുങ്ങിയൊരു
കൊതിയില്ലാപൂതമാകാനും
കൊതി!