പരബ്രഹ്മത്തിൽ പരമശിവന്റെ പ്രാപഞ്ചികനൃത്തം. നടനവിസ്മയം കൺപാർക്കാനെത്തിയ ദേവഗണങ്ങൾ. വിശേഷവിധിയായി സന്നിധിയിൽ പാണിനിയും ആദിശേഷനുമുണ്ട്. നൃത്തം ഉദാത്തം വിശ്വമോഹനം.
ശിവതാണ്ഡവ താളലയത്തിൽ ഭഗവത് തുടിയിലുണർന്ന പതിന്നാലു ധ്വനികൾ ഓർമ്മയിൽ ചികഞ്ഞെടുത്ത് ആദ്യമായി പാണിനി വ്യാകരണ സൂത്രങ്ങൾ സൃഷ്ടിച്ചു. ആദിദേവന്റെ തുടിവാദ്യത്തിലുതിർന്ന സൂത്രങ്ങളായതു കൊണ്ട് അത് മഹേശ്വരസൂത്രങ്ങൾ എന്നാണറിയപ്പെട്ടിരുന്നത്. എട്ട് അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥം അഷ്ടാധ്യായി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. എന്നിരുന്നാലും ഒരു വ്യാഖ്യാനത്തിന്റെ പിൻബലമില്ലാതെ പാണിനിയുടെ സംസ്കൃത വ്യാകരണം ഗ്രഹിയ്ക്കുക അസാദ്ധ്യമാണെന്നൊരഭിപ്രായം ഇല്ലാതില്ല.
മനുഷ്യരാശിയ്ക്കു വേണ്ടി ആ വ്യാകരണ ഗ്രന്ഥത്തിനൊരു ഭാഷ്യമരുളാൻ രുദ്രതാണ്ഡവ സാക്ഷിയായ ആദിശേഷൻ പതാജ്ഞലിയായി ഭൂമിയിൽ പിറവിയെടുത്തു. ഒടുവിൽ പാണിനിയുടെ അഷ്ടാധ്യായിയ്ക്കൊരു വ്യാഖ്യാനമായി പതാജ്ഞലി മഹാഭാഷ്യം കുറിച്ചു. ആയിരം ഫണങ്ങളും നാവുകളുള്ള ആദിശേഷനു മാത്രമേ ആവിധമൊരു മഹാവ്യാഖ്യാനം രചിയ്ക്കാൻ കെൽപുള്ളു.
പതാജ്ഞലി മഹാഭാഷ്യം സംഗ്രഹിച്ചതിനു ശേഷം ആ വർത്തമാനം ആര്യാവർത്തത്തിലെങ്ങും നിറഞ്ഞു. ആ കാലഘട്ടത്തിൽ പതാജ്ഞലി താമസിച്ചിരുന്നത് ചിദംബരത്തായിരുന്നു. മഹാഭാഷ്യമഭ്യസിയ്ക്കുവാൻ ആയിരം ശിഷ്യഗണങ്ങൾ അവിടെ ഒത്തുചേർന്ന് അദ്ദേഹത്തെ സമീപിച്ചു. ആയിരം സ്തംഭങ്ങളുള്ള ചിദംബരത്തെ നടരാജക്ഷേത്രത്തിന്റെ വിശാല തളത്തിൽ വെച്ച് പതാജ്ഞലി അവരെ അഭ്യസിപ്പിയ്ക്കാൻ നിശ്ചയിച്ചു. ആയിരം ശിഷ്യന്മാർ ഒരേസമയം സംശയങ്ങളുന്നെയിച്ചാൽ ഒരു നാവുകൊണ്ട് സംശയനിവാരണം നടത്താൻ അദ്ദേഹത്തിനു കഴിയില്ലെന്ന്, പഠിപ്പിയ്ക്കാൻ തുടങ്ങുന്നതിനു മുൻപേ പതാജ്ഞലിയോർത്തു. അതുകൊണ്ട് ഒരു തിരശ്ശീലയ്ക്കു പിന്നിലിരുന്നു മാത്രമേ താൻ മഹാഭാഷ്യം പഠിപ്പിയ്ക്കൂ എന്നു പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ശിഷ്യർക്കു മുന്നിൽ രണ്ടു നിബന്ധനകൾ വെച്ചു:
ഒന്ന്: അനുവാദമില്ലാതെ ആരും വിശാലമായ ആ തളം വിട്ടു പോകാൻ പാടില്ല; അഥവാ ആരെങ്കിലും അങ്ങനെ ചെയ്താൽ അവനൊരു ബ്രഹ്മരാക്ഷസനായി തീരുന്നതാണ്.
രണ്ട്: തിരശ്ശീല മാറ്റി ആരും ഒളിഞ്ഞു നോക്കാൻ പാടുള്ളതല്ല.
പ്രസ്തുത ഉപാധികളോടെ പതാജ്ഞലി തിരശ്ശീലയ്ക്കു പിന്നിലിരുന്ന് ആദിശേഷനായി ആയിരം നാവുകളാൽ ആയിരം പേർക്ക് മഹാഭാഷ്യവിജ്ഞാനം പകരാൻ തുടങ്ങി. അപ്രകാരമൊരു അപൂർവ്വ പ്രതിഭാസത്തിൽ തങ്ങൾക്കെങ്ങനെയാണ് ജ്ഞാനം കൈവന്നുകൊണ്ടിരിക്കുന്നതെന്ന് ശിഷ്യന്മാർക്കുപോലും വിശ്വസിയ്ക്കാൻ പ്രയാസമേറി. തിരശ്ശീലയ്ക്കു പിന്നിലിരുന്ന് ഒരു വാക്കുപോലും ഉരിയാടാതെ ഓരോരുത്തരിലും ഗുരു എങ്ങനെയാണ് ഭാഷ്യാവബോധം നിറയ്ക്കുന്നതെന്നോർത്ത് അവർ അത്ഭുതപരതന്ത്രരായി.
“എകനായ ഗുരു തങ്ങളെയെല്ലാവരെയും ഒരേ സമയം പഠിപ്പിയ്ക്കുന്നതെങ്ങനെയാണ്?” ജിജ്ഞാസ മൂത്ത് ആത്മനിയന്ത്രണം കൈവിട്ട ശിഷ്യരിലൊരാൾ തിരശ്ശീല പതുക്കെയൊന്നുയർത്തി പാളി നോക്കി. ഒറ്റ നിമിഷം! അനന്തകോടി നക്ഷത്രങ്ങളും, ജോതിർ ഗോളങ്ങളും,ഉൽക്കകളും താരപഥങ്ങളും മറ്റും ഉൾക്കൊണ്ട്; ഇരുളും വെളിച്ചവുമിഴചേർന്ന അരങ്ങിലെ ബ്രഹ്മാണ്ഡ ഹ്രസ്വരൂപത്തിൽ, ആയിരം ഫണങ്ങൾ വിടർത്തി, ആയിരം നാവുകളിൽ മഹാഭാഷ്യമരുളുന്ന ആദിശേഷൻ! ആദിശേഷന്റെ ആയിരം നാവുകളിൽ നിന്നു വമിച്ചുകൊണ്ടിരുന്ന കൊടിയ വിഷധൂമമേറ്റമാത്രയിൽത്തന്നെ ശിഷ്യന്മാരെല്ലാം ഭസ്മമായിത്തീർന്നു.
തൊള്ളായിരത്തി തൊണ്ണൂറ്റിയൊൻപതു പേരാണവിടെ വെന്തുവെണ്ണീറായത്. പതാജ്ഞലി തൽക്ഷണം ആദിശേഷരൂപം വെടിഞ്ഞു വെളിയിൽ വന്ന് സംഭവിച്ചതിൽ ഖേദം പൂണ്ടു. “ഹോ കഷ്ടം ! ഇനി ഞാൻ ആരെ മഹാഭാഷ്യം അഭ്യസിപ്പിയ്ക്കാൻ?” പ്രാഥമികാവശ്യങ്ങൾക്കാവണം അനുവാദമില്ലാതെ പുറത്തുപോയിരുന്ന ഒരു ശിഷ്യൻ അപ്പോൾ ആ വിശാല തളത്തിലേയ്ക്കു കടന്നു വരുന്നത് അദ്ദേഹം കണ്ടു. അദ്ദേഹത്തിന് എല്ലാം മനസ്സിലായി. ഒരാളെങ്കിലും രക്ഷപ്പെട്ടല്ലോയെന്ന സന്തോഷം പുറത്തു കാണിയ്ക്കാതെ അദ്ദേഹം, ദുരന്തമറിഞ്ഞ് ക്ഷമാപണത്തോടെ നിന്ന ശിഷ്യനോടായി മൊഴിഞ്ഞു. “എനിക്കറിയാവുന്നതെല്ലാം നിനക്കു ഞാൻ പകർന്നു തരാം. എന്നാൽ അനുവാദമില്ലാതെ പുറത്തുപോയതിനാൽ നീ ഒരു ബ്രഹ്മരാക്ഷസനായിത്തീരും. എങ്കിലും ഈ ദുർസ്ഥിതിയിൽ നിന്നും മോചനം നേടാൻ ഒരു മാർഗ്ഗമുണ്ട്. എന്നിൽ നിന്നു സ്വായത്തമാക്കിയ ജ്ഞാനം അർഹതപ്പെട്ട ഒരു വിദ്യാർത്ഥിയ്ക്കു പകർന്നു നൽകിയാൽ നീ ഈ ശാപത്തിൽ നിന്നും മോചിതനാകും.” പതാജ്ഞലി തന്റെ അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞ ആ ശിഷ്യനായിരുന്നു ശ്രീ ഗൗഡപാദർ.
ആര്യാവർത്തത്തെ ഉത്തര ദക്ഷിണ ഭാഗങ്ങളായി വേർതിരിയ്ക്കുന്ന വിന്ധ്യാപർവ്വതം കടന്നല്ലാതെ യാത്രികർക്ക് ഇരുവശങ്ങളിലേയ്ക്കുമുള്ള സഞ്ചാരം അസാദ്ധ്യമായിരുന്നു. ഗൗഡപാദർ വിന്ധ്യാപ്രദേശത്തേയ്ക്കു പോയി ബ്രഹ്മരാക്ഷസരൂപം പൂണ്ട് അവിടെ ഒരു കരിമ്പനയിൽ കുടിയേറിപ്പാർത്തു. ബ്രഹ്മരാക്ഷസന്മാരുടെ ഭക്ഷണം ബ്രാമണരായതു കൊണ്ട് ബ്രഹ്മരാക്ഷസനായ ഗൗഡപാദർ അവർക്കായി കരിമ്പനയിൽ കാത്തിരുന്നു. എപ്പോഴെങ്കിലും ഒരു ബ്രാമണൻ ആ വൃക്ഷം താണ്ടി പോകുമ്പോൾ ഗൗഡപാദർ വൃക്ഷത്തിൽ നിന്നും താഴേയ്ക്കു ചാടി, സ്വയം ബ്രാമണവേഷം പൂണ്ട്, വ്യാകരണത്തെക്കുറിച്ച് യാത്രികനോടൊരു ചോദ്യം ചോദിയ്ക്കും. മഹാഭാഷ്യത്തെക്കുറിച്ച് ജനങ്ങൾക്കറിവില്ലാതിരുന്ന കാലഘട്ടമായിരുന്നതു കൊണ്ട് ഗൗഡപാദർ വ്യാകരണത്തെക്കുറിച്ചു ചോദിച്ചിരുന്ന സൂക്ഷ്മമായ പ്രശ്നങ്ങൾക്ക് കൃത്യമായ ഉത്തരം പറയുക പ്രയാസമായിരുന്നു. തന്മൂലം ബ്രാഹ്മണരെല്ലാം തെറ്റായ ഉത്തരങ്ങൾ നൽകിയിരുന്നതിനാൽ, ബ്രഹ്മരാക്ഷസൻ അവരുടെ മേൽ ചാടി വീണ് അവരെയെല്ലാം കൊന്നു ഭക്ഷിച്ചിരുന്നു. ഒരു ബ്രാഹ്മണനു പോലും ഗൗഡപാദരുടെ പ്രശ്നത്തിനു ഉത്തരം ബോധിപ്പിയ്ക്കാൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങളോളം ഇതു തുടർന്നു പോന്നു.
ഒടുവിൽ, ഒരു ദിവസം സുമുഖനായ ഒരു ബ്രാഹ്മണകുമാരൻ അവിടെയെത്തിച്ചേർന്നു. അവനൊരു സ്വാദിഷ്ടമായ ഇരയായിരിയ്ക്കുമെന്നോർത്ത് അവനെക്കണ്ടപ്പോൾ സന്തോഷിച്ച ബ്രഹ്മരാക്ഷസൻ വ്യാകരണത്തെക്കുറിച്ച് പതിവു ചോദ്യമാവർത്തിച്ചു. ബാലൻ കൃത്യമായ ഉത്തരം നൽകിയതിൽ ഗൗഡപാദർ ആശ്ചര്യപ്പെട്ടു. അകതാരിൽ ആഹ്ലാദം വിരിഞ്ഞ ഗൗഡപാദർ ഉടനടിയുരുവിട്ടു. “ഇത്രയും നാൾ അർഹനായ ഒരു ശിഷ്യനു വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു ഞാൻ. നീ എന്റെ ശിഷ്യനാണ്. എന്റെ ഗുരുവിൽ നിന്നു സ്വായത്തമാക്കിയ ജ്ഞാനം മുഴുവനും ഞാൻ നിനക്കു പകർന്നു തരുന്നതാണ്. എവിടെയ്ക്കാണു നിനക്കു പോകേണ്ടത്?”
“പതാജ്ഞലിയിൽനിന്നു വ്യാകരണമഭ്യസിക്കുവാൻ ചിദംബരത്തേയ്ക്കു പോകുകയാണു ഞാൻ.” ബാലൻ ഒച്ചയിട്ടു.
“ചിദംബരത്തെ കഥകളെല്ലാം കഴിഞ്ഞു. ഇവിടെ വെച്ചു ഞാൻ നിന്നെ പഠിപ്പിയ്ക്കാം. ആ മഹാഭാഷ്യം ഇപ്പോൾ എന്നോടൊപ്പമുണ്ട്. ഇവിടെയിരിയ്ക്കൂ.” ഗൗഡപാദർ പ്രതിവചിച്ചു.
ഗുരുവിൽ നിന്നു ശിഷ്യനിലേയ്ക്ക് മഹാഭാഷ്യം മുഴുവനും പകർന്നു തീരുന്നതു വരെ, ഊണും ഉറക്കവുമില്ലാതെ ഒൻപതു ദിവസങ്ങളോളം ഗൗഡപാദർ ബാലനെ പഠിപ്പിച്ചു. എഴുതുവാൻ മഷിയോ എഴുത്താണിയോ ഒന്നും ഉണ്ടായിരുന്നില്ല. മരത്തിൽ നിന്നൊടിച്ചെടുത്ത ഒരു കമ്പുകൊണ്ട് സ്വന്തം തുടയിൽ ഒരു മുറിവുണ്ടാക്കി അതിൽ നിന്നൊലിച്ചിറങ്ങിയ രക്തം മഷിപോലെ ഉപയോഗിച്ച്, ഊണും ഉറക്കവുമില്ലാതെ, ഒൻപതു ദിവസങ്ങളോളം ഇടവേളകളില്ലാതെ അവൻ എഴുതി.
ഒടുവിൽ, ഒൻപതാമത്തെ ദിവസം കഴിഞ്ഞപ്പോൾ, വ്യാഖ്യാനങ്ങളെല്ലാം എഴുതി വെച്ച ഓലകളെല്ലാം കെട്ടുകളാക്കി ബാലൻ മാറാപ്പിൽ ഒതുക്കിവെച്ചു. ബാലനെ പഠിപ്പിച്ചശേഷം ശാപത്തിൽ നിന്നു മോചിതനായ ഗൗഡപാദർ അനന്തരം ഒരു ഗുരുവിനെത്തേടി വടക്കോട്ടു വെച്ചുപിടിച്ചു.
എന്നാൽ ഗൗഡപാദരിൽ നിന്നു മഹാഭാഷ്യം ലഭിയ്ക്കാൻ ഇടയായ കുമാരൻ ആരാണ്? ചന്ദ്രശർമ്മ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഗൗഡപാദർ ഉന്നെയിച്ചിരുന്ന ചോദ്യങ്ങൾക്ക് മനുഷ്യരാൽ മറുപടി പറയാൻ കഴിയില്ലെന്നു മനസ്സിലാക്കിയ പതാജ്ഞലി തന്നെയായിരുന്നു ചന്ദ്രശർമ്മയായി ജന്മമെടുത്തത്. അങ്ങനെ അദ്ദേഹം ഗൗഡപാദർക്ക് ഉത്തരമേകി ശാപത്തിൽ നിന്നും മോചിപ്പിക്കുകയും, നഷ്ടപ്പെട്ടു പോകാതെ മനുഷ്യർക്കായി മഹാഭാഷ്യം സംരക്ഷിക്കുകയും ചെയ്തു.
മഹാഭാഷ്യം മാറാപ്പിലേറി ചന്ദ്രശർമ്മ നടന്നു നീങ്ങി. അൽപ ദൂരം നടന്നു ചെന്ന് അദ്ദേഹം ഒരു മരത്തണലിൽ വിശ്രമിയ്ക്കാനിരുന്നു. ഒൻപതു ദിവസങ്ങളോളം വിശ്രമമില്ലാതിരുന്നതിനാൽ ഇരുന്നപാടേ അദ്ദേഹം അഗാധ നിദ്രയ്ക്കടിപ്പെട്ട് അവിടെ കിടന്നു പോയി. ആ വേളയിൽ, എവിടെ നിന്നോ എത്തിയ ഒരു ആട്, മാറാപ്പിൽ വെച്ചിരുന്ന ഓലക്കെട്ടുകളിൽ കുറെ കടിച്ചു വലിച്ചെടുത്ത്, തിന്നുതീർത്തു.
ഉറക്കമുണർന്ന ചന്ദ്രശർമ്മ ഓലക്കെട്ടുകളിൽ കുറച്ചു ഭാഗം നഷ്ടപ്പെട്ടിരിയ്ക്കുന്നതായി കണ്ടെത്തി. അവശേഷിച്ച വ്യാകരണക്കെട്ടുകൾ ബന്ധിച്ചെടുത്ത് അദ്ദേഹം ഉടൻ തന്നെ ഉജ്ജയിനിയിലേയ്ക്കു യാത്രയായി. ആടു തിന്നാത്ത ആ ഭാഗം മാത്രമാണ് ഇന്നത്തെ മഹാഭാഷ്യത്തിന്റെ അവശേഷിപ്പുകൾ. എന്നാൽ വ്യാകരണത്തിന്റെ നഷ്ടപ്പെട്ട ബാക്കി ഭാഗം ഇന്നും അറിയപ്പെടുന്നത് ‘അജ-ഭക്ഷിത-ഭാഷ്യ’ അഥവാ ‘ആടു തിന്ന ഭാഷ്യം’ എന്ന ചെല്ലപ്പേരിലാണ്!
*****
_______________
കടപ്പാട്: ‘ആദിശങ്കര- ഹിസ് ലൈഫ് ആൻഡ് റ്റൈംസ് ‘- ശ്രി ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമിജികൾ.