‘ന’യോടെനിക്കെന്തൊരിഷ്ടമെന്നോ
‘നാ’യെന്നും ‘നീ’യെന്നും ദീർഘിച്ച്
ഞാനും നീയുമാകുന്ന ‘ന’
മുമ്പിൽ വളഞ്ഞ തുമ്പിക്കൈയ്യായും
പിറകിൽ വളഞ്ഞ വാലായും
നടുവിൽ വളഞ്ഞ നട്ടെല്ലായും
ഒന്നായ ‘ന’ യെ പലതായി കാണുന്നൊ-
രെന്നിലും നമ്മിലും നിന്നിലും ‘ന’.
നീൾമിഴിയിൽ നീൾമുടിയിൽ
നീലയിൽ നീർനനവിൽ
നാകത്തിൽ നരകത്തിൽ
നന്മയിൽ തിന്മയിൽ
നരിയിൽ നരനിൽ നാരിയിൽ ‘ന’
‘നന്നായ് വരി’കെന്നും
‘നാശമായ് പോ’കെന്നും
നിഗ്രഹാനുഗ്രഹച്ചൂണ്ടയായ് ‘ന’
‘പോകുമോ നീ’ യെന്നു കയർക്കുന്ന ‘ന’
‘പോന്നുവോ നീ’ യെന്നു വിതുമ്പുന്ന ‘ന’
‘പോകുന്നു ഞാ’നെന്ന ഗര്‍വ്വിനെ കൈനീട്ടി
‘ന’ യെന്നു ചൊല്ലി വിലക്കുന്നു ‘ന’
‘പോയ് വരാ’മെന്നു നമിക്കുന്നു ‘ന’
മനമായ് മാനമായ്
വനമായ് വാനമായ്
അര്‍ത്ഥവ്യത്യാസച്ചുഴലിയായ് ‘ന’
നിശയിൽ നിരാശയിൽ
നെഞ്ഞകം നീറവേ
നാവിൽ നഞ്ഞായുരുകുന്നു ‘ന’
‘ന’യോടെനിക്കെന്തൊരിഷ്ടമെന്നോ
‘ന’ മുതൽ ‘ന’ വരെ നീളുമിഷ്ടം.
“ന”നന്നായിയിട്ടുണ്ട് 😃. ആശംസകൾ