ചുമടേന്തി ചുമടേന്തി
കണ്ഠ മുറച്ചു.
ഇടറാതെ ചുവടും
ഉറപ്പുള്ളതായ്.
ഏതേതു വഴിയിലും
പാദങ്ങളൂന്നുവാൻ
പരിചയം തഴമ്പിച്ചു.
നടവഴി നനഞ്ഞാലും
വഴുതായ്കയാണ്.
ഇടവഴിയായാലും
കുണ്ടും കുഴിയും മറികടക്കുമ്പോൾ
തലയിലെ കല്ലോളം ഭാരത്തിൻ
കല്ലിച്ച വേദന ഓർക്കാറില്ല.
ഉന്തുവാൻ ഉന്തുവണ്ടിക്കു,
വഴികാണാതെ ഹ്രസ്വമാം നടവഴി
ജീവിതപ്പാത പോൽ ഇന്നോളം
അത്രമേൽ പരിചയം
ഓരോചുമടും തലയിൽ വരുമ്പോൾ
വയറിനു പട്ടിണി മോചനം
ചക്രങ്ങളില്ലാതെ ഭാരം വഹിച്ചു
ചുവടുകൾ മുന്നോട്ടടുക്കുമ്പോൾ ജീവിതം.
ചുമടുള്ള തലയൊന്ന് പിന്നോട്ട് നോക്കിയാൽ
വേദന തനിയെ വിലക്കും
വേദനയോർത്താൽ വേലനടപ്പില്ല
എറിയഭാരം തലയിൽ ചുമക്കവേ
നടപ്പിന് പിന്നാമ്പുറങ്ങൾ വിലക്ക്
അന്നവും ജീവനും മുന്നിലോർക്കുമ്പോൾ
ഭാരിച്ചതെന്തും കാലുകളെ
കാരിരുമ്പോളമാക്കുന്നു.