ഇഡ്ഡലിയമ്മാവനും കൂട്ടുകാരും

 

 

ഇഡ്ഡലിയമ്മാവനും ഇക്കണ്ടനെലിയും ഇത്തമ്മപ്പൈങ്കിളിയും വലിയ കൂട്ടുകാരായിരുന്നു . ഇല്ലത്തു വഴിയിലുള്ള ഒരു കൊല്ലക്കുടിയിലാണ് ഇവർ മൂന്നുപേരും താമസിച്ചിരുന്നത് .

നേരം വെളുത്താൽ മൂന്നു പേരും ഓരോരോ പണികൾ ചെയ്തു തുടങ്ങും . ഇത്തമ്മപ്പൈങ്കിളി പാടത്തും പറമ്പിലുമെല്ലാം പറന്നു നടന്ന് അവർക്കാവശ്യമുള്ള കായ്കനികളും അരിമണികളും കൊത്തിക്കൊണ്ടുവരും. ഇക്കണ്ടനെലി കാട്ടിൽ പോയി അടുപ്പിൽ തീ പൂട്ടാൻ ഇക്കണ്ടനെലി ആവശ്യമായ ചുള്ളിക്കമ്പുകൾ കൊണ്ടുവരും . ഇഡ്ഡലിയമ്മാവൻ അരിമണികളും കായ്കനികളും കൊണ്ട് അവർക്കാവശ്യമുള്ള ചോറും കറികളും അപ്പവും അടയും മറ്റും ഉണ്ടാക്കി വയ്ക്കും . എല്ലാം തയാറായാൽ മൂന്നു പേരും വട്ടമിട്ടിരുന്ന് സന്തോഷത്തോടെ ആഹാരമെല്ലാം വിളമ്പി തിന്നും . പിന്നെ ആടിപ്പാടി ഉല്ലസിച്ച് നേരം കഴിക്കും . ഇഡ്ഡലിയമ്മാവന്റെയും ഇക്കണ്ടനെലിയുടെയും ഇത്തമ്മപൈങ്കിളിയുടെയും ചങ്ങാത്തം കണ്ട് അങ്ങെക്കൊമ്പത്തെ അണ്ണാറക്കണ്ണനും ഇങ്ങെക്കൊമ്പത്തെ നങ്ങേലിപ്പക്ഷിയും വല്ലാതെ അസൂയയപ്പെട്ടു .

എങ്കിലും ഇഡ്ഡലിയമ്മാവന്റെയും ഇക്കണ്ടനെലിയുടെയും ഇത്തമ്മപ്പൈങ്കിളിയുടെയും സ്നേഹത്തിന് ഒരു കുറവും ഉണ്ടായില്ല.

എന്നാൽ കുറെ ദിവസം കഴിഞ്ഞപ്പോൾ ഇത്തമ്മപ്പൈങ്കിളി ഓർത്തു താൻ മാത്രമാണ് രാവിലെ മുതൽ പാടത്തും പറമ്പിലുമെല്ലാം പറന്നു നടന്ന് കായ്കനികളും അരിമണികളും അന്വേഷിക്കുന്നത്. ഇക്കണ്ടനെലിക്ക് രാവിലെ കുറച്ച് വിറക്കു മാത്രം കൊണ്ടുവന്നാൽ മതി. അത് കഴിഞ്ഞാൽ സുഖമായി ഉറങ്ങാനും ഉല്ലസിക്കാനും നേരമുണ്ട്. ഇഡ്ഡലിയമ്മാവന് ആഹാരം പാകപ്പെടുത്തിയാൽ പിന്നെ മറ്റൊരു പണിയുമില്ല . ഇനിയും ഈ രീതി തുടരുന്നത് നല്ലതല്ലെന്ന് ഇത്തമ്മപ്പൈങ്കിളിക്കു തോന്നി ഇത്തമ്മപ്പൈങ്കിളി ഒരു ദിവസം കൂട്ടുകാരെ വിളിച്ച് കോപത്തോടെ പറഞ്ഞു.

” കൂട്ടുകാരെ …കൂട്ടുകാരെ … ഇന്നു മുതൽ നമുക്ക് പണിയൊക്കെ ഒന്ന് വ്യത്യാസപ്പെടുതാം ”

” ഓഹോ ! ഞങ്ങൾക്ക് സമ്മതമാണ് ” ഇഡ്ഡലിയമ്മാവനും ഇക്കണ്ടനെലിയും സമ്മതിച്ചു.

” എങ്കിൽ ഇഡ്ഡലിയമ്മാവൻ പോയി കായ്കനികളും അരിമണികളും കൊണ്ട് വന്നോളൂ ” ഇത്തമ്മപ്പൈങ്കിളി നിർദ്ദേശിച്ചു.

ഇഡ്ഡലിയമ്മാവൻ വേഗം കായ്കനികളും അരിമണികളും തേടാനായി പാടവരമ്പത്ത് കൂടെ നടന്നു നീങ്ങി.

” ഞാൻ കാട്ടിൽ പോയി അടുപ്പിൽ പൂട്ടാനുള്ള വിറകുകൊണ്ടുവരാം ” ഇത്തമ്മപ്പൈങ്കിളി പോകാനായി ഒരുങ്ങി.

” അപ്പോൾ ഞാനെന്താണ് ചെയ്യേണ്ടത്? ഇക്കണ്ടനെലി അന്വേഷിച്ചു .

” ഇക്കണ്ടൻ അടുക്കളയിൽ കയറി ചോറും കറികളും അപ്പവും അടയും മറ്റും ഉണ്ടാക്കിക്കൊള്ളൂ ”

ഇത്തമ്മപ്പൈങ്കിളി വിറകിനു പോയി. ഇക്കണ്ടനെലി അടുക്കളയിലേക്കും നീങ്ങി.

അങ്ങനെ മൂന്നുപേരും പരിചയമില്ലാത്ത പണികൾക്കായി ഇറങ്ങിത്തിരിച്ചു.

ഇഡ്ഡലിയാമ്മൻ നടന്നു നടന്ന് പുഞ്ചപ്പാടം കഴിഞ്ഞപ്പോൾ ഇഞ്ചക്കാട്ടിലെ കുഞ്ചുക്കുറുക്കൻ അതുവഴി വന്നു.

കുഞ്ചുക്കുറുക്കൻ നാവു നുണഞ്ഞു കൊണ്ട് ഇഡ്ഡലിയമ്മാവനോട് ചോദിച്ചു .

” ഇഡ്ഡലിയമ്മാവാ ഇത്ര തിടുക്കത്തിലെങ്ങോട്ടാ?”

” കുറുക്കച്ചാ ഞാൻ കുറച്ച് കായ്കനികളും അരിമണികളും ശേഖരിക്കാൻ പോകുകയാണ് ” ഇഡ്ഡലിയമ്മാവൻ മറുപടി പറഞ്ഞു.

” പക്ഷെ അത് നടക്കാൻ പോകുന്നില്ല അമ്മാവനെ ഞാനിപ്പോൾ കടിച്ചു തിന്നും ” കുഞ്ചുക്കുറുക്കൻ ഒറ്റക്കുതിക്ക് ഇഡ്ഡലിയമ്മാവന്റെ മുതുകിൽ ചാടിക്കടിച്ചു .

ഇഡ്ഡലിയമ്മാവൻ ഉറക്കെ കരഞ്ഞുകൊണ്ട് കുഞ്ചുക്കുറുക്കനോട് പടവെട്ടി . ഒടുവിൽ വളരെ പ്രയാസപ്പെട്ട് അവിടെ നിന്നും ചാടിയോടി രക്ഷപ്പെട്ടു . എങ്കിലും അമ്മാവന്റെ ഒരു മുതുക് മുഴുവനായും കുഞ്ചുക്കുറുക്കൻ ശാപ്പിട്ടു കഴിഞ്ഞിരുന്നു .

ഇഡ്ഡലിയമ്മാവൻ വീട്ടിലെത്തിയപ്പോൾ ഇക്കണ്ടനെലി കണ്ണും പൊത്തിയിരുന്നു കരയുന്നതാണ് കണ്ടത്.

” എന്ത് പറ്റി കൂട്ടുകാരി ? ഇഡ്ഡലിയമ്മാവൻ അന്വേഷിച്ചു .

” പുകയും ചൂടുമേറ്റ് എന്റെ കണ്ണ് വല്ലാതെ നീറുന്നു . കറി വച്ചിട്ടാണെങ്കിൽ ഉപ്പ് കയ്ക്കു ! അടുക്കളപ്പണിക്ക് ഞാനില്ല ” ഇക്കണ്ടനെലി ദേഷ്യപ്പെട്ടു.

ഇതിനിടയിൽ ഇത്തമ്മപ്പൈങ്കിളി ക്ഷീണിച്ച് തളർന്ന് അവിടെ പറന്നെത്തി.

” എന്ത് പറ്റി കൂട്ടുകാരാ?” ഇഡ്ഡലിയമ്മാവൻ അന്വേഷിച്ചു.

” മരം മുറിക്കാനും ചുള്ളിക്കമ്പ് ഒടിക്കാനും എനിക്ക് വയ്യ എന്റെ കൊക്ക് വല്ലാതെ വേദനിക്കുന്നു ” ഇത്തമ്മപ്പൈങ്കിളി കരഞ്ഞു തുടങ്ങി.

ഇതെല്ലാം കണ്ട് ഇഡ്ഡലിയമ്മാവൻ പറഞ്ഞു .

” കൂട്ടുകാരെ ! ഓരോരുത്തരും അവർക്കറിയാവുന്ന പണിയെ ചെയ്യാവു! അല്ലെങ്കിൽ ഇങ്ങനെ കിടന്ന് കഷ്ടപ്പെടേണ്ടി വരും ”

” അത് ശരിയാണ് ” ഇക്കണ്ടനെലി സമ്മതിച്ചു.

അന്നവർക്ക് ആഹാരം കഴിക്കാൻ കഴിഞ്ഞില്ല. ഇക്കണ്ടനെലി ഉണ്ടാക്കി വച്ച കഞ്ഞിയും കറിയും പലഹാരങ്ങളും മറ്റും ഉപ്പു കൊണ്ട് വായിൽ വയ്ക്കാൻ കൊള്ളാത്തവയായിരുന്നു .

പിറ്റേന്ന് മുതൽ അവർ പഴയതു പോലെ പഠിച്ച പണികൾ ചെയ്യാൻ തുടങ്ങി .

ഇത്തമ്മപ്പൈങ്കിളി പാടത്തും പറമ്പിലുമെല്ലാം പറന്നു നടന്ന് കായ്കനികളും അരിമണികളും കൊത്തികൊണ്ട് വന്നു.

ഇക്കണ്ടനെലി കാട്ടിൽ പോയി അടുപ്പിൽ തീ പൂട്ടാൻ ആവശ്യമായ ചുകള്ളിക്കമ്പുകൾ സമ്പാദിച്ചുകൊണ്ട് വന്നു
.
ഇഡ്ഡലിയമ്മാവൻ അരിമണികളും കായ്കനികളും കൊണ്ട് അവർക്കാവശ്യമുള്ള ചോറും കറികളും അപ്പവും അടയും മറ്റും രുചികരമായി ഉണ്ടാക്കി വച്ചു

മൂന്നു പേരും പഴയതു പോലെ വട്ടമിട്ടിരുന്ന് സന്തോഷത്തോടെ ആഹാരമെല്ലാം വിളമ്പി തിന്നു. പിന്നെ ആടിപ്പാടി ഉല്ലസിച്ച് നേരം കഴിച്ച് കൂട്ടി .

ഇത്തമ്മപ്പൈങ്കിളിയും ഇക്കണ്ടനെലിയും കൂടി മാവ് കുഴച്ച് വച്ച് ഇഡ്ഡലിയമ്മാവന്റെ മുതുക് വീണ്ടും ശരിയാക്കികൊടുത്തു . ഒരുമയാണ് പെരുമയെന്ന് അവർ മൂന്നു പേരും മനസിലാക്കി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English