പാലക്കാട്ടു നിന്നു സുരഭി കൊണ്ടുവന്ന പെണ്ണ് ബോധം തെളിഞ്ഞപ്പോൾ ആദ്യം കുറച്ചു പകച്ചിരുന്നു . പിന്നെ ഞെട്ടിയെഴുന്നേറ്റു പുറത്തേക്കോടി. അവിടെനിന്ന് ചുറ്റും നോക്കി ആരോടെന്നില്ലാതെ ‘ഇതെവിടെയാണ് ?’ എന്ന് അലറിവിളിച്ചു ചോദിച്ചു . ദിനകർ അതൊന്നും ശ്രദ്ധിച്ചില്ലെന്നോ , അല്ലെങ്കിൽ അത്യന്തം ഉദാസീനമായാണ് അതെല്ലാം ശ്രദ്ധിച്ചതെന്നോ പറയാം. അയാൾ സി.സി. ടീവി ക്യാമറ ഓൺചെയ്തു മുറികളിലൊന്നിൽ കിടക്കുന്ന മറ്റൊരു പെൺകുട്ടിയെ ശ്രദ്ധിച്ചു. അവൾ ഉറക്കത്തിലായിരുന്നു. ദിനകർ ആ പെൺകുട്ടിയെ നോക്കി പിറുപിറുത്തു:
‘മർമം** താൻ .’
സുരഭി മുരുഗനെക്കൊണ്ടു കോഴി ഫാമിൽ പണിചെയ്യിപ്പിക്കുകയായിരിക്കും എന്നയാൾ ഓർത്തു . അപ്പോൾ പുറത്തേക്കോടിയ പെൺകുട്ടി തിരികെവന്നു വേവലാതിപ്പെട്ടു : ‘ഇതെവിടെയാണ് ? അക്ക എവിടെപ്പോയി ?.’
വെപ്രാളത്തോടെ അവൾ ചോദ്യം ആവർത്തിച്ചപ്പോൾ അയാൾ കമ്പ്യൂട്ടറിൽ തന്നെ നോക്കിക്കൊണ്ടു പതിഞ്ഞ ശബ്ദത്തിൽ അലസമായി മറുപടി പറഞ്ഞു : ‘വരും.’
പറഞ്ഞു തീർന്നില്ല സുരഭി കടന്നു വന്നു. പെൺകുട്ടി വേവലാതിയോടെ ചോദ്യം അവളോടും ആവർത്തിച്ചു. സുരഭി അതിനു മറുപടി പറയാതെ നിശ്ചലം നിന്നു . അതുകണ്ടു പെൺകുട്ടി പിന്നെയും ഭയപ്പെട്ടു.
‘എനിക്കു പോണം, ഞാനെങ്ങനാ ഇവിടെത്തിയേ ? പറ ,’ അവൾ ഒച്ച വെച്ചു .
‘ഉൻ പേരെന്നാ,’ദിനകർ നിരുന്മേഷം ചോദിച്ചു.
അതിനു മറുപടി പറയാതെ പെൺകുട്ടി വീണ്ടും പുറത്തേക്കോടി പൂട്ടിക്കിടന്ന ഗേറ്റിൽ പിടിച്ചുവലിച്ചു രക്ഷിക്കണേ എന്ന് അലറി വിളിച്ചു. ദിനകർ എത്രയോ പഴയ കാഴ്ച്ച എന്നമട്ടിൽ അതു നോക്കി.
രക്ഷാമാർഗ്ഗം തേടി പെൺകുട്ടി വലിയ മതിലിനാൽ ചുറ്റപ്പെട്ട വിസ്തൃതമായ പറമ്പിൽ നാലുപാടും ഓടാൻ തുടങ്ങിയപ്പോൾ അയാൾ എഴുന്നേറ്റു കോഴിഫാമിലേക്കു നടന്നു. മുരുഗൻ കൂടുകളൊക്കെ വൃത്തിയാക്കി വെറുതേ കുത്തിയിരിക്കുന്നു. അവനെ നിയന്ത്രിക്കാൻ പോയ സുരഭിയാകട്ടെ മൊബൈലിൽ എന്തോ കണ്ടു രസിക്കുന്നു.
‘ വേല മുടിഞ്ചുതുന്നാ അവള കൊഞ്ചം ഗവനി,’ ദിനകർ പെൺകുട്ടിയെ ഉദ്ദേശിച്ചു സുരഭിയോട് പറഞ്ഞു.
മൊബൈൽ അടച്ചു സുരഭി എഴുന്നേറ്റു.
ദിനകർ മുരുഗനു നേരെ തിരിഞ്ഞു.
-‘ മുരുഗാ , ഇനി നീ കെളമ്പലാം. ഒരു വാരം കഴിച്ചു വന്താ പോതും.’
അവൻ മടിച്ചു .
‘കോളി ?’
‘കോളിക്ക് നാൻ തീനി പോട്ടുക്കുറേൻ. നീ കെളമ്പലാം. വേല ഏതാവത് ഇരുന്താ സൊല്ലി അനുപ്പറോം.‘
മുരുഗൻ പോയി.
‘പെണ്ണ് ചുറ്റിനും ഓടുന്നുണ്ടാരുന്നു. നല്ലോണം നോക്ക് ‘- ഇത്തവണ മലയാളത്തിലാണു ദിനകർ സുരഭിയോടു വിളിച്ചു പറഞ്ഞത്.
‘നോക്കട്ടെ,’ സുരഭി പറഞ്ഞു.
‘പ്രേമാ ,’ സുരഭി നീട്ടിവിളിച്ചു.
വിളികേൾക്കാത്തതിനാൽ വീണ്ടും വിളിച്ചു. നോക്കി നടന്ന് ഒടുവിൽ കണ്ടെത്തി. ഒരു പ്ലാവിന്റെ ചുവട്ടിൽ എന്തുചെയ്യണമെന്നറിയാതെ ചകിതയായി നിൽക്കുന്നു.
‘ വാ ,’ സുരഭി അനുനയപൂർവ്വം വിളിച്ചു.
‘ ഇതെവിടാ സ്ഥലം ? എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നെ , സത്യം പറ.’
‘ സത്യം പറഞ്ഞ കാലം മറന്നു കൊച്ചേ,’ സുരഭി അടുപ്പം കാട്ടാതെ പറഞ്ഞു.
‘ കൊണ്ടുവന്നതു നീ പറഞ്ഞപോലെ ഒരു ജോലി തരാനാ . അകത്തു വാ , പറഞ്ഞു തരാം.’
‘ ഞാൻ വരുത്തില്ലെടീ .’
‘ അവിടെ നിന്നോ , ഇവിടാർക്കും ധൃതിയില്ല,’ സുരഭി ക്രമം തെറ്റിയ പല്ലുകൾ കാട്ടി ചിരിച്ചു.
പിന്നെ പ്രേമയുടെ അടുത്തേക്കു നടന്നു ചെന്നു .
‘ നീ സത്യം പറയണമെന്നു പറഞ്ഞതുകൊണ്ട് ഒള്ളതങ്ങു പറയാം. ഞാനും നിന്റെ കൂട്ടു പെട്ടുപോയതാ . വർഷങ്ങൾക്കു മുമ്പ്.’
പ്രേമ നടുങ്ങി.
‘ രക്ഷപ്പെടാനൊക്കെ കുറെ നോക്കി. ഒക്കത്തില്ലാന്നു കണ്ടപ്പം പിന്നെ ദിനകറിന്റെ വലം കൈയ്യായങ്ങു കൂടി.ജീവിക്കണ്ടേ? എനിക്കു മുമ്പ് ഒരു തെലുങ്കത്തി ആയിരുന്നു. ഞാൻ വന്നപ്പോ അവരു പോയി. എനിക്കു പകരക്കാരിയായിട്ടാ ഞാൻ നിന്നെ കൊണ്ടുവന്നേക്കുന്നേ . പിരിഞ്ഞു പോവുമ്പം എനിക്ക് ഒരു വീടും കുറെ പൈസയും തരും. കൊറച്ചു വർഷം കഴിയുമ്പം നെനക്കും തരുമാരിക്കും . പകരക്കാരിയായി പ്രായം കൊറഞ്ഞ ഒരുത്തിയെ കൊണ്ടു കൊടുത്താ മതി . ആലോചിക്ക്.’
പ്രേമ അലറിക്കൊണ്ട് സുരഭിയെ പ്രഹരിക്കാൻ തുടങ്ങി. സുരഭി അവളെ ഉന്തി താഴെയിട്ടു പറഞ്ഞു:
‘അടങ്ങ്’
അകലെ കോഴികൾ കൂട്ടമായി ഒച്ച വെച്ചു .
പിറ്റേന്നു പ്രഭാതമായപ്പോൾ എങ്ങനെയാണു തലേന്നു രാത്രി ഉറങ്ങിയതെന്നു പ്രേമ അതിശയിച്ചു. ഭീതിയുടെയും മരവിപ്പിന്റെയും ആധിക്യതയിൽ മനസ്സുതന്നെ സ്തംഭിച്ചു പോയിരുന്നു. അർദ്ധരാത്രിയിൽ മതിലുചാടാനുള്ള ശ്രമം പലതവണ പരാജയപ്പെട്ടു കിണറിന്റെ തിണ്ണയിൽ കയറി കിടന്നു. എപ്പോഴാണ് ഉറങ്ങിയത് എന്ന് അറിയില്ല. പ്രഭാതത്തിൽ സുരഭി തട്ടിയുണർത്തി.
‘ അകത്തു കേറിക്കിടക്ക്. വല്ലോം തിന്ന്. ഒന്നും പേടിക്കേണ്ട. ഇവിടെ ആണായിട്ടു ദിനകർ മാത്രമേയുള്ളു. അയാക്ക് ഇത്തരം വിഷയത്തിലൊക്കെ വല്യ ക്ഷമയാ. മുറീലൊരെണ്ണം കെടപ്പോണ്ട്. മാസം ഒരുപാടായി. ഒന്നിനും വഴങ്ങീട്ടില്ല. അയാളൊട്ടും നിർബ്ബന്ധിക്കുന്നുമില്ല. അതയാടെ ഒരു രസം. ഒടുവിൽ സമ്മതിക്കുമെന്ന് അയാക്കറിയാം . അവർക്ക് ഇത് പണ്ടേക്കുപണ്ടേയൊള്ള ഏർപ്പാടല്ല്യോ ?’
‘പിന്നെ . രാത്രീ പൊറത്തു നിക്കുന്നത് സെയ്ഫ് അല്ല കേട്ടോ. കാട്ടീന്നു പുലി മതില് ചാടി എറങ്ങും . എല്ലുപോലും ബാക്കി കാണില്ല. പകല് കൊഴപ്പമില്ല. പുലി വെട്ടത്ത് വരില്ല . മരത്തേലെങ്ങാനും പറ്റി ഇരിക്യേ ഒള്ളു. സംശയം ഒണ്ടെങ്കീ കൊറച്ചു നേരം എല്ലാ മരത്തേലും നോക്ക്. ഭാഗ്യം ഒണ്ടേ നേരിൽ കാണാം.’
സുരഭി തന്നെ നോക്കാൻ തുടങ്ങി. അല്പം കഴിഞ്ഞ് അവൾ പ്രേമയുടെ തോളിൽ തട്ടി.
‘ നോക്ക്. പുളീടെ പൊറകീ നിക്കുന്ന ആഞ്ഞിലിയെ നോക്ക്. താഴേന്നു രണ്ടാമത്തെ കൊമ്പിൽ ഇരിപ്പൊണ്ട് .’
പ്രേമ ഭയന്നു നോക്കി. ശരിയാണ്. സുരഭി പറഞ്ഞ ശിഖരത്തിൽ ഒരു സ്വർണ്ണ വർണ്ണം. അത് അനങ്ങുന്നു. പുലി തന്നെ. അതോ ഏതോ മായക്കാഴ്ചയോ?
‘ സമാധാനം ആയോ . ഉള്ളിൽ വാ,’ സുരഭി വിളിച്ചു.
മുറിയിൽ ചെന്നപ്പോൾ ദിനകർ പ്രേമയെക്കുറിച്ചു സുരഭിയോടു ചോദിച്ചു : ‘എപ്പടി ?’
‘വലിയ കൊഴപ്പമില്ല. മെരുങ്ങും.’
‘ ധൃതിയില്ല . പതുക്കെ മെരുങ്ങട്ടെ. അതാ ഗുണം . നേരത്തെ മെരുങ്ങുന്നത്….. നമ്പക്കൂടാതെ ,’ ശുദ്ധ മലയാളത്തിലും തമിഴിലുമായി ദിനകർ പറഞ്ഞു.
അയാൾ സീ സി ടീവി ക്യാമറയിൽ റൂമിൽ തടവിൽ കിടക്കുന്ന പെണ്ണിനെ നോക്കി.
‘ഇവൾ ഒരു മർമം** താൻ,’ അയാൾ ആ പെണ്കുട്ടിയെപ്പറ്റി സ്ഥിരം പറയാറുള്ളത് ആവർത്തിച്ചു.
‘മിക്കവാറും പട്ടിണിയാണ്. ചാകുന്നതിനു മുൻപ്…,’ സുരഭി മുടി പിന്നിക്കൊണ്ടു പറഞ്ഞു.
‘പ്രച്നൈ ഇല്ലൈ .കവലയ് വേണ്ടാം,’ ദിനകർ ആത്‌മവിശ്വാസത്തോടെ പറഞ്ഞു.
ഉച്ചയോടെ സുരഭി പ്രേമയെ സമീപിച്ചു. തെല്ലൊന്നു ചെറുത്തുനിന്നെങ്കിലും പ്രേമ സുരഭിയോടൊപ്പം കെട്ടിടത്തിലേക്കു നടന്നു തുടങ്ങി.
‘ ആ കൊച്ച് വന്നിട്ട് എത്രനാളായി,’ പ്രേമ ചോദിച്ചു.
‘ഒരു കൊല്ലം കഴിഞ്ഞു . വന്നപ്പോ ഭയങ്കര സുന്ദരി ആരുന്നു. ദിണ്ടുക്കലീനാ അതിനെ ദിനകർ പിടിച്ചത്. പാവപ്പെട്ട വീട്ടിലെയാ. വന്ന കൊറച്ചു നാൾ വലിയ ബഹളമാരുന്നു. പിന്നെ അടങ്ങി. വന്ന് ഒരു മാസത്തിനകം അതിന്റെ കൊലകൊലയായൊള്ള മുടി നരക്കാന്തൊടങ്ങി. ഇപ്പൊ പകുതി നരച്ചു. എന്നാലും ഐശ്വര്യത്തിന് കൊറവൊന്നുമില്ല. ഇവിടെ ഇത്രയും പിടിച്ചൊന്നും ആരും നിന്നിട്ടില്ല. കഷ്ടിച്ചു ചാവാതിരിക്കാനൊള്ള ശാപ്പാടേ അതു വാങ്ങൂ. ശരിക്കും ഇതിനെക്കൊണ്ടു പ്രയോജനം ഒന്നും ഒണ്ടാവില്ലെന്നു ദിനകറിന് നന്നായി അറിയാം, പക്ഷേ പോയാ കൊഴപ്പമാവും, അതാ വിടാത്തെ എന്നൊക്കെയാ ഞാൻ വിചാരിച്ചേ. പക്ഷേ അങ്ങനെയല്ല. എല്ലാം ശരിയാവും എന്നാ അങ്ങേര് പറയുന്നേ,’ സുരഭി മതിലു ചാടി വന്ന ഒരു കുരങ്ങനെ വിരട്ടി തിരികെ ഓടിക്കാൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു.
‘ ചാവുന്നതാണ് അതിനു നല്ലത്,’ പ്രേമ വിഷാദത്തോടെ പറഞ്ഞു.
‘ ചത്തുകഴിഞ്ഞാ പിന്നെ എന്തു നല്ലതാ ?,’ സുരഭി ചിറി കോട്ടി .
‘എന്റെ അനുഭവം കേട്ടാ അതു പറയത്തില്ല.’
സുരഭിയുടെ അനുഭവം കേൾക്കാൻ എന്നമട്ടിൽ പ്രേമ നിന്നു .
‘നിനക്കറിയുവോ കൊറേ കൊല്ലം മുമ്പ് കൊറച്ചു പൈസയൊക്കെ തന്നു ദിനകർ എന്നേ പോവാൻ സമ്മതിച്ചു. എപ്പോ വേണോങ്കിലും തിരിച്ചു വന്നോളാനും പറഞ്ഞു. ഞാൻ അങ്ങനെ തിരിച്ചു വീട്ടീ ചെന്നു . അഞ്ചു വർഷം കഴിഞ്ഞൊള്ള തിരിച്ചു പോക്കാന്ന് ഓർത്തോണം. ഒരു വൈകുന്നേരം ഞാൻ വീട്ടീ ചെന്നുകേറി. വീട്ടുകാര് വളഞ്ഞിട്ടെന്നെ ചോദ്യം ചെയ്തു.’
‘ എവിടെപ്പോയിരുന്നെടീ ഒരുമ്പെട്ടോളെ എന്ന് അച്ഛൻ . എന്താടീ ഒരു കത്തെങ്കിലും അയക്കാഞ്ഞേ എന്ന് കരഞ്ഞോണ്ട് ‘അമ്മ . ഒരു കന്നടക്കാരനുമായി കല്യാണം കഴിച്ചെന്നും അഞ്ചു വര്ഷം കഴിഞ്ഞപ്പം അയാളുമായി പിണങ്ങിപ്പിരിഞ്ഞെന്നും ഞാൻ ഒരു കള്ളം പറഞ്ഞു. വീട്ടീ താമസിക്കാൻ ഒക്കില്ല, എങ്ങോട്ടെങ്കിലും പൊക്കോ എന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും അച്ഛൻ കൊറച്ചു കഴിഞ്ഞപ്പം അയഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന കുടുംബത്തു പോയി പൊറുത്തോ എന്നായി അവസാനം.’
ഞാൻ അവിടെ പാർപ്പായി. കയ്യിൽ കൊറച്ചു പൈസ ഒള്ളതു കൊണ്ട് പ്രത്യേകിച്ച് പണിയൊന്നും നോക്കിയില്ല. പകലൊക്കെ വെറുതെ കറങ്ങി നടക്കും. ഒരു മലയൊള്ളതിന്റെ മോളിൽ കേറി ഇരിക്കും. അല്ലെങ്കിൽ ആറ്റു തീരത്ത് ചെന്നിരിക്കും. അങ്ങനെ ഞാൻ പോക്കാണെന്നൊരു സംസാരം നാട്ടിലൊണ്ടായി. പോക്കാണല്ലോ. ‘
‘ടൗണിൽ പണിക്കു പോയിത്തൊടങ്ങി. ചെന്നെടത്തൊന്നും ആരും സ്ഥിരം നിർത്തിയില്ല. എങ്ങായാലും പഴയ കഥ എല്ലാരും അറിയും. അങ്ങനെകൊറച്ചുകാലം കാലം കഴിഞ്ഞപ്പം എനിക്കു മടുത്തു. ഞാനിങ്ങു തിരിച്ചു പോന്നു. ഇപ്പം എനിക്കു വീണ്ടും ഇവിടുന്നു പോണം എന്നാ. കാശ് ഒണ്ടെങ്കീ നമുക്ക് ഇഷ്ടം പോലെ എന്തും ചെയ്യാമല്ലോ. ദിനകറിനും എന്നെ കൊറച്ചു മടുത്തിട്ടൊണ്ട്. പുതിയ ആള് വേണമെന്നാ ഉള്ളില്. എന്നാലും ചവിട്ടിപ്പൊറത്താക്കത്തും ഒന്നും ഇല്ല. ’
‘ഞാൻ തിരിച്ചു വരില്ല. എനിക്കു പോണം,’ പ്രേമ പറഞ്ഞു.
സുരഭി ചിരിച്ചു.
‘എനിക്ക് മുറീക്കെടക്കുന്ന കൊച്ചിനെ ഒന്ന് കാണാവോ,’ പ്രേമ ചോദിച്ചു.
‘ഇല്ല. ദിനകർ അത് സമ്മതിക്കാറില്ല.’
സുരഭി ചവിട്ടിമെതിച്ചു കടന്നുപോയി.
അന്നു വൈകിട്ടും ദിനകർ പ്രേമയെക്കുറിച്ചു സുരഭിയോടു ചോദിച്ചു: ‘ എപ്പടി ?’
‘ ശരിയാകുന്നുണ്ട്. പറയുന്നതെല്ലാം കേട്ടു നിക്കുന്നുണ്ട്.’
‘പ്രേമയുടെ കാര്യത്തിൽ ഞാൻ ഒരു മാറ്റം വരുത്തുകയാണ്. സമയം കൊടുക്കുന്നില്ല. കൊടുക്കാൻ തോന്നുന്നില്ല,’അയാൾ ഭക്ഷണം കഴിക്കുമ്പോൾ സുരഭിയോടു പറഞ്ഞു.
‘ചില പഴയ ഓർമ്മകൾ വരുന്നു. അതുകൊണ്ട്,’ അയാൾ ചിരിച്ചു.
‘എന്താ പെട്ടെന്നൊരിളക്കം? എന്നെ പറഞ്ഞു വിടാൻ ധൃതിയായോ ?,’ സുരഭി പതിവില്ലാതെ സ്വാതന്ത്ര്യമെടുത്തു ചോദിച്ചു.
മറുപടിയായി അയാളും കരിമ്പല്ലുകൾ കാട്ടി ചിരിച്ചു.
‘ഷീജാവെ കൂട്ടി നാളെ കോയമ്പത്തൂർ പൊക്കോളൂ. രണ്ടാഴ്ച മുടിഞ്ഞ് ഞാൻ വിളിക്കാം. അപ്പോ വന്നാ പോതും. എല്ലാം നാൻ തനിച്ചു നോക്കിക്കൊള്ളാം. പിന്നെ , വിളിക്കണ്ട. ഒരു തവണ പോലും. കേട്ടോ?’
സുരഭി മനസ്സിലായ മട്ടിൽ ചിരിച്ചു തലയാട്ടി.
അടുത്ത ദിവസം സുരഭി പ്രേമയോടു ദിനകറെപ്പറ്റി കൂടുതൽ സംസാരിച്ചു.
‘പയ്യനാരുന്നപ്പോഴേ ഒരു സേട്ടിന്റെ സഹായിയായി ഈ തൊഴിലിൽ എത്തിയതാ. മുപ്പതു വർഷമായി എന്ന് ഈയിടെ പറയുന്ന കേട്ടു . അപ്പൊ എത്ര വയസ്സ് ആയിക്കാണും ? ഒരു നാപ്പത്തഞ്ച്, നാപ്പത്താറ്. എനിക്കു പോലും ഈ തൊഴിലിൽ ഇപ്പം ഒരു മനപ്രയാസോം ഇല്ല. തൊടക്കത്തിൽ വല്യ സങ്കടം ആരുന്നു. പെൺപിള്ളേരെ എവിടുന്നെങ്കിലും ഒക്കെ ചാടിച്ചോണ്ടു വരുമ്പം രണ്ടുമൂന്നു ദെവസം ഉണ്ണാനുമൊക്കില്ല, ഒറങ്ങാനുമൊക്കില്ല . ഒക്കെ മാറി. ഇപ്പം വന്നു വന്ന് നിന്നോട് പറയാനാന്നെങ്കീ സങ്കടോം ഇല്ല രസോം ഇല്ല. ജീവിക്കാൻ ഒരു ജോലി, അത്രേയൊള്ളൂ.’
‘നമ്മടെ കാര്യം ഇങ്ങനാന്നെങ്കീ ദിനകറിന്റെ കാര്യം പറയണോ . അയാള് ജനിച്ചപ്പം തൊട്ടേ തെരുവിലാ. സ്കൂളീ പോയിട്ടില്ല. എന്നാ മൂന്നുനാലു ഭാഷ മണിമണിപോലെ പറയും. തമിഴിൽ എഴുതുകേം ചെയ്യും. ഇടക്ക് പെട്ടെന്ന് ആവേശം കേറിയ പോലെ പേപ്പറും പേനേം എടുത്ത് വേഗം വേഗം എഴുതുന്ന കാണുകേം ചെയ്യാം. അപ്പോ ആരെങ്കിലും നോക്കി നിക്കുന്നത് കലിയാ . ചെലപ്പം എഴുതിക്കഴിഞ്ഞ് വല്യ സന്തോഷത്തീ മുറ്റത്ത് കൊറേ നേരം നടക്കും. അയാക്ക് ഈ പണി വല്യ ഇഷ്ടമാ. ഇതു മാത്രമല്ല, കോഴി വളത്തുന്നതും കിളികളെ വളത്തുന്നതും . എല്ലാം കൂട്ടീ കിടക്കുന്നതു കാണുമ്പം വല്യ സന്തോഷമാ എന്നാ പറയുന്നേ .’
‘കഴിഞ്ഞ വർഷം ഒരു തത്ത കൂട്ടീന്നു രക്ഷപ്പെട്ടു. ദിനകറിന് അതു വല്യ വെഷമമായി. വർഷങ്ങള് കൂട്ടീക്കെടന്നതായോണ്ട് തത്ത ദൂരെയെങ്ങും പോയില്ല. ദാ ആ മാവിന്റെ മോളീ തന്നെ ഇരുന്നു. ദിനകറ് അതിനെ പിടിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. നടന്നില്ല. അങ്ങേരടെ വെപ്രാളം കാണണമാരുന്നു ! ഒരു പണീം നടക്കാഞ്ഞപ്പം അയാള് തോക്കെടുത്തു. ഒറ്റവെടിക്ക് തത്ത താഴെ വീണു. തിരിഞ്ഞുനോക്കാതെ ദിനകറ് അകത്ത് കേറിപ്പോയി.’
‘പറവയാണെങ്കിലും പെണ്ണാണെങ്കിലും കൂട്ടിൽ കിടക്കണം ദിനകറിന് എന്നാ എനിക്ക് തോന്നീട്ടൊള്ളത്,’ സുരഭി ഒരു കോട്ടുവാ ഇട്ടു പറഞ്ഞു .
‘ഇവിടുന്നു കൊണ്ടുപോന്ന പെമ്പിള്ളേര് ഒരുപാട് നാള് കോയമ്പത്തൂരും മൈസൂരും ഒക്കെ ഒള്ള ലോഡ്ജുകളിൽ മുറിക്കകത്തു തന്നെ കഴിയണം. കസ്റ്റമറ് താക്കോലുമായി വന്ന് മുറി തൊറന്ന് കേറും. അങ്ങനെ ഒള്ള ഏർപ്പാട് ഇഷ്ടമൊള്ളവര് ഉണ്ട് . അവർക്ക് വേണ്ടിയാ.
ഇവിടിട്ട് മെരുക്കിയാ പിള്ളേരെ കൊണ്ടുപോന്നെ. ദൈവദോഷം ആന്ന് പണ്ട് ഒരിക്കെ ഞാൻ അങ്ങേരോട് പറഞ്ഞു. വലിയ അത്ഭുതം കേട്ടപോലെ എന്നെ നോക്കിയതേ ഒള്ളു’
‘നിങ്ങൾക്ക് ദൈവഭയം ഉണ്ടല്ലോ. എന്നെ രക്ഷപ്പെടുത്തൂ . ഞാൻ പോട്ടെ,’ പ്രേമ കുറ്റപ്പെടുത്തുന്ന പോലെ, അതേസമയം തെല്ലു പ്രതീക്ഷയോടെ സുരഭിയെ നോക്കി.
‘ നടക്കില്ല മോളെ. നിന്റെ പ്രയാസം ഒക്കെ വേഗം മാറും. നീ കരുത്ത് ഒള്ളവളാ. നമ്മള് കണ്ട സമയം നീ പറഞ്ഞല്ലോ, നീ ഒരുപാട് അനുഭവിച്ചെന്നും എങ്ങനേം പിടിച്ചു കേറണോന്നും. ഇത് അതിനൊരവസരമാന്നങ്ങു കരുതി കൊറച്ചു വിട്ടുവീഴ്ച്ച ചെയ്യ്. നല്ലതേ വരൂ. പിന്നെ ഞാൻ വേറൊരു കാര്യം പറയാനാ വന്നത്. ഞാൻ നാളെ അതിരാവിലെ മുറീ കെടക്കുന്ന കൊച്ചിനേം കൊണ്ട് പോവും. ദിനകറും നീയും മാത്രേ കാണൂ. ഉത്തരവാദിത്തമായി നിക്കണം. അയാള് കെറീച്ചാ പിന്നെ വല്യ പാടാ.’
പ്രേമ വലിയ ഭീതിയിൽ പിടിച്ചുകൊണ്ടു നിന്ന ചാമ്പമരം ഒന്നു കുലുക്കി. പിന്നെ അതിൽ തലയിട്ട് ഇടിച്ചു.
‘നിന്നെ അങ്ങേർക്ക് സത്യമായും ഇഷ്ടപ്പെട്ടു. പഴയ ഏതോ ഓർമ്മ വരുന്നു എന്നൊക്കെ പറഞ്ഞു. എന്തോന്നായാലും ആണല്ലേ. ഒരു പെണ്ണിനെയെങ്കിലും എന്നെങ്കിലും ഇഷ്ടം തോന്നിക്കാണത്തില്ലേ. അങ്ങേനെയേതാണ്ട് നടന്നതാ നിന്നേ കണ്ടപ്പം മൂപ്പർക്ക് ഓർമ്മ വന്നത്. ഒരു രീതീ നിന്റെ ഭാഗ്യമാ. ഉപദ്രവിക്കില്ല. നീ ഒക്കുവെങ്കീ അയാടാളാവ് . അല്ലാതെ ഞാൻ എന്നാ പറയാനാ. നമുക്ക് രണ്ടിനും ഗുണമൊള്ള കാര്യമാ. ആലോചിക്ക്.’
രാത്രി ഏറെ ആയപ്പോൾ സുരഭി പ്രേമയുടെ വാതിലിൽ മുട്ടി.
വാതിൽ തുറന്നപ്പോൾ കയ്യിലുള്ള സാമഗ്രികൾ മേശമേൽ വെച്ചു .
‘ദിനകറിന് കുറച്ചു ഷുഗർ ഉണ്ട്. ഇഞ്ചക്ഷൻ തുടങ്ങി. നാളെ രാവിലെ കൂടി ഞാൻ എടുക്കും. മറ്റന്നാൾ മുതൽ പ്രാതലിനു മുമ്പ് എടുത്തോണം. ഈ ഗുളികകളും കൊടുക്കണം. രണ്ടു തത്തകൾ കൂട്ടിലുണ്ട്. അവയെ നോക്കിക്കോണം. ശാപ്പാടും ഒണ്ടാക്കണം . മറ്റു ജോലി ഒന്നും ഇല്ല. എല്ലാം ദിനകറ് നോക്കിക്കോളും. ‘
‘ എങ്ങനാ നിങ്ങള് പോകുന്നേ?,’ പ്രേമ വിക്കിവിക്കി ചോദിച്ചു.
‘കാറിൽ . ഞാനോടിക്കും.’
‘അടുത്തുള്ള പ്രധാന സ്ഥലം ഏതാ ?,’ പ്രേമ വിറയൽ മാറാതെ ചോദിച്ചു.
‘ അതൊന്നും ചക്കരക്കുട്ടി ഇപ്പം അറിയണ്ട. രണ്ടാഴ്ച്ച കഴിയുമ്പം ഞാൻ വിളിക്കും. അപ്പോഴേക്കും മിടുക്കിയാവണം.’
ശബ്ദം താഴ്ത്തി കുസൃതി കലർന്ന ശബ്ദത്തിൽ സുരഭി കൂട്ടിച്ചേർത്തു :
‘ നീ ദിനകറെ വളച്ച് അങ്ങു കെട്ടാൻ നോക്ക്. പത്തിരുപത്തഞ്ച് വയസ്സ് കൂടുതൽ കാണും. അതിനെന്താ. ഇഷ്ടം പോലെ കാശ് ഉണ്ട്. നിനക്ക് മഹാറാണിയെപ്പോലെ കഴിയാം. അയാടെ കാലം കഴിഞ്ഞാ പ്രത്യേകിച്ചും .’
നടന്നു തുടങ്ങിയ സുരഭി തിരിഞ്ഞു നിന്നു . നേരിയ അലിവ് അവളുടെ മുഖത്തു തെളിഞ്ഞു .
‘ വിഷമിക്കരുത്. പേടിക്കുകേം ചെയ്യരുത്. ജീവിതത്തീ വലിയ പ്രതീക്ഷ വെക്കുമ്പഴാ നമ്മക്ക് വെഷമോം പേടീം ഒക്കെ ഒണ്ടാവുന്നെ . അത് മനസ്സിലായേ പിന്നെ ഞാൻ ജീവിതത്തെ അങ്ങു വിട്ടു. അതുകൊണ്ട് ഇപ്പം ഒരു പ്രശ്‍നോം ഇല്ല. ഒറങ്ങിക്കോ.’
പേടിക്കിടയിൽ എപ്പളോ ഉറങ്ങി. കാറു സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ട് ഉണർന്നു ചാടി എഴുന്നേറ്റു.കാറു നീങ്ങുന്ന ശബ്ദവും തുടർന്നു ഗേറ്റു പൂട്ടുന്ന ശബ്ദവും കേട്ടു .
അൽപ്പസമയത്തിനു ശേഷം ദിനകറിന്റെ കാൽപ്പെരുമാറ്റം അടുത്തു വരുന്നതു കേട്ടുതുടങ്ങി. ഭയത്തിനു പകരം എവിടെനിന്നോ ഒരു ധൈര്യം ഉള്ളിൽ ഉയരുന്നതു പ്രേമ ശ്രദ്ധിച്ചു.
‘ എണീറ്റ് വേഗം ചായ ഇട് ,’ വാതിലിൽ മുട്ടി അയാൾ ആജ്ഞാപിച്ചു.
അയാളുടെ പദചലനം അകന്നുപോയപ്പോൾ കരുതലോടെ പ്രേമ വാതിൽ തുറന്നു. കരുതലിന് ഒന്നും ഇനി അർത്ഥമില്ല എന്ന് അവൾ വിഷാദിച്ചു. സുരഭി പറഞ്ഞത് ഓർത്തു , ജീവിതത്തെ കുറിച്ചു പ്രതീക്ഷ വെക്കുന്നതിനപ്പുറം മഠയത്തരമില്ല.
‘ചായക്ക് പഞ്ചാര ചേർക്കണോ ?,’ അയാളുടെ മുറിയിലേക്ക് എത്തിനോക്കി അവൾ ചോദിച്ചു.
അയാൾ ഇൻസുലിൻ കുത്തിവെച്ചു വിശ്രമിക്കുകയായിരുന്നു.
‘ കൊഞ്ചം. കുളിക്കാൻ പോന്നു. അതു കഴിഞ്ഞു തന്നാൽ മതി. ചൂട് വേണം,’ അയാൾ മലയാളവും തമിഴും ഇടകലർത്തുന്നത് തനിക്കു വേണ്ടിയാണ് എന്നു പ്രേമക്കു മനസ്സിലായി.
പ്രേമ പുറത്തിറങ്ങി ചുറ്റും നോക്കി. ശബ്ദങ്ങൾക്കു വേണ്ടി കാതോർത്തു. മരങ്ങളിൽ കാറ്റിന്റെ മർമ്മരം മാത്രം. തിരികെ നടക്കാൻ തുടങ്ങിയപ്പോൾ മതിലിനു പുറത്തെ പുളിമരത്തിൽ നിന്ന് ഒരു ശബ്ദം. ഒരു വലിയ കഴുകൻ. പ്രേമ നടുങ്ങിപ്പോയി.
‘ഏയ് !,’ ദിനകർ ഉറക്കെ വിളിച്ചു. പ്രേമ അകത്തേക്ക് ഓടി.
‘ കുളിക്കാൻ പോകുന്നു. ചായ എട് .’
‘ ശരി .’
ചായ തിളക്കാൻ വെച്ചു പ്രേമ പുറത്തിറങ്ങിയപ്പോൾ ദിനകർ കുളിക്കാൻ കയറി. പ്രേമ അയാൾ കതകടക്കുന്നതു നോക്കിനിന്നു.
ടിവിയിൽ തലപ്പാവു വെച്ച പ്രധാനമന്ത്രി മൃദുവായ ശബ്ദത്തിൽ ആസാദിയെക്കുറിച്ചു പ്രസംഗിക്കുന്നു. സ്വാതന്ത്ര്യദിനം ആയിരിക്കാം.
‘ഏയ് ,’ അയാൾ അകത്തുനിന്നു വീണ്ടും വിളിച്ചു.
പേമ ഓടിച്ചെന്നു.
‘മൊബൈലിൽ ഒരു കാൾ വരും. കുളിക്കുവാണ് തിരിച്ചു വിളിക്കും എന്ന് പറയണം. വേറൊന്നും പറയരുത്.’
അയാളുടെ നിർദ്ദേശത്തിനു മറുപടി പറയാതെ പ്രേമ കുളിമുറിയുടെ വാതിലിൽ നോക്കി. മിന്നൽ പോലെ ഒരുചിന്ത ഉളളിൽ പാഞ്ഞു. പ്ലൈവുഡിനു പുറത്ത് തകരപ്പാളി നല്ലവണ്ണം ചേർത്ത് ബലപ്പെടുത്തിയതാണ് വാതിൽ. ഇരുമ്പു കൊണ്ടുള്ള ഓടാമ്പൽ കൊണ്ടാണ് പുറത്തുനിന്ന് അടക്കേണ്ടത്.
മരണത്തിനും ജീവിതത്തിനും ഇടക്കുള്ള തീരുമാനമാണ്. അയാൾ കരുത്തനാണ് . തനിയെ തകർത്തു പുറത്തു വരുമോ ? സാധ്യത കുറവാണ്, കതക് നല്ല ഉറപ്പുള്ളതാണ്. എങ്കിലും ഏതെങ്കിലും വിധത്തിൽ അയാൾ പുറത്തുവന്നാൽ …… ആലോചിച്ചു തീരും മുൻപേ പ്രേമ ഓടാമ്പൽ നീക്കി വാതിൽ പെട്ടെന്നു ബന്ധിച്ചു.
‘കതവ് തൊറ തിരുട്ട് റാസ്‌ക്കൽ,’ ദിനകർ വാതിലിൽ ഇടിച്ചു കൊണ്ടു ഗർജ്ജിച്ചു.
ബഹളം കേട്ട് കൂട്ടിൽ കിടന്ന കോഴികളും തത്തകളും ഒച്ച വെക്കാൻ തുടങ്ങി.
‘കതവ് തൊറ. ഉയര് വേണേൽ കതവ് തൊറ ,’ വീണ്ടും വാതിലിൽ മർദ്ദിച്ചു കൊണ്ടുള്ള ഗർജ്ജനം. കോഴികളുടെയും തത്തകളുടെയും ഏറ്റു പിടിക്കൽ.
ഉള്ളിൽ ഒരു പൂട്ടും താക്കോലും ഇരുന്നതു പ്രേമ ഓടിപ്പോയി എടുത്തുകൊണ്ടു വന്നു. അപ്പോഴേക്കും ഒരു ഈർക്കിൽ ഓടാമ്പൽ പരതി അകത്തുനിന്നു വന്നു. പ്രേമ അത് ഒടിച്ചു , ഓടാമ്പലിനു പൂട്ടിട്ടു. ഒക്കെ നടക്കുമ്പോൾ താൻ സ്വപ്നത്തിലെന്നപോലെ ആണെന്നു പ്രേമക്കു തോന്നി.
‘ പ്രേമാ , കതവ് തൊറ . എനക്ക് ഇഞ്ചക്ഷൻ മുടിഞ്ചാൽ ഉടൻ സാപ്പാട് കഴിക്കണം. തൊറ . ഒന്നും ചെയ്യില്ല,’ ദിനകർ അനുനയപൂർവ്വം അകത്തുനിന്നു പറഞ്ഞു.
പ്രേമക്കു ഗേറ്റിന്റെ താക്കോൽ കിട്ടി. തുറന്ന് കാട്ടുപാതയിലൂടെ ഓടുന്നതിനെ കുറിച്ചു ശങ്കിച്ചു നിന്നപ്പോൾ ദിനകറിന്റെ ഒച്ചയും അസഭ്യവും ഭീഷണിയും ഉയർന്നു കേട്ടു .
‘മിടുക്കിയാവണ്ട. മുരുഗൻ ഏതു നിമിഷോം വരും. നിന്റെ അവസാനം അടുത്തു . ഓർത്തോ .’
ദിനകർ കതക് അകത്തേക്കു വലിച്ചു തകർക്കാൻ നോക്കി. പ്രേമ ഓടാമ്പൽ പുറത്തേക്കു വലിച്ച് അതു പ്രതിരോധിച്ചു. ദിനകറിന്റെ കൊലവിളി കൂടുതൽ കൂടുതൽ ഉയർന്നു. ഒടുവിൽ ദുർബ്ബലമായി.
അയാൾ രക്ഷാമാർഗ്ഗം ആലോചിക്കുകയാണെന്നു പ്രേമക്കു മനസ്സിലായി. അവൾ നടന്നുചെന്നു കോഴിക്കൂടും തത്തക്കൂടുകളും തുറന്നു. പറക്കാൻ മടിച്ചുനിന്ന പറവകളെ തല്ലിപ്പറപ്പിച്ചു. നാടൻ കോഴികൾ ഉല്ലാസത്തോടെ പുറത്തു ചാടി. ഒരു പൂവൻ ചിറകടിച്ചുയർന്നു , മതിലു കടന്നു പോയി.
‘താൻ ഏതായാലും എന്നെ കൊല്ലും. ഞാൻ അതുകൊണ്ട് തന്റെ പറവകളെയെല്ലാം പറത്തിവിട്ടു, അവറ്റയെങ്കിലും രക്ഷപ്പെടട്ടെ,’ തിരികെ കുളിമുറിക്കു മുന്നിൽ എത്തിയപ്പോൾ പ്രേമ ഉറക്കെപ്പറഞ്ഞു .
വലിയ ഒരലർച്ചയായിരുന്നു മറുപടി.
‘ ഉന്നൈ തുണ്ടം തുണ്ടമാഹ വെട്ടുവേൻ.’
‘അതിനു മുന്നേ താൻ ഇതിൽ കെടന്നു ചാവും.,’ പ്രേമ വിറയാർന്ന ശബ്ദത്തിൽ വിതുമ്പലോടെ പറഞ്ഞു.
************** *************** *************
‘ ദിനകറ് ചത്തു,’ സുരഭി ജീപ്പിൽ ഒപ്പമുള്ള, തലമുടി അസാധാരണമാം വിധം നരച്ച പെൺകുട്ടിയോടു പറഞ്ഞു.
പെൺകുട്ടിയുടെ മുഖത്തെ ഭാവം എന്തെന്ന് അവൾ പാളിനോക്കി. ശാന്തതയെന്നോ നിസ്സംഗതയെന്നോ തീർച്ചപ്പെടുത്താൻ ആവാത്ത ഭാവമായിരുന്നു പെൺകുട്ടിക്ക്.
‘എങ്ങനെ ?,’ കാലങ്ങൾക്കു ശേഷം ആദ്യമായി പെൺകുട്ടി ശബ്ദിച്ചു.
‘ ഈയിടെ കൊണ്ടുവന്ന പെണ്ണ് തഞ്ചത്തിന് ബാത്ത് റൂമിൽ പൂട്ടിയിട്ടു. ഏതു മിടുക്കനും ഒരിക്കൽ അബന്ധം പറ്റുമല്ലോ. സാധാരണ കുളിമുറീലൊക്കെ കേറുമ്പോ വളരെ ശ്രദ്ധിച്ചാ. എന്നേപ്പോലും നല്ല വിശ്വാസമില്ല. ഇത്തവണ പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞപോലെ ആയിപ്പോയി. പെണ്ണ് ഓർക്കാപ്പൊറത്ത് പണി പറ്റിച്ചു. അകത്തു കെടന്ന് പടിച്ച പണി പതിനെട്ടും നോക്കീട്ടും പൊറത്തു വരാനൊത്തില്ല. പഞ്ചാരേടെ അസുഖോം നല്ലവണ്ണം ഒണ്ടല്ലോ. തിന്നാനും കുടിക്കാനും കിട്ടാതെ അയാള് ചത്തു. കർമ്മഫലം എന്ന് പണ്ട് പറയുന്നത് ഒള്ളതാ . അതയാക്ക് കിട്ടി,’ വാഹനം ഹൈവേയിൽനിന്ന് ഒരു കാട്ടുപാതയിലേക്ക് തിരിക്കുമ്പോൾ സുരഭി പറഞ്ഞു.
കുറേനേരം നിശ്ശബ്ദമായി അവൾ വണ്ടി ഓടിച്ചു. ഇടയ്ക്ക് ഇലഞ്ഞി പൂക്കളുടെ ഗന്ധം ശക്തമായി അവരിരുവരെയും ചൂഴ്ന്നു. സുരഭി തുടർന്നു:
‘ഒന്നും അറിയാതെയാ ഞാൻ ചെന്നത്. ദൂരെന്നേ സഹിക്കാൻ കഴിയാത്ത വാടയാരുന്നു. ഒരു മനുഷ്യന് ഇത്ര ദുർഗ്ഗന്ധം ഉണ്ടെന്നു പറഞ്ഞാ ആരു വിശ്വസിക്കും ! കുഴിയെടുത്ത് ദിനകറിനെ മൂടിയത് ഞാൻ
ഒറ്റക്കാ.’
സുരഭി വാഹനം ചവിട്ടി നിർത്തി.
‘ ഒറ്റക്കു ചെയ്യണമെന്നു തോന്നി . ജീവിതത്തീ അത്രേം സന്തോഷത്തോടെ ഒന്നും ചെയ്തിട്ടില്ല.’
‘ ആ പെണ്ണ്?’
‘ എന്തു ചെയ്യണം എന്നറിയാതെ അവിടെ ഇരിപ്പൊണ്ട്. ഇനി അതിന്റേം കാര്യം തീരുമാനിക്കണം. കൂട്ടത്തീ എന്റേം നിന്റേം കാര്യങ്ങളും.’
വാഹനത്തിലേക്ക് ഇലഞ്ഞിമണം വീണ്ടും കടന്നുവന്നു.
**മർമം – – സമസ്യ