ഒറ്റമരം

 

അവളൊരൊറ്റമരമായ്…
വരണ്ടുവളരുന്നുണ്ട്.!!
കണ്ണീര്‍പ്പെയ്ത്തിന്റെ…
നീരുറവകള്‍വറ്റിയ,
വിണ്ടുകീറിയ കണ്‍പാടങ്ങളുമായ്.!!
ഇലകള്‍ കൊഴിഞ്ഞ ചില്ലകളെല്ലാം…
ഉണക്കല്‍ ബാധിച്ചിരിക്കുന്നു.!!
തഴച്ചുപടര്‍ന്ന യൗവ്വനകാലം…
പലപല ഇത്തിള്‍ക്കണ്ണികള്‍,
വരിഞ്ഞു പടര്‍ന്നു,
ചോരയുമൂറ്റിക്കടന്നുപോയ്.!!
തളിര്‍ക്കുവാനാകാതെ,
പൂക്കുവാനാകാതെ,കായ്ക്കുവാനാകാതെ…
ഒറ്റമരമായ് വരണ്ടുവളരുന്നുണ്ടവള്‍.!!
പക്ഷികള്‍ ചേക്കേറാത്ത ചില്ലകളുമായ്…
ആരെയോ കാത്തുനില്‍പ്പുണ്ടവള്‍.!!
ബലിക്കാക്കകള്‍ ചുറ്റുവട്ടങ്ങളില്‍…
മുന്നറിയിപ്പുമായ് വട്ടമിട്ടുപറക്കുന്നുണ്ട്.!!
അടിവേരുകള്‍ വ്രണങ്ങളാലുണങ്ങി…
ചെറുഞരമ്പുകള്‍ ചത്തിരിക്കുന്നു.!!
കടപുഴകലിന്റെ വക്കില്‍…
ഒരു ചെറുകാറ്റിനായ്,
കാതുകള്‍ കൂര്‍പ്പിച്ച് കാത്തിരിപ്പുണ്ടവള്‍.!!
ഒരു തീപ്പൊരിയാല്‍…
കനലായ് കത്തിയെരിഞ്ഞുപടര്‍ന്ന്…
ഒരുപിടിച്ചാരമായ്,
ഒഴുക്ക് നിലച്ച് മരിച്ചപുഴയില്‍…
എക്കലായടിയുവാന്‍ കാത്തുനില്‍പ്പുണ്ടവള്‍.!!
ഗര്‍ഭാശയത്തില്‍ തിങ്ങിനിറഞ്ഞ…
വിത്തുകളെ കൊന്നൊടുക്കിയ,
മുറിവുകളുണങ്ങാതെ…
ദ്രവിച്ചു പടരുന്നുണ്ട് പലവഴി.!!
തന്നില്‍ ചുറ്റിപ്പിണഞ്ഞകന്ന മുഖങ്ങള്‍…
ഒന്നോര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍…
വൈകൃതത്തിന്റെ തികട്ടലില്‍,
മനംമറിച്ച് നാഭിപ്പിടച്ചിലില്‍
ഒറ്റമരമായ് തലകുനിച്ച് നില്‍പ്പുണ്ടവള്‍.!!
കറുത്ത രാത്രികളില്‍…
മരണഗന്ധത്തിന്‍ ഉന്മാദച്ചുഴികളില്‍,
ഒരൊറ്റമരമായ് കാത്തിരിപ്പുണ്ടവള്‍.!!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here