‘മദ്രാസിൽ നിന്നുളള തീവണ്ടി’

 

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഒരുപിടി സിനിമകൾ ചെയ്ത സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998-ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ(2002), അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്(2006), അറബിക്കഥ(2007) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. സംവിധായകനെപ്പറ്റി കവിയും എഴുത്തുകാരനുമായ എം.ശബരീഷ് ചെയ്ത പുസ്തകമാണ് ‘മദ്രാസിൽ നിന്നുളള തീവണ്ടി’. തന്റെ ജീവിത പുസ്തകത്തെപ്പറ്റി ലാൽ ജോസ് പങ്കുവെച്ച കുറിപ്പ് ചുവടെ.

“ഇതെന്റെ ജീവചരിത്രമല്ല. പല സംഭാഷണങ്ങളിലായി ഞാൻ വീണ്ടെടുത്ത ഓർമ്മകളുടെ അക്ഷരരൂപമാണീ പുസ്തകം. കുറച്ച് വർഷങ്ങൾക്കുമുമ്പ് പ്രിയ സുഹൃത്ത് സന്തോഷ് ജോർജ് കുളങ്ങര സഫാരി ചാനൽ തുടങ്ങിയ കാലത്ത് ഒരാവശ്യം പറഞ്ഞു : ചുമ്മാ വന്നിരുന്ന് ഇയാളുടെ ജീവിത കഥയങ്ങ് പറയണം. അങ്ങനെ പറയാൻ വല്യ കഥയൊന്നും ഇല്ലാത്ത ജീവിതമാണെന്നു പറഞ്ഞിട്ടും കുളങ്ങര കളം വിട്ടില്ല. ചുമ്മാ അങ്ങ് പറ, ഏററില്ലേ നമുക്ക് എഡിറ്റ് ചെയ്ത് കളയാമെന്നു പറഞ്ഞ് കക്ഷി ക്യാമറ ഓണാക്കി വച്ചു. മിണ്ടി തുടങ്ങിയപ്പോ ഒരു കാര്യം മനസ്സിലായി. വല്യ വല്യ കഥകളുളള കുറെ മനുഷ്യരുടെ ജീവിതങ്ങളുമായി ഇഴപിരിഞ്ഞ് കിടക്കുന്ന അദ്ഭുത ജീവിതയാത്രയിലെ ഒരു കണ്ണിയാണ് ഞാനും. ജീവിതം നീണ്ട ഘോഷയാത്രപോലെ നാവിൽ അവതരിച്ചത് സഫാരിയിൽ എപ്പിസോഡുകളായി.

ഈ സമയം മറ്റൊരു നാട്ടിൽ ഉത്സാഹിയായ ഒരു ചെറുപ്പക്കാരൻ ബുക്കും പേനയുമായി ടെലിവിഷനുമുന്നിൽ ഇരുപ്പുറപ്പിച്ചു. എനിക്ക് യാതൊരു മുൻപരിചയവും ഇല്ലാത്തയൊരാൾ. എം. ശബരീഷ്. അയാൾ എന്റെ വർത്തമാനങ്ങളെ ശ്രദ്ധയോടെ കടലാസിലാക്കാൻ തുടങ്ങി. ഷൂട്ടിങ്ങ് തിരക്ക് കൂടിയപ്പോൾ ഞാൻ കുളങ്ങരയുടെ പരിപാടിയിൽ നിന്ന് ഇടവേളയെടുത്തു. ബാക്കി ജീവിതം പിന്നൊരിക്കൽ പറയാം എന്ന എന്റെ അപേക്ഷ അദ്ദേഹം അംഗീകരിച്ചു. അപ്പോഴാണ് ശബരീഷ് നോട്ടുബുക്കുകളുമായി എന്നെ തേടി വരുന്നത്.

പുസ്തകമാണ് പദ്ധതിയെന്ന് കേട്ടപ്പോൾ ഞാൻ കൈപൊക്കി. മുൻപ് ഡി.സി ബുക്സ് സമാനമായ ഒരു പുസ്തകം ആലോചിക്കണമെന്ന് പറഞ്ഞപ്പോൾ അതിനുളള സമയമായില്ലന്ന് പറഞ്ഞ് പിൻവാങ്ങിയതാണ്. മഹത്തായ നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുളളതിനാൽ അക്ഷരതാളുകളെ അങ്ങേയറ്റം ബഹുമാനമാണ്.നല്ല പുസ്തകം കാലത്തിന് കുറുകെ വീഴുന്ന ഖനമുളള സൃഷ്ടിയാണ്. അത്തരത്തിൽ ഒരു മഹദ് ജീവിതസന്ദേശം പങ്ക് വക്കാനില്ലാത്ത ഞാൻ ശബരീഷിനെ ആകും പോലെ പിന്തിരിപ്പിക്കാൻ നോക്കി. നിർബന്ധങ്ങളെക്കാൾ എന്നെ വിടാതെ പിന്തുടർന്ന ആ ചെറുപ്പക്കാരന്റെ സ്ഥിരോത്സാഹവും താത്പ്പര്യവുമാണ് ഈ പുസ്തകത്തിന് കാരണമായത്. അതിനാൽ തന്നെ ഈ പുസ്തകത്തിലെ ജീവിതം എന്റെയാണ് – പുസ്തകം എം. ശബരീഷിന്റേതും.”

 

 

പുസ്തകം ഓൺലൈനായി വാങ്ങാൻ; https://dcbookstore.com/books/madrassilninnulla-theevandi

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here