ഇരുട്ടിലെ ഉദയം

രവി തന്റെ സ്റ്റഡി മുറിയുടെ ജനാലയിലെ കാഴ്ചകളിലേക്ക് കണ്ണ് നട്ടിരുന്നു. പുറത്ത് കാട് പിടിച്ച് കരിയില കൂടി കിടക്കുന്ന പറമ്പ്, അതിനു ചുറ്റും പലയിടത്തായി അടർന്ന തുടങ്ങിയിരുന്ന ഫെൻസ് കുറ്റികൾ, മഞ്ഞ് മൂടിയ ആ സായാഹ്നം, കൂട്ടിലേക്ക് മടങ്ങുന്ന കിളിക്കൂട്ടങ്ങൾ; എല്ലാത്തിനേയും വീകഷിച്ചുകൊണ്ട് സാക്ഷിയെന്ന മട്ടിൽ തെക്കുകിഴക്കെ കൊണിലായി ഒറ്റപ്പെട്ട നിലയിൽ നിൽക്കുന്ന ആ പഴകിപ്പൊളിഞ്ഞ ഷെഡ്ഡും. ഷെഡ്ഡിന്റെ പൊട്ടിപൊളിഞ്ഞ വാതിൽ പാതി തുറന്ന് കിടക്കാറാണ് പതിവ്; അത് അന്നും അങ്ങനെ തന്നെ ആയിരുന്നു. ആ വിടവിന്റെ മുന്നിൽ നിന്നും അകത്തെ ഇരുട്ടിലേക്ക് എത്തിനോക്കുന്ന സന്ധ്യയുടെ നേരിയ സൂര്യകിരണങ്ങളിൽ ആയിരുന്നു രവിയുടെ മുഴുവൻ ശ്രദ്ധയും അപ്പോൾ.

ഷെഡ്ഡിനകത്ത് ചില്ലറ ഗാർഡനിങ് ഉപകരണങ്ങളും ബക്കെറ്റും മറ്റും ഒഴികെ കാര്യമായി ഒന്നും തന്നെ വയ്ക്കുന്ന പതിവില്ലായിരുന്നു. മനസ്സില്ലാമനസ്സോടെ ആണെങ്കിൽപോലും ഒരു പുതുവീടുടമയെന്ന നിലയ്ക്ക് ല്ലപ്പോഴുമൊക്കെ ഒന്ന് പറമ്പ് വെടിപ്പാക്കുന്നതിനോ മറ്റ് മരാമത്തു പണികൾ ചെയ്യുന്നതിനോ വേണ്ടി ഇറങ്ങുമ്പോൾ മാത്രമാണ് അവിടേക്ക് കയറി ചെല്ലാറുള്ളത്. മുന്നിലെ പൊളിഞ്ഞ കവാടമല്ലാതെ മറ്റ് ജനാലകളോ വാതിലുകളോ ഒന്നും ഇല്ലാത്തതിനാൽ ഷെഡ്ഡിനകം വെളിച്ചം തീരെ കുറവായിരുന്നു എല്ലാപ്പോഴും. അതുകൊണ്ട് തന്നെ ഇരുട്ടിനെ കുട്ടിക്കാലം മുതൽക്ക് അകാരണമായി ഭയന്നിരുന്ന രവിക്ക് ആയിടം എന്നും നിഗൂഢത നിറഞ്ഞ ഒന്നായിരുന്നു; കഴിയുന്നതും ഒഴിവാക്കേണ്ട ഒന്നും.

പുതുതായി വീടുവാങ്ങിയ കാലം മുതൽക്കേയുള്ള അവസ്ഥയായിരുന്നു അത്. ആദ്യകാലങ്ങളിൽ ഒന്നും അത്ര കാര്യമായി ശ്രദ്ധ ആകർഷിച്ചില്ലെങ്കിലും പോക പോകെ ആ ഷെഡ്ഡിന്റെ സാന്നിദ്ധ്യം അവനിൽ പല സംശയങ്ങൾക്ക് വഴിയൊരുക്കി. പിന്നീട് പലവട്ടം തന്റെ റിയൽ എസ്റ്റേറ്റ് ഏജന്റിൽ നിന്നും അതിനെ കുറിച്ചും അതിന്റെ പൂര്‍വ്വകാല ഉപയോഗത്തെ കുറിച്ചും കൂടുതൽ അറിയാൻ ശ്രമിച്ചെങ്കിലും തൃപ്തികരമായ ഉത്തരങ്ങൾ ഒന്നും ലഭിച്ചില്ല. വേറെ നിർവാഹം ഒന്നും ഇല്ലാതെ വന്നപ്പോൾ അവന്റെ മനസ്സിൽ നിന്നും ആ ആശങ്കകളും മെല്ലെ മാഞ്ഞു പോയി.

അങ്ങനെ ഇരിക്കെ കുറെ നാളുകൾക്ക് ശേഷമാണ് അന്ന് ആ മൂടൽമഞ്ഞ് നിറഞ്ഞ സന്ധ്യക്ക് വീണ്ടും അവന്റെ ശ്രദ്ധ ആ പൊട്ടിപൊളിഞ്ഞ കവാടത്തിന്റെ മീതെ പതിഞ്ഞത്. ദൈവമെഇതെന്തിനാണ് എന്നെ ഇങ്ങനെ പിടിവിടാതെ വേട്ടയാടുന്നത്? രവിയുടെ മനസ്സിൽ വീണ്ടും പഴയ വേവലാതി ഉയർന്നുവന്നു. ഭയത്തോടെ ആണെങ്കിലും ഒന്നു ഇറങ്ങി ചെന്നു നോക്കാൻ അവൻ മുതിർന്നു. ഒന്നും ഇല്ലെങ്കിൽ അവന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ വെറുമൊരു ചെറ്റപ്പുരയല്ലെ അത്, എന്തിനെയാണ് ഭയക്കേണ്ടത്? സ്റ്റഡി മുറിയിലെ സ്വിവൽ ചെയറിൽ നിന്നും എഴുനേറ്റ് വാതിലിന്റെ അടുതേക്ക് പോകുന്നതിനിടെ ഒരു നിമിഷം രവി ഒന്നു നടുങ്ങി, പെട്ടെന്ന് എന്തോ അപ്രതീക്ഷിതമായി ഒർമ്മ വന്നതുപോലെ: കഴിഞ്ഞ ബുധനാഴ്ച ദിവസമായിരുന്നല്ലോ ഏറ്റവും ഒടുവിൽ അവിടെ കയറിചെന്നതെന്ന കാര്യം അവൻ ഓർത്തു.

****************

രവി ലാപ്ടോപ് തുറന്ന് ലേഖനം സേവ് ചെയ്തിരുന്ന വർഡ് ഡോക്കിനുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. വളരെ എളുപ്പം കണ്ടെത്താനാകും എന്നാദ്യം കരുതിയെങ്കിലും ആ പ്രതീക്ഷ പാഴായിരുന്നു എന്ന് വഴിയെ മനസ്സിലായി. ഫോൾഡറുകൾ ഏറെ സർച്ച് ചെയതതിന് ശേഷം ലേഖനത്തിന്റെ പല പതിപ്പുകളും കണ്ടുകിട്ടി, എങ്കിലും ഉദ്ദേശിച്ച ഒന്നു മാത്രം കിട്ടിയില്ല. ഏറ്റവും അവസാനമയി രചിച്ചതും ഏറ്റവും പൂർണ്ണമയ രൂപത്തിലുള്ളതെന്നും വിശ്വസിച്ചിരുന്ന ഒന്ന്. സേവ് ചെയ്യാൻ സാധ്യതയുള്ള എല്ലായിടത്തും അയാൾ വീണ്ടും വീണ്ടും ആരാഞ്ഞു, എങ്കിലും ഫലം കണ്ടില്ല. ഈ കഴിഞ്ഞ ദിവസങ്ങളിൽ എന്നായിരുന്നു അവസാനമായി എഴുതാൻ ഒരുങ്ങിയതെന്ന് ഓർത്തെടുക്കാൻ അവൻ ശ്രമിച്ചു. ഓർമ്മിക്കാൻ കഴിഞ്ഞില്ല. ന്ന് മാത്രമല്ല, ഒരു നിമിഷത്തേക്ക് തനിക്ക് കാലബോധംതന്നെ നഷ്ടപ്പെട്ടത് പോലെ അവനു തോന്നി. ദിവസങ്ങളും മാസങ്ങളും ഒക്കെ തമ്മിൽ ലയിച്ച് തിരിച്ചറിയാൻ കഴിയാത്ത വിധം അവന്റെ മനസ്സിൽ കെട്ടിപ്പിണഞ്ഞ് കിടന്നു. അപ്പോഴാണ് അവൻ ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്: അവനെ സംബന്ധിച്ച് സമയത്തിന്റെ ഗതി നിലച്ച് നിശ്ചലമായി തീർന്നിരുന്നു.

ആ അവസ്ഥയ്ക്ക് ഒരു ആമുഖമം ചേർക്കേണ്ടതുണ്ട്: അന്ന് വർക്ക്ഫ്രംഹോം പദ്ധതി ആരംഭിച്ചിരുന്ന കാലം. മഹാമാരി ഭീതിയുടെ ആദ്യ നാളുകൾ. പോതുവെ ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിലേക്ക് വന്നും പൊയും ഇരുന്നിരുന്ന സമയം. ട്രെയിൻ യാത്രയിൽ ഒന്നും രണ്ടും മണിക്കൂർ വിധം ദിവസവും ചെലവഴിച്ചിരുന്ന കാലം. അങ്ങനെ സ്ഥിരമായി ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ പരിചയപ്പെട്ട ഒരു ചെറുപ്പക്കാരനുമായിട്ടുള്ള കാഷ്വൽ സൗഹൃദസംഭാഷണങ്ങൾ. മിക്കപ്പോഴും സാഹിത്യമായിരുന്നു വിഷയം. സാഹിത്യത്തിൽ കമ്പമുണ്ടായിരുന്ന അയാളുടെ കൈവശം എന്നും യാത്രയ്ക്കായി ഏതെങ്കിലും പുസ്തകം ഉണ്ടാവുമായിരുന്നു. പലപ്പോഴും അത് രവിയുടെ ഇഷ്ട എഴുത്തുകാരുടെ രചനകളുമായിരുന്നു. ചെറുപ്പം മുതൽക്ക് സാഹിത്യത്തോട് അഭിരുചി മനസ്സിൽ കൊണ്ടുനടക്കുകയും എന്നാൽ പിൽക്കാലത്ത് ജീവിത പ്രാരബ്ധങ്ങളാൽ അതിൽനിന്നും അകന്ന് നിന്നിരുന്ന രവിക്ക് ആ സൗഹൃദസംഭാഷണങ്ങൾ ഒരുപാട് സന്തോഷം പകരുന്നതായിരുന്നു.

അങ്ങനെ ഒരു ദിവസം ആ സംഭാഷണം യാദൃച്ഛികമായി എഴുത്തിന്റെ ദിശയിലേക്ക് തിരിഞ്ഞപ്പോൾ അയാൽ ഒരു പ്രസ്താവന മുന്നോട്ട് വച്ചു. ദീർഖകാലമായി താൻ നടത്തിക്കൊണ്ട് വരുന്ന ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിനു വേണ്ടി രവി ഒരു ചെറു ലേഖനം എഴുതി തരണം എന്നായിരുന്നു. ആദ്യമൊക്കെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അയാളുടെ തുടർച്ചയായ പ്രചോദനം ഒടുവിൽ രവിയെ ആ പദ്ധതി ഏറ്റെടുക്കാനായി പ്രേരിപ്പിച്ചു. അങ്ങനെ അവൻ ആ ലേഖനം എഴുതാൻ തുങ്ങി. എഴുതാനായി തുനിഞ്ഞിറങ്ങിയിട്ട് ഇതാ ആ ശ്രമം ഇപ്പൊ ഈ ഘട്ടത്തിൽ വന്നു നിൽകുന്നു; കാലം എത്ര പിന്നിട്ടെന്ന് കൂടി നിശ്ചയമില്ലാതെ... വിഷയങ്ങൾ പലതും ആവിഷ്കരിക്കുവാൻ വേണ്ടി മനസ്സിൽ കൊണ്ടുനടന്ന്, ഒടുവിൽ അവയെ വേണ്ടത്ര വികസിപ്പിച്ച് എടുക്കുവാനോ പൂർണ്ണരൂപം നൽകുവാനോ കഴിയാതെ ഉപേക്ഷിച്ച നിലയിൽ പാഴായ ഒരു പരിശ്രമം. എത്രയോ ഉറക്കമിളച്ച് രാവുകൾ, എത്രയോ ഫോൾസ് സ്റ്റാർട്ട്സുകൾ, എത്രയോ തിരുത്തുകൾ—ഒരു ഫലവും കാണാതെ, മനസ്സിലുള്ള ആശയങ്ങൾ പകർത്താനാകാതെ, തോറ്റുമടങ്ങി നിരാശയോടെ കിടക്കയിൽ ചെന്നു വീണ എത്രയോ രാത്രികൾ. ഒടുവിൽ ലേഖനം മുഴുമിക്കാൻ കഴിയാതെ കുറെനാൾ വലഞ്ഞതിനു ശേഷം അവൻ ആ ഉദ്യമം ഉപേക്ഷിച്ച് തിരികെ തന്റെ ഗൃഹസ്ഥജീവിതത്തിൽ വീണ്ടും മുഴുകാൻ തീരുമാനിച്ചു.

*****************

പുറത്ത് യാർഡിനു ചുറ്റും കനത്ത കൂരിരുട്ട് മൂടിയുരുന്നു. തൂക്കിയിട്ടിരുന്ന സോളാർ ലാമ്പുകളുടെ മങ്ങിയ വെളിച്ചത്തിൽ ബൗണ്ടറി ഫെൻസ് കുറ്റികളുടെ അറ്റം ഒഴികെ ഒന്നും തെളിഞ്ഞ് കാണാൻ സാധ്യമല്ലായിരുന്നു. രവി ഒരു നിമിഷം ലാപ്ടോപ് സ്ക്രീനിൽ നിന്നും മാറി അലസമായി ജനാലയിലേക്ക് കണ്ണോടിച്ചു. പാതി മൂടിവെച്ചിരുന്ന ബ്ലൈണ്ടുകളിലൂടെ നോക്കുമ്പോൾ പറമ്പിന്റെ തെക്കുകിഴക്കെ കോണിലായി എവിടെയോ നിൽക്കുന്നുണ്ടെന്ന് സങ്കല്പിക്കാൻ അല്ലാതെ ആ പഴയ ഷെഡ്ഡിന്റെ രൂപം തിരിച്ചറിയാൻ കഴിയില്ലായിരുന്നു. ഇത് അവനിൽ എന്നത്തേയും പോലെ ഒരു അസ്വസ്ഥത ഉളവാക്കി. എന്നാലും അവൻ ആ ചിന്തയെ തത്കാലത്തെക്ക് മനസ്സിൽ നിന്നും അകറ്റി വെച്ചുകൊണ്ട് വ്യഗ്രതയോടെ ലാപ്ടോപ്പിൽ വീണ്ടും റ്റൈപ് ചെയ്യാൻ തുടങ്ങി. തിരുത്തുകൾ മുൻ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കൂടിയിട്ടുള്ളത് പോലെ അവനു തോന്നി. ഒരു വാചകത്തിൽ നിന്നു മറ്റൊന്നിലേക്ക് കടക്കുവാൻ ആയാസപ്പെടുന്ന അവസ്ഥ. ഇടക്കിടെ നിരാശയോടെ വീണ്ടും ജനാലയിലേക്ക് കണ്ണ് മിഴിച്ച് നോക്കിക്കൊണ്ടേ ഇരുന്നു. പുറത്ത് ഇരുട്ടിൽ പൊതിഞ്ഞ അവ്യക്തമായ രൂപങ്ങൾ അവനിലെ അസ്വസ്ഥതയെ കൂട്ടി.

എന്താണ് ദൈവമെ ഇങ്ങനെ വിഷയം എന്നിൽ നിന്നു അകന്നു പോകാൻ കാരണം?, അവൻ സ്വയം വിലപിച്ചു. വിഷയത്തെ കുറിച്ച് വ്യക്തമായ ധാരണ മനസ്സിൽ ഇല്ലാത്തതോ, അതോ അത് വാക്കുകളിലേക്ക് പകർത്താനുള്ള പ്രയാസമോ? വിഷയം ഭങ്ങിയായി കൈകാര്യം ചെയ്യുന്നതിനുവേണ്ടി അവൻ അനുഷ്‌ഠിച്ച തയ്യാറെടുപ്പുകൾ ചെറുതൊന്നും ആയിരുന്നില്ല. ആഴ്ചകളോളം മനസ്സിൽ കൊണ്ടുനടന്ന ആശയങ്ങൾക്ക് രൂപം നൽകിയും, അവയെ അനുബന്ധിച്ചുള്ള ചിന്തകൾ സ്വന്തം ഡയറിയിൽ കുറിച്ചിട്ടും മോടിപിടിപ്പിച്ചും, രചനയെ ഉപയുക്തമായ ഭാഗങ്ങളായി വേർതിരിച്ചും ഒക്കെ ആ പരിശ്രമം പല ഘട്ടങ്ങളിലൂടെ പുരോഗമിച്ചു. രന്വേഷണം എന്ന പോലെ: പിടിതരാത്ത, നിഗൂഢമായ ചില ചോദ്യങ്ങളുടെയും ആശയങ്ങളുടെയും പിറകെ. ന്വേഷണം പലപ്പോഴും, പല ഘട്ടങ്ങളിൽ വഴിമുട്ടുമായിരുന്നു—പക്ഷെ അവിടെ നിന്നൊക്കെ അത്ഭുതകരമായി അത് തിരിച്ചു മുന്നേറാനുള്ള വഴികൾ താനേ തേടി കണ്ടെത്തുമായിരുന്നു. അതേ പോലത്തെ മറ്റത്ഭുതങ്ങളേയും പ്രതീക്ഷിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു രവി അന്ന് ആ രാത്രി.

എഴുതി തളർന്ന രവി ഓഫീസ് ചെയർ പുറകോട്ട് ചാരി ഒന്നു നിവർന്നു. ശിരസ്സ് ഹെഡ്റെസ്റ്റിൽ വച്ചുകൊണ്ട് നേരെ മുകളിൽ കാണുന്ന മേൽക്കൂരയിലെ പെയിന്റിന്റെ പരുപരുത്ത ടെക്ശ്ചറും നോക്കി അല്പനേരം ഇരുന്നു. ഫ്ലോർ ലാമ്പ് സ്റ്റഡി മുറിയുടെ എതിർവഷത്ത് വെച്ചിരുന്നതിനാൽ അതിന്റെ വെളിച്ചം മങ്ങിയ തോതിൽ മാത്രമെ ആയിടത്ത് പതിഞ്ഞിരുന്നുള്ളു. രവി മേൽക്കുരയിൽ നിന്നു കണ്ണെടുത്ത് മുറിയുടെ ചുറ്റും ഒന്നു നിരീക്ഷിച്ചു. മുറിയിൽതനിയായ ലാമ്പിന്റെ വെളിച്ചം എല്ലായിടത്തും സമാനമായ നിലയിലല്ല പ്രകാശം പരത്തിയിരുന്നത് എന്ന് അവൻ ശ്രദ്ധിച്ചു. തിരികെ ജനാലയിലേക്ക് കണ്ണോടിച്ചു: പട്ടണം മുഴുവൻ ഉറങ്ങികിടക്കെ രവിയുടെ ചിന്ത വീണ്ടും പുറത്തെ കൂരിരുട്ടിലേക്ക് സഞ്ചരിച്ചു. അവന് ഒരു വെളിപാട് ഉണ്ടായി: താൻ എഴുതി തീരുന്ന ഓരോ വരിയും തന്റെ മനസ്സിന്റെ ഉള്ളിലുള്ള ഓരോ ചെറു സ്റ്റഡി മുറികൾ ആണെന്ന സംകൽപ്പമായിരുന്നു അത്. മങ്ങിയ, അസമാന പ്രകാശമുള്ള ഓരോരോ കൊച്ചു മുറികൾ. ചെറിയ വാതിലുകളിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെടുന്ന കൊച്ചു മുറികൾ. ചില വാതിലുകൾ ആ നേരിയ പ്രകാശത്തിൽ എളുപ്പം തുറന്ന് കിട്ടുന്നവയാണ്; മറ്റ് ചിലത് ഇരുട്ടിൽ മൂടിവയ്ക്കപ്പെട്ടവയും. സ്വന്തം മനസ്സിന്റെ ആഴങ്ങളിലേക്ക്—ആ കൊച്ചു മുറികളെ തമ്മിൽ ബന്ധിപ്പിക്കുന്ന വാതിലുകളിലേക്ക്—ഒരല്പം വെളിച്ചം വീശുവാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് അവൻ ആശിച്ചു.

ലാപ്ടോപ് വച്ചിരുന്ന വർക്ക് ഡെസ്കിനോട് ചേർന്നുള്ള ചുമരിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിൽ സമയം 02:00 കഴിഞ്ഞിരുന്നു. രവി അവന്റെ ശ്രദ്ധ മുന്നിൽ തുറന്നുവെച്ചിരുന്ന ലാപ്ടോപ് സ്ക്രീനിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. പുറത്ത് കാണുന്ന രാത്രിയുടെ ആ കൂരിരുട്ട് അവന്റെ മനസ്സിന്റെ ഉൾരാജ്യത്തിലെ ഇരുൾ തന്നെയാണോ തുറന്നുകാട്ടുന്നത് എന്ന് ഒരു നിമിഷം അവൻ ശങ്കിച്ചു.

*******************

പെടെസ്റ്റൽ ഫാനിന്റെ മൂളലിന് അന്ന് സാധാരണത്തേക്കാൾ തീവ്രതയുള്ളതായി തോന്നി അവന്. ജനാലയുടെ ബ്ലൈണ്ടുകൾ ഏതാണ്ടും പൂർണ്ണമായി മൂടിവച്ചിരുന്നുവെങ്കിലും പുറത്തെ സ്റ്റ്രീറ്റ് ലൈറ്റിന്റെ വെളിച്ചം ബെഡ്റൂമിന്റെ ഭിത്തിയുടെ മീതെ അലോസരപ്പെടുത്തുന്ന പാറ്റേർണുകൾ സൃഷ്ടിച്ചിരുന്നു. രവി ആ പാറ്റേർണുകളിലേക്ക് കണ്ണ് മിഴിച്ച് കിടന്നു. ഒരു ചെറു മയക്കം കഴിഞ്ഞ് തിരികെ ഗാഢനിദ്രയിലേക്ക് മടങ്ങാൻ പാടുപെടുകയായിരുന്നു അവൻ. കഴിഞ്ഞ കുറെ ദിവസങ്ങളേയും പോലെ തന്നെ അന്നും അത്താഴം കഴിഞ്ഞ് എഴുത്തുകുത്തിനൊന്നും നിൽക്കാതെ നേരെ ഉറങ്ങാൻ കിടന്നതാണ്. എങ്കിലും ഉറക്കം സഹകരിച്ചില്ല. വെറുതെ ഉറക്കം വരാതെ കിടക്കുന്നതിനിടെ അവന്റെ മനസ്സ് പോയ വാരത്തെ പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ സഞ്ചരിച്ചു. ജോലിയിലെ ഡെഡ്ലൈനുകൾ, പരിചയം പുതുക്കാൻവേണ്ടി നടത്തിയ ചില ഈമെയിൽ സല്ലാപങ്ങൾ, മറ്റ് ചില ഫോൺ കോളുകൾ, പലവിധ വീട്ടുജോലികൾ, എന്ന് തുടങ്ങിയ. പലതിനേയും കുറിച്ച് കൂടുതൽ വിശദമായി ആലോചിക്കുവാൻ ശ്രമിച്ചെങ്കിലും ഒന്നിന്റേയും തീയതി നിശ്ചയം ഇല്ലാത്തത് പോലെ തോന്നി. ഇക്കഴിഞ്ഞ ആഴ്ച തന്നെ ആയിരുന്നുവോ അതെല്ലാം? ആലോചന കാടുകയറുന്നതിനിടെ കവിളത്ത് എന്തൊ പൊടുന്നനെ കടിച്ചതു പോലെ അവന് തോന്നി. പരിശോധിക്കുവാൻ വേണ്ടി വിരളോടിച്ചു നോക്കിയപ്പോൾ ചെറിയ കുറ്റിത്താടി വീണ്ടും കിളിർത്ത് വരുന്നുത് ബോദ്ധ്യപ്പെട്ടു. റേയ്സർ മാറ്റേണ്ടതുണ്ടെന്ന കാര്യം ഇക്കഴിഞ്ഞാഴ്ച എപ്പോഴോ മനസ്സിൽ കുറിച്ചിട്ടത് അവന് അപ്പോൾ ഓർമ്മ വന്നു. മനസ്സിന്റെ കാലഗതി താളം തെറ്റിയ നിലയിലായിരുന്നുവെങ്കിലും ശരീരത്തിന്റേത് ശരിയായ മട്ടിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് അവൻ സമാധാനിച്ചു. കാലത്തിന്റെ പോക്കിനെ കുറിച്ച് വിലപിച്ചുകൊണ്ട് രവി മെല്ലെ തലയണയുടെ കീഴെ വച്ചിരുന്ന മൊബൈൽ ഫോൺ പുറത്തെടുത്ത് നേരം ചെലവഴിക്കാൻ പുറപ്പെട്ടു.

അനേകം നോടിഫിക്കേഷനുകൾ വന്നു കിടപ്പുണ്ടായിരുന്നു; പലതരം മെസേജിങ് ആപ്പുകളുടേയും കലണ്ടർ അലർട്ടുകളുടേയും മറ്റുമായിരുന്നു പ്രധാനമായും. അലസമായി അവയെ ഒന്നൊന്നായി സ്ക്രോൾ ചെയ്തു വിടുന്നതിനിടെ അതിലൊന്ന് അവന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു റിമൈണ്ടർ അലർട്ട് ആയിരുന്നു അത്. ഏതോ ഒരു ബുധനാഴ്ച്ച ദിവസത്തേതായിരുന്നു എന്ന് റ്റൈംസ്റ്റാമ്പിൽ നിന്നും വ്യക്തമായി. അലർട്ട് ഡീറ്റേയിൽസ് പരിശോധിച്ചപ്പോൾ കണ്ടത് അത് ഏറെ കാലം മുന്നെ സെറ്റ് ചെയ്ത ഒരു റിമൈണ്ടർ റ്റാസ്കിനുവേണ്ടി ആയിരുന്നു എന്നാണ്. അലർട്ടിന്റെ തലവാചകം വിചിത്രമായിരുന്നു: Find new version എന്നായിരുന്നു അത്. പണ്ടെപ്പോഴോ തോന്നിയ ഒരു കുസൃതി, അത്രേയുള്ളു. രവി സ്വയം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. എങ്കിലും മനസ്സ് പൂർണ്ണമായും ആ നിഗമനത്തിൽ തൃപ്തിപ്പെട്ടില്ല. അലർട്ടുകൾ അതുകൂടാതെ ഇനിയും പലതുമുണ്ടായിരുന്നു ബാക്കി. ഏതൊ ഒന്നിനെ ചൊല്ലി കൂടുതൽ തലപുണ്ണാക്കേണ്ടതില്ല എന്ന തീരുമാനം എടുത്തുകൊണ്ട് രവി തിരിച്ചു അവയിലേക്ക് മടങ്ങി; അങ്ങനെ വീണ്ടും ബാക്കിയുള്ള നിരവധി അലർട്ടുകളിലൂടെ കണ്ണോടിച്ചുകൊണ്ട് ആ പാതിരാത്രി തള്ളി നീക്കി. കലണ്ടർ അലർട്ടുകൾ കുറെയധികം ഉണ്ടായിരുന്നു അക്കൂട്ടത്തിൽ, അതിൽ മിക്കതും നിത്യജീവിതത്തിലെ ഓരൊ ചെറു ഓർമ്മപ്പെടുത്തലുകളും. രവി ഇത്രയേറെ രിമൈണ്ടറുകൾ കണ്ടു ഒന്നു അന്ധാളിച്ചു: ഇനി ഇതിനൊക്കെ പുറമെ എന്തൊക്കെ ആകാം ഓർമ്മയിൽ നിന്നു വിട്ട് പോയിട്ടുണ്ടാകുക? ആലോചന ശക്തമായതോടെ അവൻ വീണ്ടും ഒരു സുഖമയക്കിത്തിലേക്ക് തിരികെ പോയി.

******************

അലാറം അടിക്കുന്നത് കേട്ടത് കുറെ കഴിഞ്ഞായിരുന്നു. ഗാഢമായ നിദ്രയിൽ നിന്നും ഉണരാൻ രവി വല്ലാതെ ബുദ്ധിമുട്ടി. കണ്ണടച്ചുപിടിച്ചു കിടന്നുകൊണ്ട് അടുത്തു വച്ചിരുന്ന മൊബൈൽ ഫോൺ തപ്പിയെടുത്ത് മ്യൂട്ട് ചെയ്യുവാനായി മുതിർന്നു. കൈയെത്തുന്ന ഇടത്തൊക്കെ നോക്കിയെങ്കിലും ഫോൺ കിട്ടിയില്ല. അലാറം ഉറക്കെ അടിച്ചുകൊണ്ടേ ഇരുന്നു. സഹികെട്ട് ഒടുവിൽ അവൻ ക്ലേശത്തോടെ മെല്ലെ കണ്ണ് തുറന്ന് ചുറ്റുപാടും നോക്കി. ശബ്ദം നിന്നതുപോലെ തോന്നി. രവി വീണ്ടും കുറച്ചു നെരവും കൂടി ആ ശബ്ദത്തിനു വേണ്ടി കാതോർത്ത് കിടന്നു; പക്ഷെ ഗുണമുണ്ടായില്ല. സംശയം പരിഭ്രമമായി മാറി; രവി എഴുനേറ്റിരുന്നു ചുറ്റും കണ്ണോടിച്ചു നോക്കി. അതാ കിടക്കുന്നു, കട്ടിലിനു താഴെ നിലത്ത്—ഹാവു! ധൃതിയിൽ കുനിഞ്ഞു ഫോൺ കൈയ്യിലെടുത്തു സ്ക്രീൻ ഓൺ ചെയ്തു നോക്കി. അലാറം ഒന്നും സെറ്റ് ചെയ്തിരുന്നതായി കണ്ടില്ല. അത്ഭുതം തന്നെ—ഉറക്കം കെടുത്തിയ ആ ശബ്ദം പിന്നെവിടെ നിന്നാകാം കേട്ടത്? രവി ജനാലയുടെ ദിക്കിലേക്ക് തിരിഞ്ഞു നോക്കി—നേരം പുലർന്നിട്ടില്ലായിരുന്നു ഇനിയും. രവി വീണ്ടും ഫോൺ സ്ക്രീനിലേക്ക് നോക്കി: സമയം വെളുപ്പിന് 02:10, ഒരു ബുധനാഴ്ച ദിവസം. ബുധനാഴ്ച. ഒരു നിമിഷം അവൻ ആ വിവരം മനസ്സിൽ തെളിവായി പതിയാൻ കാത്തു. അതിനു ശേഷം അല്പനേരം ആകെ മരവിച്ച നിലയിൽ കിടക്കയിൽ തന്നെ ഇരുന്നു; ആ വിവരം അബോധ മനസ്സിന്റെ ആഴത്തിൽ നിന്നും എന്തോ സന്ദേശം ഇളക്കി വിട്ടതു പോലെ. പിന്നെ പ്രസന്നതയോടെ കട്ടിലിൽ നിന്നും ഇറങ്ങി അവൻ എഴുനേറ്റു നിന്നു. ദീർഘകാലത്തെ ഉറക്കത്തിനു ശേഷം ഉണർന്നെഴുനേറ്റ ഒരു അനുഭൂതിയോടെ അവൻ ഫോണും കയ്യിലെടുത്ത് ബെഡ്റൂമിൽ നിന്നും താഴെ ഹാളിലേക്കായി പുറപ്പെട്ടു.

രവി അടുക്കളയിലൂടെ പുറക് വശത്തെ വാതിൽ തുറന്ന് പറമ്പിലേക്ക് ഇറങ്ങി ചെന്നു. കനത്ത മഞ്ഞുള്ള രാത്രി, എങ്ങും കൂരാകൂരിരുട്ടും. ഷെഡ്ഡിനെ ഉദ്ദേശം വച്ച് പറമ്പിന്റെ തെക്കുകിഴക്കെ കോണിലേക്ക് നടന്നു. കൂരിരുട്ടായിരുന്നിട്ടും പതിവില്ലാത്ത പോലെ ഒരു ഭയവും കൂടാതെ കാൽചുവടുകൾ വച്ചുകൊണ്ട് അവന്റെ ലക്ഷ്യസ്ഥാനത്തോട് അടുത്തു. ഒടുവിൽ തപ്പിതടഞ്ഞ് ഷെഡ്ഡിന്റെ കവാടത്തിന്റെ മുന്നിൽ എത്തി. മടിച്ചുനിൽക്കാതെ ദൃഢനിശ്ചയത്തോടുകൂടി അവൻ ആ ഇരുട്ടടഞ്ഞ ചെറ്റപ്പുരയിലേക്ക് പ്രവേശിച്ചു. കയറിയതും ഓർക്കാതെ കൈ പോക്കറ്റിലേക്കിട്ട് ഫോൺ പുറത്തെടുക്കാനായി മുതിർന്നെങ്കിലും ആ ശ്രമത്തിൽനിന്നും അവൻ ഉടൻ പിൻവാങ്ങി. ഇരുട്ട് അവന്റെ ശത്രു ആയിരുന്നില്ല, വെളിപ്പെടാത്ത മറ്റൊരിടം മാത്രം. ഇരുട്ടിലേക്ക് കണ്ണ് നട്ടുകൊണ്ട് അതിന്റെ രഹസ്യങ്ങൾ ക്ഷമയോടുകൂടി പകർത്തുവാനായി അവൻ ഒരുങ്ങി. പതുക്കെ ആ ഇരുട്ടിടത്തിന്റെ നടുവിൽ ഒരു സ്ഥാനം ഉറപ്പിച്ചു അവൻ നിലത്ത് ഇരുന്നു. കണ്ണുകൾ പല ദിക്കിലേക്കായി ഓടി ചെന്നെങ്കിലും കാഴ്ചയിൽ ഒന്നും തെളിഞ്ഞില്ല. വെളിച്ചമില്ലെങ്കിൽ പിന്നെ ദൃഷ്ടിക്ക് എന്ത് പ്രസക്തി! കുറച്ചു നേരം കണ്ണടച്ചു നിശബ്ദമായി മനനം ചെയ്തു നോക്കിയാൽ ഒരുപക്ഷെ എന്തെങ്കിലും കണ്ടെത്താൻ സാധിച്ചാലോ? പ്രക്ഷുബ്ധമായിരുന്ന അവന്റെ മനസ്സ് ധ്യാനം കയ്ക്കൊള്ളുവാൻ തയ്യാറല്ലായിരുന്നു. അതിനെ ശാന്തമാക്കാനുല്ല മറ്റ് സൂത്രങ്ങളൊന്നും അവന്റെ ബുദ്ധിയിൽ അപ്പോൾ തെളിഞ്ഞു വന്നില്ല. മനം തളർന്ന് സ്വന്തം ദുർഗ്ഗതിയെ ഓർത്ത് വിലപിച്ചുകൊണ്ടിരിക്കെ ഒടുവിൽ അവൻ ആ അലാറം ശബ്ദം വീണ്ടും കേട്ടു, ബെഡ്റൂമിൽ കേട്ട അതേ മുഴക്കം. അടുത്ത നിമിഷം അവനെ സംബന്ധിച്ച് ഒരു മിന്നൽക്കൊടി ഏറ്റത് പോലെ ആയിരുന്നു: ക്യാൻവാസ് തുറന്ന് നീർത്തി വെച്ച നിലയിൽ മുന്നിൽ. അതിൽ അവൻ തേടി നടന്ന ലേഖനത്തിന്റെ ആ പതിപ്പ്നിറഞ്ഞൊഴുകുന്ന വാചകങ്ങൾ, തടസ്സമില്ലാത്ത, ചിന്തകളുടെ അനർഗ്ഗളമായ ധാര. ഉദ്യമം ആരംഭിച്ചതിൽ നിന്നും വിഷയങ്ങൾ കുറെയേറെ മാറി പൊയിരുന്നു ഒരുപക്ഷെ. അല്ലെങ്കിലും സർഗ്ഗാത്മക രചനകളെ വിഷങ്ങളുടെ ചട്ടക്കുടിൽ പരിമിതപ്പെടുത്താൻ സാധ്യമാണോ? അവൻ അതിനു പുതുതായി ഒരു രൂപം കൊടുക്കാൻ ഒരുങ്ങി. ഒരു പുതിയ ഭാഷ്യം—അവന്റെ രചനയിൽ എഴുതി ചേർക്കേണ്ട ഏറ്റവും പുതിയ കാണ്ഡം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here