നിറങ്ങളുടെ കഥ

 

 

ഏഴു നിറങ്ങൾ, മഴവില്ലിന്
വയലറ്റ്, ഇൻഡിഗോ, ബ്ലൂ
ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ്.
അറിയാവല്ലോ?
ഇനിയൊരു മഴവില്ലങ്ങ് വരച്ചോ
നല്ല സൂപ്പറാവണം എല്ലാരുടേം.

നേരം കൊല്ലാൻ വന്നു കയറിയ
അമ്മിണി ടീച്ചർ, ഒരു നിമിഷം
അമൃതാ ഷെർഗിലാകുന്നു.
സ്വാതന്ത്ര്യം പൂട്ടി, അവർ ബ്രഷെടുത്തു,
വരയുടെ രസതന്ത്രം വഴങ്ങാത്ത
കുട്ടികളെ റാസയും അർപിതയുമാക്കാൻ.

നിറകണക്കിൽ ഇൻഡിഗോ
ദുർഗ്ഗയുടെ മനസ്സിൽ തെളിഞ്ഞു
ശരിക്കും അത് സിയാനല്ലേ?
ന്യൂട്ടണെ നാണംകെടുത്താതെ
അവൾ സംശയം വിഴുങ്ങി.

പെട്ടെന്നതാ ഒരത്ഭുതം,
അമ്മിണി ഷെർഗിൽ
അത്ഭുതം കാട്ടുന്നു,
നിറമേഴും കൂടികലർത്തിയാൽ
കറുപ്പ് കിട്ടുന്നു.
അത്ഭുതം. മഹാത്ഭുതം!

ദുർഗ്ഗയെക്കാൾ കറുപ്പാണോ?
വെളുമ്പന്റെ വളിച്ചൊരു ചോദ്യം.
ടീച്ചറും കുട്ട്യോളും ഹ.. ഹ.. ചിരിച്ചു

കാലപ്പഴക്കം ചെന്ന ചിരികളിൽ
ദുർഗ്ഗ ഞെട്ടി ഉണർന്നു

ഒരു കുഞ്ഞൻ പിറന്നിരിക്കുന്നു
അച്ഛന്റെ കൈവിട്ട്, മെല്ലെ
അടുത്തേക്ക് ചെന്നു നോക്കി.
മാനത്തെ ഏഴുനിറവും കലർന്ന്
അവളുടെ കോന്ത്രൻ പല്ലുകളിൽ
വെള്ള പൂശി. ഭാഗ്യം!
ഈ ചെറുക്കനും കറുത്തിട്ടാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here