ഈയാംപാറ്റയുടെ പാട്ട്…

വെളിച്ചം ഒരഗ്നി,
ചിതതീർക്കും അഗ്നി..
വിളിച്ചാൽ പറന്നെനി-
ക്കണയാതെ വയ്യ!

ഒരു ദീപനാളം,
ഒരു നിയോൺദീപം,
ഇരുളിലകമെരിയു-
മൊരു തീക്കനൽപന്തം…

വിളിക്കും, വിളിച്ചാൽ
ചിറകുകള്‍ പിടയ്ക്കും.
പിടയ്ക്കുന്ന ചിറകാൽ
പറന്നരികെയെത്തും.

തൊട്ടും തൊടാതെയും
ചുറ്റിക്കറങ്ങും.
വെളിച്ചമാവോളമതു,
മോന്തിക്കുടിക്കും.

ഇടയില്‍ ഞാൻ വീഴാം..
ചിറകറ്റു കേഴാം..
ഒരുവേള നിനയാതെ
മരണത്തിലാഴാം…

എങ്കിലും വയ്യ,
പറക്കാതെ വയ്യ.
പറന്നീ വെളിച്ചം
കുടിക്കാതെ വയ്യ.

അതിന്നായ് മാത്രം
പിറന്നവ,നീ ഞാന്‍,
ആത്മാവിലതു പേറി
വാഴുവോ,നീ ഞാന്‍  .

അതു മറന്നീടുകിൽ
പിന്നെന്തു സ്വത്വം?
മറന്നാൽ മരിക്കുന്നു
എന്നിലെ സത്യം…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here