ഡിസംബറിൻ മഞ്ഞിരുട്ടിന് മീതെ
രാത്രിയെ വീണ്ടും മൂടൽ പുതപ്പിച്ചു
ആകാശമാകുന്ന മച്ചിൻ പുറത്തു
നക്ഷത്രകന്യകൾ മിഴികൾ തുറന്നു
ചിതറിയ കിരണങ്ങളാലവ
നിനവുകളിൽ ഓർമകൾക്കൊരു
നിറം ചാലിച്ചു
അരികിലെ ലോകയാഥാർഥ്യം
തണുപ്പുള്ള രാത്രിയുടെ
മൂടൽ പുതപ്പിലൊളിച്ചു
നിൽക്കാനൊരിടം തന്ന നേരിന്നിടമാണ്
തണുപ്പിനെ പുതച്ചു മയങ്ങുന്ന മണ്ണ്
വിളയുന്നതൊന്നുമേയില്ല ആകാശത്തിൽ
ഭൂത കാലത്തിൻ ഭാവന വിരിയിക്കും
നുറുങ്ങു വെളിച്ചങ്ങൾ തെളിഞ്ഞു കണ്ടു
ഓർമകളിൽ നിറം ചാലിച്ച കിരണങ്ങൾ
പോയൊരു കാലത്തിൻ ചിത്രം
ആകാശമാകെയണിയിച്ചു മായ്ച്ചു