നിറഞ്ഞു തുളുമ്പിയ നിന്റെ
കണ്ണുകൾ പറഞ്ഞ കഥകളിൽ
കദനക്കടലിനെ
ആത്മപുളകങ്ങളിൽ പൂത്തുലഞ്ഞ
കവിതയുടെ ഈണങ്ങളിൽ
കുളിരലക്കടലിനെ
സ്വപ്നച്ചുമടിൻ പ്രതീക്ഷത്തോണിയെ
ഇളക്കിമറിച്ച നോവിൻചുഴിയിൽ
സങ്കടക്കടലിനെ
വഴി പിരിഞ്ഞ കുയിലിണകൾ തൻ
മിഴിനിറഞ്ഞ കരൾപാട്ടിൽ
വിരഹക്കടലിനെ
പൊള്ളിച്ചിതറിയ വാക്കിൻ ചൂടിൽ
തിളച്ച ചെങ്കൺനോട്ടങ്ങളിൽ
കോപക്കടലിനെ
കനത്ത മഴയിൽ പെരുത്ത ഭയം
കുടിച്ച രാവിൻ തുറിച്ചനോട്ടങ്ങളിൽ
ഇരുട്ടിൻ കടലിനെ
വരിയൊന്നു കുറിയ്ക്കാൻ വാക്കിൻ
പുഴകളിൽ മുങ്ങി നിവരുമ്പോൾ
ഓർമ്മക്കടലിനെ
ആവേശലഹരിച്ചുഴിയിലുലഞ്ഞാടും
അട്ടഹാസത്തിരതൻ നൃത്തങ്ങളിൽ
ഉന്മാദക്കടലിനെ
പകലിരവുകൾ സംഗമിക്കും
സന്ധ്യതന്നരുണിമയിൽ
അഴകെഴും കടലിനെ.
Click this button or press Ctrl+G to toggle between Malayalam and English