ചില്ലു ഗ്ലാസിലെ
തെളിവെളളത്തിന്
കടലുകാണാൻ മോഹം….!
ആരുടേയോ കനിവിൽ
തട്ടി മറിഞ്ഞ്
തോട്ടുവക്കത്തെത്തി,
ഒഴുക്കുള്ള വെള്ളത്തിലേക്ക്
ഒറ്റച്ചാട്ടം….!
പുഴയതിരിൽ
തോടുപേക്ഷിച്ച
തെളിവെള്ളം
ഒഴുകി ക്ഷീണിച്ച്
പുഴക്കടവിലെ അലക്കുക്കല്ലിൽ
തലചായ്ച്ചു കിടന്നു.
തോട്ടുവക്കത്തെ വീട്ടിലെ
കൂട്ടാൻ ചട്ടിയിൽ നിന്ന്
വേർപ്പെട്ടു പോന്ന
ഒരു മീനിൻ്റെ ആത്മാവ്
തുള്ളിച്ചാടി ഒരു കുളിക്കാരിയിൽ കയറിയിരുന്നു.
കുളിക്കാരിയൊരു
മത്സ്യകന്യകയാവുന്നു,
തെളിനീരിനൊപ്പം
പുഴമണലിലേക്ക്
മുങ്ങാം കുഴിയിടുന്നു.
തെളിനീരു കാണാത്ത
കടലിൻ്റെ അത്ഭുതങ്ങളെപ്പറ്റി
വാചാലയാകുന്നു.
അഴിമുഖത്തിൻ്റെ
വഴിയിൽ
കടലിലേക്കെടുത്തു ചാടിയ
രണ്ടപരിചിതരെ
ഒരു തിരമാലകൊണ്ട് കടൽ
കരയിലേക്ക് കോരിയിടുന്നു.
ഉപ്പുകാറ്റിൻ്റെ കോരിത്തരിപ്പിൽ
രണ്ടു പേർ
കടലു കാണുന്നു
തിരകളെണ്ണുന്നു.
വീശിയടിച്ച മീൻക്കാറ്റിൻ്റെ
ചൂരിൽ ആത്മാവ്
ഉറ്റവരെ തിരയുന്നു,
കുളിക്കാരിയെ വിട്ട്
കുതിച്ചു ചാടി
തിരയിലൊളിക്കുന്നു.
ഉച്ചവെയിലിൻ്റെ
തുറിച്ചു നോട്ടത്തിൽ
തെളിനീര്
ഇരുന്നയിരുപ്പിൽ
ആവിയാകുന്നു.
കുളിക്കാരി
പരിചിതമല്ലാത്ത
മണൽപരപ്പിൽ
ഒറ്റയാകുന്നു.
വെയിൽ
പടിഞ്ഞാറൊളിക്കുന്നു,
അന്തിയുടെ ചുവപ്പിൽ
കഴുകൻ കണ്ണുകൾ
ഒറ്റയായവളുടെ
ചെതുമ്പലൂരുന്നു.
ഉയർന്നുതാണ
പരുക്കൻ കൈകൾ
കടലിൻ്റെ ഉറവ തിരയുന്നു.
കവിത നന്നായി