ഇന്നലെ തൊട്ടേ കൊമ്പനത് ശ്രദ്ധിച്ചതാണ്.ഒന്നിലും അവൾക്കൊരു താത്പര്യമില്ലായ്മ.ചോദിച്ചപ്പോൾ ഒന്നൂല്ലാന്നുള്ള മറുപടിയും.ഏതായാലും നേരം വെളുത്തിട്ട് വൈദ്യരോടൊന്ന് വിവരം പറയാം. “അതൊന്നും വേണ്ടെന്നേ….രണ്ടുദിവസം കഴീമ്പം ഇതൊക്കെ ശരിയാവും.കാളപെറ്റൂന്ന് കേൾക്ക്മ്പം കയറെട്ക്കണ നിങ്ങടെ ഈ സ്വഭാവം….ഞാൻ വരൂല വൈദ്യരുടെ അടുത്ത്” കൊമ്പനത് പ്രതീക്ഷിച്ചതാണ്.രാവിലെതന്നെ അവൻ കാടിറങ്ങി.കങ്കാണിപ്പുഴയോരമാണ് വൈദ്യരുടെ സ്ഥിരതാവളം.തുമ്പിക്കൈയാട്ടി കൊമ്പൻ വേഗം നടന്നു.
കാട് പകുതിയായിരിക്കുന്നു.മനുഷ്യരിങ്ങനെ തുടങ്ങിയാൽ ഇതെവിടെച്ചെന്നവസാനിക്കും?കൃഷിക്കായാണ് രണ്ടുവർഷം മുൻപ് കുറേ കാടില്ലാണ്ടാക്കിയത്.അതു പോരാഞ്ഞ് പിന്നെ പലപലഘട്ടങ്ങളിലായി കാട് വെളുപ്പിച്ചു.ചിന്തിച്ച് ചിന്തിച്ച് കങ്കാണിയോരത്ത് എത്തിയതറിഞ്ഞേയില്ല.പുഴയും വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.തീരങ്ങളിൽ തത്തി കളകളാചിരിച്ച് നിറഞ്ഞൊഴുകിയിരുന്ന കങ്കാണിക്ക് എന്തൊരു സൗന്ദര്യമായിരുന്നു!!ഇന്നവൾ വിളറിയിരിക്കുന്നു.ഹൃദയം തുരന്ന് അവളുടെ സർവ്വതും കവർന്നെടുക്കപ്പെട്ടിരിക്കുന്നു.
“അല്ല,ഇതാര്….കാണാറേയില്ലല്ലോ ഇങ്ങോട്ടൊന്നും.അവളെ കിട്ടിയേപിന്നെ എല്ലായി ല്ലേ….”ദൂരെ നിന്നും വൈദ്യരുടെ കുശലാന്വേഷണം കേട്ട് കൊമ്പൻ തിരിഞ്ഞുനോക്കി.
“അവളുടെ കാര്യത്തിനുതന്ന്യാ വന്നത് വൈദ്യരെ,രണ്ടുദിവസമായി അവൾക്ക് വല്ലാത്ത ക്ഷീണോം തളർച്ചേം…ഭക്ഷണവും കുറവാണ്.വൈദ്യരെന്തെങ്കിലും പോംവഴി പറഞ്ഞുതന്നാൽ നന്നായേനെ”കൊമ്പൻ അവൻറെ വേവലാതി വൈദ്യരുടെ മുന്നിലവതരിപ്പിച്ചു.വൈദ്യർ അല്പസമയം ആലോചിച്ചശേഷം കൊമ്പനെ ഒന്നു നോക്കി,പിന്നെ ചിരിച്ചുകൊണ്ട് ചോദിച്ചു.”കഴിഞ്ഞ മാസം ആദ്യമല്ലേ കൊമ്പാ നിനക്ക് മദപ്പാടുണ്ടായത്?”
“അതെ വൈദ്യരെ….അപ്പൊഴാണല്ലോ അവളെൻറെ മുൻപിൽ വന്നുപെട്ടതും”കൊമ്പൻ ആ സുഖമുള്ള ഓർമകളുടെ ലഹരി നുണഞ്ഞുകൊണ്ട് പറഞ്ഞു.ഉടനെ വൈദ്യർ തിരുമാനത്തിലെത്തി. “അപ്പോൾ ഇനി ഒന്നും ആലോചിക്കാനില്ല.ഇത് അതുതന്നെ.
കൊമ്പൻ അമ്പരന്ന് വൈദ്യരുടെ മുഖത്തേക്കുതന്നെ നോക്കി.വൈദ്യർ അദ്ദേഹത്തിൻറെ പ്രായമായ തുമ്പിക്കൈ കൊണ്ട് കൊമ്പനെ തലോടിക്കൊണ്ട് പറഞ്ഞു.” നീ ഒരു കൊമ്പൻ തന്നേടാ.അവൾക്കൊരു കുഴപ്പവുമില്ല.അവളൊരു അമ്മയാവാൻ പോകുന്നു.”
കൊമ്പൻ തൻറ തുമ്പിക്കൈ വൈദ്യരുടെ തുമ്പിക്കൈയ്യോട് ചേർത്തുവച്ചു.സന്തോഷം കൊണ്ട് അവന് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.വൈദ്യർ തുടർന്നു.”ഇനി രണ്ടുകൊല്ലം അവൾക്ക് നല്ല ശ്രദ്ധവേണ്ടതാണ്.അവിടെയുള്ള പിടികളോട് പ്രത്യേകം പറയണം”. എല്ലാം കേട്ടശേഷം കൊമ്പൻ യാത്ര പറഞ്ഞിറങ്ങി.കാട്ടഴകിൻറെ കറുപ്പിലൂടെ കൊമ്പൻറെ മനസ് ഒരപ്പൂപ്പൻതാടി പോലെ പറന്നു,തൻറെ പ്രിയതമയുടെ അരികിലേക്ക്. ‘എനിക്കൊരു ചിറക് മുളച്ചിരുന്നുവെങ്കിൽ…..’ധൃതിയിലവൻ നടന്നു.അവളെ വാരിപ്പുണർന്ന് ആ സന്തോഷവാർത്ത കാതിലോതാൻ.
പേട്ടെന്നാണത് സംഭവിച്ചത്.അവൻറെ വലതുകാൽ ഭൂമിക്കുള്ളിലേക്ക് താഴുന്നപോലെ…വലിയ കുഴിയിലേക്ക് അവൻറെ ശരീരം താഴ്ന്ന് താഴ്ന്ന് പോയി.കാട്ടാനകളെ വീഴ്ത്താൻ മനുഷ്യരൊരുക്കിയ വാരിക്കുഴിയായിരുന്നു അത്.
കാത്തിരിപ്പിൻറെ നാളുകൾക്കൊടുവിൽ അവളാ സത്യം തിരിച്ചറിഞ്ഞു.കൊമ്പൻ കാടുകടത്തപ്പെട്ടിരിക്കുന്നു.വീർത്തുവരുന്ന ,തൻറെ ഉദരത്തിൽ നിന്നും ‘അച്ഛാ’എന്ന വിളി….ആ വിളിയൊച്ച കാടിൻറെ ഇരുട്ടിലലിയുന്നതുപോലെ.ചിന്തകൾ തന്നെ ഭ്രാന്തിയാക്കുമെന്നു തോന്നിയപ്പോൾ അവൾ കാട്ടിലൂടെ നടന്നു.മുന്നിലായി കൂട്ടക്കാരൊക്കെയുണ്ട്.വയറ്റിൽ നിന്നും വിശപ്പിൻറെ കൊഞ്ചലും തുടങ്ങിയിട്ടുണ്ട്.ദൂരത്തായതാ ഒരു കൈതച്ചക്ക.അവളങ്ങോട്ട് നടന്നു.തുമ്പിക്കൈ കൊണ്ട് അതെടുത്ത് വായയിൽ വച്ചതും പടക്കം പൊട്ടുന്ന ശബ്ദവും.വായയിൽ നിന്നും രക്തം ചീറ്റിത്തെറിച്ചു.ഒരു നെരിപ്പോടെന്നപോലെ വായയ്ക്കകം നീറാൻ തുടങ്ങി.അവൾ പുഴയെ ലക്ഷ്യമാക്കി ഓടി.പുഴയിലേക്കിറങ്ങി .ചോര വാർന്നൊഴുകുന്ന വായയും തുമ്പിക്കൈയ്യും മെല്ലെ വെള്ളത്തിലേക്ക് താഴ്ത്തി.അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.ആശ്വാസത്തിനിടയിലും അവൾ ആ കാഴ്ച കണ്ട് നടുങ്ങി.തനിക്കുചുറ്റുമുള്ള വെള്ളത്തിലേക്ക് അനേകം ചുവന്നചാലുകൾ ഒഴുകിക്കൊണ്ടിരിക്കുന്നു!!അവൾ മെല്ലെ,തുമ്പിക്കൈ ഉയർത്താന്‍ ശ്രമിച്ചു.വായയ്ക്കകത്ത് അഗ്നിനാളങ്ങൾ പുകയുന്നു…സഹിക്കാനായില്ല അവൾക്ക്…..വീണ്ടും അവൾ വായും തുമ്പിക്കൈയ്യും വെള്ളത്തിലേക്ക് ആഴ്ത്തി.അൽപസമയം കഴിഞ്ഞപ്പോഴേക്കും അവൾക്ക് ദേഹത്തിലേക്ക് തണുപ്പ് ഇരച്ചുകയറാൻ തുടങ്ങി.ഉദരത്തിലെ കുഞ്ഞോമനയും അപരിചിതമായ ആ തണുപ്പിനെ പേടിക്കാൻ തുടങ്ങി.വേദനയുടെ ചൂടും പുഴയുടെ തണുപ്പും,അവൾ എത്രനേരം പിടിച്ചുനിൽക്കും…ആ പ്രാണവേദന കണ്ട് പുഴയും നിശ്ശബ്ദയായ് തേങ്ങി.പിന്നീട് ആ തേങ്ങൽ ഒരു യാത്രാമൊഴിയായി…കാടിൻറെ മകൾക്ക്….ആ അമ്മയ്ക്ക്…..