പ്രണയക്കുളിരോർത്തോർത്ത്
ഓർമ്മക്കൂട്ടിൽ തനിച്ചിരിക്കവെ
കരളിൽ പൂത്ത കവിതക്കരിമ്പിൻ
മധുരമൂറ്റിയൂറ്റി മൗനരസം വാറ്റി
അഴലിന്നണ്ഡങ്ങളിലടയിരിപ്പാൻ,
തൂവൽച്ചൂടുമായ് ഇരുൾപ്പക്ഷി നീ
കൊക്കുരുമ്മി കൊത്തിയുരസ്സി
വലുതാം വൃണം പൊട്ടിയൊലിക്കെ
കാത്തതാം പ്രണയപ്പരിഭവച്ചാറ്റലിൽ
നീറും നഷ്ടസ്വപ്നവേലിയേറ്റങ്ങളിൽ
സ്മരണയിന്നുരുൾ പൊട്ടലിന്നുഷ്ണ
വേഗങ്ങൾക്കുശിരാം വേനൽപ്പക്ഷി നീ
തിളവേനപ്പൊളളൽ തഴുകും കനവി-
ഞ്ചോലകളൊട്ടിക്കീറും നഖമുനകൾ
വളരും ഗദ്ഗദം വരളും തൊണ്ടയിൽ
ഇരുൾമട കെട്ടിയ മൗനച്ചിറകൾ തട്ടി
വിദൂരമെങ്ങോ മറഞ്ഞോരോമൽക്കിളി
നിനവിൽ ചിരിചികയും വിഷാദപ്പക്ഷി നീ
ഓർമ്മപ്പീലികൾ തീക്കാവടിയാടി
പകലിൻ വെളിച്ചം ഉണരുമ്പോൾ
വിരസം മിഴികളിൽ അലസം കൊത്തി
പടരും നീറ്റലിൽ അറിയും താപം വിരഹം