പ്രസവമുറി

 

 

അവള്‍ സുന്ദരിയാണ്… വിടര്‍ന്ന് പാറി പറക്കുന്ന മുടിയിഴകളിലും ഇടുങ്ങിയ കണ്‍പീലികളിലും ഒളിഞ്ഞിരിക്കുന്ന ആനന്ദലഹരി അവളെ സുന്ദരിയാക്കുന്നു ആശുപത്രി മുറിയിലെ നാല് ചുവരുകള്‍ക്കിടയില്‍ അവള്‍ സന്തുഷ്ടയാണ്.

മരുന്നിന്റെ മടുപ്പിക്കുന്ന മണമോ, ചുറ്റുമുള്ളവരുടെ തുറിച്ച് നോട്ടമോ അവളില്‍ ചലനമുണ്ടാക്കുന്നില്ല.
മണിക്കൂറുകള്‍ പിന്നിടുന്നു… വെള്ളുത്ത വസ്ത്രമണിഞ്ഞ മാലാഖമാര്‍ മുന്നില്‍…. ശരീരം വല്ലാതെ തളരുന്നു, ശരീരം വലിഞ്ഞ് മുറുകുന്നത് പോലെ, അടിവയറ്റില്‍ ഒരു ഭാരം.അവളുടെ കണ്ണിലെ തിളക്കം മങ്ങുന്നു.ഇടുങ്ങിയ കണ്ണുകള്‍ വികൃതമാകുന്നു.മുഖത്ത് ദയനീയത…മാലാഖമാരില്‍ ഒരാള്‍ അവള്‍ക്ക് വേദനയ്ക്കുള്ള മരുന്നു നല്‍കി…അതെ ഇനി ആ നിമിഷത്തിനായുള്ള കാത്തിരിപ്പ്.സമയം അടുത്തിരിക്കുന്നു.പത്ത്മാസം തന്റെ ഗര്‍ഭപാത്രത്തില്‍ തന്നോട് ചേര്‍ന്ന് നിന്ന ജീവനെ കാണാന്‍ വേദനയ്ക്കിടയിലും അവളുടെ ഹൃദയം വെമ്പി.തളര്‍ച്ചയ്ക്കിടയിലും അവളുടെ ഉള്ളില്‍ ഉത്സാഹം നിറഞ്ഞു…
അവള്‍ അറിയാതെ ഒന്ന് പിടഞ്ഞു,പിന്നീട് ഞെരുങ്ങി,അമര്‍ന്നു.അസ്ഥികള്‍ വരിഞ്ഞുമുറുകുന്നു.വേദനയുടെ പാരബ്രഹ്മ്യത്തിലാണ് അവളിപ്പോള്‍.മുക്കോടി ദൈവങ്ങളേയും അവളുടെ കണ്ണുകളില്‍ കാണാം.മനസ്സും ശരീരവും മന്ത്രിക്കുന്നു സമയമായി,സമയമായി…വേദനയ്ക്കും നിലവിളിയ്ക്കുമിടയില്‍ അവള്‍ കേട്ടു ആ ശബ്ദം.ഒരു കുഞ്ഞുതേങ്ങല്‍,പിന്നീടി ശബ്ദമുയര്‍ന്നു.അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതിന്റെ ദേഷ്യവും അമര്‍വുമുണ്ടായിരുന്നു ആ ശബ്ദത്തിന്.അവള്‍ കണ്ണ് തുറന്നു…തന്റെ മുന്നില്‌ചോരയില്‍ കുതിര്‍ന്ന ഒരു പെണ്‍കുഞ്ഞ്..അവളുടെ കണ്ണുകള്‍ വിടര്‍ന്നു. കണ്ണുകളില്‍ സന്തോഷത്തിന്റെ തിരയിളക്കം….

എല്ലാം ശുഭം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here