എൻ്റെ പ്രണയമഴേ,
നിന്നോടെനിക്ക് അടക്കാനാവാത്ത പ്രണയമാണ് ;
വാക്കുകൾ കൊണ്ട് വർണ്ണിക്കാനാകാത്തത്രയും , വർണ്ണങ്ങൾ കൊണ്ട് വരഞ്ഞിടാനാകാത്തത്രയും ,
കാണാതിരുന്നാൽ, കാണാനാകുന്നത്രയും ,
മിണ്ടാതിരുന്നാൽ മിണ്ടാനാകുന്നത്രയും.
പക്ഷേ ….,
പെട്ടെന്നോടിവന്ന് പെട്ടെന്നോടിയൊളിക്കുന്ന
നിന്നോട് ഞാനെന്തു ചൊല്ലാൻ?!
നീയെന്നിലേക്ക് നടന്നടുക്കുന്ന വേളകളിൽ
ഞാൻ മയിലായി ആടും !
എൻ്റെ തംബുരു മേഘമൽഹാർ രാഗത്തിൽ ഈണമിടും ! എവിടെയൊക്കെയോ വാദ്യഘോഷങ്ങൾ മുഴങ്ങും !
എൻ്റെ മനസ് നിനക്കായ് തുടിക്കും .
ചുറ്റും പടരുന്ന കാർമേഘവർണ്ണത്തെ
പുതുമണ്ണിൻ്റെ മണത്തോടെ ഞാനാവാഹിക്കും.
വരണ്ടുണങ്ങിയ എൻ്റെ ചേതനയിലേക്ക്
നീ പകർന്നാടുമ്പോൾ ,
വടവൃക്ഷങ്ങൾ മുതൽ പുൽനാമ്പുകൾ വരെ തരളിതരാകുന്നത് നിനക്ക് അറിയാനാകുന്നുണ്ടോ?!
മെലിഞ്ഞു വരണ്ട എൻ്റെ ജലാശയങ്ങൾ
നിന്നെ ആർത്തിയോടെ ചേർത്തണയ്ക്കുന്നതും !
എന്നോടൊപ്പം നിൻ്റെ ആനന്ദനടനം കണ്ട്
സൂര്യൻ ഒളിച്ചിരുന്ന് ചിരിക്കും.
ഇലച്ചാർത്തുകളിൽ കാറ്റ് വട്ടമിട്ടു പറക്കും .
ചിലപ്പോൾ ഉൻമാദലഹരിയിൽ
അവയൊന്നായി നിലം പതിക്കും .
നിന്നെ ഉൾക്കൊള്ളാനാകാതെ
സാഗരങ്ങൾ ഇരമ്പിയാർക്കും .
നിന്നിലലിയാതെ ഞാനടക്കി നിർത്തിയ ശിലകളെ
നീ വാശിയോടെ വലിച്ചടർത്തും .
അതു നിന്നിൽ പകരുന്ന വികാരമെന്തായിരിക്കുമെന്ന് ഞാനാലോചിക്കാറുണ്ട് !
കാരണം ഇതെല്ലാം കാണുമ്പോൾ നീ വീണ്ടും വീണ്ടും ഉന്മേഷമണിയാറുണ്ടല്ലോ ?!
ഒരൽപം പോലും കുറ്റബോധമില്ലാതെ .
അതു കൊണ്ടല്ലേ പിന്നെയും നീ
പെയ്ത്തു തുടരുന്നത്?!
എന്നിട്ടും ഓരോ തവണയും
നിൻ്റെ വരവിനായ് ഞാൻ
അത്രയേറെ കാത്തിരിക്കുകയായിരുന്നല്ലോ
എന്നോർത്ത് ഞാനപ്പോൾ അതിശയിക്കും ….!
ഒരു പെയ്ത്തു കഴിഞ്ഞ് നീ മടങ്ങുമ്പോഴറിയാം ,
ആ വരവുണ്ടാക്കിയ മായാജാലം.
തരളിതയായ മണ്ണിൻ്റെ ഉണർവ്വ്.
ചെടികളുടെ ഉത്സാഹം.
പൂക്കളുടെ വസന്തം.
കിളികളുടെ പല പല നാദം.
ഒഴുകിയലയ്ക്കുന്ന നദികളുടെ ആരവം.
പക്ഷേ …..,
ഈയിടെയായി ,
നിൻ്റെ വരവെനിക്ക് ഒരുപാടു നോവുകളും സമ്മാനിക്കുന്നതെന്താണ്?
ദുരിതങ്ങളും ദുരന്തങ്ങളും ഏറെയാകുന്നതെന്താണ്?
ഉത്തരമോതാതെ,
ചോദ്യങ്ങളവശേഷിപ്പിച്ച് ;
യാത്ര പറയാതെ ,
നീ പോയ് മറഞ്ഞു!
ഇനി എന്നു കാണുമെന്നോ,
എവിടെ വച്ച് കാണുമെന്നോ,
ഉരിയാടാതെ .
എങ്കിലുമെൻ്റെ മഴേ ,
നിന്നെയെനിക്കേറെ ഇഷ്ടമാണ്….!
പെയ്തു തീരാത്ത നിമിഷമത്രയും,
ഉള്ളിലൊളിപ്പിച്ച പ്രണയമായ് ;
പെയ്തു തീർന്നാലതു ജാള്യതയായ്.
ഇനിയും ഞാനിവിടെ കാത്തിരിക്കും.
ഓരോ മഴ തീരുമ്പോഴും ;
ഇനിയൊരു ,
മഴയൊച്ചയ്ക്കായ്,
മഴപ്പെയ്ത്തിനായ്,
മഴ മണത്തിനായ്.
Sarithechy. …pazha athe manoohaarithaayundu ooroo varikalkuuu …!!!loved it..!!!