അനന്യഗന്ധം

ഉറക്കത്തിൽക്കണ്ട കണ്ട സ്വപ്നത്തെ അയാൾ ഒന്നു കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു.

അതെ, അതൊരു നീണ്ട കറുത്ത വഴി ആയിരുന്നു. അറ്റം കാണാനാകാതെ അനന്തമായി…. നിറം കറുപ്പാണെങ്കിലും സ്വർണ്ണനിറമുള്ള മഞ്ഞ ഇലകൾ പലയിടത്തും കറുപ്പിനെ മറച്ചിരുന്നു. ദൂരെ തിളങ്ങുന്ന വെള്ളിവെളിച്ചവും അതിനെ മറച്ച് മൂടൽ മഞ്ഞും. സ്വർണാഭരണ വിഭൂഷിതമായ വെങ്കിടാചലപതിയുടെ രൂപം അയാളുടെ മനസ്സിലേക്കോടി എത്തി. തിരുപ്പതിയിൽ ഇത്രകാലവും പോയിട്ടില്ല. അത്രക്കൊന്നും ഭക്തിയുമില്ല. പിന്നെന്തേ രാവിലെ തന്നെ ഇങ്ങനെയൊക്കെ തോന്നാൻ.

ബാൽക്കണിയിൽനിന്നു നോക്കുമ്പോൾ നഗരം ഉണരുന്നതേ ഉള്ളു. ചെറിയ മൂടൽ മഞ്ഞും പുകയും കൂടിക്കലർന്ന മൂടുപടം. ഉയരമുള്ള ബിൽഡിങ്ങുകളിൽ നിന്നും നഗരം ഉണരുന്നത് ആസ്വദിക്കാനാവില്ല. മുകളിലേക്ക് ഓരോ നിലകൾ ഉയരുമ്പോഴും നഗരത്തിന്റെ നിലവിളികളും അട്ടഹാസങ്ങളും ആരവങ്ങളും നേർത്തുനേർത്തു വരും. ഔദ്യോഗിക ജീവിതത്തിന്റെ ഉയർച്ചകളിൽ മറ്റുള്ളവരുടെ വിങ്ങലുകൾ ചെവിയിലെത്തുന്നത് നേർത്തു നേർത്തില്ലാതാവുന്നത് താനും അറിഞ്ഞിരുന്നില്ലല്ലോ. ഇന്നെന്താണ് മനസ്സ് ഇങ്ങനെയെല്ലാം അലയുന്നത്!

ബാത്ത്റൂമിൽ ഷവറിന്റെ നീരൊഴുക്കിൽ നിൽക്കുമ്പോഴും അയാളുടെ മനസ്സ് എന്തോ വല്ലാതെ അസ്വസ്ഥമായിരുന്നു. അതെന്തായാലും ഇന്നത്തെ ബോർഡ് മീറ്റിങ്ങിന്റെ കാര്യമോർത്തല്ല. അതുറപ്പ്. കഴിഞ്ഞ ക്വാർട്ടറിന്റെ ടാർഗെറ്റ് രണ്ടു മാസം കൊണ്ട് കൈവരിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന ഫൈനൽ ക്വാർട്ടർ അവസാനിക്കുന്നതിനു മുൻപേ ഈ വർഷത്തെയും അച്ചീവ് ചെയ്യുമെന്നതിൽ സംശയമില്ലെന്ന് തന്റെ തോളിൽ തട്ടിയാണ് CMD അന്നത്തെ മീറ്റിംഗിനു ശേഷമുള്ള പാർട്ടിയിൽ പറഞ്ഞത്. അതും മറ്റുള്ളവർ കേൾക്കട്ടെയെന്നപോലെ നല്ല ഉച്ചത്തിൽ.

സോപ്പ് പതപ്പിച്ച് കൈ മുഖത്തോടടുപ്പിക്കുമ്പോൾ ചന്ദനസോപ്പിന്റെ വാസനക്കൊപ്പം മറ്റൊരു ഗന്ധം അയാളുടെ മൂക്കിലേക്കിരച്ചു കയറി. ഈ മണം താൻ സ്വപ്നം കണ്ടുണർന്നപ്പോഴും വന്നിരുന്നല്ലോ! അയാളൊന്നുകൂടി അസ്വസ്ഥനായി.

നനഞ്ഞ തല ചെറുതായി തുവർത്തിക്കൊണ്ട് അയാൾ ബാൽക്കണിയിലെത്തി. അടഞ്ഞ കുളിമുറിയിലെ വിങ്ങലിൽ നിന്ന് ബാൽക്കണിയിലെ നനുത്ത തണുപ്പിലേക്കുള്ള മാറ്റം ഒരു സുഖമാണ്. നന്നായി തുവർത്താത്ത ശരീരത്തിൽ അവിടവിടെ വെള്ളത്തുള്ളികൾ. ബാൽക്കണിയിലെ ഇളം കാറ്റ് ആ തുള്ളികളെ നക്കുമ്പോഴുണ്ടാകുന്ന രസം. ഇതാസ്വദിക്കാനായത് വെർസോവയിലെ ഇരുപതാം നിലയിൽ ഫ്ലാറ്റ് മേടിച്ച ശേഷമാണ്. ഓഫീസിലേക്ക് ഒന്നര കിലോമീറ്റർ. രാവിലെ മറ്റ് തിരക്കുകളില്ലെങ്കിൽ നടക്കാനുള്ള ദൂരം മാത്രം. നേരത്തേ താമസിച്ച അന്ധേരി ഈസ്റ്റ് പോലെയല്ല വെർസോവ. പൊതുവെ ശാന്തമായ സ്ഥലം. താരതമ്യേന വൃത്തിയുള്ള നിരത്തുകൾ. ഇരുപതാം നിലയിലെ ബാൽക്കണിയിൽ കടൽക്കാറ്റേറ്റ് നിൽക്കുമ്പോൾ ദൂരെ മഡ് ഫോർട്ടിന്റെ ശേഷിപ്പുകൾ കാണാം. ഒരു വിളിപ്പാടകലെയെന്നു തോന്നുമെങ്കിലും മൂന്നു നാലു കിലോമീറ്റർ ദൂരെയാണ് ആ കോട്ടയെന്ന് ആ നിൽപ്പിൽ തോന്നില്ല. അവിടെനിന്നും നോക്കുമ്പോൾ വെർസോവക്കും മഡ് ഐലൻഡിനും ഇടക്കുള്ള കടലിന് നീല നിറം ഒരിക്കലും കണ്ടിട്ടില്ല.

ഓഫീസിലേക്ക് നടക്കുമ്പോഴും എന്തോ ഒരു പ്രത്യേക ഗന്ധം തന്നെ പിന്തുടരുന്നതായി അയാൾക്ക് തോന്നി. ഓഫീസ് ബ്ലോക്കിലെ ലിഫ്റ്റിൽ മറ്റാരും ഉണ്ടായിരുന്നില്ല. പതിനൊന്നാം നിലയിലേക്കുള്ള ഏകാന്തയാത്രയിലും ആ ഗന്ധം കൂടെത്തന്നെ ഉണ്ടായിരുന്നു.

ഈ മണം നല്ല പരിചയം തോന്നുന്നല്ലോ! അയാളുടെ ചിന്തകൾ അച്ഛനരികിലേക്ക് ഒരു നിമിഷം ഓടിപ്പോയി. പണ്ട് കിടക്കുമ്പോൾ അച്ഛൻ അടുത്തു വേണമെന്ന് നിർബന്ധമായിരുന്നു. അച്ഛന്റെ വലതുകൈ കെട്ടിപ്പിടിച്ച് മുഖം കക്ഷത്തിൽ പൂഴ്ത്തും. എന്താണെന്നറിഞ്ഞിരുന്നില്ല, അപ്പോൾ കിട്ടിയിരുന്ന ഒരു പ്രത്യേക മണം മൂക്കിലേക്ക് വലിച്ചാസ്വദിക്കാൻ രസമായിരുന്നു. ആ രസമാണ് എന്നും ഉറക്കത്തിലേക്ക് തള്ളി വീഴ്‌ത്തിയിരുന്നത്. ഈ മണം തന്നെയാണല്ലോ സ്വപ്നം ഉണർത്തിയ ശേഷം തന്നെ വിട്ടുമാറാതെ പിടികൂടിയിരിക്കുന്നത്! അയാൾ അസ്വസ്ഥതയയോടെ കാബിനിലെ റിവോൾവിങ് കസേരയിലേക്ക് ചാരിക്കിടന്നു.

സാർ.. ചായ്.” വാതിലിൽ മുട്ടിയ ശേഷം, പാതി തുറന്ന് അറ്റൻഡർ മൗര്യയുടെ ശബ്ദം. വേണ്ടെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. സമയം പത്ത് കഴിഞ്ഞു. പതിനൊന്നിനാണ് ബോർഡ് മീറ്റിങ്ങ്. അയാളുടെ കൈകൾ ഇന്റർകോമിലേക്ക് നീണ്ടു.

സൂസൻ, ബുക്ക് ആൻ ഈവെനിംഗ് ഫ്ലൈറ്റ് ടിക്കറ്റ് ഫോർ കൊച്ചി. പ്രീഫെറബിലി ബിറ്റ്വീൻ 4 ആൻഡ് 6″ അയാൾ ഒരു ദീർഘനിശ്വാസത്തോടെ ഫോൺ താഴെ വച്ചു. മീറ്റിങ്ങിനു മുൻപേ CMDയെ കാണണം. അല്ലെങ്കിൽ ചിലപ്പോൾ സംസാരിക്കാൻ സമയം കിട്ടിയെന്ന് വരില്ല. അയാൾ എഴുന്നേറ്റ് മാനേജിങ് ഡയറക്ടരുടെ കാബിനിലേക്ക് നടന്നു.

ഗുഡ് മോർണിംഗ് സർ

വെരി ഗുഡ് മോർണിംഗ് ബാലൻ. ഹാവ് യുവർ സീറ്റ്മുന്നിലെ കസേരയിലേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു. CMD നല്ല മൂഡിലാണ്. അല്ലെങ്കിലും അദ്ദേഹം അയാളോട് ഇതുവരെ വളരെ നല്ല രീതിയിൽ മാത്രമാണ് പെരുമാറിയിട്ടുള്ളത്. കൂട്ടുകാർ ഇക്കാര്യത്തിൽ പലപ്പോഴും അയാളോട് അസൂയ പ്രകടിപ്പിച്ചിട്ടുമുണ്ട്. രാവിലെ മുതലുള്ള അസ്വസ്ഥകളെക്കുറിച്ച് CMDയോട് വിശദമായിത്തന്നെ സംസാരിച്ചു. അച്ഛനെ ഒന്ന് കാണാനുള്ള ആഗ്രഹവും. കൂട്ടത്തിൽ മീറ്റിങ്ങിനുശേഷം അന്നുത്തന്നെ നാട്ടിലേക്ക് പോകേണ്ട കാര്യത്തെക്കുറിച്ചും.

ഹേ.. റാം. ഡോണ്ട് വറി ബാലൻ. യു ലീവ് ആഫ്റ്റർ ദി മീറ്റിങ്ങ്നല്ല ദൈവഭയമുള്ള അദ്ദേഹത്തിന്റെ രാമനെ നമിക്കുന്ന വിളി അയാൾ പലവട്ടം കേട്ടിട്ടുള്ളതാണ്.

ബാലൻ, യു ക്യാൻ ടേക്ക് അവർ കാർ. സുശീൽ വിൽ ടേക്ക് യു റ്റു ഹോം ആൻഡ് ഡ്രോപ്പ് അറ്റ് എയർപോർട്ട്വാതിൽ തുറന്ന് പുറത്തിറങ്ങാൻ നേരം അദ്ദേഹത്തിന്റെ ശബ്ദം.

താങ്ക്സ് സർ. ലെറ്റ് സുശീൽ റ്ഡ്രോപ്പ് മി അറ്റ് ഹോം. ഫോർ എയർപോർട്ട് പ്രീഫെർ മെട്രോ, സർവെർസോവയിൽനിന്നും അന്ധേരി വെസ്റ്റിലൂടെ ഏതുസമയത്തും റോഡിലൂടെയുള്ള യാത്രാ സമയം പ്രവചനാതീതമാണ്. റോഡിനേക്കാളേറെ നല്ലത് മെട്രോ തന്നെ. കൈയ്യിലാണെങ്കിൽ അധികം ലഗേജും ഉണ്ടാവില്ല.

ബോർഡ് മീറ്റിങ്ങ് കൃത്യം പതിനൊന്നിനു തന്നെ തുടങ്ങി. അയാളുടെ പ്രസന്റേഷൻ നാലാമത്തേതായിരുന്നു. മീറ്റിങ്ങിനായി കോൺഫറൻസ് റൂമിൽ കയറുമ്പോഴും രാവിലെ മുതൽ തന്നെ പിന്തുടർന്ന ആ മണം കൂടെത്തന്നെ ഉള്ളതായി അയാളറിഞ്ഞു. അതിന്റെ രൂക്ഷത കൂടിക്കൂടി വരുന്നു. എന്നാലും പ്രസന്റേഷന്റെ സമയത്ത് എന്തോ ഊർജ്ജം ശരീരത്തിൽ പ്രവേശിച്ചപോലെ തോന്നി. കൂടുതൽ കൈയ്യടി മേടിച്ചതും അയാൾ തന്നെയായിരുന്നു.

തന്റെ അവതരണത്തിനുശേഷം കസേരയിൽ വന്നിരുന്നപ്പോഴേക്കും ആ ഗന്ധം ശ്വാസം മുട്ടിക്കുന്ന പോലെ. CMD അയാളെത്തന്നെ നോക്കുന്നുണ്ടായിരുന്നു.

ബാലൻയു മെ ലീവ് നൗഅയാളുടെ മുഖത്തെ അസ്വസ്ഥത വായിച്ചെടുത്തപോലെ അദ്ദേഹം ബാലനെ നോക്കി പറഞ്ഞു. സമയം ഒരു മണി ആകാനിനി മിനിറ്റുകൾ മാത്രം.

ക്യാബിനിലെത്തുമ്പോഴേക്കും ഉച്ചഭക്ഷണവും അഞ്ചു മണിക്കുള്ള കൊച്ചി എയർ ഇന്ത്യ ഫ്ലൈറ്റിന്റെ ടിക്കറ്റും മേശപ്പുറത്തുണ്ടായിരുന്നു.

സാബ് കിത്ത്നേ ബജേ നികലേംസുശീലിന്റെ ശബ്ദം.

ആധാ ഘണ്ടേ മെ

അയാൾ ഒരുവിധം ഭക്ഷണം കഴിച്ചെന്നു വരുത്തി. കൈ കഴുകി റൂമിലെത്തുമ്പോഴേക്കും സുശീൽ അയാളുടെ ബ്രീഫ് കേസ് കൈയ്യിലെടുത്ത് റെഡിയായിരുന്നു. നാലുമണിക്കെങ്കിലും എയർപോർട്ടിൽ എത്തണം. വെബ് ചെക് ഇൻ ചെയ്തതിനാൽ അതിന് ക്യു നിൽക്കേണ്ടിവരില്ല. സുശീൽ യാത്രയിൽ അയാളോടെന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഉത്തരങ്ങളിൽ പലതും ചോദ്യവുമായി ബന്ധമുള്ളവ ആയിരുന്നില്ല. ബോംബയിലെ ഡ്രൈവർമാർക്ക് എന്തെങ്കിലുമൊക്കെ ഉത്തരം കിട്ടിയാലും മതി. യാത്രക്കാർ കുറച്ചെങ്കിലും സംസാരിച്ചാൽത്തന്നെ അവരുടെ മുഖത്ത് സന്തോഷം കാണാം.

വെർസോവ മെട്രോയുടെ തുടക്കസ്റ്റേഷനായതിനാൽത്തന്നെ തിരക്ക് വളരെ കുറവാണ്. സാധാരണ രണ്ടാം സ്റ്റേഷനായ DN നഗർ എത്തുമ്പോഴാണ് സീറ്റുകൾ നിറയുന്നത്. ഉച്ച നേരമായതിനാൽ അവിടെയും കയറാനായി വളരെ കുറച്ചു പേർ മാത്രം. എയർപോർട്ട് റോഡ് സ്റ്റേഷനിലിറങ്ങി ഓട്ടോ പിടിച്ച് ടെർമിനൽ രണ്ടിലെത്തുമ്പോൾ മണി മൂന്നേമുക്കാലേ ആയിരുന്നുള്ളു.

ബോംബെ എയർപോർട്ട് ടെർമിനൽ-2 നിർമ്മാണ ഭംഗിയിലും സൗകര്യങ്ങളിലും ഒന്നാം സ്ഥാനത്തു തന്നെ. പീലി വിടർത്തി നിൽക്കുന്ന ഒരു വലിയ മയിലിന്റെ പ്രതീതി. ഒരു മ്യൂസിയം പോലെയാണ് GVK റെഡ്‌ഡി ആ എയർപോർട്ട് രൂപകൽപ്പന ചെയ്തത്. സാധാരണ, എയർപോർട്ടിലെ അധിക സമയം കാഴ്ച്ചകൾ ആസ്വദിക്കാനായി അയാൾ ഉപയോഗപ്പെടുത്താറുണ്ട്. അന്നതിന് തോന്നിയതേയില്ല. രാവിലെ പിടികൂടിയ ആ മണം എയർപോർട്ടിന്റെ വിശാലമായ ശീതള ഛായയിലും അയാളെ വീർപ്പുമുട്ടിച്ചു.

സുരക്ഷാ പരിശോധന കഴിഞ്ഞ് മുപ്പത്തിരണ്ടാം നമ്പർ ഗേറ്റിൽ അയാളെത്തുമ്പോഴേക്കും കൊച്ചിക്കുള്ള യാത്രക്കാരെക്കൊണ്ട് അവിടം നിറഞ്ഞിരുന്നു. തൊട്ടപ്പുറത്തെ ഗേറ്റിലെ ഒഴിഞ്ഞ ഒരു ലോഞ്ചിൽ അയാളിരുന്നു. അല്പനേരം കഴിഞ്ഞു. ഇപ്പോഴാ മണം വരുന്നതേയില്ലല്ലോ! അയാൾ ദീർഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു നോക്കി. ഇല്ല ഇപ്പോൾ അങ്ങനെയൊരു മണം വരുന്നതേയില്ല. അയാളുടെ അസ്വസ്ഥത കുറയുകയല്ല ചെയ്തത്.

പെട്ടന്നാണ് അയാളുടെ മൊബൈൽ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയത്. ഡിസ്‌പ്ലേയിൽ നോക്കി. രാധച്ചേച്ചിയാണ്.

ബാലാനീ പെട്ടന്ന് വരണം. അച്ഛന് പെട്ടന്ന്…….”

ചേച്ചീ ഞാനിതാ ഫ്ലൈറ്റിലേക്ക് കയറുകയാണ്….”

അപ്പോഴേക്കും മുപ്പത്തിരണ്ടാം നമ്പർ ഗേറ്റ് യാത്രക്കാർക്കായി തുറന്നിരുന്നു.

******************

ശ്രീപ്രസാദ്‌ വടക്കേപ്പാട്ട്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here