ഒരു ഭ്രാന്തന്റെ അരുളപ്പാടുകൾ

 

 

 

ളരുകയാണ് ഞാന്‍,
എന്നിലേയ്ക്കൊതുങ്ങിയൊതുങ്ങി
വളരുകയാണ് ഞാന്‍.
തളരുകയാണ് ഞാന്‍,
ശൂന്യതയുടെ പുറന്തോടിനുള്ളിലതിന്‍
കിട്ടാജന്മപത്രികയുംത്തേടി
തളരുകയാണ് ഞാന്‍.
പ്രജ്ഞ വറ്റിയ നിലങ്ങളില്‍
കുരുക്കുന്നു വേരില്ലാമരങ്ങള്‍,
കനവില്ലാ ശാഖികള്‍.
അതില്‍ വിടരുന്നു
സമൃദ്ധിയില്ലാമഞ്ഞിലകള്‍
മണമില്ലാപ്പൂവുകള്‍
മുളപൊട്ടാവിത്തുകള്‍.
പാപച്ചെളിക്കുണ്ടിലിഴയുന്നു
മഹാമാരികളും പേറിയണുക്കള്‍.
ഉത്ഥാനപതനനിരര്‍ത്ഥകതകള്‍
കണ്ടു ക്ഷീണിച്ച കാലം
ശോഷിച്ച കോലം
പിടലിഭാരമൊന്നിറക്കാന്
തേടുന്നു പഴുതുകള്‍

കേട്ടിരുന്നു ദീനരോദനങ്ങള്‍
ചണ്ഡരവങ്ങള്‍,സങ്കടപ്പെരുമഴകള്‍.
അവളുടെ നിലയ്ക്കാത്ത നിലവിളികളെന്‍
പച്ച ബോധത്തിലേയ്ക്കാഞ്ഞു വീശി-
യശാന്തി വിതറിയ പ്രചണ്ഡവാതങ്ങള്‍.
കണ്ടിരുന്നവളുടെ പച്ചച്ചേലയുരിഞ്ഞതും
നഗ്നമാം തളിര്‍മേനിയില്‍ നിന്നിറ്റിറ്റി വീണ
ചോര ചാലിട്ടൊഴുകി മണ്ണിന്നാ-
ര്‍ദ്ര മനസ്സിലേയ്ക്കിറങ്ങി
പിന്നെ നെടുവീര്‍പ്പായുയര്‍ന്നെന്‍
തപിക്കും ബോധത്തിലേയ്ക്കൊരു
ചോദ്യശരം തൊടുത്തതും,
ഓര്‍മ്മകള്‍ പേറുന്ന വാര്‍ഷികവളയത്തിന്‍
തിളയ്ക്കുന്ന ഹരിതബോധത്തിലേയ്ക്ക്
കാമത്തിന്‍ മഴുമൂര്‍ച്ചകള്‍ സ്ഖലിച്ചതും,
ഉന്മാദികളുടെ നിരര്‍ത്ഥകാട്ടഹാസങ്ങളിലേയ്ക്കൊരു
പൊള്ളുന്ന നോട്ടമെറിഞ്ഞ്,
ചിറകടികള്‍ നേര്‍ത്തു നേര്‍ത്തു
നിശ്ചലമായൊരു കാലത്തെ പെറ്റിട്ട്,
പിടഞ്ഞു പിടഞ്ഞവളൊടുങ്ങി
അവ്യക്തമാമനന്തയിരുളില്‍
വിറയ്ക്കുന്നൊരു മങ്ങിയ താരകമായതും…

സമയത്തിന്‍ തപ്തനിശൂന്യപഥങ്ങളില്‍
തീത്തുപ്പിക്കുതിച്ചും പിന്നെ കിതച്ചും
തളരുന്ന വാഴ് വെന്നയറിവിന്റെ
മുറിവേറ്റു പിടയുന്ന ജ്ഞാനിയൊരുത്തന്‍-
മൂഡനാം വൃദ്ധന്‍, ഭ്രാന്തന്‍-
ജരാനരകള്‍ തന്‍ ചിതലരിച്ചൊരു ചോദ്യചിഹ്നം
പ്രതിക്കൂട്ടില്‍നിര്‍ത്തി ലോകത്തെ
വിചാരണചെയ്തു വിധിച്ചതിന്നു
ശിക്ഷ മരണം… ആസന്നമരണം

അന്നേ പറഞ്ഞിരുന്നയാള്‍,
പുറമ്പോക്കിലുണ്ണിയുറങ്ങുവോന്‍- ഭ്രാന്തന്‍
വരുമവള്‍ച്ചോരക്കണ്ണുമായി
അരിഞ്ഞു വീഴ്ത്തുവാന്‍
സ്ഖലനം കാത്തു കിടക്കും
ഉദ്ധൃത പുരുഷഗര്‍വുകള്‍.
വരുമവളെക്ഷിയായി,
നടുങ്ങും ദിഗന്തങ്ങള്‍,
കര്‍ണ്ണം തകര്‍ക്കും വെള്ളിടി നാദങ്ങള്‍,
കത്തിയെരിഞ്ഞിറങ്ങി പെയ്യുമാദിത്യന്‍,
ചുടുമണ്ണിലിഴയും പാതാളനാഗങ്ങള്‍,
അവളൂതിപ്പറത്തും,
ജലസ്വപ്നങ്ങള്‍
കാണാനുറക്കം കനിയാത്തുഷ്ണ ജഡരാത്രികള്‍.
പടരും പുഴുക്കുകാറ്റെങ്ങും,
വിതയ്ക്കും ദാഹം തൊണ്ടക്കുഴികളില്‍,
കിതയ്ക്കും വേച്ചോടും കാലിക്കുടങ്ങള്‍,
തണ്ണീര്‍ക്കിനാക്കാണും കിണറുകള്‍,
തവളക്കിനാക്കളില്‍ താമരക്കുളങ്ങള്‍,
മരുമനസ്സിന്‍ കിനാവില്‍
മരവും പച്ചിലച്ചന്തങ്ങളും
നുര കുത്തും ജീവന്റെ പച്ചത്തുടിപ്പും.
ഉമിനീരു വറ്റിയ കിളിത്തൊണ്ടയിലൊരു
പാട്ടുതേങ്ങും , തളരും …

ചോദ്യമൊന്നുയരുന്നിനിയെത്രനാള്‍!
വാഴ് വിതീ മണ്ണിലിനിയെത്ര നാള്‍…
ബ്രഹ്മാണ്ടപൊരുളിന്നകത്തു നിന്ന്
ഒരു വിരല്‍ ചൂണ്ടുന്നെനിക്കു നേരെ
ഗതി കിട്ടാതോടുമീ ഭൂഗോളത്തെ
നിലതെറ്റി പായുമീ തീഗോളത്തെ
പ്രപഞ്ചമൊരു നാള്‍ തുടച്ചു മാറ്റും
അന്നു ഞാനില്ലയീ നീയുമില്ല
മാനുജാഹന്തകളൊന്നുമില്ല…

‘അരുതെന്ന്’ചൊല്ലുവാനെന്തേ
നിനക്കായില്ല നാക്കേ…
നീ തന്നെ..! നീ തന്നെ..!
നീ മാത്രമെന്റെ ശത്രു…!

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English