പുലർച്ചെ ഒരീയാംപാറ്റ
വെളിമ്പുറത്ത് നിന്ന്
ഇറയത്തെ ജനലഴിയിൽ വന്നിരുന്നു.
മെറ്റമോർഫോസിസ് ,
ചിതലിൽ നിന്നാണവന്
ചിറക് മുളച്ചത്.
അവൻ പുറ്റുമണ്ണിൽ നിന്ന്
ഒറ്റയ്ക്ക് വന്നതാവണം, ജീവനോടെ.
കൊടിയ വേനലിന്റെ തീ പിടിച്ച
ക്രിമറ്റോറിയം പോലെയൊന്ന്.
അതിലവൻ ജീവിതമായിരിക്കാം
ദഹിപ്പിച്ചു കഴിഞ്ഞത്.
മഴ പെയ്യുമെന്നവൻ ഉറപ്പായും
സംഭ്രമിച്ചിട്ടുണ്ടാകണം.
തീർച്ചയായും
കൂട്ടം തെറ്റിവന്നതാവില്ലെന്ന് നിശ്ചയം.
അവൾ സുകന്യയെപ്പോലെ ക്രിമറ്റോറിയത്തിലേക്ക്
ചുഴിഞ്ഞു നോക്കുന്നു,
ച്യവനമഹർഷിയുടെ
കണ്ണുകളിലേക്കെന്ന പോലെ,
ദിഗന്തരങ്ങളിലേക്കു
ഒരീർക്കിൽ ദ്വാരകവാടം.
അവളവന്റെ കുടുംബത്തെ കണ്ടു.
അവിടെ ആഘോഷങ്ങളുടെ
നിലയ്ക്കാത്ത പക്കമേളങ്ങൾ.
അവൻ പുറത്താക്കപ്പെട്ടതാവണം.
വസ്തുതാപരമായി ഒറ്റക്കൊരീയാംപാറ്റ
സഞ്ചരിച്ചതായി മതിയായ രേഖകളില്ല.
നൈരാശ്യത്തിന്റെ ഭാരത്താൽ
ഒരു ചിറകിന്റെ തളർച്ചയുണ്ടവന്.
അള്ളിപ്പിടിച്ച ദ്രവിച്ച വിരലുകൾ,
കോടിപ്പോയ വായ,
ബീഭത്സമായ കണ്ണുകളിൽ
സ്നേഹം നഷ്ടമായ വ്യഗ്രത,
(അതെ, അവൾക്ക് സ്നേഹം മാത്രമേ കാണാൻ കഴിഞ്ഞുള്ളു )
അവൾ ഷെൽഫിലിരുന്ന
കാഫ്കയെ നോക്കി.
കാഫ്കയ്ക്ക് എല്ലാമറിയാമെന്ന്
തോന്നുന്നു .
മെറ്റമോർഫോസിസ് ,
ഇവൻ ‘ഗ്രീഗർ സാംസ’ തന്നെ.
പെട്ടന്ന് മഴ പെയ്തു ,
പെയ്തില്ല.
വെയിലും മഴവില്ലും ഒന്നിച്ചു വീശി.
ഓർക്കാപ്പുറത്ത് ചിറകടിച്ചവൻ
തിളച്ച ചായകോപ്പിലേക്ക് ഊളിയിട്ടു.
ചിറക് കൊഴിഞ്ഞു.
കാലുകൾ വേർപ്പെട്ടു.
ആത്മഹത്യയായിരിക്കുമോ?
പ്രിയപ്പെട്ട കാഫ്ക, നോക്കു,
അവനൊരു നിമിഷം ഉഭയജീവിയായി.
അവളാ വെറുമൊരീച്ചയെ
വിരൽ കൊണ്ട് ഞൊട്ടിക്കളഞ്ഞു.
‘മെറ്റമോർഫോസിസ്’ ,
അവൾ ബാക്കി പേജുകൾ മറിച്ചു.
കാഫ്കയെ വായിച്ചു തുടങ്ങി.
സൂര്യഗായത്രി പിവി
കണ്ണൂർ
(* മെറ്റമോർഫോസിസ് -ഫ്രാൻസിസ് കാഫ്കയുടെ പ്രസിദ്ധ നോവൽ.
*ഗ്രീഗർ സാംസ – മെറ്റമോർഫോസിസിലെ കേന്ദ്രകഥാപാത്രം