‘കറുപ്പഴകിന്റെ ഏഴ് അളവുകോലുകൾ ‘

 

“എന്റെ ആദ്യ ചോദ്യം ഇതാണ് ..?
എന്തുകൊണ്ട് നിങ്ങൾക്കീ പുരസ്‌കാരം കിട്ടി ..?
അല്ലെങ്കിൽ
എന്താണ് നിങ്ങൾക്കിത് ലഭിക്കാനുള്ള കാരണം ..?
പ്രോഗ്രാം ലൈവ് ആണെന്നുള്ളത് താങ്കൾക്കറിയാമല്ലോ അല്ലെ ..”

ആ ചോദ്യത്തിലൂടെയാണ് അഖിലേഷ് വർമ്മ തന്റെ ടി വി ഷോ തുടങ്ങിയത് .കറുത്ത കോട്ടും നീല ടൈയും അണിഞ്ഞ സുന്ദരനായ ഒരു നാല്പതുകാരൻ .അതാണ് അഖിലേഷ് വർമ്മ .വിശേഷണങ്ങൾ ഏറെയാണ് .കേരളത്തിലെ ഏറ്റവും മികച്ച വാർത്താചാനലായ ‘ഡെമോക്രാറ്റിക്‌’ ന്റെ നെടുംതൂൺ .
ചോദ്യ ശരങ്ങളിലൂടെ രാഷ്ട്രീയക്കാരെയും തന്റെ മുന്നിലിരിക്കാറുള്ള സകലരെയും മുട്ടുകുത്തിക്കുന്നവൻ.
അഖിലേഷിന്റെ വാരാന്ത്യത്തിൽ നടക്കുന്ന ഒരു ലൈവ് ഷോ യിലേക്കാണ് വെള്ളമുണ്ടും ചാരനിറമുള്ള അരക്കയ്യൻ കുപ്പായവുമിട്ടുകൊണ്ട് ആ കൃശഗാത്രനായ മനുഷ്യൻ വന്നിരിക്കുന്നത് . അഖിലേഷിന്റെ സിംഹാസനത്തിനു മുന്നിലുള്ള കുഷ്യനുള്ള കസേരയിൽ തെല്ലൊരു ജാള്യതയോടെയാണ് അയാൾ ഇരിക്കുന്നത് .
അയാൾ അയ്യപ്പൻ .ഈ വർഷത്തെ സാഹിത്യ അക്കാദമി ജേതാവാണ് .
‘കറുപ്പഴകിന്റെ ഏഴ് അളവുകോലുകൾ ‘ എന്ന നോവലാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിലേക്കു നയിച്ചത് .തന്മൂലം വന്നുപെടേണ്ടി വന്നതോ അഖിലേഷിന്റെ മുന്നിലും.

ക്യാമറക്കു പിന്നിൽ നിൽക്കുന്ന അഖിലേഷിന്റെ പടത്തലവൻ രമേശൻ നായർ അഖിലേഷിന്റെ ചോദ്യം കേട്ടമാത്രയിൽ ചിരിയോടെ അയ്യപ്പനെ നോക്കി . പ്രോഗ്രാം സംവിധായകനായ മധു വർമ്മ സ്ക്രിപ്റ്റിലൂടെ കണ്ണോടിച്ചുകൊണ്ട് അഖിലേഷിന്റെ മുഖത്തേക്ക് നോക്കി .അഖിലേഷ് അവർക്കു തമ്മിൽ മാത്രം അറിയാവുന്ന ചില ആംഗ്യങ്ങൾ കൈമാറി .അതേ സമയം വിദഗ്ദനായ രമേശൻ ക്യാമറ അയ്യപ്പനെന്ന ഇരയുടെ മുഖത്തേക്ക് തിരിച്ചു . ചോദ്യങ്ങളുടെ ക്രമം അഖിലേഷ് മൊത്തം മാറ്റിയിരിക്കുമെന്നും പ്രതീക്ഷിക്കാത്ത ചോദ്യങ്ങളിലൂടെ ഇയാളെ പടുകുഴിയിലേക്ക് തള്ളിയിടുമെന്നും മധു വർമ്മ ഉറപ്പിച്ചു .

“മിസ്റ്റർ അയ്യപ്പന് മറുപടി ഇല്ലെങ്കിൽ നമുക്ക് അടുത്ത ചോദ്യത്തിലേക്ക് പോകാം .മറുപടി പക്ഷെ ജനങ്ങൾ തീരുമാനിക്കും”
അഖിലേഷ് മുന്നോട്ടാഞ്ഞിരുന്നുകൊണ്ട് അയ്യപ്പനെ നോക്കി പറഞ്ഞു .

അയ്യപ്പൻ ഒന്നു പുഞ്ചിരിച്ചു .പാതിയും നരവീണു കഴിഞ്ഞ അയാളുടെ താടിരോമങ്ങൾ തടവി . തെല്ലു മടിയോടെ ചോദിച്ചു
” കുറച്ചു വെള്ളം തരുമോ ?”

“പിന്നെന്താ വെള്ളം എത്ര വേണമെങ്കിലും തരാം .ഞങ്ങൾക്ക് വേണ്ടത് ഉത്തരങ്ങളാണ് ..”
അഖിലേഷ് പരിഹാസസ്വരത്തിൽ പറഞ്ഞുകൊണ്ട് വെള്ളം കൊണ്ടുവരാൻ പെൺകുട്ടിയോട് ആംഗ്യം കാണിച്ചു .

ലോകമൊട്ടാകെയുള്ള ആളുകൾ ചാനലിലൂടെ ഈ ദൃശ്യങ്ങൾ കാണുകയായിരുന്നു .ആ പുസ്തകം വായിച്ചിട്ടുള്ള ചുരുക്കം ചിലരൊഴിച്ചു മറ്റുള്ളവരെല്ലാം തെല്ലൊരു പരിഹാസത്തോടെ അയ്യപ്പനെയും ബഹുമാനത്തോടെ അഖിലേഷിനെയും നോക്കി .

അപ്പോഴേക്കും ആളുകൾക്ക് മുന്നിൽ ചായയുമായി മലയാളത്തിന്റെ പ്രിയ നടൻ പ്രത്യക്ഷപ്പെട്ടു .

“നിങ്ങൾക്ക് വെള്ളം കുടിക്കാൻ വേണ്ടി മാത്രം ബ്രേക്ക് കൊടുത്തതാണ് അയ്യപ്പൻ .ഇനി ബ്രേക്ക് ഇല്ല .അത് മറക്കരുത് .പെട്ടെന്ന് ഉത്തരങ്ങൾ തരൂ .ആലോചിച്ചു സമയം കളയാതെ .അറിയാല്ലോ സമയത്തിന്റെ വില .
ഒരു പുസ്തകം എഴുതാൻ ആറു വർഷങ്ങൾ എടുത്ത നിങ്ങൾക്ക് സമയത്തിന്റെ വില അറിയുമോന്നറിയില്ല .പക്ഷെ ഞങ്ങൾക്ക് അത് വളരെ വലുതാണ് .”

അഖിലേഷ് അയ്യപ്പനെ ഓർമ്മിപ്പിച്ചു .
അയ്യപ്പൻ ആ സ്റ്റുഡിയോ മുറിയാകെ നോക്കിക്കാണുകയായിരുന്നു . ക്യാമറകൾക്ക് പിന്നിലായി നിൽക്കുന്ന നിരവധി ആളുകൾ .അവരുടെയെല്ലാം കണ്ണുകൾ തനിക്കു മേലാണ് . ഇസ്തിരിയിടാത്തതിനാൽ ചുളിഞ്ഞ തന്റെ കുപ്പായത്തിന്മേൽ പിടിപ്പിച്ചിരിക്കുന്ന മൈക് ഒരു പയ്യൻ വന്ന് എന്തോ ചെയ്തു . അയ്യപ്പന് മുന്നിലെ വലിയ സ്‌ക്രീനിൽ അക്ഷരങ്ങൾ തെളിഞ്ഞു .പുസ്തകത്തിലെ സമർപ്പണം എഴുതിയ താൾ ആണ് .

“നമുക്ക് തിരിച്ചുവരാം അയ്യപ്പൻ എന്ന എഴുത്തുകാരനിലേക്ക് ..”
പരസ്യം കഴിഞ്ഞതും അഖിലേഷും അയ്യപ്പനും സ്‌ക്രീനിൽ തെളിഞ്ഞു .കൂടെ അയ്യപ്പൻറെ പുസ്തകത്തിലെ സമർപ്പണം എഴുതിയ ഭാഗവും .
——————————————————————————————————————
സമർപ്പണം

ചില്ലകൾ നഷ്‌ടമായ പക്ഷികൾക്ക് ,
പാഥേയം നഷ്‌ടമായ വൃക്ഷച്ചുവടുകൾക്ക് ,
തണലുകൾ നഷ്‌ടമായ വഴിയരികുകൾക്ക് ,
ചുവടുകൾ നഷ്‌ടമായ കാൽപ്പാദങ്ങൾക്ക്,
ഒഴുക്കുകൾ നഷ്‌ടമായ നീരുറവകൾക്ക് ,
വെളിച്ചം നഷ്‌ടമായ വിളക്കുകാലുകൾക്ക് ,
ശബ്ദങ്ങൾ നഷ്ടമായ തെരുവുകൾക്ക് ,

ഇഷ്ടങ്ങൾ നഷ്‌ടമായ ഇന്നലെകൾക്ക് ,
ചലനാത്മകത നഷ്ടമായ ഇന്നിനും
ചിന്തകൾ നഷ്‌ടമായ നാളെകൾക്കും ,

എന്റെ പിറവിക്കും, എത്രയോ തലമുറകൾക്കും മുമ്പേ നഷ്‌ടമായ ആത്മാവും തേടി സഞ്ചരിച്ച വഴിയാത്രയിൽ ഇരുന്നുണ്ണാൻ ഇടം നൽകിയ മാവിൻ ചുവടുകൾക്ക് .പാഥേയം കരുതിവച്ച കാലത്തിന്റെ കൈകൾക്ക് .. ചിന്തകളിലെ ചലനങ്ങൾ പോലും എഴുതപ്പെട്ടു വച്ചിരിക്കുന്ന സമൂഹത്തിലെ നിറങ്ങൾക്ക് .ഇഷ്ടങ്ങൾ നഷ്ടപ്പെടുത്താൻ പഠിപ്പിച്ച ബാല്യത്തിന് ..

അങ്ങനെ ജീവിതം എനിക്ക് സമ്മാനിച്ച എല്ലാ നഷ്ടങ്ങൾക്കുമായി …
സമർപ്പിക്കുന്നു ..

——————————————————————————————————————

“ചോദ്യത്തിലേക്ക് വരാം നമുക്ക് ..
ഞാൻ ഒന്നുകൂടി ആവർത്തിക്കണോ ..അതോ ..?”

“ആ ചോദ്യം എന്നോടുള്ളതായിരുന്നോ ..?” അയ്യപ്പൻ അഖിലേഷിന്റെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു

അഖിലേഷ് പരിഹാസരൂപത്തിൽ ചിരിച്ചു
“ഇവിടെ ചോദിക്കുന്ന എല്ലാ ചോദ്യങ്ങളും നിങ്ങളോടു തന്നെയാണ് അയ്യപ്പൻ .”

“എങ്കിൽ ആ ചോദ്യം ഒന്നുകൂടി ആവർത്തിക്കാമോ..?”
ദുർബലമായതെങ്കിലും ദൃഢമായ ശബ്ദമായി മാറിയിരുന്നു അയ്യപ്പന്റേത് ..

അറിയാതെ അഖിലേഷ് തന്റെ മുന്നിലെ സ്ക്രീനിലേക്ക് നോക്കി .ചോദ്യത്തിലെ ആദ്യവരികളിലെ സൂചനകൾ ആണ് മുന്നിലിരിക്കുന്ന വ്യക്തി ഉദ്ദേശിക്കുന്നതെന്നും അതിനി ആവർത്തിക്കുന്നത് അവാർഡ് കമ്മറ്റിയെക്കൂടി ഇതിലേക്ക് വലിച്ചിഴക്കാൻ ഇടയാക്കുമെന്നതും അഖിലേഷിന് മനസ്സിലായി .അത് കുറച്ചുകൂടി കഴിഞ്ഞിട്ടാകുന്നതാണ് നല്ലത് .

“ശരിയല്ലേ സാർ .. അതെന്നോടുള്ള ചോദ്യമായിരുന്നോ..?”
അയ്യപ്പൻറെ കണ്ണുകൾ അഖിലേഷിന്റെ മുഖത്തായിരുന്നു .

“നമുക്ക് അതിലേക്കു വരാം . ഞാൻ ഈ ചോദ്യം അയ്യപ്പന് മനസ്സിലാവുന്ന രീതിയിൽ ചോദിക്കാം .താഴ്ന്ന ജാതിക്കാരുടെയും അവരുടെ അപകർഷതാബോധത്തിന്റെയും കഥ വേഗത്തിൽ ശ്രദ്ധ നേടാൻ സാധ്യതയുള്ളതാണ് .ആളുകളുടെ സിംപതിയും കിട്ടും. അതുകൊണ്ടാണോ ഈ വിഷയം തെരഞ്ഞെടുത്തത് ..?”
അഖിലേഷ് തന്റെ കയ്യിലെ നീലനിറമുള്ള ഫൗണ്ടൻ പേന വലതുകൈയിലെ വിരലുകളിലൂടെ കറക്കിക്കൊണ്ടിരുന്നു .

“എന്റെ പുസ്തകത്തിൽ ഞാൻ ജാതിയെക്കുറിച്ച ഒരു വാക്കുപോലും പറയുന്നില്ലല്ലോ സാർ . എവിടെയാണ് അങ്ങ് ജാതിയെ കണ്ടെത്തിയത്….? ”

പുസ്തകം വായിക്കാതെ അതിന്റെ സാരാംശം മാത്രം മനസ്സിലാക്കി ഇന്റർവ്യൂ വിനു തയ്യാറെടുത്ത അഖിലേഷ് തെല്ലൊന്നു പതറിയോ .
എന്തുകൊണ്ടോ ക്യാമറ അപ്പോൾ അയ്യപ്പൻറെ മുഖത്തായിരുന്നു .
നിർവികാരമായ ഭാവത്തോടെയാണ് അയാൾ സംസാരിക്കുന്നത് .
ചെവിയിലുള്ള ബ്ലൂടൂത്ത് സ്‌പീക്കറിൽ വിരലമർത്തിക്കൊണ്ട് അഖിലേഷ് വർമ്മ കുറച്ചു സമയം ഇരുന്നു .ആ നേരമത്രയും ക്യാമറക്കണ്ണുകൾ അയ്യപ്പൻറെ പുസ്തകത്തിന്റെ പുറം ചട്ടയിലൂടെ നീങ്ങുകയായിരുന്നു .

മണ്ണിൽ പതിഞ്ഞിരിക്കുന്ന കാലുകൾ ആയിരുന്നു പുറംകവർ ചിത്രം .ഇരുണ്ട നിറമുള്ള കാലുകൾ .വലതുകാലിലെ എല്ലാവിരലുകളും കാണാമായിരുന്നു .ഇടതുകാലിലെ രണ്ടു വിരലുകൾ മാത്രം .അവ മണ്ണിനെ അറിയുന്ന ഒരു മധ്യവയസ്കന്റെ കാലുകൾ പോലെ തോന്നിച്ചു.
വലതു തള്ളവിരലിൽ കുഴിനഖത്തിന്റെ പാടുകളും നടുവിരലിനു താഴെയായി നീളത്തിലുള്ള മുറിവിന്റെ അവശേഷിപ്പുകളും . ചിത്രത്തിന് താഴെയായി പുസ്തകത്തിന്റെ പേരും ഗ്രന്ഥകർത്താവിന്റെ പേരും .

അതേ സമയത്ത് ആ പുസ്തകത്തിലെ ആദ്യ വരികൾ ബ്ലൂടൂത്ത് സ്‌പീക്കറിലൂടെ അഖിലേഷിന്റെ കാതുകളിൽ എത്തിക്കൊണ്ടിരുന്നു.
അയ്യപ്പൻറെ ചോദ്യങ്ങൾക്കു മറുപടി കൊടുക്കാനായി ആ ക്ഷത്രിയ രക്തം തിളച്ചു മറിഞ്ഞു. പുസ്തകത്തിലെ ആദ്യവരികളിലൊന്നും ജാതി പരാമർശം കാണാതെ നിരാശനായ അയാൾ പുസ്തക പുറംചട്ടയിലൂടെ തന്നെ ക്യാമറ ഓടിക്കാൻ തന്റെ പടത്തലവന് കണ്ണുകൾകൊണ്ട് നിർദേശം നൽകി .പുസ്തകത്തെ കുറിച്ച് നിരൂപകരും തന്റെ സുഹൃത്തുക്കളും പറഞ്ഞിരുന്ന അഭിപ്രായങ്ങൾ അഖിലേഷ് ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു .

“പെരുമാൾ മുരുകൻ ആവാനുള്ള ശ്രമമാണെന്ന് തോന്നുന്നു .ജാതിവ്യവസ്ഥയോടുള്ള അമർഷവും വിദ്വേഷവും തെളിഞ്ഞു കാണാം .പിന്നെ പതിവ് കറുപ്പിന്റെ സെന്റിമെൻസും ..”
തലേദിവസത്തെ പാർട്ടിയിൽ വച്ച് എഴുത്തുകാരനും കൂട്ടുകാരനുമായ
നീലകണ്ഠന്റെ വാക്കുകൾ ആണ് ഓർമ്മയിൽ വന്നത് .

“ഇന്നത്തെ ജാതി വ്യവസ്ഥയോടുള്ള അമർഷം ഞാനതിൽ കാണുന്നു എന്ന് പറഞ്ഞാൽ അതിനെ താങ്കൾക്ക് നിഷേധിക്കാനാവുമോ ..?”
ചോദ്യം ഏറ്റവും ലളിതമാക്കിയാണ് അഖിലേഷ് അവതരിപ്പിച്ചത് .

അയ്യപ്പൻ ഉത്തരം പറയാനായി തുടങ്ങുമ്പോൾ ഒന്നു ചുമച്ചു . വലതുകൈത്തലം കൊണ്ട് വായ അമർത്തിപ്പിടിച്ചു .

” എ സി മുറികൾ അപരിചിതമാണ് .അതുകൊണ്ടാവും ശരീരം പ്രതികരിക്കുന്നത് .ക്ഷമിക്കണം .”
അയാൾ കസേരയിൽ ഇടതുകൈമുട്ട് കുത്തി വിരലുകൾ മുഖത്തോടു ചേർത്തുകൊണ്ട് അഖിലേഷിനെ നോക്കി .

“ഞാനീ പുസ്തകത്തിൽ എഴുതാൻ ശ്രമിച്ചവയെല്ലാം മനുഷ്യനെക്കുറിച്ചാണ് .പിന്നെ പ്രകൃതിയെക്കുറിച്ചും മറ്റു ജീവജാലങ്ങളെക്കുറിച്ചും .. മനസ്സിലുള്ളവ കടലാസ്സിൽ എത്തുമ്പോൾ അതിലെ ചില അംശങ്ങൾ, ചിലപ്പോൾ പലതും .. നഷ്ടമാവാറുണ്ട് .
വായിക്കുമ്പോൾ അവ വീണ്ടും മാറ്റത്തിനു വിധേയമാവാം .
ആ രീതിയിൽ ആണ് പറഞ്ഞതെങ്കിൽ ,വായനക്കാരന് ഇത്തരം നിർവചനങ്ങളിൽ എത്താനുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ട് .അതുകൊണ്ടാവണം ഞാനെഴുതുമ്പോൾ ഈ കഥ മനുഷ്യനെക്കുറിച്ചും അഖിലേഷ് വർമ്മ എന്ന താങ്കൾ വായിക്കുമ്പോൾ ജാതികളെ ക്കുറിച്ചും ആയി മാറുന്നത് .”

അഖിലേഷ് പുഞ്ചിരിയോടെയാണ് കേൾക്കുന്നത് . തന്റെ ചോദ്യങ്ങളെ വിദഗ്ദമായി നേരിടുന്ന അവാർഡ് ജേതാവിനെ താൻ അളന്നിരുന്നത് തെറ്റായിപ്പോയോ എന്നൊരു ബോധ്യം അഖിലേഷിന്റെ ഉള്ളിലെവിടെയോ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. കൂടെയുള്ള പടത്തലവന്റെയും യോദ്ധാക്കളുടെയും മുഖത്ത് ആശങ്കകൾ വിരിയാൻ തുടങ്ങുന്നത് അഖിലേഷ് കാണുന്നുണ്ടായിരുന്നു .

തോൽക്കാൻ പാടില്ല ..

” ഈ സമർപ്പണം വായിച്ചപ്പോൾ തോന്നിയതാണ് ..ഒരുതരം അപകർഷതാബോധം ഇല്ലേ ഈ എഴുത്തുകളിൽ . മിസ്റ്റർ അയ്യപ്പനും അപകര്ഷതാബോധത്തിന്റെ ഇരയാണോ .? ”

“ജന്മം കൽപ്പിച്ചു തന്നതാണ് സാർ ഈ ബോധം . ഇതിനെ അപകർഷതാബോധം എന്നാണോ വിളിക്കേണ്ടി വരുന്നത് എനിക്കറിഞ്ഞുകൂടാ .പണ്ട് ക്ലാസ്സുമുറിയിൽ നിലത്തിരുന്നു പഠിക്കാൻ വിധിക്കപ്പെട്ടിരുന്ന ,കിണറുകളിൽ നിന്നും വെള്ളം കോരിക്കുടിക്കാൻ പറ്റാതിരുന്ന ഒരാളെ ക്കുറിച്ചു കേട്ടിട്ടുണ്ട് .അദ്ദേഹത്തിന്റെ മനസ്സിൽ അന്ന് തോന്നിയിരുന്ന വികാരത്തിനെ ഈ പേരിട്ടു വിളിക്കാമോ എന്നറിയില്ല .ഈ അനുഭവങ്ങൾ കടന്നുവരുന്ന എല്ലാവരും അദ്ദേഹത്തെപ്പോലെ വിളിച്ചുപറയാൻ തക്ക വലുപ്പം എത്താറുമില്ല .ഈ കാലഘട്ടങ്ങളിലും അനുഭവങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാണ് .അളവുകളിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും .”

“ക്ഷമിക്കണം ..ഇത് നിങ്ങളുടെ കോംപ്ലെക്സിന്റെ ഭാഗമാണെന്ന് എനിക്ക് പറയേണ്ടി വരികയാണ് ..
ഇവിടെ ഒരു സ്‌കൂളിലും അങ്ങനൊരു അനുഭവം ഉണ്ടാവില്ല .പഴയ കാലങ്ങളുടെ ഹാങ്ങോവറിൽ നിന്നുകൊണ്ട് ഇത്തരം പ്രസ്താവനകൾ ദയവായി പറയാതിരിക്കൂ .
ഇത്രയും സാക്ഷരരായ – പ്രബുദ്ധരായ മലയാളി സമൂഹത്തോടാണ് നിങ്ങളിത് പറയുന്നതെന്ന് ഓർമ്മ വേണം”

ഒരു ഭൂതത്തെ കൂടു തുറന്നു വിടുന്നതു പോലെയായിരുന്നു അഖിലേഷ് വർമ്മയുടെ ആ സമയത്തെ ഭാവഭേദങ്ങൾ . കേരളീയ പ്രബുദ്ധതയുടെ താളം തെറ്റിക്കാൻ പര്യാപ്തമായ ആ വാക്കുകളിൽ അയാൾ കടന്നുപിടിച്ചു . കൂടുതൽ ആളുകൾ ഈ കൂടിക്കാഴ്ച ശ്രദ്ധിക്കാൻ തുടങ്ങി .റേറ്റിങ് ന്റെ സൂചി മുകളിലേക്ക് ഉയരുന്നതും നോക്കി നിർമ്മാതാവ് ആശ്വാസ നിശ്വാസമയച്ചു .പുസ്തകത്തെക്കുറിച്ചുള്ള ചർച്ച പ്രതീക്ഷിച്ച ചില അക്ഷരകുതുകികൾ മാത്രം നിരാശരായി .പക്ഷെ അവരുടെ നിരാശക്ക് റേറ്റിംഗ് വളരെ കുറവായിരുന്നുതാനും .

അയ്യപ്പൻറെ പുസ്തകത്തിന്റെ പുറം ചട്ടയിൽ കണ്ട ആ കാലുകൾ അപ്പോൾ പാടവരമ്പത്തുകൂടി നടക്കുകയാണ് . തൂമ്പയും ചുമലിലേന്തി ആ കാലുകൾ നടന്നുനീങ്ങുമ്പോൾ എതിരെ സ്‌കൂൾ കുട്ടികളുടെ ഒരു കൂട്ടം നടന്നുവരികയായിരുന്നു .
കുട്ടികളിലൊരുവന്റെ തലയിൽ തലോടിക്കൊണ്ട് ആ കാലുകളുടെ ഉടമ നടന്നു നീങ്ങി .കാൽപ്പാദങ്ങളിൽ ചേറു പറ്റിപ്പിടിച്ചിരുന്നു .അരക്കുമുകളിൽ നഗ്നമായിരുന്ന ആ ശരീരത്തിൽ ഒരു തോർത്തുമാത്രമായിരുന്നു വേഷം .ഇനി തോട്ടിൽ ഇറങ്ങി ഒരു കുളിയും കഴിഞ്ഞു മുണ്ടും കുപ്പായവുമിട്ട് വീട്ടിലേക്കു തിരിക്കും . ചിലപ്പോൾ അങ്ങാടിയിലെ കള്ളുഷാപ്പിൽ കയറിയേക്കാം .വരുമ്പോൾ അരിയും പച്ചക്കറികളും കയ്യിൽ കണ്ടേക്കാം .അതെല്ലാം കൂലി കിട്ടുന്ന ദിവസത്തെ ആശ്രയിച്ചുകൊണ്ടു മാറി മറിഞ്ഞു വരും .

ഏതായാലും തോട്ടിലിറങ്ങി മുട്ടറ്റം നനഞ്ഞു കൊണ്ടുള്ള കുട്ടികളുടെ സഞ്ചാരത്തിനൊടുവിലാണ് കൂട്ടത്തിലുള്ള മധുമോഹനെ അവന്റെ അച്ഛൻ കാണുന്നത് . നൂറു മീറ്റർ അകലെയുള്ള അവന്റെ വീട്ടിലേക്കാവാൻ ഓടുകയായിരുന്നു .മാധവൻമാഷെന്ന ഞങ്ങളുടെ സ്‌കൂളിലെ അധ്യാപകനും കൂടിയായ അവന്റെ അച്ഛൻ ഞങ്ങൾക്ക് നേരെ ക്രുദ്ധമായ നോട്ടമെറിഞ്ഞുകൊണ്ട് അവനു പിറകെ പോയി. ആകാംക്ഷാഭരിതരായി പിറകെ ഞങ്ങളും . മാധവൻ മാഷിന്റെ തറവാട്ടിലെ വേലിക്കരികിൽ ഒളിച്ചിരുന്നാണ് അവനു തല്ലുകിട്ടുന്നത് കാണുന്നത് . വേലിപ്പത്തലുമായി പടിപ്പുര കടന്നുചെന്ന മാഷിന്റെ സംസാരത്തിന്റെ തുടക്കം തന്നെ ഞങ്ങളെക്കുറിച്ചായിരുന്നു .

“കണ്ട … കൂട്ടങ്ങളുടെ കൂടെ കൂടി നടക്കുന്നോടാ ..കുളിച്ചിട്ടു നീ വീട്ടിനകത്തേക്ക് കയറിയാ മതി ”
അവനു കിട്ടിയ അടിയുടെ ശബ്ദത്തിൽ ആവണം ആ ‘കൂട്ടം’ ഏതാണെന്നു കേട്ടില്ല .
അതോ മനഃപൂർവം മനസ്സ് കേൾക്കാതിരുന്നതോ ..
പറയാൻ ഇഷ്ടപ്പെടാത്തതോ ..
അറിയില്ല ..
ഏതായാലും ഞങ്ങളുടെ കൂടെ കളിച്ചതുകാരണം അടിയും കിട്ടി കുളിക്കേണ്ടിയും വന്ന മധുമോഹനെക്കുറിച്ചു ഓർത്തുകൊണ്ടാണ് വീട്ടിൽ വന്നുകയറിയത് . അച്ഛന്റെ ചെരുപ്പ് മുറ്റത്തുതന്നെ ഉണ്ടായിരുന്നു . ഇന്നത്തെ കഞ്ഞിയിൽ വറ്റുകൾ കുറവായിരിക്കും എന്ന സത്യത്തോട് അപ്പോഴേ പൊരുത്തപ്പെട്ടു . കാരണം കൂലി കിട്ടിയിരുന്നു വെങ്കിൽ അച്ഛൻ ഈ നേരത്ത് വീട്ടിൽ എത്താറില്ല .. പാതിവയർ ഒഴിഞ്ഞുകിടന്ന രാത്രി ആ നാലാം ക്ലാസുകാരന്റെ മനസ്സിൽ കൂട്ടുകാരുടെ കൂടെ കളിച്ചതിനാൽ തല്ലു കൊല്ലേണ്ടി വന്ന മധുമോഹൻ എന്ന വെളുത്ത കൂട്ടുകാരനെക്കുറിച്ചായിരുന്നു . അവന്റെ അച്ഛൻ മാധവൻ മാഷ് പഠിപ്പിച്ചുകൊണ്ടിരുന്ന ‘മനുഷ്യരെല്ലാരും ഒന്നുപോലെ ‘ എന്ന പാഠഭാഗത്തെക്കുറിച്ചായിരുന്നു .

“നിങ്ങളുടെ ഉത്തരത്തിനായി പ്രബുദ്ധകേരളം കാത്തിരിക്കുന്നു മിസ്റ്റർ അയ്യപ്പൻ ..”

അഖിലേഷ് വർമ്മയുടെ ചോദ്യം അയ്യപ്പനെ പുസ്തകത്തിൽ നിന്നും തിരികെ വർണ്ണപ്രഭ വിരിയുന്ന സ്റ്റുഡിയോ മുറിയിലെത്തിച്ചു .
അയ്യപ്പൻ ചിരിച്ചുകൊണ്ട് തന്നെ മറുപടി പറഞ്ഞു ..

” ഞാൻ പറഞ്ഞ കാര്യങ്ങൾ നാനാത്വത്തിൽ ഏകത്വം വിളംബരം ചെയ്യുന്ന നമ്മുടെ മഹാരാജ്യത്ത് സംഭവിച്ച കാര്യങ്ങൾ തന്നെയാണ് . .മഹാരാഷ്ട്രയിൽ നൂറ്റാണ്ടിനുമുമ്പേ ഈ അവസ്ഥ നേരിട്ട ആൾ പിന്നീട് നമ്മുടെ ഭരണഘടനാ ശില്പി ആയി മാറിയത് ചരിത്രം . .കാലങ്ങൾ കഴിഞ്ഞിട്ടാണ് കേരളത്തിലും അതേ അവസ്ഥയിൽ വളർന്നു വന്ന ആളിനെ നാം കേൾക്കുന്നത് .അദ്ദേഹം പ്രഥമപൗരനുമായി . ഇവരെപ്പോലെ ഉന്നതിയിൽ എത്താനാവാത്തതിനാൽ ,അനുഭവങ്ങൾ മനസ്സിലൊതുക്കി നടന്നിരുന്ന ,നടക്കുന്ന ,ഇനിയും നടക്കാൻ പോകുന്ന എത്രയോ ആളുകൾ ഉണ്ടാവും സാർ .സ്‌കൂളിൽ നിലത്തിരുന്നത് മാത്രമാണ് ഞാൻ ഉദ്ദേശിച്ച വിവേചനം എന്ന് അങ്ങ് ധരിച്ചതെങ്കിൽ തെറ്റി .അതിലും ബൃഹത്തായവ എത്രയോ ഉണ്ട് .
സ്‌കൂളുകളിൽ ഇപ്പോഴും നടക്കുന്ന ഒരു ചടങ്ങുണ്ടല്ലോ .അസംബ്ലിയോ മറ്റു ചടങ്ങുകളോ സംഘടിപ്പിച്ചുകൊണ്ട് ചില വിദ്യാർത്ഥികൾക്ക് കുടയും പുസ്തകങ്ങളും മറ്റും ദാനം ചെയ്യുന്ന ഒന്ന് .ഫോട്ടോയെടുത്തുകൊണ്ട് അത് പത്രങ്ങളിലും വരുത്തി സായൂജ്യമടയുന്ന അതിന്റെ സംഘാടകർ .വാങ്ങാൻ വരുന്നവരോ ,അവരുടെ മാനസിക നിലയോ..അവരറിയുന്നുണ്ടോ ?”
അയാൾ അർധോക്തിയിൽ നിർത്തി .തല കുനിച്ചുകൊണ്ടു കുറച്ചു സമയം ഇരുന്നു .പിന്നീട് തുടർന്നു.
“അതിനായി വരി നിന്ന ബാല്യം എനിക്കുണ്ട് .എന്നെപ്പോലെ പലർക്കും .സ്‌കൂളിൽ സ്റ്റൈപ്പന്റ് ലിസ്റ്റ് വായിക്കുമ്പോൾ , യു പി ക്ലാസ്സുകളിലെത്തിയപ്പോഴേക്കും ജാള്യതയും അപകര്ഷതാബോധവും തോന്നിത്തുടങ്ങിയിരുന്നു സാർ .അതേ സ്‌കൂളിലെ മറ്റു കുട്ടികളുടെ ഇടയിൽ നിന്നും ഞങ്ങൾ പിൻനിരയിലേക്ക് പൊയ്ക്കൊണ്ടിരിക്കും. ”

“നല്ലൊരു കാര്യമാണ് അയ്യപ്പൻ പറഞ്ഞു വരുന്നത് ..എന്നതാണ് ഏറെ അഭിപ്രായം .എന്റെ ചോദ്യം ഇതാണ് .എന്നാപ്പിന്നെ നിങ്ങൾക്ക് ഈ റിസർവേഷൻ വേണ്ട എന്ന് വച്ചുകൂടെ .എല്ലാരും ഒരുപോലെ ആകട്ടെ .
ജോലിയിലും പഠനത്തിലും മുൻഗണന ഇല്ലാതെ സമത്വസുന്ദരമാകട്ടെ നമ്മുടെ സിസ്റ്റം .അല്ലെ ..”

അഖിലേഷ് വർമ്മയുടെ കണ്ണുകൾ നിഗുഢമാം വിധം ചെറുതായി .
പുഞ്ചിരിയിലും ആ കണ്ണുകൾ എന്തിനോ തിളങ്ങി .ഇവർക്കിട്ട് അടിക്കാൻ പാകത്തിലുള്ള അവസാനത്തെ വടിയാണ് അയ്യപ്പൻ തന്നെ തന്നിരിക്കുന്നത് .അഖിലേഷ് ഇടം കണ്ണിട്ടു കൊണ്ട് തന്റെ കൊട്ടാരത്തെയും പ്രജകളെയും നോക്കി .എല്ലാവരും അയ്യപ്പൻറെ മറുപടിക്കായി കാതോർത്തിരിക്കുകയാണ്. അയാളിലേക്ക് തന്നെയാണ് ക്യാമറക്കണ്ണുകളും ..

അയ്യപ്പൻറെ പുസ്തകത്താളുകൾ മറിഞ്ഞുകൊണ്ടിരുന്നു ..
പാതി മടക്കിയ ആ പേജുകളിൽ കറുപ്പ് ചായം പൂശിയിരുന്നു ..
പാതി നിറം മങ്ങിത്തുടങ്ങിയ ആ താളിനുള്ളിൽ കണ്ടത്,
വരരുചിയും പഞ്ചമിയും ഒരു പാറക്കെട്ടിൽ ഇരിക്കുകയാണ്. നാലു കിടാങ്ങളെ നിഷ്കരുണം ഉപേക്ഷിച്ച ആളിന്റെ മടിയിൽ തലവച്ചുകൊണ്ടാണ് പഞ്ചമി കിടക്കുന്നത് .ഇനിയും ഏഴോളം എന്നവളുടെ മനസ്സ് പുലമ്പിക്കൊണ്ടിരുന്നു .നിറവയറിൽ അദ്ദേഹം ഒന്ന് തലോടിയെങ്കിൽ എന്നവൾ ആശിച്ചു . അതുണ്ടായില്ല ..
ദൂരെ സൂര്യൻ ചക്രവാളത്തിൽ മറയാൻ പോകുന്ന ദൃശ്യം ഇമ ചിമ്മാതെ നോക്കി ഇരിക്കുകയായിരുന്നു വരരുചി . അയാളുടെ ശ്വാസഗതിയനുസരിച്ചുകൊണ്ട് പൂണൂൽ അവളുടെ മുഖത്തും തലയിലുമായി തലോടിക്കൊണ്ടിരുന്നു .കണ്ണുകൾ അറിയാതെ അടഞ്ഞുപോകുന്നു . അപ്പോൾ അവളുടെ വയറിൽ നിന്നും തുടിപ്പുകൾ ഉണരാൻ തുടങ്ങി . വരരുചി അസ്തമയം കാണുകയായിരുന്നു .അതിനിടയിൽ അവളോട് പറഞ്ഞു..

‘അറുപത്തിനാല് വാര ആണ് നമ്മൾ തമ്മിലുള്ള അകലം .പക്ഷെ വിധിക്കും കാലത്തിനും അടിപ്പെട്ട് ജീവിക്കുക എന്നതാണല്ലോ മനുഷ്യനിയോഗം . പന്തം കൊളുത്തി നിന്നെ നാടുകടത്തിയ ആ രാത്രി എന്റെ വിജയത്തിന്റേതായിരുന്നു എന്ന് ഞാൻ അഹങ്കരിച്ചു . പക്ഷികളുടെ ഭാഷ പഠിച്ചതാണ് ഞാൻ ചെയ്ത തെറ്റെന്നു പിന്നീട് തോന്നി .ഒരു പക്ഷെ നിന്നിലൂടെ അറുപത്തിനാലടിയുടെ അകലം കുറയ്ക്കാനാവും ഈശ്വരൻ എനിക്ക് തന്ന നിയോഗം .വികാരങ്ങളെ പിടിച്ചു നിർത്താനും എനിക്കായിട്ടില്ല ഒരുകാലത്തും .നിന്റെ ഉദരത്തിലെ അഞ്ചാമത്തവൾ അതാണല്ലോ നമ്മോടു പറയുന്നത് .ഇവരിലൂടെ തലമുറകൾ വളരട്ടെ .
പന്തം കുത്തി വലിച്ചെറിഞ്ഞവൾ എന്നിലേക്ക്‌ പറ്റിച്ചേർന്നുവെങ്കിൽ ഇവളും ഇതിനു മുമ്പേ നീ പ്രസവിച്ചവരും ..ഇനി പിറക്കാനിരിക്കുന്നവരും അവരുടെ നിയോഗങ്ങളെ സാക്ഷാത്കരിക്കും .ഇനിയുമേറെ നടക്കാനുണ്ട് വരൂ ..’

അയാൾ മുന്നിൽ നടന്നു . അറുപത്തിനാല് വാര പിറകിലായി അവളും .
ഇനിയും എത്ര അകലം എന്ന് കണക്കാക്കിയിട്ടില്ലാത്ത വയറ്റിലുള്ള കുഞ്ഞും . ..

പേജുകൾ വീണ്ടും മറിഞ്ഞുകൊണ്ടിരുന്നു ..
സ്‌ക്രീനിൽ അയ്യപ്പൻ മാത്രമായി ..
അയ്യപ്പൻ അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു ..

“തയ്യാറാണ് അഖിലേഷ് . ഈ റിസർവഷൻ നമുക്ക് ഒഴിവാക്കാം .എന്നിട്ട് എല്ലാവരും ഒരൊറ്റ മതം ആവട്ടെ .തുല്യർ ആവട്ടെ .പേരിനു പിന്നിൽ വച്ചുകെട്ടുന്ന ഈ വാൽക്കഷണം കളയാൻ നിങ്ങളും തയ്യാറാണല്ലോ അല്ലെ .പിന്നെ അയ്യപ്പനും അഖിലേഷും വർമ്മമാരായിരിക്കും . ഒന്നുകിൽ അയ്യപ്പൻ വർമ്മ ,അല്ലെങ്കിൽ അഖിലേഷ് മാത്രം .
തയ്യാറാണോ ..?
ഈ ഉൽക്കർഷതാ ബോധം നഷ്ടമാവുന്ന പേടിയുണ്ടോ ..?”

അയ്യപ്പൻ അഖിലേഷിന്റെ മുഖത്തേക്ക് നോക്കി .ആ കണ്ണുകളിൽ പുഞ്ചിരി ഉണ്ടായിരുന്നെങ്കിലും കണ്ണുകളിൽ ചോദ്യത്തിന്റെ തിളക്കം അവശേഷിച്ചിരുന്നു .

തലമുറകളായി തനിക്കും കുടുംബത്തിനും കിട്ടിവരുന്ന രാജപട്ടം പേരിനു മുന്നിൽ നിന്നും മാറ്റണം എന്നുകേട്ട അഖിലേഷ് കോപം കൊണ്ട് വിറച്ചു .അത് ക്യാമറക്കണ്ണുകൾ കാണാതിരിക്കാൻ അയാൾ നന്നേ പാടുപെട്ടു .തന്റെ വാളിനായി അയാൾ സിംഹാസനത്തിനടിയിൽ കണ്ണുകൾ കൊണ്ട് പരതി.
സേവകന്മാരെ കാണാതെ അലറി വിളിച്ചു.
” ആരവിടെ ”
ക്യാമറയുമായി നിൽക്കുന്ന പടത്തലവനും പിന്നിൽ ഇരിക്കുന്ന പ്രധാനമന്ത്രിയും അഖിലേഷ് രാജാവിന്റെ ആജ്ഞയ്ക്കായി കാതുകൂർപ്പിച്ചു നിന്നു. തന്റെ രാജ്യത്തു കൂലിപ്പണി ചെയ്യുന്നവനും തനിക്കും ഒരേ പദവിയോ.. മുന്നിൽ നിൽക്കുന്ന ഈ അഹങ്കാരിയെ എങ്ങനെ നിഷ്കാസനം ചെയ്യണം എന്നത് മാത്രമായിരുന്നു അഖിലേഷ് വർമ്മ എന്ന രാജാവിന്റെ ചിന്ത..
ടി വി ഷോ കാണുകയായിരുന്ന മറ്റുള്ള അഖിലേഷ് വർമ്മ മാരും അലറിവിളിച്ചുകൊണ്ടു സിംഹാസനങ്ങളിൽ നിന്നും ചാടിയെഴുന്നേറ്റു. തങ്ങളുടെ ശ്രേഷ്ഠതയ്ക്ക് ഒപ്പം എത്തണമെന്ന് അഭിപ്രായപ്പെട്ട എല്ലാ അയ്യപ്പന്മാരെയും നിർമാർജനം ചെയ്യാൻ ഉത്തരവുകൾ ഇറങ്ങിക്കൊണ്ടിരുന്നു..

അയ്യപ്പൻറെ പുസ്തകത്താളുകൾ ഇപ്പോൾ ശരവേഗത്തിൽ മറിഞ്ഞുകൊണ്ടിരിക്കുന്നു . ഷോ കണ്ടുകൊണ്ടിരിക്കുന്ന ആളുകൾ അക്ഷരങ്ങളെ വായിച്ചു വേർതിരിക്കാനാവാതെ കുഴഞ്ഞു .പുറംചട്ടയിലെ കാലുകളാവട്ടെ വലിയ വേഗതയിൽ ആണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് . അവയ്‌ക്കൊപ്പമെത്താൻ അഖിലേഷുമാർ വല്ലാതെ പാടുപെട്ടു .അവരുടെ ഉത്തരവ് നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയ പടത്തലവന്മാരുടെയും ഗതി മറ്റൊന്നായിരുന്നില്ല .
ആ കാലുകൾക്കൊപ്പം നടന്നെത്താൻ തങ്ങളുടെ കാലുകൾ വൈമുഖ്യം കാണിക്കുന്നത് അവരറിഞ്ഞു .

ഉൽക്കർഷതയുടെ ബീജവും അപകര്ഷതയുടെ ഗര്ഭപാത്രവും പിന്നീട് എത്രയോ ജന്മങ്ങൾക്ക് നിദാനമായി.ചുണ്ടുകൾ മുദ്രണം ചെയ്യപ്പെട്ട പന്ത്രണ്ടാമൻ വരെ. അവനെ ഉപേക്ഷിച്ചു പോകവെ പഞ്ചമി തിരിച്ചറിഞ്ഞുവോ ത്രികാല ജ്ഞാനിയുടെ മനസ്സ്.. അവൾക്ക് ഒന്നു മാത്രം അറിയാമായിരുന്നു.ഇവർ വളരുന്നത് ജന്മം കൊണ്ട കുലത്തിൽ ആവാൻ സാധ്യതയില്ല ..ആരുടെ കൈകളാണോ ഇവരെ കോരി എടുത്ത് മൂർദ്ധാവിൽ ചുംബിക്കുന്നത് ,അവരുടെ തലമുറയായിട്ടായിരിക്കും ഇവർ അറിയപ്പെടുക .അവിടെ ഈ പറയിപ്പെണ്ണിന്റെ മാതൃത്വത്തിനും ബ്രാഹ്മണ്യത്തിന്റെ വേരുകൾക്കും സ്ഥാനമില്ല . പന്തം കൊളുത്തി നാടുകടത്തിയ പറയി പെണ്ണ് വളർന്നത് മറ്റൊരു കുലത്തിലാണല്ലോ. അതുകൊണ്ടു തന്നെ വാ കീറിയ ദൈവം ഇരയേയും നൽകട്ടെ ,കൂടെ പുതിയ കുലങ്ങളെയും നൽകട്ടെ . ജന്മം കൊണ്ട് ആഢ്യത്വം സ്വയം കല്പിക്കുന്നവർക്കിടയിൽ ഇവരും ജീവിക്കട്ടെ .കർമ്മങ്ങൾ കൊണ്ട് ആഢ്യത്വം ഉണ്ടാക്കട്ടെ . പറയിപ്പെണ്ണിന് പകരം പന്ത്രണ്ടു മുലകൾ അവർക്കു വേണ്ടി പാൽ ചുരത്തട്ടെ .. .
മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന സൂര്യനെ നോക്കി അയാൾ മുന്നിൽ നടക്കുന്നുണ്ടായിരുന്നു .പന്ത്രണ്ടു മക്കളെ പിന്നിട്ടുകൊണ്ട്,പന്ത്രണ്ടു കുലങ്ങൾ സൃഷ്ടിച്ചുകൊണ്ട് അവൾ പിന്നിൽ വേച്ചു വേച്ചു നടന്നു .അവളുടെ കണ്ണുകള് നിറഞ്ഞൊഴുകി . മുലയിൽ നിന്നും പാൽ ചുരത്തിക്കൊണ്ടിരുന്നു .അത് കുടിക്കാനാവാതെ ,
കരയാൻ പോലും കഴിയാതെ മുദ്ര വെക്കപ്പെട്ട ചുണ്ടുകളുമായി പ്രതിഷ്ഠിക്കപ്പെട്ട മകനെന്ന ദൈവവും .

ഇന്റർവ്യൂ പിന്നീടങ്ങോട്ട് തുടരുമെന്നും അതിൽ ജയിക്കാൻ പോകുന്നത് അഖിലേഷ് വർമ്മ തന്നെയായിരിക്കുമെന്നും ഉള്ള കാര്യത്തിൽ സംശയത്തിനിടയില്ല . പുഞ്ചിരിച്ചുകൊണ്ട് തന്നെ തന്റെ അവസാന വാക്കുകളും അവസാനിപ്പിച്ചുകൊണ്ട് അയ്യപ്പൻ എഴുന്നേൽക്കുന്നത് കാണികൾക്കു മുന്നിൽ പരാജിതനായിട്ടാകണം എന്നത് ചാനലിന് മാത്രമല്ല കണ്ടുകൊണ്ടിരിക്കുന്നവർക്കും നിർബന്ധമാണ് . കാരണം അയ്യപ്പൻറെ പുസ്തകത്തിലെങ്ങും കറുപ്പഴകിന്റെ മാനദണ്ഡങ്ങൾ കണ്ടുപിടിച്ചിരുന്നില്ല. പെരുന്തച്ചന്റെ അവസാന കൊത്തുപണിപോലെ ആ അളവുകൾ ആർക്കും പിടികിട്ടാതെ പുസ്തകത്തിലൂടെ ഒഴുകി നടന്നു .ഇടം കാലിലെ മന്തിനെ വരം ചോദിച്ചുകൊണ്ട് വലതുകാലിലാക്കിയ കൊടിയ ഭ്രാന്തിന്റെ അവശേഷിപ്പുകളും യാഗാഗ്നിയിൽ എരിഞ്ഞമർന്ന ആൽമരക്കൊമ്പുകളും പുസ്തകത്തിലൂടെ പുറത്തേക്കു തെറിച്ചു നിന്നിരുന്നു .

അയ്യപ്പനപ്പോൾ വരരുചിയുടെയും പഞ്ചമിയുടെയും പിറകിലായി ആ തോട്ടിറമ്പിലൂടെ നടക്കുകയായിരുന്നു .എതിരെ വരുന്ന പുസ്തക പുറം കവറിലെ ആ കാലുകൾക്കുടമ ഇവിടെ കുളിക്കാനിറങ്ങിയേക്കാം ..

അപ്പോഴും അയ്യപ്പൻറെ അവസാനത്തെ മറുപടികൾ സ്റ്റുഡിയോവിൽ ആകെ അലയടിച്ചുകൊണ്ടിരുന്നു .

“ഏതൊരിടത്തും നിങ്ങൾ നിങ്ങളുടെ പേരുപറയുമ്പോൾ തന്നെ ഗണനീയമായ സ്ഥാനം ലഭിച്ചുകഴിയും .അവിടെ നിങ്ങളുടെ സ്വഭാവമോ കഴിവോ മാനദണ്ഡമാകുന്നില്ല .ഇവിടെ നിങ്ങൾ എന്നുദ്ദേശിക്കുന്നത് ചില ആളുകളെയാണ് .പക്ഷെ മറ്റു ചിലർ എത്ര ഉന്നത സ്ഥാനങ്ങളിൽ എത്തിയാലും അവർക്കുള്ള സ്ഥാനം പലപ്പോഴും പിൻനിരയിലായിരിക്കും. ഒരു മുറിയിൽ നമ്മൾ ഇരിക്കുമ്പോഴും അത് തന്നെയാണ് സംഭവിക്കുന്നത് .ഇപ്പോഴും ഈ പേരും പേരിനൊപ്പമുള്ള വലിച്ചുനീട്ടലുകളും തന്നെയാണ് ഗതി നിർണയിക്കുന്നത് .ഇതിനു മാറ്റം വരേണ്ടത് അപകര്ഷതയുടെ അടിത്തട്ടിൽ നിൽക്കുന്ന ആളുകളിൽ നിന്നല്ല .ചേർത്ത് പിടിക്കാൻ മനസ്സുള്ള ഉല്കൃഷ്ടരിൽ നിന്നാണ് .ഒന്നാണെന്ന് മനസ്സിലുറപ്പിച്ചുകൊണ്ടുള്ള ചേർത്തുനിർത്തൽ ആണ് ഉദ്ദേശിക്കുന്നത് .പത്രങ്ങൾക്കു വേണ്ടിയോ ചാനലുകൾക്കു വേണ്ടിയോ കാണിക്കുന്ന പ്രദർശനമല്ല ..”

അയ്യപ്പൻറെ ആ വാക്കുകൾക്ക് മുകളിലൂടെ പരസ്യചിത്രത്തിലെ സുന്ദരിയായ നായിക തന്റെ മേനിയഴകിന്റെ രഹസ്യം വർണിച്ചുകൊണ്ടു കുളിക്കാൻ തുടങ്ങിയിരുന്നു .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇരുട്ടിലെ ഉദയം
Next articleഗൃഹപ്രവേശം
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English