സുഖ സുന്ദരമായ ആ കാഴ്ച, മുകുന്ദൻ ആസ്വദിച്ച് കിടന്നു . അപ്പോഴാണ് മനംപിരട്ടൽ വീണ്ടും ശല്യത്തിനെത്തിയത്. വശത്തേക്ക് ചരിഞ്ഞ്, നീണ്ടു വന്ന പ്ലാസ്റ്റിക് ട്രേയിലേക്ക് ഉമിനീരു തുപ്പാൻ ശ്രമിച്ചു. പകുതിയും കവിളിലേക്ക് ഒലിച്ചിറങ്ങി. ചുമലിലെ തുണികൊണ്ട് അവൾ അതെല്ലാം പതിയെ തുടച്ചു. കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയത് തുടക്കാൻ കൈ നീണ്ടപ്പോൾ മുകുന്ദൻ തല നീക്കി. അവളുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു.
അർബുദത്തിൻ്റെ കാഠിന്യവും മീനമാസത്തിലെ വേനൽച്ചൂടും നീയോ ഞാനോ എന്ന പോലെ അയാളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.കീമോയുടെ വികൃതികൾ ഓരോന്നായി അനുഭവിച്ചു തീർക്കുകയാണ്. അതിനിടയിൽ ഒന്നു മയങ്ങിയതായിരുന്നു. മയക്കത്തിനകമ്പടിയായി വന്ന ആ സ്വപ്നം …. ചുവന്ന കുപ്പിവളകളണിഞ്ഞ വെളുത്ത കൈ കൊണ്ട് പുസ്തകം മാറോടടക്കിപ്പിടിച്ചിരിക്കുന്നു. ആകാശനീല നിറത്തിൽ കുടുംനീല പുള്ളികളുള്ള പാവാടയും ഇളം നീല ബ്ലൗസും. കുളിച്ചീറനായ മുടി വിടർത്തിയിട്ടിരിക്കുന്നു. പച്ച പരവതാനി വിരിച്ച വയലേലകളെ തഴുകിയെത്തുന്ന കാറ്റേറ്റ് അനുസരണക്കേട് കാട്ടുന്ന മുടിയിഴകളെ വലം കൈ കൊണ്ട് മാടിയൊതുക്കാൻ ശ്രമിച്ചു കൊണ്ട് ,വേഗത്തിൽ നടവരമ്പിലൂടെ വരികയാണവൾ. പ്രീഡിഗ്രി കാലം തൊട്ട് മനസിൽ കൊണ്ടു നടക്കുന്ന മാലാഖ. കൺകുളിരെ ആ സ്വപ്നം ആസ്വദിച്ച് കിടക്കാൻ മുകുന്ദൻ്റെ ശാരീരിക സ്ഥിതി അയാളെ അനുവദിച്ചില്ല.
43 വയസ്സ് പൂർത്തിയായ മുകുന്ദൻ, അന്നു വരേയും ജീവിതം ആഘോഷിക്കുകയായിരുന്നു. ഒരു പക്ഷേ, ആ ആഘോഷത്തിൻ്റെ ബാക്കിപത്രമാകാം ശ്വാസകോശത്തെ ബാധിച്ചിരിക്കുന്ന ഈ ക്യാൻസർ .ഏതായാലും ബിസിനസിലൂടെ കഴിഞ്ഞു കൂടാനുള്ളതൊക്കെ ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളത് ആശ്വാസം . ഭാര്യ അനിത. അവർക്ക് ഒരേയൊരു ആൺതരി. പഠിക്കാൻ മിടുക്കൻ.
ആഗ്രഹിച്ചതെല്ലാം നേടിയപ്പോഴും മുകുന്ദൻ്റെ മനസ്സിൻ്റെ ഏതോ ഒരു കോണിൽ ഒരു വിങ്ങലായി, ഒരു നനുത്ത സപ്നമായി ആ ചിരിക്കുന്ന മുഖം എന്നും ഒരു കുളിർ കാറ്റുപോലെവീശുമായിരുന്നു. പ്രീഡിഗ്രി ക്ലാസ് തുടങ്ങുന്ന ദിവസം. അന്നാണ് വീണയെ ആദ്യമായി കാണുന്നത്.
ബസിൻ്റെ പിൻവാതിലിലൂടെ കയറി മുൻവാതിലിലൂടെ ഇറങ്ങുന്നത് അന്നൊക്കെ ആൺ കുട്ടികൾക്ക് ഒരു രസമായിരുന്നു. മറ്റു ചില രസങ്ങൾക്കു വേണ്ടിയുള്ള ഒരു രസം. കോളേജ് സറ്റോപ്പിൽ ഇറങ്ങേണ്ട, നാലു പെൺകുട്ടികളുടെ പിറകിലായാണ് അവൻ ഇറങ്ങിയത്. നേരെ മുന്നോട്ട് നോക്കിയിറങ്ങിയ മുകുന്ദൻ, തൻ്റെ വലതുകാൽ വീണയുടെ പാവാടത്തുമ്പിൽ ചവിട്ടിയത് അറിഞ്ഞതേയില്ല. അവൾ മുന്നോട്ടിറങ്ങിയതും കമഴ്ന്നടിച്ച് വീണതും ഒരുമിച്ച് . നവാഗതരുടെ വരവേൽപ്പിലലിഞ്ഞ് മുന്നിലുള്ള പെൺകുട്ടികൾ ഇതൊന്നും കണ്ടതേയില്ല. വീണ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു. എന്തു ചെയ്യണമെന്നറിയാതെ നിന്ന മുകുന്ദൻ, പെട്ടെന്നൊരുൾ പ്രേരണയാൽ അവളെ എഴുന്നേൽക്കാൻ സഹായിച്ചു. ആ മുഖമാകെ ഒരു ചെമ്പനീർ പൂവു പോലെ ചുവന്നു തുടുത്ത്, മൂക്കിൽ നിന്നും ചോര പൊടിയുന്നു. ഉടുത്തിരിക്കുന്ന മുണ്ടിൻ്റെ അറ്റം വലിച്ചു കീറി, മുകുന്ദൻ ആ ചോര ഒപ്പിയെടുത്തു. അപ്പോഴാണ് വീണ അയാളുടെ മുഖത്തേക്ക് നോക്കുന്നത്. വേദനയ്ക്കിടയിലും അവളൊന്ന് പുഞ്ചിരിച്ചു.ഒരായിരം സ്നേഹത്തൂവലുകൾ കൊണ്ട് ദേഹമാസകലം തഴുകുന്നതു പോലെ , അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒരു സുഖം. മതി മറന്നു നിന്നു പോയി മുകുന്ദൻ.
സ്വബോധത്തിലെത്തിയപ്പോഴേക്കും അവൾ നടന്നു മറഞ്ഞിരുന്നു. പീന്നീട് പല തവണ അവളറിയാതെ അവളെ നോക്കി നിന്നിട്ടുണ്ട്. പക്ഷേ,, സംസാരിക്കണമെന്ന ആഗ്രഹം മനസ്സൽ തോന്നുമ്പോൾ തന്നെ ശരീരമാസകലം ഒരു വിറയലാണ്. അവധി ദിവസമായ ശനിയാഴ്ച, ആദ്യ ദിവസത്തെ അനുഭവം ചേച്ചിയായ മാലതിയോട് വിവരിച്ചപ്പോൾ , വീണയെ കുറിച്ച് എല്ലാ വിവരവും കിട്ടി.മുകുന്ദൻ പറയുന്നതിനു മുൻപേ തന്നെ വീട്ടിലതറിഞ്ഞിരുന്നു. പെയിൻ്റിംഗ് തൊഴിലാളിയായ മുകുന്ദൻ്റെ അച്ഛൻ ജോലിക്കു പോയ വീട്ടിലെ ഗംഗാധരേട്ടൻ്റെ മകളാണ് വീണ. അച്ഛനെപ്പോഴും പറയാറുള്ള, ഒരു നല്ല മനുഷ്യൻ. അദ്ദേഹത്തിൻ്റെ സോഷ്യലിസ്റ്റ് ചിന്താഗതിയും തൊഴിലാളി സ്നേഹവുമൊക്കെ അച്ഛനെ വാചാലനാക്കുന്നത് മുകുന്ദൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ഉന്നതകുലജാത . അച്ഛനുമമ്മയും ഉദ്യോഗസ്ഥർ .ഒരേയൊരു മകൾ. എല്ലാമറിഞ്ഞപ്പോൾ മുകുന്ദൻ്റെ വിറയൽ ഒന്നു കൂടി വർദ്ധിച്ചു. പ്രീഡിഗ്രിക്കാലമായ ആ രണ്ടു വർഷങ്ങൾ , വീണയറിയാതെ മുകുന്ദൻ അവളെ ശ്രദ്ധിക്കുമായിരുന്നു. പലപ്പോഴും മുകുന്ദൻ തന്നോടു തന്നെ ചോദിച്ചിട്ടുണ്ട്. തുറന്നു പറയാനാവാത്ത ഇഷ്ടം, അർഥമില്ലാതെ അതിങ്ങനെ കൊണ്ടു നടക്കുന്നതെന്തിന്? ഉത്തരം കിട്ടാത്ത ആ ചോദ്യത്തിന് അവൻ പല ഉത്തരങ്ങളും കണ്ടെത്തി.തൻ്റെ പ്രണയ ഹാരം ചാർത്തിയ ഒരു പൂജാവിഗ്രഹം പോലെ മുകുന്ദൻ്റെ മനസ്സിൻ്റെ ശ്രീകോവിലിൽ അവൻ വീണയെ പ്രതിഷ്ഠിച്ചു.ഡിഗ്രി ക്ലാസ് തുടങ്ങാറായപ്പോൾ അച്ഛൻ പറയുന്നതു കേട്ടു, ഗംഗാധരേട്ടന് സ്ഥലം,മാറ്റമായെന്ന്. പിന്നീട് ജീവിതത്തിൻ്റെ വേനൽക്കാല വരൾച്ചയിൽ അവൾ, ഒരു കുഞ്ഞുറവയായി മുകുന്ദൻ്റെ മനസ്സിലവശേഷിച്ചു.
മുകുന്ദന് ജോലിയായി. വിവാഹിതനായി. പിന്നെ അച്ഛൻ്റെ മരണം. . മൂന്നാം ദിവസം ഗംഗാധരേട്ടൻ വന്നു. അമ്മയോട് കുറേ നേരം സംസാരിച്ചു. ഇറങ്ങാൻ നേരം ഒരു കാർഡ് മുകുന്ദൻ്റെ നേർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.
” എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കണ്ട “.ഗംഗാധരേട്ടൻ്റെ , അമ്മയോടുള്ള സംസാരത്തിൽ നിന്നും വീണയെ കുറിച്ചുള്ള വിവരങ്ങളെല്ലാം മനസ്സിലാക്കി.അവളും ഭർത്താവും ബാങ്കുദ്യോഗസ്ഥരാണ്. രണ്ടു പെൺകുട്ടികൾ. സുഖജീവിതം. മുകുന്ദനറിയാതെ, ആ മനസ്സ്, ഒരുവട്ടം കൂടി മനോഹരമായ ആ പ്രീഡിഗ്രി കാലത്തേക്ക് ഊളിയിട്ടു. ഒന്നു വിളിക്കണം, സംസാരിക്കണം, വല്ലാത്തൊരു മോഹം . ഒന്നിനും വേണ്ടിയല്ല, വെറുതെ, ആ പ്രീഡിഗ്രിക്കാരി ഇപ്പോഴെങ്ങനെയായിരിക്കും!
മുതിർന്ന ഒരു യുവതിയായ വീണ, സങ്കൽപിക്കാനേ കഴിയുന്നില്ല. ചിലപ്പോഴൊക്കെ ഓർമ്മകളെ മായിക്കാൻ അയാൾമദ്യത്തിലഭയം തേടി. പുകവലി ഒരു ലഹരിയായി.
” മുകുന്ദാ, ഇപ്പോഴെങ്ങനെയുണ്ട്? ” ചുമലിലൊരു കൈ തൊട്ടപ്പൊൾ മുകുന്ദൻ മെല്ലെ കണ്ണു തുറന്നു. ഡോക്ടറാണ്. പിന്നെ പതിവു പല്ലവി .സന്തോഷമായിരിക്കണം, യാതൊരു കുഴപ്പവുമില്ല, യൂ ആർ പർഫക്ട് ലി ആൾ റൈറ്റ്. പക്ഷേ ,മുകുന്ദന് നന്നായറിയാം, തൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നുവെന്ന് അവസാനമായെങ്കിലും വീണയെ അടുത്തു കാണണം, ഒന്നു സംസാരിക്കണം. എങ്ങനെ സാധിക്കും…. ആരോട് പറയും… ചിന്തകൾ കാടുകയറവെയാണ് ചേച്ചി കയറി വന്നത്. . പ്രിയ സഹോദരൻ്റെ ഈ അവസ്ഥ മാലതിയെ വല്ലാതെ തളർത്തിയട്ടുണ്ട്. ” അനിതയെവിടെ? നീ ഒറ്റയ്ക്ക് — ” കിടക്കയിലിരുന്നുകൊണ്ട് മാലതി ചോദിച്ചു. ഉത്തരം കിട്ടാഞ്ഞപ്പോൾ കൊണ്ടുവന്ന കഞ്ഞി കട്ടിലിനടിയിലേക്ക് നീക്കിവച്ചു കൊണ്ട് മാലതി മുകുന്ദൻ്റെ മുഖത്തേക്ക് നോക്കി. കൈ കൊണ്ട് അവൻ്റെ നെറ്റിയിൽ തലോടിക്കൊണ്ട് ചോദിച്ചു. ” നീ എന്താടാ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത്?” മുകുന്ദൻ ആ കൈ എടുത്ത് അവൻ്റെ രണ്ടു കൈക്കുള്ളിലും വച്ചു കൊണ്ട്, ചേച്ചിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.” എന്താടാ … പറ…. എനിക്ക് സങ്കടം വരുന്നുണ്ട്, നീ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ” മാലതി കരയാതിരിക്കാൻ പാടുപെട്ടു.
” അതേയ്… മാലേച്ചി, എനിക്ക് ….. ഒരാളെ …. ഒന്നു കാണണമായിരുന്നു ” മുകുന്ദൻ മാലതിയുടെ മുഖത്തു നോക്കാതെ പറഞ്ഞൊപ്പിച്ചു.
” ആരെയെടാ, ഞാൻ കൊണ്ടു വരാം ” മാലതി ഉടൻ പറഞ്ഞു.
” എൻറെ ബാച്ച്മേറ്റ് വീണ” ഒരു തരം നിർവികാരതയോടെ മുകുന്ദൻ പറഞ്ഞു. മാലതിക്ക് കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല. ” ശരി, ഞാൻ നോക്കട്ടെ” മാലതി മറുപടി പറയവേ, മുകുന്ദൻ്റെ കണ്ണുകളെ മയക്കം മൂടി. അർബുദത്തിൻ്റെ വേനൽച്ചൂട് ആ ശരീരത്തെ അത്ര മാത്രം തളർത്തിയിരുന്നു.
രണ്ടു ദിവസങ്ങൾക്കു ശേഷം മാലതി വന്നപ്പോൾ അവൾക്കു പിറകിലായി മറ്റൊരു സ്ത്രീ കൂടി. ” ഈശ്വരാ… സ്വപ്നമോ ! സത്യമോ? വീണ…എനിക്കു മാത്രമറിയാവുന്ന എൻ്റെ വീണ ….. മുറി നിറഞ്ഞ നിശ്ശബ്ദത. കസേര നീക്കിയിട്ട് മാലതി പറഞ്ഞു, ” വീണ ഇരിക്ക് ”
ഇരിക്കുന്നതിനിടയിൽ വീണ മുകുന്ദനെ തന്നെ നോക്കുകയായിരുന്നു. എന്തോ അവൾക്ക് വല്ലാത്ത പ്രയാസം തോന്നി. ആ ഉശിരുള്ള പ്രീഡിഗ്രിക്കാരൻ പയ്യൻ.മീശ മുളച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ . കോളേജിലെ ആദ്യ ദിവസം , ഉടുമുണ്ടുകീറി തൻ്റെ മൂക്കിലെ ചോര തുടച്ചപ്പോൾ, ആ നീണ്ട കൈവിരലിൻ്റെ ഭംഗി അവളെ വല്ലാതെയാകർഷിച്ചിരുന്നു. ഒരേ ക്ലാസിലാവുകയാണേൽ സംസാരിക്കാലോ എന്നൊക്കെ കരുതിയതാണ്. ഫസ്റ്റ് ഗ്രൂപ്പിൽ കണ്ടില്ല. പിന്നീട് കോളേജ് മൈതാനത്തിൽ വച്ച് പലതവണ കണ്ടെങ്കിലും എന്തോ ഒരു ചമ്മലായിരുന്നു, കയറി സംസാരിക്കാൻ. അച്ഛനിന്നലെ , മുകുന്ദൻ എന്ന പേര് പറഞ്ഞപ്പോൾ തന്നെ മുഖം മനസ്സിൽ തെളിഞ്ഞു വന്നിരുന്നു. പക്ഷേ, ഈ കാഴ്ച ഒരു വല്ലാത്ത വേദന തോന്നുന്നു.
” എടാ, നീയല്ലേ, വീണയോട് സംസാരിക്കണമെന്ന് പറഞ്ഞത്. എന്നിട്ടിപ്പോൾ, മിണ്ടാതിരിക്കുന്നോ? നിങ്ങൾ സംസാരിക്ക്. ഞാൻ അനിതയെ നോക്കട്ടെ, ഫാർമസിയിൽ തിരക്കാണെന്ന് തോന്നുന്നു ”
മാലതി അതും പറഞ്ഞ് പുറത്തേക്കിറങ്ങി.
മുകുന്ദൻ വീണയെ ആകെയൊന്നു നോക്കി. അയാൾക്ക് വിറയലോ, പരിഭ്രമമോ ഒന്നും തോന്നിയില്ല. വേഷം, സാരിയായതൊഴിച്ചാൽ പറയത്തക്ക മാറ്റമൊന്നും വീണയ്ക്ക് സംഭവിച്ചിട്ടില്ല. മുഖമൊന്നു കൂടി തുടുത്ത് സുന്ദരിയായിരിക്കുന്നു. രണ്ടു കുട്ടികളുടെ അമ്മയാണെന്ന് ശരീരം കണ്ടാൽ തോന്നുകയേയില്ല.
” മുകുന്ദനെന്താ ഇങ്ങനെ നോക്കുന്നത്? ഇപ്പോഴെങ്ങനെയുണ്ട്?” വീണ അവളുടെ കൈ മുകന്ദൻ്റെ നെറ്റിയിൽ പതിയെ വച്ചു കൊണ്ട് ചോദിച്ചു.
ഏതോ സ്വർഗലോകത്തിലെന്ന പോലെ മുകുന്ദൻ ആ കൈ, തൻ്റെ രണ്ടു കൈകൾ കൊണ്ടും അമർത്തിപ്പിടിച്ചു. അയാളുടെ രണ്ടു കണ്ണുകളും വേനൽമഴ പോലെ പെയ്തൊഴിയാൻ തുടങ്ങി. മുകുന്ദൻ പതിയെ പറഞ്ഞു.
” ഇപ്പോഴെൻ്റെ മുന്നിൽ നിൽക്കുന്നത് ബാങ്കുദ്യോഗസ്ഥയായ ഈ വീണയല്ല. ഇളം നീല പാവാടയും ബ്ലൗസും ധരിച്ച ആ പഴയ പ്രീ ഡിഗ്രിക്കാരി വീണയാണ്.”
” എന്നെ ഇത്രയൊക്കെ ഓർമ്മിക്കാൻ …..” നിറഞ്ഞ കണ്ണുകളോടെ വീണ ചോദിച്ചു.
” അതൊക്കെ ഞാൻ പറഞ്ഞാൽ നീ ഞെട്ടും, നിനക്ക് ബുയിമുട്ടായോ ഈ വരവ്? ഇനി എനിക്ക് കാണാൻ പറ്റിയില്ലെങ്കിലോ എന്ന ഭയം കൊണ്ടാണ് .” മുകുന്ദൻ പറയാനുള്ളതൊക്കെ വീണയോട് പറഞ്ഞു. ഏതോ ഒരു മുജ്ജന്മബന്ധം പോലെ രണ്ടു പേരും ഒരുപാടു നേരം സംസാരിച്ചു.
” ഇനി ഞാൻ പോട്ടെ, സമയം വൈകി. ” വീണ യാത്ര പറയാനൊരുങ്ങി എഴുന്നേറ്റു.
മുകുന്ദൻ ആ കൈകളിൽ പിടിച്ച് പറഞ്ഞു.
” വീണാ, ഇനി ഒരു പക്ഷേ നമ്മൾ കാണില്ല. അതു കൊണ്ട് എൻ്റെ ഈ നെറ്റിയിൽ ….. ”
വീണ രണ്ടാമതൊന്ന് ആലോചിക്കാതെ കുനിഞ്ഞ് മുകുന്ദൻ്റെ നെറ്റിയിൽ പതിയെ ഉമ്മ വച്ചു. പിന്നെ കണ്ണുനീർ തുടച്ച് തിരിഞ്ഞു നടന്നു.
സ്വപ്ന സാഫല്യമേകിയ അസുലഭ നിർവൃതിയിൽ മുകുന്ദൻ്റെ ശരീരം , വൈദ്യശാസ്ത്രം അന്നേവരെ കണ്ടു പിടിച്ചിട്ടില്ലാത്ത ഊർജദായനിയുടെ ഊഷ്മളതയിൽ മുങ്ങിനിവരുകയായിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ഡോക്ടർമാരെ പോലും അദ്ഭുതപ്പെടുത്തി കൊണ്ട്, മുകുന്ദൻ്റെ ആരോഗ്യം മെച്ചപ്പെടാൻ തുടങ്ങി.
” ടോ.. താൻ ഭാഗ്യവാനാ, ഇങ്ങനെ പോയാൽ ഒരാഴ്ചക്കുള്ളിൽ തനിക്ക് വീട്ടിൽ പോകാം. പിന്നൊരു കാര്യം, പഴയ ദുശ്ശീലങ്ങളൊന്നും ഇനി വേണ്ട” .ഡോക്ടർ പറഞ്ഞു.
” ഇല്ല ഡോക്ടർ , അതൊക്കെ ഞാനുപേക്ഷിച്ചു. ” മുകുന്ദൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ‘ ഇനി എനിക്ക് ജീവിതം തന്നെ ലഹരിയാണ്. അവളുള്ള ഈ ലോകത്തിൽ ജീവിച്ചിരിക്കുക എന്നതു തന്നെ ഭാഗ്യമല്ലേ…,
ആശുപത്രീന്ന് ഇറങ്ങിയാലുടൻ വീണയുടെ നമ്പർ സംഘടിപ്പിക്കണം . ഇടയ്ക്ക് ആ ശബ്ദമെങ്കിലും കേൾക്കാമല്ലോ ‘ മുകുന്ദൻ തീരുമാനിച്ചു.
ഒരാഴ്ച തികയുന്നതിനു മുൻപേ തന്നെ മുകുന്ദൻ ആശുപത്രി വിട്ടു. മാലേച്ചിയുടെ മകൻ കാറുമായി എത്തിയിരുന്നു. അനിത കാറിലേക്ക് സാധനങ്ങൾ കയറ്റുന്ന തിരക്കിലായിരുന്നു. മുകുന്ദൻ മാലതിയോട് പതുക്കെ ചോദിച്ചു. ” ചേച്ചി വീണയെ കണ്ടിരുന്നോ? എനിക്കവളുടെ നമ്പർ വേണമായിരുന്നു ”
മാലതി ഒരു നടുക്കത്തോടെ മുകുന്ദൻ്റെ നേർക്കു നോക്കി. ” നീ അറിയണ്ട എന്നു കരുതി തന്നെയാ പറയാതിരുന്നത്. അന്ന് ആശുപത്രിയിൽ നിന്നു മടങ്ങവെ ,അവൾ ഒരു അപകടത്തിൽ പെട്ടു . എന്തോ ആലോചിച്ച് , അശ്രദ്ധമായി റോഡിനു കുറുകെ നടക്കുകയായിരുന്നു എന്നൊക്കെ ആൾക്കാർ പറയുന്നതു കേട്ടു . അപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നു.
പിന്നീട് പറഞ്ഞതൊന്നും മുകുന്ദൻ കേട്ടില്ല. മീനമാസത്തിലെ കൊടുംവേനലിൽ അയാൾ നിന്നുരുകി…… മുകുന്ദൻ്റെ മനസും വെയിലിൻ്റെ ചൂടും ആളിക്കത്തി…