നിലാവുള്ള രാത്രിയിൽ

 

 

 

വിവർത്തകൻ : വി. രവികുമാർ
.

വി. രവികുമാർ വിവർത്തനം നടത്തിയ 13 ക്‌ളാസ്സിക് പ്രണയകഥകളുടെ സമാഹാരമാണ് “നിലാവുള്ള രാത്രിയിൽ”. ജർമ്മൻ കവിയായ ജോർജ്ജ് ഹെയിം, ആന്റൺ ചെക്കോവ്, മോപ്പസാങ്ങ്, മാക്സിം ഗോർക്കി, അൽഫോൺസ് ദോദെ ,  സ്റ്റെഫാൻ സ്വെയ്‌ഗ്‌, ക്ളാരിസ് ലിസ്പെക്റ്റർ, ഐസക് ബാഷെവിസ്, സിംഗർ, ഓസ്കാർ വൈൽഡ് ,ഒക്ടേവിയോ പാസ്, ഇവാൻ ബുനിൻ എന്നീ ലോക പ്രശസ്‌തരായ 11 എഴുത്തുകാരുടെ പ്രണയകഥകളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഓരോ കഥകളും ഒന്നിനൊന്ന് വ്യത്യസ്തതമായ വായന അനുഭവം സമ്മാനിക്കുന്നു.
അവയിൽ ചിലത് മാത്രം പരിചയപ്പെടുത്താം.
ചെക്കോവിന്റെ “നാടകം കഴിഞ്ഞ്” – ദൃശ്യ മാധ്യമങ്ങൾ ഏതു വിധമൊക്കെ അതാസ്വദിക്കുന്നവരുടെ ചിന്തകളെ സ്വാധീനിക്കാം എന്ന് പരോക്ഷമായി പ്രസ്താവിക്കുന്നുണ്ട്. നാദിയ സെലേനിനും അമ്മയും    “യെവ്ജെനി ഒനെയ്ഗിൻ” എന്ന പുഷ്കിൻ നാടകം കണ്ടു വീട്ടിലെത്തിയതിന് ശേഷം, നാദിയ നാടകത്തിലെ നായിക താത്യാന നായകന് എഴുതിയതിന് സമാനമായി    ഒരു കത്തെഴുതാൻ തുടങ്ങുന്നു. ആ കത്തെഴുതുന്നതിനിടയിൽ നാടകത്തിലെ കഥാതന്തുവിലെപോലെ തൻ്റെ ജീവിതത്തിൽ തന്നോട് പ്രേമാഭ്യർത്ഥന നടത്തിയ ചെറുപ്പക്കാരെ ഓർമ്മിക്കുകയും അവരുമായുള്ള കൂടിക്കാഴ്ചകൾ ഓർമ്മിക്കുകയും  അവരുമായി ഇനിയും വരാനിരിക്കുന്ന കൂടിക്കാഴ്ചകൾ സങ്കല്പിക്കുകയും ചെയ്യുന്നതാണ് കഥ. കൗമാരക്കാരിയുടെ സ്വപ്നസങ്കല്പങ്ങളും ചെറുചീന്തുകളും ആണ് കഥാസാരം.
ചെക്കോവിന്റെ തന്നെ മറ്റൊരു കഥയായ “പ്രേമം” പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ പ്രേമത്തിലായ വ്യക്തി താൻ പ്രേമിക്കുന്ന പെൺകുട്ടിയ്ക്ക് ഒരു പ്രേമലേഖനമെഴുതാൻ എടുക്കുന്ന ശ്രമങ്ങൾ, പ്രേമത്തിലായിരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ചപലതകൾ എന്നിവ വിവരിച്ചിരിക്കുന്നു. പ്രേമത്തിലായിരിക്കുമ്പോൾ നായകന് ഉണ്ടായിരുന്ന ഒരു ചപലതകളും നായികയായ സാഷയ്ക്കുണ്ടായിരുന്നില്ല. നായകൻ, ചെറുപ്പക്കാരിയായ നായികയിൽ നിന്നും പ്രതീക്ഷിക്കുന്ന ഊഷ്മളമായ പ്രതികരണമല്ല മറിച്ച് വളരെ തണുത്ത പ്രതികരണമാണ് സാഷയിൽ നിന്നും നായകന് ലഭിക്കുന്നത്.
“ഞാൻ പറഞ്ഞതൊക്കെ ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നെങ്കിലും അവളുടെ മനസ്സ് മറ്റെവിടെയോ ആണെന്ന് വൈകാതെ എനിയ്ക്ക് പിടി കിട്ടി” അതായത്, നായകനെപ്പോലെ ആവേശവും ആകാശക്കോട്ടകളുമല്ല സാഷയെ ഭരിക്കുന്നതെന്നും സാഷ വളരെ പ്രായോഗിക ചിന്താഗതിയുള്ള പ്രേമം തലയ്ക്ക് പിടിക്കാത്ത പെൺകുട്ടിയാണെന്നും തുടർന്നുള്ള കഥയിൽ നിന്നും വായനക്കാർക്ക് മനസ്സിലാവുന്നു.
വിവർത്തനത്തിനായി വിവർത്തകൻ എത്ര ശ്രദ്ധയോടെയാണ് കഥകൾ തിരഞ്ഞെടുത്തതെന്ന് ഇത്തരത്തിൽ ഓരോ കഥകളും നമുക്ക് കാണിച്ചു തരുന്നുണ്ട്.
പ്രണയത്തിന്റെ പല മുഖങ്ങളും, പ്രേമം ചിലപ്പോഴൊക്കെ മൃദുല വികാരം എന്നതിനപ്പുറം അധീനതയിലാക്കാനുള്ള വ്യഗ്രതയുള്ളതും  ഭ്രാന്തിനോളം നീങ്ങുന്നതുമാണ് എന്ന് വിവരിക്കുന്ന മോപ്പസാങ്ങിൻ്റെ കഥ – “ഞാൻ ഭ്രാന്തനാണോ”, ആസക്തിയിൽ നിന്നുയർന്ന ആസുരഭാവത്തിൻ്റെ അങ്ങേയറ്റമാണ് ഈ കഥയിൽ പ്രകടമാകുന്നത്. അതിനാൽ തന്നെ വളരെ സമകാലിക പ്രസക്തിയുള്ള കഥയാണ് ഇത്.
“നിലാവുള്ള രാത്രിയിൽ” എന്ന മോപ്പസാങ്ങിൻ്റെ കഥയിലെ പ്രധാന കഥാപാത്രം      ആബി എന്ന വികാരിയച്ചനാണ്. ആ വികാരിയച്ചന്റെ വ്യത്യസ്തമായ നിലപാടുകളാണ് കഥയിൽ വിവരിച്ചിരിക്കുന്നത്. “സ്ത്രീയെ എനിക്കും നിനക്കും തമ്മിലെന്ത്” എന്ന ക്രിസ്തുവിന്റെ ചോദ്യത്തിന് ആബി കണ്ടെത്തിയ ആശ്വാസം ദൈവത്തിന് തൻ്റെ സൃഷ്ടികളിൽ തൃപ്തികരമല്ലാത്തത് സ്ത്രീയാണ് എന്ന വിചിത്ര ന്യായമായിരുന്നു. അദ്ദേഹത്തിന് സ്ത്രീകളുടെ സ്നേഹം, ആർദ്രത എന്നിവ ഭയമായിരുന്നു. അങ്ങിനെയിരിക്കെ സ്വന്തം മരുമകളുടെ പ്രേമബന്ധം അറിയാനിട വരികയും അതിൽ നിന്നും പിന്മാറാൻ അവളെ ഉപദേശിക്കേണ്ടതിനായി നിലാവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന രാവിലേയ്ക്ക് ഇറങ്ങുകയും ചെയ്യുന്നു. എന്നാൽ നിലാവിൽ മുങ്ങി നിൽക്കുന്ന നിശയുടെ ലാവണ്യത്തിൽ ആമഗ്നനാകുന്ന വികാരിയച്ചന് മനം മാറ്റമുണ്ടാകുന്നു. ദൈവം ഇത്തരം രാത്രികളെ സൃഷ്ടിച്ചിരിക്കുന്നത് കമിതാക്കൾക്ക് വേണ്ടിയാണ് എന്ന നിഗമനത്തിലെത്തുന്ന ആബി ഉപദേശിക്കാതെ തിരിച്ചു നടക്കുന്നു. എഴുത്തിന്റെ, വാക്കുകളുടെ, കൈയടക്കത്തിന്റെ, ഭംഗി ആവോളമുള്ള കഥ.
അൽഫോൺസ് ദോദെയുടെ “ആർലെക്കാരി “പ്രേമത്തിൽ അകപ്പെട്ടു നിസ്സഹായനാകുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്നു.
മാക്സിം ഗോർക്കിയുടെ -“കാമുകൻ”- ചിന്തനീയമായ കഥ, തിരക്കുള്ള നഗരങ്ങളിൽ ജീവിക്കുന്ന നഗരത്തിനേക്കാൾ പരുപരുത്ത, തിരക്കുള്ള ജീവിതം തിങ്ങിപ്പാർക്കുന്ന തെരുവീഥികളിൽ നയിക്കുന്നതിനിടയിലും  ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുണ്ട്. ഗൗരവമുള്ള മുഖവുമായി കടുത്ത സംഘർഷഭരിതമായ ജീവിതം ഏകാന്തമായി ജീവിക്കേണ്ടി വരുമ്പോൾ ഒരു താങ്ങ്, ഒരു തണൽ, ഇല്ലാതാകുമ്പോൾ സ്വയം ആശ്വസിക്കാൻ ഒരു കാമുകനെ സൃഷ്ടിക്കുന്നു. ഇല്ലാത്ത ആ കാമുകന്റെ ചുമലുകളിൽ സംഘർഷങ്ങൾ ചാരി വയ്ക്കാൻ ശ്രമിക്കുന്ന നായിക -“തെരേസ” മറക്കാനാവാത്ത നോവായി.

മികവുറ്റ വ്യത്യസ്തമായ പ്രേമ പശ്ചാത്തലങ്ങളും വിചിത്രമായ പ്രേമവും ഉൾക്കൊള്ളുന്ന വിശ്വവിഖ്യാദരായ എഴുത്തുകാരുടെ കഥകൾ വിവർത്തകൻ തിരഞ്ഞെടുത്തത് പ്രശംസനാർഹമാണ്. ഗൗരവമേറിയ ഒരു വായനാനുഭവം നൽകുന്ന പുസ്തകമാണ് ഇത്.

പബ്ലിഷിങ് ഐവറി ബുക്സ്
വില 150 രൂപ

കുറിപ്പിന് കടപ്പാട് :
ദിവ്യ ബോസ് അശ്വനി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English