ഒരു സായന്തനത്തിന്‍റെ ഓർമ്മ

സായന്തനക്കാറ്റ് വീശിത്തണുക്കയായ്
സന്ധ്യയോ പകലിനെ അനുയാത്ര ചെയ്കയായ്
പഴയൊരാ കടവിന്‍റെ, പടവിലിരുന്നു നാം
പൊയ്പോയ കാലത്തി,നോർമ്മകൾ തിരയവെ,
കാലുകള്‍ ചുംബിച്ചു നീങ്ങുന്നൊരലകൾ പോൽ
കാലപ്രവാഹിനി തഴുകി നീങ്ങീടവെ,
മുഗ്ദ്ധമാം മന്ദഹാസത്തോടെ മിഴിയിലെ
കൗതുകത്തിരികളിൽ എണ്ണയിറ്റിച്ചു നീ,
ഭദ്രേ…മധുരമായ് എന്നോടു  ചോദിപ്പു:
“ഇനിയൊരു ജന്മമുണ്ടെങ്കിൽ ആരാകുവാൻ
മോഹമെന്നോതുമോ, വെറുതെയൊന്നറിയുവാൻ?”
ജീവിതസായന്തനത്തിലും കുസൃതി തൻ
തളിരിലകൾ നിന്നിൽ തളിർക്കുന്നതറിയവെ
ഒരു ചിരി വീണ്ടുമെന്‍ ചുണ്ടില്‍ പടരുന്നു,
അതുകണ്ടു പരിഭവം നീ നടിച്ചീടുന്നു!
ഒഴുകുമാ പുഴ നോക്കി ഞാന്‍ പറഞ്ഞീടുന്നു,
“ഇനിയൊരു ജന്മമുണ്ടെങ്കിലീ മണ്ണിലൊരു
പുഴയായ് ജനിക്കുവാൻ മോഹമുണ്ടെന്നുള്ളിൽ”
കേൾക്കവെ നിൻ മിഴികൾ വിടരുന്നു,പിന്നെയും
കേൾക്കുവാൻ കാതോർത്തു നീയിരുന്നീടുന്നു.
തുടരുന്നു ഞാന്‍ വീണ്ടു,മൊട്ടു വാചാലനായ്.
ഒരു പുഴയാകുവാൻ ഒഴുകി പരക്കുവാൻ,
ഇരുകരകളെ മെല്ലെ തൊട്ടുണർത്തീടുവാൻ,
ഇരുളിലാ പുളിനങ്ങൾ തഴുകിയുറക്കുവാൻ,
വരളുന്ന ചുണ്ടിന്നു ദാഹനീരേകുവാൻ ,
മണ്ണിൻ കിടാത്തനും, കന്നിൻ കിടാവിനും
ജലകേളിയാടാൻ, രസിച്ചു മദിക്കുവാൻ,
ചാലു കീറുന്ന കൈകൾക്ക് നൽകുവാൻ
ഹരിതഭംഗി തൻ ഉടയാട നെയ്യുവാൻ,
ആരുമില്ലാത്തവർ അഭയം തേടുന്നൊരാഴ-
മാകുവാൻ, അഴലേറ്റു വാങ്ങുവാൻ,
ചിതയെരിഞ്ഞതിൻ ശേഷ,മനാഥമായ്
ചിതറിടും ശിഷ്ടം നെഞ്ചോടു ചേർക്കുവാൻ,
മലിനമാക്കപ്പെടുമ്പൊഴും പിന്നെയും
ഒഴുകിയൊഴുകി സ്ഫുടം ചെയ്തെടുക്കുവാൻ,
ഒരു പുഴയായ് ജനിക്കാന്‍ കൊതിപ്പു ഞാന്‍,
തടകൾ താണ്ടി കുതിക്കാൻ കൊതിപ്പു ഞാന്‍.
നെടിയ നിശ്വാസമോടെ ഞാൻ നിർത്തവെ,
മിഴി നിറഞ്ഞതെന്തിനായ് പ്രിയസഖി?
“ഏതു കരകൾ പുണർന്നൊഴുകീടിലും,
കടലു തേടുന്ന പുഴ മാത്രമാണു ഞാന്‍.
എന്നുമെന്നും നിന്നിലേയ്ക്കനസ്യൂതം
ഒഴുകിയെത്തുന്ന പുഴ മാത്രമാണു ഞാൻ.
എന്‍റെ യാത്രകൾ നിന്നിലേയ്ക്കണയുവാൻ,
എന്‍റെ യാത്രകള്‍ നിന്നിൽ വീണലിയുവാൻ.”
തെല്ലു നനവാർന്ന കവിളിണ തുടച്ചു നീ
മെല്ലെയെൻ നേർക്കു മിഴികൾ പായിക്കുന്നു.
പിന്നെയെൻ തോളിൽ തലചായ്ച്ചിടുന്നു നീ,
പിന്നെയേർത്തിടുന്നെന്തോ ചിരിക്കുന്നു.
വാഴ്വതിൻ ലഹരി നിറയുന്ന നമ്മളെ
നോക്കിടുന്നു പുഴ മുന്നോട്ടു നീങ്ങുന്നു,
കടലു തേടി കുതിച്ചു പാഞ്ഞീടുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English