സമ്മേളനം ഉടനെ തുടങ്ങും..

 


രാവിലെ വീട്ടിലേക്ക് കയറി വരുന്ന അതിഥികളെ ദൂരെ നിന്ന് നോക്കിയപ്പോഴേ പേടി തോന്നാതിരുന്നില്ല.എതോ പിരിവുകാരാണെന്ന് തോന്നുന്നു.’’നമസ്ക്കാരം,സാറേ,ഞങ്ങളോർത്തു,രാവിലെ സാറ് പൊയ്ക്കാണുമെന്ന്.
നേരത്തെ അറിയിച്ചിരുന്നെങ്കിൽ എവിടെയെങ്കിലും പോകാമായിരുന്നു.ഇത് ഇനി എവിടെ പോകാനാ..എന്ന് ഞാൻ മനസ്സിൽ ഓർത്തു.
‘’സാറിന് ഞങ്ങളെ മനസ്സിലായില്ലെന്ന് തോന്നുന്നു.ഞങ്ങൾ ഇവിടുത്തെ വഴിപാട് ആർട്സ് ആന്റ് സ്പോർട്സ് ക്ളബ്ബിന്റെ ഭാരവാഹികളാണ്,,കോവിഡ് കാരണം കുറച്ചു വൈകിപ്പോയെങ്കിലും ഇത്തവണയും ക്ളബ്ബിന്റെ വാർഷികം പൂർവ്വാധികം ഭംഗിയായി നടത്താൻ തീരുമാനിച്ച വിവരം സാർ അറിഞ്ഞു കാണുമല്ലോ?’’
കഷ്ടമെന്ന് പറഞ്ഞാൽ മതി ഇതൊന്നും ഞാനറിഞ്ഞില്ല.
‘’അല്ല,ഈ കോവിഡിന്റെ സമയത്ത് എങ്ങനെയാണ് സമ്മേളനം നടത്തുക.?’’
ഞാൻ സംശയം ചോദിച്ചു.
‘’അത്,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും സാറേ സമ്മേളനവും മറ്റു പരിപാടികളും നടത്തുക..’’ ഒരു ഭാരവാഹി വിശദീകരിച്ചു.
‘’സാറ്` തന്നെ ഇത്തവണത്തെ സാംസ്ക്കാരിക സമ്മേളനം ഉൽഘാടനം ചെയ്യണമെന്ന് കമ്മറ്റിക്കാർക്കെല്ലാം ഒരേ വാശി..’’ ഉപകാര്യ ദർശി പറഞ്ഞപ്പോൾ ഞാനോർത്തു.എത്ര നാളായി പൂർവ്വാധികം ഭംഗിയായി വാർഷികം നടത്തുന്നു,അപ്പോഴൊന്നും തോന്നാത്ത വാശി ഇപ്പോൾ തോന്നാൻ കാരണമെന്തായിരിക്കും?
സമയത്ത് വേറെ ആരെയെങ്കിലും കിട്ടാത്തതു കൊണ്ടായിരിക്കും.’’അതോടൊപ്പം കമ്മറ്റി മറ്റൊരു തീരുമാനവും എടുത്തിട്ടുണ്ട്,ഈ വർഷത്തെ സമ്മേളന പിരിവ് സാറിനെ കൊണ്ട് തന്നെ ഉൽഘാടനം ചെയ്യിക്കണമെന്ന്..’’ സഹകാര്യദർശി ആ രഹസ്യവും വെളിപ്പെടുത്തി..അതു കേട്ടപ്പോൾ എനിക്കു തന്നെ ഒരു സംശയം,അത്രയ്ക്ക് പ്രധാനപ്പെട്ട ഒരു വ്യക്തിയാണോ ഞാൻ?
‘’കാശിന്റെ കാര്യമോർത്താണെങ്കിൽ സാറ് വിഷമിക്കണ്ട,പിന്നെ തന്നാലും മതി..’’ ഞാൻ ഒന്നും മിണ്ടാതിരുന്നതു കണ്ടാകാം മുഖ്യകാര്യദർശി എന്നെ സമാധാനിപ്പിച്ചു.ഇതിനകം എത്ര പേരെക്കൊണ്ട് പിരിവ് ഉൽഘാടനം ചെയ്യിച്ചുവെന്നും ഇനി എത്ര പേരെക്കൊണ്ട് ചെയ്യിക്കാനിരിക്കുന്നുവെന്നും കമ്മറ്റിക്കാർക്ക് മാത്രമറിയാവുന്ന രഹസ്യം.ഉൽഘാടനമാകുമ്പോൾ നൂറ് കൊടുക്കാൻ വിചാരിച്ചിരുന്നയാൾ അഞ്ഞൂറെങ്കിലും കൊടുക്കുമല്ലോ?
‘’ശരി സാറേ,അപ്പോൾ എല്ലാം പറഞ്ഞതു പോലെ.,ഞങ്ങളിറങ്ങുന്നു,നോട്ടീസ് താമസിയാതെ എത്തിക്കാം..’’കാര്യദർശിമാർ യാത്ര പറഞ്ഞിറങ്ങി.അവർ പോയി അധികം കഴിയുന്നതിനു മുമ്പ് തന്നെ ഞാൻ സാംസ്ക്കാരിക സമ്മേളന ഉൽഘാടനത്തിന്റെ റിഹേഴ്സൽ ആരംഭിച്ചു.നാട്ടിലെ ആദ്യ പരിപാടിയാണ്.ഇത് കലക്കിയാലേ ഇനിയും ആരെങ്കിലും വിളിക്കൂ.ഭാര്യയും മക്കളുമായിരുന്നു ശ്രോതാക്കൾ.അവർ മിണ്ടാതെയിരുന്നു കേട്ടത് ഇതു കേൾക്കാനിരിക്കുന്ന ശ്രോതാക്കളുടെ അവസ്ഥ ഓർത്തു നോക്കുമ്പോൾ ഇതെത്ര ഭേദം എന്നോർത്താവാം…
സമ്മേളനദിവസം കുടുംബ സമേതം കാലെ കൂട്ടി സമ്മേളന സ്ഥലത്തെത്തി. ഓഡിറ്റോറിയത്തിനകത്തെ വഴിപാട് നഗറിൽ വൻ ജനക്കൂട്ടം. കോവിഡ് മാനദണ്ഡം പാലിക്കുമെന്നൊക്കെ പറഞ്ഞെങ്കിലും സമ്മേളന നഗരിയിൽ അതൊന്നും കാണാനില്ല.അതിഥിയായി വരുന്ന സിനിമാതാരത്തെയും സമ്മേളനം കഴിഞ്ഞുള്ള മിമിക്രിയും കാണാനാണ് ആളുകൾ വന്നിരിക്കുന്നതെങ്കിലും എന്റെ പ്രസംഗം കൂടി കേൾക്കാനാണെന്ന ഭാവത്തിൽ തലയുയർത്തി ഞാൻ ജനക്കൂട്ടത്തെയൊന്ന് വീക്ഷിച്ചു.
ആറുമണി പറഞ്ഞത് ഏഴായി,എട്ടായി..ഇനിയും സമ്മേളനം തുടങ്ങുന്ന ഒരു ലക്ഷണവും കാണുന്നില്ല.സമ്മാന ദാനം നിവ്വഹിക്കേണ്ട സിനിമാ താരത്തെയും കാത്തിരിക്കുകയാണ് സംഘാടകർ.ഇടയ്ക്കിടയ്ക്ക് സമ്മേളനം ഉടനെ തുടങ്ങും എന്ന അറിയിപ്പ് മുറ തെറ്റാതെ മുഴങ്ങുന്നുമുണ്ട്.അപ്പോഴൊക്കെ സദസ്യരുടെ വക കൂവലും.ഏതായാലും പറഞ്ഞ് പറഞ്ഞ് ഒൻപത് മണിയോടെ മഹത്തായ സമ്മേളനം ആരംഭിച്ചു.ഉദ്ഘാടകനായ ഞാനും അദ്ധ്യക്ഷനായ ക്ളബ്ബ് പ്രസിഡന്റും മാത്രം.സിനിമാ താരമുൾപ്പെടെ ആരും വന്നിട്ടില്ല.
‘’അനാമിക എവിടേടാ’’ എന്നും’’സമ്മേളനം വേണ്ട,മിമിക്രി മതി എന്നുമൊക്കെ സദസ്സിൽ നിന്നും വിളിച്ച് പറയുന്നതു കേട്ടപ്പോൾ സംഗതി അത്ര പന്തിയല്ലെന്ന് കണ്ട് മുഖ്യകാര്യ ദർശി വന്ന് ചെവിയിൽ മന്ത്രിച്ചു.’’സാറേ,അധികം പ്രസംഗമൊന്നും വേണ്ട,പേരിന് എന്തെങ്കിലും പറഞ്ഞാൽ മതി,’’മിമിക്സ് ഡ്രാക്കുള’’ക്കാർക്ക് ഇതു കഴിഞ്ഞ് വേറെ പ്രോഗ്രാമുള്ളതാ.അതുമല്ല കോവിഡ് കാരണം പരിപാടി അധികം നീട്ടിക്കൊണ്ടു പോകാനും കഴിയില്ല..’’
രണ്ടാഴ്ച്ച ഉൽഘാടന പ്രസംഗത്തിന്റെ റിഹേഴ്സൽ നടത്തിയതിന്റെ വിഷമം മറച്ചു വെച്ച് ഞാൻ സമ്മതിച്ചു.ആരും സമ്മതിച്ചു പോകും.സമ്മേളനം ആരംഭിക്കുകയായി എന്ന് കാര്യദർശി പറഞ്ഞു തീർന്നില്ല കൂവൽ ഉയർന്നു.’’പ്രിയപ്പെട്ട നാട്ടുകാരെ’എന്ന് ഞാൻ പറഞ്ഞു തുടങ്ങിയത് അതിശക്തമായ ആരവം കാരണം കേൾക്കാൻ കഴിഞ്ഞില്ല.ഒന്നു രണ്ടു വാക്കുകളിൽ ഞാൻ ഉൽഘാടനം നിർവ്വഹിച്ചു.സമ്മേളനം അവസാനിച്ചതായി അദ്ധ്യക്ഷനവർകൾ പ്രഖ്യാപിച്ചു.അപ്പോഴാണ് കൂവലൊന്ന് ശമിച്ചത്.സാംസ്ക്കാരിക സമ്മേളനമായാൽ ഇങ്ങനെ വേണമെന്ന് വിചാരിച്ചു കൊണ്ട് ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങി.
കോവിഡ് നിയന്ത്രണം കാരണം വരുന്നില്ലെന്ന് പറഞ്ഞിട്ടും ഉൽഘാടന പ്രസംഗം കേൾക്കാൻ നിർബന്ധിച്ച് കൂട്ടിക്കൊണ്ട് വന്ന ഭാര്യയുടെയും മക്കളുടെയും മുഖത്ത് നോക്കാനുള്ള ജാള്യതയോടെ ഞാൻ പറഞ്ഞു.’’എന്നാൽ നമുക്ക് പോകാം..’’ മാസ്ക്കുള്ളതു കൊണ്ട് നമ്മുടെ മുഖത്തെ ഭാവമാറ്റങ്ങൾ ആരും കാണില്ലെന്നത് ഏതായാലും വലിയ ആശ്വാസം തന്നെ.
‘’ഏതായാലും വന്നതല്ലേ,ഇനി മിമിക്സ് കഴിഞ്ഞിട്ട് പോകാം,,’’മക്കൾ ഒറ്റക്കെട്ടായി പറഞ്ഞു.അങ്ങനെയെങ്കിൽ അങ്ങനെ എന്ന മട്ടിൽ ഈ പാവം ഉൽഘാടകൻ ഇരിക്കുമ്പോൾ വഴിപാട് നഗറിൽ അനൗൺസ്മെന്റ് മുഴങ്ങി,’’നിങ്ങളേവരും പ്രതീക്ഷിച്ചിരുന്ന മിമിക്സ് പരേഡ് ഉടൻ ആരംഭിക്കുന്നതാണ്..’’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎന്റുള്ളിലൊരു ഞാനുണ്ടാർന്നേ
Next articleകോവിഡ് വാക്‌സിന്‍ വിതരണത്തിനുശേഷം പൗരത്വ നിയമം നടപ്പിലാക്കും – അമിത് ഷാ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here