പൂനാവയൽ ദേശത്തു കൂനാംതടത്തിൽ തോമാതോമസ് മകൻ തോമസ്‌തോമ എന്ന തോമാ . വയസ്സ് ആമ്പതില്പരം . കൈപ്പത്തിയിൽ തൂമ്പാ തഴമ്പും ടാപ്പിംഗ് തഴമ്പും . കിളരമുള്ള ഉറച്ച ശരീരം . കട്ടി മീശ . ഇരുവശത്തും കഷണ്ടി ലേശം കയറിത്തുടങ്ങിയെങ്കിലും നര തീണ്ടാത്ത തലമുടി . വടിപ്പശയിട്ടുണക്കി ഇസ്തിരിയിട്ട വെള്ള ഷർട്ടും കാസവുകരയുള്ള മുണ്ടും പോളീഷിട്ട് മിനുക്കിയ കറുത്ത ഹാഫ് ഷൂസും ധരിച്ചു നീണ്ടു നിവർന്നു നിന്നാൽ മറ്റുളളവരുടെ ഉള്ളിലൊരു വിറ വരും. ഉത്തരങ്ങൾ പതറും .തർക്കുത്തരങ്ങളായാലും ലോഹ്യത്തിലേ ഉള്ളൂ .
പട്ടണത്തിൽ മാസവാടകയ്ക്ക് എടുത്ത കുടുസ്സുമുറിയിൽ ഉഷ്ണവും ഉൾത്താപവും സഹിക്കാതെ ഉലാത്തുന്നതിനിടയിൽ ചുമരിലെ വലിയ കണ്ണാടിക്കു മുന്നിൽ കുടുങ്ങിയ തോമാ കണ്ട പ്രതിരൂപത്തിന് മേൽപ്പറഞ്ഞ പ്രൗഢികളില്ലായിരുന്നു .
ആറു മാസത്തിനിടെയാണ് തലയ്‌ക്ക് ഇരുപുറത്തും മീശയിലും നരവീണത്. മുഖമാകെ ക്ഷോഭത്തിൻറെ അദൃശ്യമായ കോറിവരയലുകൾ.കൺ തടത്തിൽ ദൈന്യതയുടെ അതു വരെ ശ്രദ്ധിക്കാത്ത ചുളിവുകൾ. .അസഹ്യതയോടെ മാന്തിപ്പറിച്ചപ്പോൾ ചപ്പറംചിപ്രമായ തലമുടി കണ്ണാടിയിൽ കണ്ട മുഖത്തെ ഭ്രാന്തസമാനമാക്കി.
ഭ്രാന്തമായ ഒരു ടി വി പരസ്യത്തിൻറെ ആവേഗം ഗ്രസിച്ച തോമാ ഇടതു കൈയിലെ അഞ്ചു വിരലുകൾ മേശപ്പുറത്തു വിടർത്തി വച്ച് അവയ്ക്കിടയിലൂടെ വലതു കൈയിലെടുത്ത പേന അതിവേഗം
അങ്ങോട്ടുമിങ്ങോട്ടും കുത്തി .കുത്തുകളിൽ പലതും വിരലുകളിൽ കൊണ്ട് നുറുങ്ങും പോലെ നൊന്തു.
കഠാരകൊണ്ടായിരുന്നു കുത്തേണ്ടിയിരുന്നത് .
മേശയിൽ കിടന്ന കാരിരുമ്പിൻെറ കഠാരയേക്കുറിച്ച് ഓർത്തപ്പോൾ തോമായുടെ ശരീരവും മനസ്സും തളർന്നത് സ്റ്റെല്ലാകൊച്ചിനേം ജോച്ചനേം ഓർത്തിട്ടാണ് .
ഹോസ്റ്റൽ വാർഡൻൻറെ ഉഗ്രശാസന വിളക്ക് കെടുത്തിയ ഇരുളിൽ കിടയ്‌ക്കയ്‌ക്കരുകിൽ മുട്ടിന്മേൽ ഉരുകുകയായിരുന്നു സ്റ്റെല്ലാതോമസ് അപ്പോൾ .
പ്രാർത്ഥനയുടെ ബലിഷ്ഠതയ്ക്ക് മീതെ കൈത്തണ്ടയിലെ ഞരമ്പ് എഴുന്നു വന്നപ്പോൾ സ്റ്റെല്ല വിവശതയോടെ സർജിക്കൽ ബ്ലേഡ് കൊതിച്ചു . മേശയ്ക്കുള്ളിലെ പുസ്തകങ്ങളുടെ ഏറ്റുവും അടിയിൽ രണ്ടാം വർഷ നേഴ്സിങ്ങിൻെറ പാഠപുസ്തകങ്ങളിലൊന്ന് ഉള്ളിൽ ദിവസങ്ങൾക്ക് മുൻപ് സ്റ്റെല്ല ഒളിപ്പിച്ച സർജിക്കൽ ബ്ലെയിഡിനെ താളുകൾക്കിടയിൽ അടക്കിപ്പിടിച്ചു.
ജോച്ചൻ എന്ന ജോസഫ് തോമസ് ചിൻസ്‌ട്രാപ്പിൻെറ ബക്കിൾ ഇടാതെ തലയിൽ കമഴ്ത്തിയ ഹെൽമറ്റുമായി ബൈക്കിൻെറ റിയർഗ്ലാസിൽ ഇരുൾ പതിപ്പിച് വലത്തേക്ക് വെട്ടിത്തിരിഞ്ഞ് താമസസ്ഥലത്തേക്കുള്ള ഇടവഴിയിലേക്ക് പ്രവേശിച്ചു .
അന്നത്തെ പത്രത്തിലെ ദുർമരണ വൃത്താന്തങ്ങളിൽ മനസുറപ്പിച്ചിരുന്നതിനാൽ പിന്നാലെ വന്ന ഭാരവണ്ടിയുടെയും അതിനെ ഓവർ ടേക്ക് ചെയ്തു വന്ന കാറിൻെറയും ടയറുകൾ കൊടും ബ്രേക്കിൽ റോഡിൽ ഉരഞ്ഞ ഉഗ്രശകാരങ്ങൾ അയാൾ കേട്ടില്ല .
മെഡിക്കൽ റെപ്പുമാരുടെ താവളമായ ഗുളികയിൽ താൽക്കാലിക കുടിപാർപ്പ്കാരനായ ജോച്ചൻ വരവേൽപ്പൊന്നും പ്രതീക്ഷിക്കാതെ കൂടണഞ്ഞു .
നേരം നന്നേ ഇരുണ്ടു കഴിഞ്ഞിട്ടും മധ്യവയസ്സിലും താരുണ്യത്തിൻെറ തിടമ്പഴിക്കാത്ത അന്നമ്മ പരതുകയായിരുന്നു . സ്വന്തം വീടിൻെറ ഗുപ്തമെന്നു തോമസ് തോമാ കരുതിയിരുന്ന ഇടങ്ങളിൽ പരതുമ്പോൾ അന്നമ്മയിൽ ഇരുൾ ഹർഷങ്ങളുടെ ഇലെക്ട്രോഗ്രാഫ് ഭ്രമഭരിതമായി .
നല്ലപ്രായത്തിൽ വൻ നഗരത്തിലെ സുഖചികിത്സാലയത്തിൽ മധ്യവയസ്സിന് ഏതാനും വാര അപ്പുറവും വാർധ്യക്യത്തിന് ഏതാനും വാര ഇപ്പുറവും നിൽക്കുന്ന ധനാഢ്യരുടെ പേഴ്‌സണൽ നേഴ്‌സായിരുന്നപ്പോൾ അന്നമ്മ നേടിയെടുത്ത വൈദഗ്ധ്യമായിരുന്നു പരതൽ .
തിരക്കുകളിൽ നിന്ന് നൊടിയിടയുടെ ഇടവേളയിൽ മക്കളും മരുമക്കളും ചെറുമക്കളും വന്നു പിൻവാങ്ങി മുറിയിൽ ആപ്പിളും ഓറഞ്ചും എ സി യുടെ തണുപ്പിൻറെ മൃദുസ്പർശവും മാത്രമാകുമ്പോൾ അന്നമ്മയിൽ നാണത്തിൻെറയും നേരിയ പരിഭ്രമത്തിൻെറയും കൃത്യവിലോപങ്ങളുണ്ടാകും .
അപ്പോൾ പേഷ്യൻറ്റിൽ വേലിയേറ്റങ്ങൾ പല വിധം .
“മുഝേ പെശബ് കർണാ ഹെ ….പാൻ ലോ നാ ….” ഒരു എഴുപതുകാരനിൽ താന്തോന്നിത്തം പരവശപ്പെട്ടു .
ഉള്ളിൽ ഉരം വച്ചു വന്ന സർപ്പ സ്വത്വത്തെ ലോലഭാവങ്ങളുടെ ക്രീംപാക്കിലൊളിപ്പിച്ച അന്നമ്മ മലയോരത്തെ അരപ്പട്ടിണിയിൽ നിന്ന് ഉറ്റവരെ മറുകര കടത്തിയതിന് ശേഷമാണ് ഗൾഫുകാരൻ ഭർത്താവും കുഞ്ഞുമായി നാട്ടിലെത്തിയത് .
ഭർത്താവ് എന്ന അരുമമൃഗത്തെ അരൂപിയായ തമ്പുരാൻ ഏതോ വെച്ചൂട്ടിന് ഓർക്കാപ്പുറത്ത് പിടിച്ചറുത്തതിൻെറ ഏഴാം നാൾ ഒപ്പീസിന് മുൻപുള്ള പ്രാര്ഥനയ്ക് കറുത്ത സാരി തലയിൽ വലിച്ചിട്ട് മകനോടൊപ്പം മുട്ടിന്മേൽ നിന്ന അന്നമ്മയുടെ കണ്ണുകൾ അൾത്താരയുടെ വശത്തെ ഭിത്തിയിലെ നീളൻ ജാലകത്തിൻെറ ചില്ലുപാളികളുടെ നിഴൽ പടർന്നതിൽ പലപ്പോഴും അലഞ്ഞു . രണ്ടു പറവകളുടെ നിഴൽക്കുതിപ്പുകൾ ആ നിഴൽച്ചിത്രത്തിന് കുറുക്കെ പാഞ്ഞപ്പോൾ അന്നമ്മയുടെ കൺകോൺ ജാലകത്തിനു പുറത്ത് ഇലച്ചാർത്തും പൂക്കളും കാറ്റിലുലയുന്നതിലുടക്കി തിരികെ വന്നു.
സാരി അല്പം കൂടി തലയിലേക്ക് വലിച്ചിട്ട് കൈകൾ ചേർത്തു പിടിച്ച് മുഖം കുനിച്ച് മുട്ടിന്മേൽ നിന്ന അന്നമ്മയിൽ സ്വാതന്ത്ര്യത്തിൻെറ ശരത്ക്കാല സൗഭാഗങ്ങൾ പതിയെ മേളിച്ച് തുടങ്ങി.
ജീവിതത്തിൻെറ പന്തയവഴികളിലെ ചൂതാട്ടത്തിൻെറ ഹരം തിരികെ നൽകി അനുഗ്രഹിച്ച തമ്പുരാന് നന്ദിയായി അന്നമ്മയുടെ കണ്ണുകളിൽ നിന്നും അടർന്ന് വീണ സന്തോഷാശ്രുക്കളെ ദുഃഖസൂചകമെന്ന് പോഴത്തപ്പെട്ട് തൊട്ടടുത്ത് മുട്ടിന്മേൽ നിന്ന അമ്മച്ചിയും കരഞ്ഞു.
ഭാര്യ മരിച്ച് ഒരു വർഷം തികയുന്നതിനു മുമ്പേ തോമസ് തോമാ അന്നമ്മയിൽ കെട്ട് പിണഞ്ഞതും കൂടെ പാർപ്പിച്ചതും അങ്ങനെയാണ് .
മാസമുറയുടെ ശീല തെറുത്തുടുത്ത് ശീലാവതിയായി വലതുകാൽ വെച്ച് കയറിയ അന്നമ്മ രാത്രിയിൽ അഞ്ചാം ക്‌ളാസ്സുകാരൻ മകനെ കൂടെക്കി ടത്തിയപ്പം വെകിളിപിടിച്ച തോമായെ മയപ്പെടുത്തി :
“എല്ലാം തമ്പുരാൻ കണക്കൊപ്പിച്ചതാരിക്കും. മോൻ ഈ ചുറ്റുപാടുമൊക്കെയായി ഒന്ന് ഇണങ്ങട്ടെ ….പിന്നെ കുറച്ച് ദിവസം അവനെ വീട്ടിക്കൊണ്ടാക്കാം “
ഉറങ്ങിക്കിടന്ന മകൻറെ തലയിൽ അന്നമ്മ വാല്സല്യത്തോടെ തലോടുന്നത് കണ്ടപ്പോൾ അങ്ങനെയാകട്ടെ എന്ന് തോമാ പുഞ്ചിരിച്ചു .
അഞ്ചാംനാൾ ശനിയാഴ്ച അത്താഴത്തിന് സ്വന്തം വീട്ടിലെത്തിയ ജോച്ചനും സ്റ്റെല്ലയ്‍ക്കും അതിഥികളുടെ ഔപചാരികതയായിരുന്നു.
അപ്പൻെറ രണ്ടാം കെട്ടിനോട് മകളെ പൊരുത്തപ്പെടുത്താൻ അന്നമ്മ അവളോട് അമ്മയായിത്തന്നെ പെരുമാറി.ചായ കൊടുക്കുന്നതിനിടയിൽ വളരെ നേരം കോളേജിലെ വിശേഷങ്ങൾ പറയിച്ചു. അഞ്ചാം ക്‌ളാസ്സുകാരനായ പുത്തൻ കുഞ്ഞനുജനെ പഠിപ്പിക്കാനേല്പിച്ചിട്ട് അടുക്കളയിലേയ്ക്ക് പോയി. പിന്നെ കോഴിക്കറി വയ്ക്കാൻ കൂടെക്കൂട്ടി. ഇടയ്ക്ക് സ്നേഹഭാവത്തിൽ ശാസിച്ചു .
ജോച്ചന് പക്ഷേ അന്നമ്മ കരുതി വച്ചിരുന്നത് ശരീരത്തിന്റെ നിഗൂഡ സന്ദേശങ്ങളായിരുന്നു.
അല്പം വൈകിയെത്തിയ ജോച്ചന് വാതിൽ തുറന്നു കൊടുത്ത് ഹെൽമെറ്റ് കൈയിൽ വാങ്ങി കുശലം പറയുന്നതിനിടെ എന്തോ ഓർത്തിട്ടെന്നവണ്ണം പെട്ടെന്ന് അകത്തേക്ക് പോയ അന്നമ്മ തിരികെ വന്നപ്പോൾ മാറിടം മറയ്ക്കുന്ന ഷാളുണ്ടായിരുന്നു .
അമ്മയെന്ന് ഉറക്കെ പറയുമ്പോഴും അമ്മയല്ലെന്ന് പതുക്കെ മന്ത്രിക്കുന്ന പ്രതീതി .
ഇഷ്‌ടക്കേടും ജാള്യതയും മറയ്ക്കാൻ ഉല്ലാസം മേളിച്ച തീന്മേശയിൽ തോമസ് തോമാ അപ്പൻെറ അധികാരത്തോടെ അന്നമ്മയുടെ മോനോടെന്തോ പറഞ്ഞു .
“നീ പോടാ പട്ടീ “
അഞ്ചാം ക്ലാസുകാരൻെറ മറുപടിയിൽ തീൻമേശ വിറച്ചു .
തോമാ എച്ചിക്കൈ നീട്ടി ചെറുക്കൻെറ ചെവിക്ക് പിടിച്ചത് പകുതി തമാശയ്ക്കായിരുന്നെങ്കിലും അവൻ ചെവി അറ്റത് പോലെ നിലവിളിച്ചു .
“അയ്യോ ,കുഞ്ഞിൻെറ ചെവി “ഓടി വന്ന് കൊച്ചിൻെറ ചെവി തടവുമ്പോൾ അന്നമ്മയും കരഞ്ഞു തുടങ്ങിയിരുന്നു .
പ്രധിരോധത്തിലായ തോമസിൻെറയും മക്കളുടെയും ആശ്വാസവാക്കുകളെ തട്ടിത്തെറിപ്പിച്ച് അന്നമ്മ മകനെയും കൂട്ടി ഏതോ മുറിയിൽ കയറി വാതിലടച്ച് കുറ്റിയിട്ടു.
രജസ്വലതയ്ക്ക് അപ്പുറവും ഇപ്പുറവും നിന്ന് തുടങ്ങിയ തോമസ് തോമായുടെ രണ്ടാം ദാമ്പത്യം അലങ്കോലമായ തീന്മേശയുടെ ചാരത്തു നിന്നും അടഞ്ഞ കതകിനു അപ്പുറവും ഇപ്പുറവുമായി ജീവിതത്തിൻെറ കലുഷമായ കുത്തോഴുക്കിലേക്ക് പ്രവേശിച്ചു.
അന്ന് തുടങ്ങി ചാന്ദ്രമാസം ഒന്ന് തികയുന്നത്തിനു മുൻപ് രാത്രി വൈകിയെത്തി വീടിൻെറ ഗേറ്റ് തുറക്കാനാഞ്ഞ തോമായുടെ കൈ ഗേറ്റിൽ അപരിചിതമായൊരു തിളക്കം ചുറ്റിപ്പിണഞ്ഞു കിടക്കുന്നതു കണ്ടു പിൻവലിഞ്ഞു.
രണ്ടുമൂന്നാവർത്തി ചുറ്റിപ്പിണഞ്ഞ സ്റ്റീൽ ചങ്ങലയിൽ ഗേറ്ററിനുള്ളിൽ നിന്ന് പൂട്ടപ്പെട്ട ചെമ്പ് നിറമുള്ള താഴ്.
അന്നമ്മയുടെയും മകൻെറയും സ്വൈര്യജീവിതത്തിനു ഭീഷണിയാകാമെന്നതിനാൽ അന്നമ്മ ഇപ്പോൾ താമസിക്കുന്നതും അപ്പനപ്പൂപ്പന്മാർ വഴിയും സ്വന്തം അദ്ധ്വാനം വഴിയും തോമസ് തോമാ പേർക്ക് സിദധിച്ചിട്ടുള്ളതുമായ വീട്ടിലോ അതിരിക്കുന്ന രണ്ടര ഏക്കർ പറമ്പിലോ തോമസ് തോമായോ മക്കളോ പ്രവേശിക്കാൻ പാടുള്ളതല്ല.
രാത്രിയിൽ സുഹൃത്തിനൊപ്പം പരിചയക്കാരനായ വക്കീലിൻെറ വീട്ടിലിരുന്ന് തോമസ് തോമാ വിയർക്കുകയും ആരുമറിയാതെ പല്ലിറുമ്മുകയും കസേരയുടെ കൈ ഞെരിക്കുകയും ചെയ്തു.
“ പിന്നെ, ദേഹോപദ്രവം ഏല്പിച്ചെന്നും പറഞ്ഞ് അവൾ കൊടുത്ത പരാതീൽ പോലീസ് കേസ്സെടുത്തിട്ടുണ്ട് ….. ഒരാഴ്ച മുൻപ് രണ്ട് ദിവസം അന്നമ്മ ആശുപത്രീക്കിടന്നതിൻെറ രേഖയും വച്ചാ പരാതി …തല്ക്കാലം മാറി നിൽക്കുന്നതാ നല്ലത് ….”
“നടുവേദനയെന്നും പറഞ്ഞ് അവളാശൂത്രീ കെടന്നപ്പം ഞാനും മോളുമല്ലേ കൂടെ നിന്നത് ? അതിനൊക്കെ സാക്ഷികളൊണ്ടല്ലോ …”
“അതൊക്കെ വഴിയേ നോക്കാം. ഇപ്പം തടി രക്ഷിക്കാം. കൊറച്ച് കാശെറക്കേണ്ടിവരും .”
ഫീസ് എണ്ണി നോക്കി കീശയിലിട്ട് വക്കീൽ സംസാരം അവസാനിപ്പിച്ചപ്പോൾ സുഹൃത്തിനൊപ്പം ഇരുളിലേക്കിറങ്ങിയ തോമാ പിന്നെ പകൽ വെളിച്ചത്തിലേക്ക് ഇഴഞ്ഞിറങ്ങുകയേ ഉണ്ടായിട്ടുള്ളൂ.
കസ്റ്റഡി , അറസ്റ്റ് , അന്തിപ്പത്രം ,ലോക്കപ്പ് ,ജാമ്യം .
കാൽച്ചുവട്ടിലെ മണ്ണും മടിശീലയിലെ വെള്ളിയും പ്രാണൻ കളഞ്ഞും കാക്കണമെന്ന കാരണവന്മാരുടെ അനുഭവത്തെളിമയാണ് ഇതൊക്കെ തരണം ചെയ്യാൻ തുണയായത്.
വേച്ചുവേച്ച് കറകറ ശബ്ദത്തോടെ കറങ്ങിക്കൊണ്ടിരുന്ന സീലിംഗ് ഫാനിനെ പ്രാകി വിയർത്തൊലിച്ച് കിടന്ന തോമാ വല്ലാത്തോരാവേശത്തിൽ പിടഞ്ഞെണീറ്റു.
കേസിൻെറ കടലാസുകൾ മടക്കിപ്പൊതിഞ്ഞു വച്ചിരുന്ന ന്യൂസ്പേപ്പറിൻെറ മുഷിഞ്ഞ കെട്ട് മേശപ്പുറത്ത് ഇരുന്നത് തള്ളിയൊതുക്കി വച്ചിട്ട് ജഗ്ഗിലെ വെള്ളം വായിലേക്ക് കമഴ്ത്തി മനസ്സിൽ പറഞ്ഞ തെറിയുമായി കസേരയിൽ പരവശപ്പെട്ടിരുന്ന തോമാ മേശയ്ക്കുള്ളിൽ നിന്നും പ്ലാസ്റ്റിക്ക് കൂടെടുത്ത് തുറന്നു .
എട്ടിഞ്ച് നീളമുള്ള ചോര തീണ്ടിയിട്ടില്ലാത്ത കഠാരി .
ഇരുമ്പിൻെറ ഇരുൾ നിറം ഉണങ്ങിപ്പിടിച്ച ചോരക്കറയായതിൽ നീണ്ട മുടിയിഴകൾ പിണഞ്ഞു പതിഞ്ഞ് പ്രതികാരത്തിൻെറ ഉന്മാദത്രാസത്തിലേക്ക് വഴുതാൻ തുടങ്ങവേ തോമാ കഠാരി പൊതിഞ്ഞ് തിരികെ വച്ചു .
ലൈറ്റണച്ച് തിരികെ കിടക്കയിൽ വന്നു കിടന്ന് കണ്മിഴിച്ച ഇരുളിൽ ഒരു മുഖത്തിൻെറ ജലഛായ അവ്യക്തമായി ഓളം വെട്ടി.
ക്ലീൻ ഷേവ്. കട്ടിപ്പുരികം.ഭംഗിയിൽ ചീകിയൊതുക്കിയ എണ്ണക്കറുപ്പുള്ള മുടി. റബ്ബർ പാലിൻെറ ഗന്ധം മറയ്ക്കുന്ന ലോല സുഗന്ധമുള്ള പെർഫ്യൂം. ധനികതയുടെ തുടിപ്പുള്ള കവിളുകൾ .
വെയിൽ മൂത്ത് വരുന്ന നേരത്ത് കൊച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയ തക്കത്തിന് അന്നമ്മ ആ കവിളുകളിൽ അമർത്തി ചുംബിച്ചു.
“ഇതെന്നായെല്ലാമാ എഴുതി വച്ചിരിക്കുന്നേ…ഇരുപത്തഞ്ച് ലക്ഷം രൂപേം റബ്ബർ തോട്ടത്തിൻെറ പകുതീം…വെളഞ്ഞ ബുദ്ധി തന്നെ…” അന്നമ്മ ഡിജോയുടെ ദേഹത്ത് കുളിർന്നിട്ടെന്ന പോലെ മുട്ടിയുരുമ്മി.
“ഒരു മാസത്തെ ദാമ്പത്ത്യത്തിന് ഇത്രേം പോരെ?”
“വെറും ഒരു പ്രാവശ്യത്തെ ദാമ്പത്യം.” അന്നമ്മ കണ്ണുകളിൽ സത്യസന്ധതയുടെ അപാരതയോടെ ഡിജോയുടെ കണ്ണുകളിലേക്ക് നോക്കി.
കോടതിയിൽ കൊടുക്കുന്നതിന് ഡിജോ തയ്യാറാക്കി കൊണ്ടുവന്ന ഒപ്പിടാനുള്ള പേപ്പറുകളിൽ തെല്ലിട മൗനിയായി നോക്കിയിരുന്നതിനു ശേഷം അന്നമ്മ ഡിജോ ചോദിക്കാത്ത ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞു:
“കാര്യം കഴിയുമ്പം അയാൾക്ക് സർവ്വതും കീഴടക്കിയ മാതിരി ഒരു ചിരിയുണ്ട്…ആ ഇളിയുടെ കീഴേ മലന്ന് കിടക്കുമ്പം തൊലീം കൂടെ ഉരിഞ്ഞു പോകുന്നതായി തോന്നും…”
മാസങ്ങൾക്ക് ശേഷം വിദ്യാർത്ഥികളും ജോലിക്കാരുമൊക്കെ തിങ്ങിനിറഞ്ഞ നേരത്ത് ബസ്സിൽ കയറിയ തോമസ് തോമാ വമിപ്പിച്ച മദ്യഗന്ധം ആരെയൊക്കെയോ അലോസരപ്പെടുത്തി.
“എല്ലാവനും നല്ല ഘ്രാണമിടുക്കാ ….വാലുണ്ടാരുന്നേൽ പോലീസ് പട്ടിക്ക് പകരം എടുത്തേനെ ….”
ശരീരത്തിൻെറയും മനസ്സിൻെറയും മസിലുകളഴിഞ്ഞ തോമാ ചെറുചിരികൾ പലതും പുലമ്പുന്നതിനിടയിൽ ഇറങ്ങേണ്ട സ്റ്റോപ്പെത്തി. ആൾത്തിരക്കുള്ള പെരുവഴിയിൽ നിന്ന് മാറി തിരക്കില്ലാത്ത വഴിയോരത്തെ ഓടയുടെ സ്ലാബിനു മേലെ നടക്കുമ്പോഴതാ ഒരു കൗതുകവും ഇല്ലാത്ത ഒരു കാഴ്ച കൗതുകപ്പെടുത്തുന്നു .
റോഡ് സൈഡിൽ നിറയെ ഭാരവുമായി നിൽക്കുന്ന പാണ്ടി ലോറിക്ക് കീഴിലേക്ക് കരിയും ഗ്രീസുമൊക്കെ പുരണ്ട വസ്ത്രങ്ങളിട്ട ഒരാൾ നുഴഞ്ഞു കയറുന്നു.
തോമസ് തോമായുടെ ഉള്ളിൽ എവിടെ നിന്നെല്ലാമോ ത്രിമാന ചിരികൾ മുഴുങ്ങിപ്പുറപ്പെട്ടു.
ലോറിക്ക് കീഴിലെ പൊടിയും ചൂടും അസുഖകരമായ ഗന്ധവും സഹിച്ച് പണിയെടുക്കുകയായിരുന്ന മെക്കാനിക് എന്തോ ശബ്ദം കേട്ട് തല തിരിച്ചപ്പോൾ കണ്ടത് മുഖം നിറയെ ചിരിയുമായി കുനിഞ്ഞ് നോക്കുന്ന അപരിചിതനെയാണ്.
“എന്നാടാ ഉവ്വേ അവിടെ പണി ?”
“ഇതിൻെറ കെണയൊന്നു ശരിയാക്കുവാ ….പിടിച്ചിട്ടും പറിച്ചിട്ടും വരുന്നതുമില്ല… “
“എടോ പുളുന്താനേ …താനൊക്കെ ഈ കെടന്ന് പറിക്കുന്നത് വെറുതെയാ …ഞാനും താനുമൊക്കെ വെറും ഇസ്പേഡ് ഏഴാംകൂലിയാ ….ഇതവളുമാരുടെ ലോകമാ …”
മെക്കാനിക്ക് ചരിഞ്ഞ് കൈകുത്തി തല പൊക്കി തോമായുടെ മുഖത്തേക്ക് സൂക്ഷിച്ച്നോക്കി അപരിചിതത്വം ഉറപ്പിച്ചു .
തോമാ പിന്നെപ്പറഞ്ഞ നാട്ടുവർത്തമാനത്തിൽ തെറി പിശകിയപ്പോൾ ലോറിക്കടിയിൽ നിന്ന് ഉരുണ്ടിറങ്ങി വന്ന മെക്കാനിക് കോളറിന് കുത്തിപ്പിടിച്ചു .
ഓടിക്കൂടി തല്ല് തടഞ്ഞ നാട്ടുകാർ കോളറിൽ നിന്ന് പിടിവിടുവിച്ചെങ്കിലും അർഹമെന്ന് ഉള്ളിലുരുവിട്ട ശിക്ഷയ്ക്കുള്ള വെമ്പൽ തോമായെ കൊണ്ട് പിന്നെയും എന്തൊക്കെയോ പുലമ്പിച്ചു.
ആൾക്കാർ മറുവശത്തേക്ക് ഉന്തി വിട്ട തോമാ അവിടെ നിന്ന് മെക്കാനിക്കിനെ ഉച്ചത്തിൽ ശകാരിച്ചു.
സഹി കെട്ട മെക്കാനിക് എടുത്തെറിഞ്ഞ പാറക്കഷ്ണം തോമായുടെ വലതു കാലിൻെറ മടക്കിനു തന്നെ കൊണ്ടു .
റോഡരികിലെ സ്ലാബിനു മേൽ മുട്ടുകുത്തി വീണ തോമാ വലിഞ്ഞെഴുന്നേറ്റ് തിരിഞ്ഞു നോക്കാതെ മുടന്തി മുടന്തി നൂറു മീറ്റർ അകലെയുള്ള പരലോകം ബാറിൻെറ മുറ്റത്ത് അഭയം പ്രാപിച്ചു.
വിശാലമായ മുറ്റത്തിന് മീതെ ഷീറ്റിൻെറ മേലാപ്പ് ഇട്ടിരുന്നതിനാലും അബ്‌കാരിയുടെ അതിസുരക്ഷാ മേഖല ആയിരുന്നതിനാലും വെയിലത്തും മഴയത്തും അവിടം ജീവിതപ്പാടുകളിൽ നിന്ന് കുതറിയെത്തുന്ന അഭയാർത്ഥികൾക്ക് താവളമായിരുന്നു.
ഏതാനും ലോട്ടറി കച്ചവടക്കാരും വസ്തു ബ്രോക്കർമാരും അലഞ്ഞു നടന്ന കൈനീട്ടിയുണ്ടാക്കിയ കാശുമായി വന്ന ചിലരും പിന്നെ മറ്റ് ആരെല്ലാമോ .
തോമാ അകത്ത് പോയി ഒരു പൈൻറ്റും പന്തലിൻെറ മൂലയിലെ ചെറിയ കടയിൽ നിന്നും ഒരു സോഡയും പേപ്പർ പ്ലേറ്റും രണ്ടു പ്ലാസ്റ്റിക് ഗ്ലാസുകളും ഒരു കൂട് അച്ചാറും വാങ്ങി ആൾക്കൂട്ടത്തിൽ നിന്ന് അകന്ന് ആരെയും ശ്രദ്ധിക്കാതെ മതിലിനോട് ചേർന്ന ചെറുതിണ്ണയിൽ ഒരിടത്തിരുന്നു.
ആദ്യ ഗ്ലാസ്സ് ഒറ്റവലിക്ക് അകത്താക്കിയതിന് ശേഷമാണ് തല ഉയർത്താനും ചുറ്റും നോക്കാനുമുള്ള ധൈര്യം തോമായ്ക്കുണ്ടായത് .അച്ചാറിൻെറ എരിവും പുളിയും നാവിലുരഞ്ഞപ്പോൾ പഴയ ധനികതയുടെ ഉശിരൊന്നു ണർന്നു.
കുറച്ചപ്പുറത്ത് ക്ഷീണിതമെങ്കിലും തിളങ്ങുന്ന രണ്ടു കണ്ണുകൾ.
നിർലോഭം പങ്കു വെച്ച മദ്യത്തിൻെറ സൗഹൃദച്ചാലിൽ ജീവിതത്തിൻെറ നുകപ്പാടുകൾ ആരോടെല്ലാമോ പുലമ്പിത്തളർന്നു. ബാക്കി ശേഷിച്ച പൈൻറ്റു കുപ്പി ഇടുപ്പിൽ തിരുകി മതിലിൽ ചാരിയും പിന്നെ തിണ്ണയിൽ ചുരുണ്ടും ഉറങ്ങിയ തോമാ ഉണർന്നപ്പോൾ സന്ധ്യയായിരുന്നു.
സന്ധ്യാ വെളിച്ചവും വൈദുതി വെളിച്ചവും കൂടിക്കുഴഞ്ഞ പെരുവഴിയിൽ നിന്നും ഇരുൾപുരണ്ട ഇടവഴിയിലേക്ക് തിരിഞ്ഞ തോമാ ഒരു ഒരു മുടുക്കിലേക്ക് തിരിഞ്ഞ് നിന്ന് മൂത്രമൊഴിക്കുമ്പോൾ ആവേശത്തിൽ ത്രസിക്കുന്ന കാൽപ്പന്താട്ടക്കളത്തിൻെറ അതിര് ഉപ്പൂറ്റിയുടെ പിൻപുറത്ത് വന്ന് തൊട്ടു.
ആവേശം താങ്ങാനാകാതെ കാലുകൾ കൂടുതൽ വേച്ചു.
വളരെക്കാലത്തിന് ശേഷം ജാഗ്രതയോടെ തല ഉയർത്തി നാലുപാടും നോക്കി. അകലെയായി ചെറിയ വെളിച്ചം കണ്ണിൽപ്പെടും മുൻപേ വന്നത് മണങ്ങളായിരുന്നു . മുളക് ചമ്മന്തി, സാമ്പാർ , ഓംലെറ്റ് ,ദോശ ….
തട്ട് കടയിലേക്ക് നടക്കുന്നതിനിടയിൽ ഇടുപ്പിലിരുന്ന കുപ്പി ബാക്കിയുണ്ടായിരുന്നത് വായിലേക്കൊഴിച്ചിട്ട് വലിച്ചെറിഞ്ഞു.
തട്ടു കടയ്ക്ക് മുന്നിലുണ്ടായിരുന്ന ചെറിയ ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് തോമാ കീശയിലെ കാശെണ്ണി നോക്കി.
നൂറ്റിമുപ്പത് രൂപ.
ഏഴെട്ടു ദോശ .ഉഴുന്ന് പൊടി . മുളക് ചമ്മന്തി .സാമ്പാർ . ഡബിൾ ഓംലെറ്റ്.കോഴിക്കാൽ
ശേഷം വന്ന പൈസയ്ക്ക് സിഗരറ്റ് വാങ്ങി.പിന്നെയും ബാക്കി വന്ന ചില്ലറയ്ക്ക് മിഠായി വാങ്ങി വായിലിട്ടു.
ഒരു കോടിയുടെ സമ്മോഹന വാഗ്ദാനവുമായി കൈമടക്കിൽ പതുങ്ങിയിരുന്ന ലോട്ടറി ടിക്കറ്റ് തപ്പിയെടുത്ത് ചുരുട്ടിക്കൂട്ടി ഇരുട്ടിലേക്ക് എറിഞ്ഞു .
ഫ്ലഡ് ലൈറ്റിട്ട മൈതാനത്തെ ആവേശം കെട്ടടങ്ങിയിരുന്നില്ല. . ആരവങ്ങൾക്കും മീതെ തീവണ്ടിയുടെ നീണ്ട ചൂളം വിളി കേൾക്കായി.
തോമാ റെയിൽവേ സ്റ്റേഷൻെറ തിരക്ക് കുറഞ്ഞ കിഴക്കേകവാടത്തിലൂടെ പ്ലാറ്റഫോമിലെത്തി .
ആരൊക്കെയോ ഒച്ചയും ബഹളവും ഉണ്ടാക്കിയെങ്കിലും അതിനൊക്കെ മീതെ ഉരുക്ക് ഉരയുന്ന ഘനഗംഭീരമായ ശബ്ദവും സീൽക്കാരവും മുഴുത്തു.
ചൂളംവിളി കാൽക്കൽ വീണു കേഴുന്ന ജീവിതത്തിൻെറ നിലവിളിയെന്ന് നിനച്ച് പ്ലാറ്റുഫോമുകൾക്ക് നടുവിൽ രണ്ടു ട്രാക്കുകൾക്കിടയിലൂടെ പോകുന്ന വാട്ടർപൈപ്പിൽ പിടിച്ച് നിന്ന തോമാ ത്രസിച്ചു.
മുളക് ചമ്മന്തിയുടെ എരിവ് മനസ്സിൽ നുണഞ്ഞ് കണ്ണടച്ച് വണ്ടിക്ക് മുന്നിലേക്ക് ചാടിയ തോമായുടെ തലയ്ക്ക് പിന്നിൽ ഉരുക്ക് ചക്രത്തിൻെറ ശക്തമായ ഇടി കൊടുത്ത് എൻജിൻ നിന്നു .
മരവിപ്പും ചോരമണവും ചൂഴ്ന്ന് ചക്രങ്ങൾക്കിടയിൽ ചുരുണ്ടു കിടന്ന തോമായെ ആരൊക്കെയോ ചേർന്ന് വലിച്ചെടുത്ത് പ്ലാറ്റ്‌ഫോമിലിട്ടു .
“ചത്തിട്ടില്ല . ഇവനെയൊക്കെ ചവിട്ടുകാ വേണ്ടത് “ പണ്ട് ആരോടൊക്കെയോ പറഞ്ഞിട്ടുള്ള ആ വാക്കുകളിലെ കലിയിരമ്പം തോമായ്ക്ക് നല്ലത് പോലെ അറിയാമായിരുന്നു .
“തല്ലണ്ട …ഗതികെട്ട് ചെയ്ത് പോയതാവും “
വലത്തേക്ക് ചരിഞ്ഞ് കിടന്ന മുഖം പിടിച്ച് നേരെയാക്കിക്കൊണ്ട് ആരോ പേര് ചോദിച്ചു .
അബോധത്തിൻെറ ജിലേബിച്ചുരുളിനുള്ളിലൂടെ നീങ്ങിത്തുടങ്ങിയിരുന്ന തോമായ്ക്ക് വിധിക്കപ്പെട്ടിരുന്ന അവസാന വാക്കിൽ ഉള്ളം തിളച്ച് തൂകിയ പുലഭ്യങ്ങളെല്ലാം പുരണ്ടിരുന്നു :
“പുല്ലിംഗൻ “
.