വാഴ്‌വേമായം

ജനിച്ചപ്പോൾ തന്നെ പൊക്കിളിന്റെ സ്ഥാനത്ത് അമ്പതു പൈസാ നാണയത്തിന്റെ വലിപ്പമുള്ള ഒരു ദ്വാരമാണു ജേക്കബിന് ഉണ്ടായിരുന്നത്.ജനനത്തോടെ അമ്മ മരിച്ചതുകൊണ്ട് മുത്തശ്ശിയാണു കുട്ടിയെ വളർത്തിയത് .അവർക്കു ജേക്കബിന്റെ വയറിലെ സുഷിരം ചെറിയ തലവേദന അല്ല നൽകിയത്.കണ്ണു തെറ്റിയാൽ ഈച്ചയും പാറ്റയും പല്ലിയുമെല്ലാം കുട്ടിയുടെ വയറ്റിലേക്കു കടക്കും.അതുകൊണ്ടു കുട്ടിയുടെ വയറിനു ചുറ്റും ഒരു തുണി അവർ സദാ കെട്ടിയിട്ടു.സ്ക്കൂളിൽ എത്തിയപ്പോൾ ജേക്കബിന്റെ വയറിലെ ദ്വാരം കുട്ടികൾ കണ്ടുപിടിച്ചു . അതിലൂടെ അവൻറെ കുടലും പണ്ടവും കാണാൻ അവറ്റകൾ വിടാതെ കൂടെക്കൂടി. ആദ്യമാദ്യം പരാക്രമത്തോടെ കുട്ടികളെ ഓടിച്ചു വിട്ടെങ്കിലും പിന്നീട് പെൻസിൽ , കശുവണ്ടി ,പേരക്ക ,റബ്ബർ ബാൻഡ് ഇവ കൈപ്പറ്റി ജേക്കബ് വയറ് കാണിച്ചുതുടങ്ങി. അചിരേണ അവൻ കുട്ടികൾക്കിടയിലെ ധനികനും ആയി.

പതിമൂന്നാം വയസ്സിൽ ജേക്കബ് സ്‌കൂളിൽ നിന്നു കൊഴിഞ്ഞു വീണു. പിന്നങ്ങോട്ടു പത്തുപന്ത്രണ്ടു വർഷം വിശേഷിച്ചു സംഭവങ്ങളൊന്നും ജേക്കബിന്റെ ജീവിതത്തിൽ അരങ്ങേറിയില്ല. വയലിൽ കിളികളെ ഓടിക്കുക , ഷാപ്പിൽ കള്ളൊഴിച്ചു കൊടുക്കുക, സിനിമാക്കൊട്ടകയിൽ റീൽ ഓടിക്കുക ഇങ്ങനെ കായികാധ്വാനം കുറഞ്ഞ, നിർദ്ദോഷങ്ങളായ ചില ജോലികൾ കാലാകാലങ്ങളിൽ ചെയ്തു എന്നു മാത്രം.ഇരുപത്തിയഞ്ചാം വയസ്സിലാണ് ജേക്കബിൻറെ ജീവിതത്തിൻറെ ഗതിവിഗതികളെ പാടേ മാറ്റിക്കളഞ്ഞ സ്ഥിതിവിശേഷം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് . ആ സമയത്ത് ജേക്കബിന് സ്വന്തക്കാരായുള്ളത് പടുവൃദ്ധയായിക്കഴിഞ്ഞ മുത്തശ്ശിയും പിന്നെ ഒരു പൂച്ചയും മാത്രമാണ്. പൊളിഞ്ഞു തുടങ്ങിയ വീടിനെയും പതിനഞ്ചുമൂടു റബ്ബറിനേയും ആശ്രയിച്ചാണ് മൂവരുടെയും ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത് .

അന്ന് അമാവാസിയായിരുന്നു. സന്ധ്യയ്ക്കു മുന്നേ വീടെത്തിയ ജേക്കബ് അസാധാരണമാം വിധം സന്തോഷവാനായിരുന്നു.മൂളിപ്പാട്ടു പോലെ എന്തോ ഒച്ചയുണ്ടാക്കിക്കൊണ്ട് മുറ്റത്തു നടന്നുകൊണ്ടിരുന്നു. സിനിമാക്കൊട്ടകയിൽ നിന്ന് ഫസ്റ്റ് ഷോ കഴിഞ്ഞുള്ള പാട്ട് കേട്ടയുടനെ കിഴവി സാധാരണ പോലെ ഉറങ്ങിത്തുടങ്ങി. ജേക്കബ് പാതിരാവോളം നടത്തം തുടർന്നു . പിന്നെ കോലായിൽ ആകാശം നോക്കി കിടന്നു. അപ്പോൾ ….. ജേക്കബിന്റെ വയറിലുള്ള സുഷിരത്തിലൂടെ അയാളുടെ കുടൽ താളാത്മകമായി പുറത്തു വന്നു. പിന്നെ അതു മെല്ലെ ഉയർന്ന് നൃത്തം ചെയ്യുന്നതു പോലെ ചലിച്ചു തുടങ്ങി. കുറെയേറെ സമയം ആ വിചിത്രമായ ചലനം തുടർന്നു . കുറച്ചു നേരം ധ്യാനത്തിലെന്നപോലെ കുടൽ വായുവിലുയർന്നു നിശ്ചലമായി നിന്നു . ശേഷം ലജ്ജയോടെ വയറിനുള്ളിലേക്കു തിരികെപ്പോയി. ഈ സമയമെല്ലാം ജേക്കബ് അസാധാരണമായ ഏതോ നിർവൃതിയിൽ കിടക്കുകയായിരുന്നു.

പിന്നീട് ഓരോ അമാവാസിക്കും ഇത് പതിവായി. സ്വപ്നാടനം ശീലമുള്ള മുത്തശ്ശി പല തവണ ഇത്തരം അവസരങ്ങളിൽ ജേക്കബ്ബിനടുത്തുകൂടി നടന്നു പോയെങ്കിലും ഒന്നും അവരുടെ ശ്രദ്ധയിൽ പെട്ടില്ല. കുറേക്കാലം കഴിഞ്ഞ് ഒരു തവണ സ്വപ്നം മുറിഞ്ഞപ്പോഴാണ് അവർ ആദ്യമായി ജേക്കബിൻറെ കുടൽ നൃത്തമാടുന്ന കാഴ്ച കാണുന്നത്. മുന്നിൽ കണ്ട ദൃശ്യം അവർ കണ്ടുകൊണ്ടുവന്ന സ്വപ്നത്തിൻറെ തുടർച്ചയായിരുന്നതിനാൽ സ്വപ്നം മുറിഞ്ഞത് ആദ്യം അവർ തിരിച്ചറിഞ്ഞില്ല. സ്വപ്നത്തിൽ കാണുന്ന കാര്യങ്ങൾ നിത്യേനയെന്നോണം സംഭവിച്ചു കാണുന്നത് അവർക്കു സാധാരണയായിരുന്നു.അതുകൊണ്ടു തന്നെ അവർ ജീവിതത്തെ സംബന്ധിച്ചു തീർത്തും നിസ്സംഗയും നിർഭയയുമായിരുന്നു . നിരക്ഷരയെങ്കിലും ഔഷധ രഹസ്യവും അറിയാവുന്ന ആളും. കണ്ണുതിരുമ്മി ഒരിക്കൽക്കൂടി കാഴ്‌ച്ച ഉറപ്പിച്ച ശേഷം അവർ നഗ്നപാദയായി അടുത്തുള്ള കാവിൽ കയറി ഔഷധച്ചെടികളുടെ കൂട്ടവുമായി മടങ്ങി വന്നപ്പോഴേക്കും ജേക്കബ് ഏഴുന്നേറ്റിരുന്നു പൂച്ചയെ കളിപ്പിക്കുന്നതാണു കണ്ടത് . കുറച്ചു സംസാരിച്ചപ്പോൾ തന്നെ ജേക്കബിനു നടന്ന കാര്യങ്ങളെക്കുറിച്ച് ഓർമ്മയില്ലെന്ന് അവർക്കു മനസ്സിലായി .അവർ അതേക്കുറിച്ച് പിന്നെ ഒന്നും പറയാൻ പോയില്ല .

പിന്നെയും കാൽനൂറ്റാണ്ടു കഴിഞ്ഞ ശേഷമാണു പുറം ലോകത്ത് ആരെങ്കിലും ജേക്കബിന്റെ വിഷയം അറിയുന്നത്. അമാവാസി ദിവസം രാവിലെ നേരിയതോതിൽ അനുഭവപ്പെടുന്ന ആനന്ദം അധികരിച്ചു പാതിരാവോടെ ഉച്ചസ്ഥായിയിൽ എത്തുകയും അതോടെ തനിക്കു ബോധം മറയുയുകയും ചെയ്യും എന്നു മാത്രമേ ജേക്കബിനും അറിയാമായിരുന്നുള്ളു . സകലർക്കും ഇതേ അനുഭവം ആയിരിക്കും എന്നും അയാൾ ചിന്തിച്ചു. കാൽനൂറ്റാണ്ടു കഴിഞ്ഞ ശേഷമാണു പുറം ലോകം ജേക്കബിൻറെ വിഷയം അറിയുന്നത് എന്നുപറഞ്ഞല്ലോ .അതൊരു കള്ളനിലൂടെയായിരുന്നു . മോഷണ സാമഗ്രികൾ ഒളിപ്പിക്കാൻ പറ്റിയ ,ആൾത്താമസമില്ലാത്ത സ്ഥലം തേടി നടന്ന കള്ളൻ ജേക്കബിന്റെ വീടു കണ്ടതും, ആശ്വാസത്തോടെ കയ്യിലുള്ള സാധനങ്ങളുമായി അകത്തു പ്രവേശിച്ചതും ഒരു അമാവാസി രാത്രിയിലായിരുന്നു. ജേക്കബിന്റെ കുടൽ ലോകം കാണാൻ പുറത്തു വരുന്നതും തുടർന്നു നൃത്തം ചെയ്യുന്നതും കണ്ട് ആദ്യം ഭയഭീതനായെങ്കിലും കള്ളൻ മനസ്സാന്നിധ്യം വീണ്ടെടുത്ത് അവിടെത്തന്നെയിരുന്നു. പിന്നീട് വീടും പരിസരവും ഒന്നുകൂടി ഉറപ്പിച്ച് കള്ളൻ പോയത് പരിചയത്തിലുള്ള ഒരു പത്രപ്രവർത്തകന്റെ അടുത്തേക്കാണ് .

യഥാർത്ഥത്തിൽ അയാളുടെ സുഹൃത്ത് ഒരു പരാജയപ്പെട്ട പത്രപ്രവർത്തകനായിരുന്നു. എങ്കിലും ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു കഥ നല്കിയിട്ടേ താൻ കണ്ണടക്കൂ എന്ന് ദൃഢനിശ്ചയം ചെയ്തയാളുമായിരുന്നു . ആത്മവിശ്വാസം കുറവുള്ളതിനാൽ പൊളിഞ്ഞ വീടുകളിലും മറ്റും മാത്രം മോഷണം നടത്തുന്ന കള്ളനായിരുന്നു നമ്മുടേത് . ഒരിക്കൽ പത്രപ്രവർത്തകന്റെ വീട്ടിലും തൊഴിലിനിടെ അയാൾ കയറി. വീട്ടുടമയുടെ മുഖത്തു തെളിഞ്ഞു നിന്ന ഗാംഭീര്യവും അയാളുടെ വീട്ടിൽ അനാവൃതമായി കിടന്ന ഘോരദാരിദ്ര്യവും തമ്മിലുള്ള പൊരുത്തമില്ലായ്മയിൽ അമ്പരന്നു പോയ കള്ളൻ അയാളെ ആലോചനയില്ലാതെ ഉണർത്തി പരിചയപ്പെടാൻ നോക്കി . മർമ്മവിദ്യാ പ്രവീണനായ പത്രപ്രവർത്തകൻ നൊടിയിടയിൽ കള്ളനെ നിശ്ചലനാക്കി നിറുത്തി.പോലീസിൽ ഏൽപ്പിക്കാതിരിക്കാൻ അവർ തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ചു കള്ളന് സ്വന്തം തൊഴിലിനിടയിൽ അത്യസാധാരണമായ എന്തെങ്കിലും കാണുകയാണെങ്കിൽ പത്രപ്രവർത്തകനെ അറിയിക്കാനുള്ള ബാധ്യത സ്വീകരിക്കേണ്ടി വന്നു . ജേക്കബിൻറെ വീട്ടിൽ നിന്നു മടങ്ങവേ കള്ളനു വർഷങ്ങൾക്കു ശേഷം ഇക്കാര്യം ഓർമ്മ വന്നതുകൊണ്ടാണ് അയാളുടെ വീട്ടിലേക്കു പോയത് .

രണ്ടു രാത്രികളിൽ പത്രപ്രവർത്തകനൊപ്പം ജേക്കബിൻറെ വീട്ടിലെത്തിയപ്പോഴും കുടലു പുറത്തു വരുന്ന കാഴ്‌ച കാണാഞ്ഞപ്പോൾ താൻ കണ്ടതു മായക്കാഴ്ചയോ മറ്റോ ആകാമെന്ന് കള്ളനു സംശയം തോന്നി. പിന്നീട് പത്രപ്രവർത്തകൻ തനിയെ പോയിത്തുടങ്ങി.പാതിരാവിലെ യാത്രയ്ക്കിടെ അയാളെ പല തവണ പട്ടി കടിച്ചു . എന്നിട്ടും അയാൾ പിൻവാങ്ങിയില്ല . ജേക്കബിൻറെ വയറിലുള്ള അസാധാരണമായ ദ്വാരം കണ്ടതു കൊണ്ടുതന്നെ അയാൾക്കു കള്ളൻറെ പ്രാഥമിക വിവരണത്തിൽ സമ്പൂർണ്ണ വിശ്വാസം വന്നിരുന്നു. മായക്കാഴ്ച്ച ആയേക്കാം എന്ന കള്ളൻറെ തിരുത്തൽ അയാൾക്കു സ്വീകാര്യമായില്ല . കുടൽ നൃത്തമാടുന്ന പോലെയുള്ള അലൗകികമായ കല്പന സൃഷ്ടിക്കാനുള്ള ശേഷി കള്ളൻറെ തലച്ചോറിനില്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു . കള്ളൻ നൽകിയ വിവരണത്തിൽ നിന്ന് ജീവപരിണാമവുമായി ബന്ധപ്പെട്ട പ്രാധാന്യമുള്ള ഏതോ സൂചനകൾ ജേക്കബിന്റെ കുടൽ നല്കുന്നുണ്ടെന്ന് പത്രപ്രവർത്തകനു തോന്നി.

ഓരോ തവണ പ്രതീക്ഷ തെറ്റുമ്പോഴും അയാൾക്ക് ആവേശം കൂടി വന്നതേയുള്ളു . മഹത്തായ പ്രതിഭാസങ്ങൾക്ക് കൃത്യമായ ഇടവേളകൾ ഉണ്ടെന്ന് അയാൾ വിശ്വസിച്ചു.അത് ദിവസങ്ങൾ ആകാം ,മാസങ്ങൾ ആകാം ,വർഷങ്ങൾ പോലുമാകാം . ഇടവേളയുടെ ദൈർഘ്യം കൂടുന്തോറും പ്രതിഭാസത്തിൻറെ മഹത്വവും ഏറിയിരിക്കും . ഇതിനിടയ്ക്ക് രണ്ട് അമാവാസികളിൽ അയാളുടെ യാത്ര മുടങ്ങിയെങ്കിലും ആ ദിവസങ്ങളിൽ പ്രതിഭാസം അരങ്ങേറിക്കാണാനുള്ള സാധ്യത മനസ്സിൽ കണ്ടിരുന്നതു കൊണ്ട് ക്ഷമയോടെ അയാൾ യാത്ര തുടർന്നു . മൂന്നാമത്തെ അമാവാസി ദിവസം അയാളുടെ കണ്മുന്നിൽ ജേക്കബിൻറെ കുടൽ പുറത്തു വന്ന് നൃത്തം ചെയ്തു. അത്രയും മനോഹരമായ കാഴ്ച അയാൾ ജീവിതത്തിൽ കണ്ടിട്ടില്ലായിരുന്നു. കുറച്ചു നേരം എല്ലാം മറന്ന് അയാൾ കുടലിൻറെ ലാസ്യം കണ്ടു. പിന്നീട് കള്ളന്റെ കയ്യിൽ നിന്നു ലഭിച്ച ഫോണിൽ ജേക്കബിൻറെ മുഖം ഒഴിവാക്കിയ ദൃശ്യം പകർത്തി മടക്കയാത്രയ്ക്കൊരുങ്ങി

മടങ്ങുന്നതിനു മുൻപ് അയാൾക്കു ജേക്കബിൻറെ മുത്തശ്ശിയെ അഭിമുഖീകരിക്കേണ്ടി വന്നു. വൃദ്ധയുടെ സ്വപ്നാടനം പലതവണ കണ്ട് അയാൾക്ക് കൗതുകം നഷ്ടപ്പെട്ടിരുന്നു. പിറുപിറുത്തു കൊണ്ട് അയാളുടെ അടുത്തു വന്ന് നിൽക്കുന്നത് അവരുടെ പതിവായിരുന്നു. തരക്കേടില്ലാത്ത കഥകളാണ് വൃദ്ധ പറയുന്നതെന്ന് അയാൾ മനസ്സിലാക്കിയിരുന്നു അയാളാകട്ടെ നേരമ്പോക്കിന് അവരുടെ വായിലേക്ക് ബിസ്ക്കറ്റ് കഷണമോ കടല മണിയോ ഒക്കെ ഇട്ടുകൊടുക്കുകയും ചെയ്തുപോന്നിരുന്നു . അന്ന് അവർ പറഞ്ഞത് അയാളുടെ കഥ തന്നെയായിരുന്നു . അയാൾക്കു മാത്രം അറിയാവുന്ന കാര്യങ്ങളും അയാൾ ഉത്തരം തേടിക്കൊണ്ടിരുന്ന കാര്യങ്ങളും ചേർത്ത കഥ . ജേക്കബിനെയും മുത്തശ്ശിയേയും മാറിമാറി നോക്കി ” കടിച്ചതിനെക്കാളും വിഷമുള്ളതാണല്ലോ അറയിലിരുന്നത് ” എന്നയാൾ ഉദീരണം ചെയ്തുപോയി.

പിന്നീടുള്ള രാത്രികളിൽ അയാൾ ജേക്കബിനു പകരം വൃദ്ധയെ ശ്രദ്ധിക്കാൻ തുടങ്ങി.ഓരോ ദിവസവുമുള്ള അവരുടെ സംസാരം ശ്രദ്ധിച്ചതിൽ നിന്ന് അവരുടെ സ്വപ്നങ്ങളുടെ പ്രതിഫലനം മാത്രമാണു ചുറ്റും കാണുന്ന ലോകമെന്ന് അയാൾക്കു തോന്നി. ക്രമേണ വൃദ്ധയുടെ സ്വപ്നത്തിലെ കഥാപാത്രം മാത്രമാണു താൻ എന്നും അയാൾ വിശ്വസിച്ചു തുടങ്ങി .അതോടെ അയാളുടെ സംഭാഷണങ്ങളിൽ നിന്നു ‘ഞാൻ’,’എൻറെ’ തുടങ്ങിയ പദങ്ങൾ ഒഴിഞ്ഞു . സ്വപ്നത്തിലെ കഥാപാത്രം എന്ന നിലയിൽ ലോകത്തെ വീക്ഷിച്ചു വന്ന അയാൾക്കു മുന്നിൽ പ്രപഞ്ച രഹസ്യങ്ങൾ വഴി മാറാൻ തുടങ്ങി. അപ്പോളും ഒരു സംശയം അയാളിൽ നിന്നു. ജേക്കബിന്റെ നിയോഗം എന്ത്? ജേക്കബിന്റെ കുടൽ എന്തിനു പുറത്തു വരുന്നു, എന്തിനു നൃത്തം ചെയ്യുന്നു?മുത്തശ്ശിയുടെ സ്വപ്നത്തിൽ അയാൾ ആ ചോദ്യം ഉയർത്തി. ഒരു പറ്റം വൃദ്ധർ സ്വപ്നത്തിൽ ഉണ്ടായിരുന്നു. അവർ മറുപടി പറഞ്ഞു : “ഞങ്ങൾ ജേക്കബിന്റെ പൂർവ്വികർ ആണ്. ഞങ്ങളുടെ കുടലുകളും നൃത്തം ചെയ്തിരുന്നു. ഞങ്ങളും ജേക്കബും ഒക്കെ വനപുഷ്പങ്ങൾ പോലെയാണ്. കാഴ്ചക്കാർക്കു വേണ്ടിയല്ലല്ലോ കാട്ടുപൂക്കൾ” . സൗന്ദര്യത്തെക്കുറിച്ചുള്ള പുതിയ ദർശനം ലഭിച്ചതോടെ അയാൾ തീർത്തും മൗനിയായി. മായാത്ത ഒരു പുഞ്ചിരി വടുക്കൾ നിറഞ്ഞ അയാളുടെ മുഖത്തെ ദീപ്തമാക്കി.

ജേക്കബിനെ കുറിച്ച് ഒടുവിലായി പറയാനുള്ളത് അയാൾ ആരോരുമറിയാതെ കാലങ്ങളോളം ജീവിച്ചു എന്നു മാത്രമാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here