ചിന്തിച്ചു നോക്കണം! പ്രപഞ്ച-
ചാരുതകളെ തൊട്ടറിയണം നമ്മളും
രസഭരിതമത്രേ പ്രപഞ്ചത്തിൻ
ഭാവഹാവങ്ങൾ! ചാരുതകൾ!
ചിറകടിച്ചു പറക്കുന്നവർ, ചിലർ
ചിതലുപോലെയരിയ്ക്കുന്നവർ
പച്ചയ്ക്കു മാംസം കടിച്ചിറക്കുന്നവർ
പച്ചയ്ക്കു പുല്ലും ചവച്ചിറക്കുന്നവർ
ഉമിനീരുകൂട്ടിയിരവിഴുങ്ങുന്നവരു-
രഗജീവതമിഴഞ്ഞു തീർക്കുന്നവർ
ചോരമാത്രം കുതുകമാക്കിയോർ
നീരിൽ മാത്രം കാലം കഴിപ്പവർ
സുരപഥമെന്നാർത്തുകൊണ്ടു
നരകജീവിതമാസ്വദിക്കുന്നവർ!
ദുരിതജീവതമൊക്കെയുമടർത്തി
സുരപഥത്തിൻ ശൂന്യത തേടുവോർ
പുല്ലായ് മുളച്ച് സ്നിഗ്ദ്ധമുർവ്വിയിൽ
പുളകമായി പടർന്നു കേറുന്നവർ
വെയിലേറ്റ്, മഞ്ഞിന്റെ കുളിരേറ്റ്
വാനോളമേറുവാൻ നീളെ മാമരങ്ങൾ
പുല്ലു പോലും മുളക്കാത്ത മരുവിലും
പച്ചയായ് കാണുന്ന നിത്യമരുപ്പച്ചകൾ
പീഠഭൂമികൾ, സമതലങ്ങൾ, മാമലകൾ
പച്ചപ്പുതപ്പിട്ട താഴ്വരത്തൊങ്ങലുകൾ!
മലയിറങ്ങുന്ന പുഴകളരുവികൾ! കടൽ
കടന്നാഴികൾ ചൂഴുന്ന സ്വപ്നങ്ങൾ!
അലസം മദാലസം വിരിച്ചിട്ടൊരുടൽ-
ച്ചേലയായ് പഞ്ചാരമണൽത്തിട്ടകൾ!
ഇലയാടകളൊക്കെയുമൂരിയെറിഞ്ഞു
മഞ്ഞക്കമ്മലുകളുടലാകെ വാരിച്ചൂടി
നാണത്തിന്നിതളുകൾ നീളെ പൊഴിക്കും
കർണ്ണികാരത്തിൻ പീതവസന്തങ്ങൾ!
മുഖം കറുപ്പിച്ചു വിരുന്നിനെത്തുന്ന
മഴക്കുളിരു ചൂടിയ കാർമേഘസുന്ദരി!
കൊടിയ വേനലും കൊണ്ടുപോരുന്ന
കനൽച്ചിരിയുമായൊരു പകലവൻ!
പകലിന്റെ തേരുരുട്ടിയെന്നുമന്തിയെ
പരിണയിക്കുവാനണയുന്ന ദിവാകരൻ!
അവൻ കൊണ്ടുവന്നൊരുടയാടയും ചുറ്റി-
യിരുളിനെ വേൾക്കുന്ന സാന്ധ്യസുന്ദരി!
നിശയെ നോക്കി കണ്ണു ചിമ്മാതെ നിറയെ താരകൾ പൂക്കുന്ന തടാകവും
ഇരുളിൽ കണ്മിഴിക്കുന്ന നിശാഗന്ധിയും
കരളിൽ വെയിലേറ്റുന്ന സൂര്യകാന്തിയും!
നിശീഥത്തിൽ മാത്രം കൺതുറക്കുന്ന,
നേരു തിരയുന്ന രാത്രിമൂങ്ങകൾ!
തല തിരിഞ്ഞൊരെൻ വവ്വാൽനോട്ടങ്ങ-
ളാലറിയുന്നു ഞാനെത്ര കൗതുകങ്ങൾ!
എത്ര വർണ്ണങ്ങൾ, വർണ്ണവൈജാ-
ത്യങ്ങൾ! ചേതോഹരക്കാഴ്ച്ചകൾ!
സുകൃതികൾ നമ്മൾ! ഭൂമിയെന്നും
നെഞ്ചിലേറ്റുന്നൊരീ ജീവകണികകൾ!