അമിത ആകാംക്ഷ കാരണം എത്രയോ പുസ്തകങ്ങൾ ഞാൻ വായിക്കാതെ വച്ചിരിക്കുന്നു… സോണറ്റും ,റ്റു ഹിസ് കോയ് മിസ്ട്രസ്സും ഒരുപാടാവർത്തി വായിച്ച കൂട്ടത്തിൽ പൗലൊ കൊയ്ലോയുടെ Veronica decides to die വായിക്കാതെ മാറ്റി വച്ചിട്ടുണ്ട്. ബൈബിൾ വാക്യങ്ങൾ തിരഞ്ഞു നോക്കുന്നതു പോലെ ഇടയ്ക്ക് ചില പേജുകൾ മറിച്ചു നോക്കും.
എന്റെ ഇങ്ങനൊരു ഡിഫൻസ് മെക്കാനിസത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടയിലാണ്
ഉത്രാളിക്കാവിലെ പൂരം എന്നാണ് എന്ന് ചോദിച്ചു കൊണ്ട്
ചരൽക്കല്ലുകൾ വാരിയെറിയുന്നതു പോലെയുള്ള ഒരു മകര മാസത്തിലെ മഴയത്ത് ചുവന്ന കൊന്ന പൂക്കാറുള്ള വഴി വരമ്പിലൂടെ എന്റെ വിഭ്രമങ്ങൾക്ക് കൂട്ടായി
എന്റെ അതിഭാവുകത്വങ്ങളിലേയ്ക്ക് നടന്നുകയറി വന്ന ശ്രീയേട്ടനെ ഓർത്തത്.
ഒരു നൊസ്റ്റാൾജിയ !!
ഉത്രാളിക്കാവ് കേട്ടിട്ടുണ്ടെങ്കിലും അവിടുത്തെ ഉത്സവത്തെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. അന്നും, ഇന്നും…
ആഘോഷങ്ങൾ എന്നുമെനിക്ക് അസ്വസ്ഥതകൾ തന്നിട്ടേ ഉണ്ടായിരുന്നുള്ളൂ.
സ്കിസോഫ്രീനിയയുടെ അങ്ങേ അറ്റത്തെ നൂൽപാലത്തൂടെയുള്ള യാത്രയിലായിരുന്നു അന്ന് ശ്രീയേട്ടൻ. വഴിമാറി വന്ന് വീണ്ടും വഴി തെറ്റി ഇറങ്ങിപ്പോയ ഒരു മനുഷ്യനെക്കുറിച്ച് എന്തെഴുതിയാലും വിശ്വാസമോ അവിശ്വാസമോ ആവും. സിൽവിയ പ്ലാത്തിനെപ്പോലെ ലേസർ ബ്ലേഡുകളെ സ്വപ്നം കണ്ടുറങ്ങിയ അയാൾക്ക് ഒരു ദിവസം ബോധോദയം ഉണ്ടാവുകയും തോട്ടുവക്കത്തെ കൈതോല പടർപ്പുകൾക്കിടയിൽ വീണു കിടന്നിരുന്ന കൊള്ളിമീനിനെ എടുക്കാൻ പോയതും ഓർമ്മ വരുന്നുണ്ട്.
ഉത്തരവാദിത്വങ്ങളിൽ നിന്ന് ചില യാഥാർത്ഥ്യങ്ങളിൽ നിന്നൊക്കെ ഒളിച്ചോടാനുള്ള ഒരു പ്രതിരോധ വലയം തീർത്ത് ഒരു ചിത്രശലഭ പുഴുവായി അയാൾ ഉറങ്ങിയതും ഉണർന്നതുമൊക്കെ ഞാനിപ്പോൾ കണ്ടെത്താൻ ശ്രമിക്കുന്ന ഡിഫൻസ് മെക്കാനിസത്തെ പോലെ എന്തോ ഒന്നിന്റെ ഭാഗമായിട്ടാവണം.
ചില വിശ്വാസങ്ങളിൽ ചില അവിശ്വാസങ്ങൾ പോലെ ഒഴുകിയും തടഞ്ഞും ,
കൊയ്ത്ത് കഴിഞ്ഞ പാടത്ത് പൊരി വെയിലിൽ മേയുന്ന ചെമ്മരിയാടുകളെ
നോക്കിയിരുന്ന ,
വഴി വരമ്പിലെ വയലറ്റ് പൂക്കളെ ചവിട്ടാതെ ചാഞ്ഞും ചരിഞ്ഞും നടന്നിരുന്ന അയാളിപ്പോൾ സ്വപ്ന വാതിലുകൾ തുറന്ന് തെളിഞ്ഞ ചന്ദ്രബിംബത്തിൽ തല ചായ്ച്ചുറങ്ങുന്നുണ്ടാവാം…
എന്റെ ഡിഫൻസ് മെക്കാനിസത്തിന്റെ ഗവേഷണം പൂർത്തിയായി തിസീസ് പുസ്തകമാവുമ്പോൾ അതിന്റെ അക്നോളഡ്ജ്മെന്റിൽ നിങ്ങളുടെ പേരുണ്ടാവും ശ്രീയേട്ടാ…
ഏറ്റവും ആദ്യത്തെ പേരായിട്ട് !!
ഷിനു👀