വിരൽത്തുമ്പിൽ ചുംബിച്ചൊരാമഴ –
ത്തുള്ളിയെ,
മാറോടുചേർത്തു ഞാനാമഴ നനഞ്ഞു .
അനുവാദമില്ലാതിറുകെ
പുണർന്നെന്നെ
പടരുമാകുളിരിൽ ഞാനലിഞ്ഞു.
മുറ്റത്തെ തെച്ചിയും തുളസിക്കതിരും,
ഒഴുകുന്നിലയോട് യാത്ര ചൊല്ലി.
മുത്തായ്പൊഴിഞ്ഞിടും
മഴത്തുളളിയോടന്ന്
ഒരു പാവാടക്കാരി ചേർന്നു നിന്നു .
കിലുങ്ങും പാദസരത്തിൽ
ഈണവും പേറിയാ
കുഞ്ഞുപുഴകൾ കിലുങ്ങി ചിരിച്ചു.
വളഞ്ഞോടുംചെളിപ്പാത
ചവിട്ടിക്കളിച്ച്
കൈതട്ടിയാമഴ ചിതറിത്തെറിച്ച്,
മഴയിൽ കുതിർന്നന്നു നിന്നൊരു കാലം
മഴയുമാകാറ്റിൻ തലോടലും,
കൂടുതേടിപ്പറക്കുമാ പക്ഷിയും,
തമ്മിൽപ്പുണർന്നങ്ങു
നിൽക്കുമാ ചെടികളും
ചാലിട്ടൊഴുകും മഴവെള്ളപാച്ചിലും,
മഴതൻ ഹൃദ്യമാം ,
ആർദ്രമാം താളവും …
ഇന്നാമഴയത്ത് വാതിൽ
പ്പടിയിലൂടെൻ
നഷ്ടബാല്യത്തെ ഓർത്തിടുന്നു.
കൈകൾക്കുമപ്പുറം
കാഴ്ചയായിന്നിതാ
അവസാന മഴത്തുള്ളിയും
മരിച്ചു വീണു.
വഴിമാറി ഒഴുകുമാ
കടലാസുതോണിയിൽ
എൻ ബാല്യസ്മരണകൾ
കുതിർന്നുനിന്നു ….
Click this button or press Ctrl+G to toggle between Malayalam and English