ചാലിയാറിന്റെ കുടിയേറ്റ ഓർമകളിലൂടെ വക്കച്ചൻ എടക്കാടിന്റെ കനൽ തുരുത്ത് പ്രകാശിതമായി. ചാലിയാർ പഞ്ചായത്തിന്റെ കുടിയേറ്റ കാലഘട്ടങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് തന്റെ നോവലിലൂടെ വക്കച്ചൻ എടക്കാട് എന്ന എഴുത്തുകാരൻ. നിലന്പൂർ അരുണ്‍ ബുക്സ് പുറത്തിറക്കിയ നോവൽ.കഴിഞ്ഞ ദിവസം നിലന്പൂർ ബിആർസിയിൽ വച്ചായിരുന്നു പ്രകാശനം. എളന്പിലാക്കോട് സ്വദേശിയായ ഈ കർഷകനു എഴുത്തു ജീവിതചര്യയാണ് 2013-ലാണ് കവിതകൾ കോർത്തിണക്കി ആദ്യ പുസ്തകമായ വിസ്മരിച്ച സത്യങ്ങൾ ഇദ്ദേഹം പുറത്തിറക്കിയത്.
സ്വർഗവാതിൽ അടച്ചവർ എന്ന കഥാസമാഹാരവും പുസ്തകരൂപത്തിൽ പുറത്തിറക്കി. വക്കച്ചനിലെ എഴുത്തുകാരനെ പുറംലോകം അറിഞ്ഞത് നാടകങ്ങളിലൂടെയാണ്. 1974ൽ ആണ് മനുഷ്യമൃഗം എന്ന പേരിൽ ആദ്യ നാടകം വക്കച്ചൻ രചിച്ചത്. തുടർന്ന് 20 നാടകങ്ങൾ രചിച്ചു. 1971 ൽ നിലന്പൂർ ഗവണ്മെന്റ് മാനവേദൻ സ്കൂളിൽ നിന്നു എസ്എസ്എൽസി വിജയിച്ചെങ്കിലും സാന്പത്തിക പരാധീനതമൂലം തുടർപഠനം നടന്നില്ല. ഭാര്യ സാലി. മക്കൾ ബിജു, ബിനു, അനുമേരി.