കവിതയെ പ്രണയിച്ചു നടന്ന കാലം
കവിതകളെഴുതി നടന്ന കാലം
കവിതയൊന്നെങ്കിലും മഷിപുരളാൻ
കവിയിലൊരു മോഹം മൊട്ടിട്ട കാലം
ഒരു കെട്ടുകവിതകളു മായന്ന്
തപാലാപ്പീസിലെത്തി കവി
വിറയാർന്ന കൈവിരലാൽ
കുനുകുനെ വിലാസമെഴുതി
കവിതകളോരോന്നായയച്ചു
മഷിപുരണ്ടെത്തുന്ന കവിതയും കാത്ത്
അക്ഷമനായി കവിയിരുന്നു
ദിനരാത്രങ്ങൾ പലതുനീങ്ങി
താനയച്ചോരു കവിതകളത്രയും
അറിയിപ്പും ചേർത്ത് തിരിച്ചുവന്നു
കവിതകളൊന്നും യോഗ്യമല്ലെത്രെ
ഒന്നുഭ്രമിച്ചു കവിയെങ്കിലും
കവിതയെഴുത്ത് നിർത്തിയില്ല
എഴുതിയതൊക്കെയും ചൊല്ലുന്ന ശീലവും
ചേർത്തുവച്ചു കവി തന്നോടൊപ്പം
കണ്ഠമിടറാതെ നെഞ്ചു പൊട്ടി
ഉറക്കെ ചൊല്ലിയ കവിതകളൊക്കെയും
കനലായെരിഞ്ഞു പല മനസ്സിൽ
ഏറ്റുചൊല്ലി കവിത കേട്ടവരെല്ലാം
ആത്മാശം പേറുന്ന വരികളിൽ പലതും
ഗാനമായെത്തി അഭ്രപാളിയിൽ
മലയാളക്കര ഏറ്റുപാടി
ആ.. ഗാനങ്ങളൊക്കെയുമേറ്റുപാടി
മാനവരെയാകെ ഭയപ്പെടുത്തി
മഹാമാരി വന്നൊരു കാലം
മാസ്‌ക്കും ധരിച്ചു മുഖവും മറച്ചു
മാനവരാകെ നടക്കുന്ന കാലം
മടിയേതുമില്ലാതെ മാരി
മരണം വിതക്കുന്ന കെട്ടകാലം
ദുരിതങ്ങൾ ഒട്ടേറെ പെയ്തിറങ്ങി
ആ മഹാമാരി കവർന്നെടുത്തു
കവിയുടെ പ്രാണൻ അടർത്തെടുത്തു
പ്രിയതമക്കൊപ്പം കരഞ്ഞു മക്കൾ
ആരുമില്ലാതെ അനാഥരായി
ഞങ്ങൾക്കിനിയാരെന്നു വിതുമ്പിക്കരഞ്ഞു
ആ രാത്രി പുലരുന്നതിനു മുൻപേ
ആയിരം കണ്ണുകൾ ഈറനണിഞ്ഞു
പാതിവഴിയെ കവി തിരിച്ചുനടന്നത്
ബ്രേക്കിംഗ് ന്യൂസുകളായി നിറഞ്ഞു
കവിയെ കുറിച്ചുള്ള സ്മരണങ്ങൾ
നിലക്കാതെ ഒഴുകി ചാനലുകളിൽ
കവിതയും ജീവിതവും കണ്ണീരുമെല്ലാം
എണ്ണിയെടുത്തു നിരത്തി പറഞ്ഞു
കറുത്ത മഷിയിൽ അക്ഷരങ്ങളായി
കവിയും കവിതയും പ്രണയവും നിറഞ്ഞു.
കവിയെ വളർത്തിയ കഥകളായി
നിറംപിടിപ്പിച്ച കള്ളങ്ങളൊക്കെയും
ഉളുപ്പേതുമില്ലാതെയവർ നിരത്തി
അവർക്കുമുണ്ടായിരുന്നു കരുതൽ
മഷിപുരട്ടാതെ തിരിച്ചയച്ച
കവിതകളുമൊപ്പം കവിയുടെ നൊമ്പരവും
ആരുമറിയാതിരിക്കാനുള്ള
ആത്മ വഞ്ചനയുടെ ഏടുകളാകും കരുതൽ
സാമൂഹ്യ മാധ്യമ ചർച്ചകൾ പലതും
കവിയേന്തിയ കൊടിയുടെ നിറം പറഞ്ഞാണ്
വളർത്തിയകഥകൾ പലരും പറഞ്ഞതും
സത്യതിനംശങ്ങളേതുമില്ലാത്ത
നുണകളായിരുന്നു പച്ച നുണകൾ
കവിയുടെ വേർപാടിന് വേദനയിൽ
കണ്ണടച്ചൊന്നു ഞാനിരിക്കുന്ന നേരം
സുൽത്താൻ ബഷീറുവന്നെന്റെ
തോളിൽ തലോടിപ്പറഞ്ഞു
ചുറ്റിലുമുണ്ടവർ മമ്മൂഞ്ഞികൾ
എട്ടുകാലി മമ്മൂഞ്ഞികൾ
അവരെ കരുതിയിക്കണം നാം
ഒരു മന്ദഹാസത്താൽ സുൽത്താൻ പറഞ്ഞു
കവിയും കവിതയും ജ്വലിച്ചു നിൽക്കും
പൂമരങ്ങളായി ഉയർന്നു നിൽക്കും
ഒരു രക്തതാരമായുദിച്ചു നിൽക്കും
Click this button or press Ctrl+G to toggle between Malayalam and English