ഒരു പരേതനെയും
ഉയിർത്തെഴുന്നേൽപ്പിക്കാൻ
പര്യാപ്‌തമല്ല
കവിത
ചില മുഹൂർത്തങ്ങളിൽ,
കണ്ണുള്ളവന് കണ്ണും
കാതുള്ളവന് കാതും നൽകാൻ
അതിനു കഴിഞ്ഞേക്കും
കൊറോണക്കുള്ള പ്രതിവിഷം
കവിതയിലില്ല
വിശക്കുന്ന ചിതലിനു
അരിച്ചശിക്കാനുള്ള
കടലാസ്സപ്പമല്ല
കവിത
മസ്തിഷ്കപരമായ തർക്കങ്ങളിൽ
പക്ഷം പിടിക്കാനുമറിയില്ല
കവിതയ്ക്ക്
നഗരകാന്താരങ്ങളിൽ
ഒറ്റപ്പെട്ടുപോയ സഞ്ചാരിക്ക്
തല ചായ്ച്ചു വിതുമ്പാനുള്ള
ദുർബ്ബലവും തന്മയത്വശക്തിയുള്ളതുമായ
തോളെല്ലാകാം ഹൃദയമാകാം
കവിത
അടുപ്പത്തിലും
അകൽച്ച പാലിക്കുന്ന നിഗൂഢത
ആഴമളക്കാനാകാത്ത
അജ്ഞേയതയുടെ സുവിശേഷം
അനായാസമായ ആയാസത്തോടെ
ഓളങ്ങളടങ്ങാത്ത ഈ പുഴയും കടക്കാം
അക്കരെ നമ്മെ കാത്തിരിക്കുന്നത്
നക്ഷത്രധൂളികളുതിരുന്ന
ഒരു കവിതാമരമാകില്ലെന്നാരു കണ്ടു
പുനർജനിച്ച കണ്ണുള്ള കവിതയ്ക്ക്
എല്ലാറ്റിനും ഉത്തരമുണ്ട്
ചോദ്യം പക്ഷെ നക്ഷത്രങ്ങൾക്കേ അറിയൂ!
——–
Click this button or press Ctrl+G to toggle between Malayalam and English