ചരിതമതു കാൺകയില്ല ചരിത്രത്തിലായ്
ചികയുവാൻ അണയുകില്ലാരും !
ഇവിടെയവർ ജീവിച്ചിരുന്നതിൻ തെളിവിനായ്
ഇടമൊന്നൊരുക്കിയില്ലാരും …
അവർ മണ്ണിൽ ജീവിച്ചു മണ്ണിൽ ലയിച്ചവർ,
അവർ തീർത്തതാണീ ചരിത്രം .
അവരുടെ ദുഃഖങ്ങൾ നഷ്ടസ്വപ്നങ്ങളിൽ
മഷി പുരളാത്ത ചരിത്രം .
അറിയില്ലവരുടെ പേരുകൾ ഊരുകൾ,
അതു കൊത്തിവച്ചതില്ലെങ്ങും .
അറിയാമിതൊന്നേ അവർ തീർത്തതാണു ഞാൻ
അനുഭവിക്കുന്നൊരീ ലോകം .
അവർ തീർത്ത വഴികളിലാണെൻ്റെ രഥചക്ര-
മതിവേഗ,മുരുളുന്നതിപ്പോൾ.
അവർ വച്ച തരുവിൻ്റെ നിഴലായ് ഭവിക്കുന്നെൻ
അശ്വങ്ങൾ തിരയുന്ന തണലും.
അവർ തീർത്ത തണ്ണീർത്തടങ്ങളിലിന്നെൻ്റെ
വേരുകൾ നീരു തിരയുന്നു.
പേരു വയ്ക്കാതവർ പാടിയ പാട്ടിൻ്റെ
ശീലുകൾ ചുണ്ടു നുണയുന്നു.
അല്ല പ്രവാചകർ , അല്ലവർ യോദ്ധാക്കൾ
അല്ല മഹാപുരുഷൻമാർ .
അവർ നിസ്വർ , പാരിൽ വിയർപ്പിനാൽ നനവേകി
പൊന്നു വിളയിച്ച പണിയാളർ.
അവർ നല്ല നാളെ തൻ സ്വപ്നങ്ങൾ കണ്ടവർ,
കരളിലതു കനൽ പോലെ കാത്തോർ .
മാനത്തെ അമ്പിളിക്കല കണ്ടു മോഹിച്ച
താഴത്തെ മണ്ണിൻ്റെ മക്കൾ.
അവർ നയിച്ചട്ടില്ല വിപ്ലവമെങ്കിലും,
അവരതിൽ അണിചേർന്ന ധീരർ.
ഇല്ലായ്മ വല്ലായ്മ എല്ലാം മറന്നതിൽ
വെന്തു വെണ്ണീറായ വീരർ .
അവരുടെ ചാരത്തിൽ നിന്നും പടുത്തതീ,
മാറ്റവും മാറ്റൊലിപ്പാട്ടും.
അടയാളപ്പെടാത്തവർ അടരാടി
നേടിയതാണെൻ്റെ നാടിൻ ചരിത്രം .
അവരെൻ്റെ പൂർവ്വികർ , അറിയാ അരൂപികൾ
അവരേ എനിക്കു വഴികാട്ടാൻ …
അവരെ അടയാളപ്പെടുത്തുവാൻ കനിയുക
കാലമേ തൂലികത്തുമ്പാൽ …
Click this button or press Ctrl+G to toggle between Malayalam and English