മധുവിന്റെ നെഞ്ചിൽ ചാരി നല്ല ഉറക്കത്തിലാണ് നാലുവയസ്സുകാരി പായൽ
കണ്ണുകളടച്ചു ഇരിക്കുന്നുണ്ടെങ്കിലും മധുവിന് ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല, മനസ്സ് ഇന്നലകളിലേക്ക് ഊളയിടുകയായിരുന്നു.
വടകര പുത്തൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥി ആയപ്പോൾ മുതൽ മധു മനസ്സിൽ കൊണ്ട് നടന്നിരുന്ന മോഹമാണ് സംഗീതം പഠിക്കുക എന്നത്. റേഡിയോയിൽ വരുന്ന സിനിമാഗാനങ്ങൾ മന:പ്പാഠമാക്കി സാമാന്യം നന്നായി തന്നെ മധു പാടാറുണ്ടായിരുന്നു.
സ്കൂൾ യുവജനോത്സവങ്ങളിൽ ലളിതഗാനത്തിന് സമ്മാനങ്ങൾ കിട്ടാറുണ്ടായിരുന്നെങ്കിലും അതിനപ്പുറമുള്ള വേദികളൊക്കെ പലപ്പോഴും മധുവിന് ലഭിച്ചിരുന്നില്ല, നാട്ടിലെ ക്ലബ്ബിന്റെ വാർഷികങ്ങൾ, ഓണാഘോഷങ്ങൾ, സാംസ്‌കാരിക സദസ്സുകൾ അങ്ങിനെ ചില വേദികളിൽ ഒക്കെ മധു തന്റെ കഴിവ് തെളിയിച്ചിരുന്നു.
സ്കൂളിൽ ആ വർഷം ഒരു ഡിസ്റ്റിങ്ഷനും മൂന്ന് ഫസ്റ്റ് ക്ലാസുകളും ആണ് ലഭിച്ചത്, ഫസ്റ്റ് ക്ലാസ് നേടിയ ഒരാൾ മധുവായിരുന്നു. തന്റെ ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം ഒരു ഭാഗത്തും അമ്മയും സഹോദരിയും താനുമുള്ള കുടുംബത്തിന്റെ വിശപ്പ് മറുഭാഗത്തുമായി നിലയുറപ്പിച്ചപ്പോൾ വിശപ്പിന് തന്നെ ആയിരുന്നു മധുവും പരിഗണന നൽകിയത്.
വീടിനടുത്തുള്ള കുമാരൻ മേസ്ത്രിയുടെ സഹായി ആയിട്ടാണ് തുടക്കം, കല്ല് വെട്ട്, കോൺക്രീറ്റ്, പെയിന്റിംഗ് അങ്ങിനെ പല തൊഴിലുകൾ.
അച്ഛൻ മരിക്കുമ്പോൾ ആ ചെറിയ വീടിന്റെ പണികൾ പാതിപോലും ആയിരുന്നില്ല, ഘട്ടം ഘട്ടമായി പണികൾ പൂർത്തിയാക്കി, ചേച്ചിയുടെ വിവാഹം വലിയ ആർഭാടം ഒന്നും കൂടാതെ നടത്തി. അമ്മയെ ചെറിയ ചെറിയ അസുഖങ്ങൾ പിടികൂടാൻ തുടങ്ങിയപ്പോൾ ചേച്ചി മാലതിയും ഭർത്താവ് ദിവാകരനും താമസം അമ്മയോടൊപ്പം ആക്കി.
തികച്ചും പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പൊരുതുമ്പോഴും മധു തന്റെയുള്ളിലെ ഒരു സ്വപ്നത്തെ മുറുകെ പിടിച്ചു. നാട്ടിലെ കലാസമിതിയുടെ വാർഷികങ്ങളിൽ അവതരിപ്പിക്കുന്ന നാടകങ്ങൾക്ക് വേണ്ടി ഗാനങ്ങൾ എഴുതിയും പാടിയും ചിട്ടപ്പെടുത്തിയും തന്റെ ഉള്ളിലെ സംഗീതമെന്ന കനലിനെ കെടാതെ സൂക്ഷിച്ചു. നാടകം മധുവിനെ കുറച്ചുകൂടി വിശാലമായ ബന്ധങ്ങളിലേക്ക് എത്തിച്ചു. പണി കഴിഞ്ഞെത്തുന്ന സന്ധ്യകൾ സംഗീത പഠനത്തിനായി മാറ്റി വെച്ചു. നിരവധി വർഷങ്ങളുടെ കഠിനാധ്വാനം മധുവിനെ മികവുറ്റ ഓടക്കുഴൽ വായനക്കാരനാക്കി.
കൂട്ടുകാരോടൊത്തുള്ള ഓരോ രാത്രികളും സംഗീതസാന്ദ്രമായി, പുല്ലാംകുഴലിൽ മധു തീർക്കുന്ന നാദ വിസ്മയങ്ങൾ അവർ ഹൃദയത്തിലേറ്റി. ഒരുപാട് അമേച്ചർ നാടകങ്ങൾക്ക് മധു സംഗീതമൊരുക്കി. ആ കാലത്ത് ജോലിക്ക് പോകുന്നതൊക്കെ വല്ലപ്പോഴും ആയി.
മാലതിച്ചേച്ചിക്കും ദിവകേരേട്ടനും രണ്ട് കുട്ടികളാണ്, മൂത്തമകൾ സജിനി, രണ്ടാമത്തെ ആൾ സജിത്ത് … ബീഡി തൊഴിലാളി ആയ ദിവാകരേട്ടന്റെ വരുമാനവും ചേച്ചി വല്ലപ്പോഴും കൂലിപ്പണിക്ക് പോയാൽ കിട്ടുന്ന തുച്ഛമായ തുകയും കൊണ്ട് എങ്ങിനെയും തട്ടിമുട്ടി പോകുന്നതിനിടക്കാണ് അമ്മയുടെ രോഗം കലശലായത്. രണ്ടു തവണ സർജറി നടത്തി ആ ഹൃദയമിടിപ്പ് നിലനിര്‍ത്താൻ വീടും പുരയിടവും പണയപ്പെടുത്തിയാണ് മധു സഹകരണ ബേങ്കിൽ നിന്ന് ലോണെടുത്തത്.
രണ്ടാമത്തെ സർജറി കഴിഞ്ഞു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരുന്ന ദിവസമാണ്.
അമ്മയും മധുവും കുറച്ചധിക നേരം സംസാരിച്ചു.
” കൂടുതൽ പറയണ്ടമ്മേ , അമ്മയോട് ഡോക്ടർ പറഞ്ഞതല്ലേ , ഇനി കുറച്ചുനേരം അനങ്ങാതെ കിടക്കൂ ” മധു പറഞ്ഞു.
” സാരമില്ലെടാ, ഇപ്പൊ നല്ല മാറ്റം തോന്നുന്നുണ്ട് , ഓല് അങ്ങനെയൊക്ക പറയും , ന്റെ മോനോട് മംഗലകാര്യം ഞാനല്ലാണ്ട് പിന്നെയാരാ പറയാ ” അതും പറഞ്ഞു അമ്മ മധുവിന്റെ കൈപിടിച്ചു.
” മംഗലം കഴിക്കാൻ പറ്റിയ സമയം തന്നെ , ഇങ്ങള് അതൊന്നും ഓർത്ത് ബേജാറാവണ്ട , അതിന് ഇനിയും തോന സമയമുണ്ട് ”
അമ്മയുടെ കൈവിടാതെ തന്നെ മധു മറുപടി നൽകി.
” നീയെന്നെ ഒന്ന് പിടിച്ചേ , കൊറച്ചു സമയം ഇരിക്കാം ”
അമ്മയെ ഇരുത്താൻ വേണ്ടി മധു ശ്രമിക്കുന്നതിനിടയിൽ ആ പാവം കട്ടിലിലേക്ക് തന്നെ കുഴഞ്ഞു വീണു.
മധുവിന്റെ വിളികേട്ട് നേഴ്‌സുമാർ ഓടിയെത്തി , ഒപിയിൽ നിന്ന് പരിശോധന നിർത്തി ഡോക്ടറും എത്തി, ഉടൻ തന്നെ ഐസിയു വിലേക്ക് മാറ്റി, പിന്നെ ആ അമ്മ മിണ്ടിയിട്ടില്ല.
രണ്ടാഴ്ചയോളം അങ്ങിനെ കിടന്നു, ഒരു വെള്ളിയാഴ്ച പുലർച്ചെ അമ്മയും മടങ്ങി.
നിറഞ്ഞ കണ്ണുകളുമായി മധു ഇരുന്നു, വല്ലാത്തൊരു ശൂന്യത അയാളെ ചുറ്റി വരിഞ്ഞു.
ഒരു മാറ്റം അയാളുടെ മനസ്സ് ആഗ്രഹിക്കുന്നുണ്ടായിരുന്നു, മൂന്നു മാസത്തിനു ശേഷം ചേച്ചിയോടും കുടുംബത്തോടും യാത്ര പറഞ്ഞു പഴയ സുഹൃത്തിനെ തേടി കൊൽക്കൊത്തയിലേക്ക് ട്രെയിൻ കയറി.
അമ്മയുടെ ഒരു ഫോട്ടോയും മൂന്നു ജോഡി വസ്ത്രങ്ങളും തന്റെ വിയർപ്പിന്റെ കാശിനു വാങ്ങിയതും പലപ്പോഴായി സമ്മാനമായി കിട്ടിയതുമായ ഓടക്കുഴലുകളും അടങ്ങിയ ഒരു ബാഗും കുറെ ഓർമ്മകളും സങ്കടങ്ങളും താൻ കഷ്ടപ്പെട്ട് പഠിച്ച സംഗീതവുമായിരുന്നു ആ യാത്രയിൽ അയാളോടൊപ്പം ഉണ്ടായിരുന്നത്.
ഹൗറ റെയിൽവേ സ്റ്റേഷനിലെ ടെലിഫോൺ ബൂത്തിൽ നിന്ന് മധു തന്റെ പഴയ സഹപാഠിയായ പ്രശാന്തിനെ വിളിച്ചു. ഓഫീസിലെ ലാൻഡ്ഫോണിലേക്ക് തന്നെ തേടിയെത്തിയ വടകര മലയാളം പ്രശാന്തിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. അതും പഠിക്കുന്ന കാലത്ത് തന്നെക്കാൾ മിടുക്കനായ വിദ്യാർത്ഥി, ദാരിദ്ര്യം കൊണ്ട് ഉപരിപഠനം നടത്താൻ കഴിയാത്ത പോയ കൂട്ടുകാരൻ.
മധു ഒരു പേപ്പറിൽ അഡ്രസ്സ് കുറിച്ചെടുത്തു.
ജാദവ്പൂർ യൂണിവേഴ്‌സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്‌സ് , 47 , സെൻട്രൽ റോഡ് , റാം താക്കൂർ സരണി, ബിധാനപള്ളി , ജാദവ്പൂർ
അങ്ങിനെയാണ് മധുവിന്റെ ജീവിതം അവനേറെ ഇഷ്ടപ്പെട്ടിരുന്ന ജ്യോതിബസുവിന്റെ വംഗനാട്ടിലേക്ക് പറിച്ചു നടപ്പെട്ടത്.
പ്രശാന്തും ഭാര്യ ചന്ദ്രമല്ലിക ചക്രവർത്തിയും ജാവേദ്‌പൂർ യൂണിവേഴ്സിറ്റിയിൽ ആണ് ജോലി ചെയ്യുന്നത്. പ്രശാന്ത് ഹിസ്റ്ററി ഡിപ്പാർട്മെന്റിലും ചന്ദ്രമല്ലിക ഫിലോസഫി ഡിപ്പാർട്മെന്റിലും അദ്ധ്യാപകരാണ്.
പ്രശാന്തും ഭാര്യയും വളരെ സ്നേഹത്തോടെയാണ് മധുവിനെ സ്വീകരിച്ചത്. ചന്ദ്ര മല്ലികയോട് സംസാരിക്കുമ്പോൾ മധുവിന് ആദ്യമൊക്കെ ഭാഷ ഒരു പ്രശ്നമായിരുന്നു, നാലു ദിവസത്തിന് ശേഷമാണു പ്രശാന്ത് താര അയേൺ സ്റ്റീൽ കമ്പനിയിൽ ഒരു ജോലി ശരിയാക്കിയത് , പിന്നെയും രണ്ടാഴ്ചയോളം മധുവിന്റെ താമസം പ്രശാന്തിനൊപ്പമായിരുന്നു.
റൂം അനേഷിച്ചു നടന്ന മധുവും പ്രശാന്തും രാജ സുബോധ് ചന്ദ്ര് റോഡിലെ പരേഷ് കോമൾ അധികാരിയുടെ കെട്ടിടത്തിന് മുൻവശം മുറികൾ വാടകക്ക് എന്ന ബോർഡ് കണ്ടത്. ഒരു ബെഡ് റൂം പിന്നെ ഒരു റൂം കൂടിയുണ്ട് അടുക്കളയായും ഹാളായും ഒക്കെ അത് തന്നെ ഉപയോഗിക്കണം. മധു ഓക്കെ പറഞ്ഞു, വാടക പറഞ്ഞുറപ്പിച്ചു. അഡ്വാൻസ് നൽകിയത് പ്രശാന്താണ്.
ജോലി കഴിഞ്ഞു വീട്ടിലെത്തി കഴിക്കാൻ വല്ലതും ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ ഓടകുഴൽ തന്നെ ആണ് മധുവിന്റെ കൂട്ടുകാരൻ
വല്ലപ്പോഴും കേൾവിക്കാരനായി പ്രശാന്തും ചിലപ്പോഴൊക്കെ ചന്ദ്രമല്ലികയും ഉണ്ടാകും
മലയാളി സമാജത്തിന്റെ പ്രവർത്തകരെയൊക്കെ പ്രശാന്ത് മധുവിന് പരിചയപ്പെടുത്തി, ഒപ്പം മധുവിലെ സംഗീതത്തെയും
ആ വർഷത്തെ വാർഷികാഘോഷത്തിന് മാധുര്യം കൂട്ടികൊണ്ട് ഓടക്കുഴലിൽ നാദ വിസ്മയം തീർക്കാൻ മധുവും ഉണ്ടായിരുന്നു.
നിറഞ്ഞകൈയ്യടിയോടെ ആണ് മധുവിന്റെ ഗാനങ്ങളെ ആ നിറഞ്ഞ സദസ്സ് ഏറ്റുവാങ്ങിയത്. അങ്ങിനെ നാട്ടിൽ പാതിവഴിയിൽ നിർത്തിയ സംഗീതം മധുവിന്റെ ജീവതാളമായി.
മലയാളി സമാജത്തിലൂടെ പുതിയ സൗഹൃദങ്ങൾ വളർന്നു, കാലം പിന്നെയും കടന്നു പോയി.
മലയാളി സമാജത്തിന്റെ അടുത്ത പരിപാടി നിറഞ്ഞ സദസ്സ് , വേദിയിൽ മധു വീണപൂവ് എന്ന സിനിമയിലെ ശ്രീകുമാരൻ തമ്പി എഴുതിയ വിദ്യാധരൻ മാഷുടെ സംഗീതത്തിൽ ഗാനഗന്ധർവൻ യേശുദാസ് ആലപിച്ച
” നഷ്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു
ദു:ഖ സിംഹാസനം നല്‍കി
തപ്ത നിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്ന സിംഹാസനം നല്‍കി…
മനസ്സിൽ പീലിവിടർത്തിയാടും
മായമയൂരമിന്നെവിടെ .. ”
എന്ന ഗാനം തന്റെ ഓടക്കുഴലിലൂടെ അവതരിപ്പിച്ചു സദസ്സിന്റെ കൈയ്യടി നേടി.
വേദിയിൽ നിന്നിറങ്ങുമ്പോഴാണ് മധു ആ മുഖം ശ്രദ്ധിച്ചത്
കൈയിലുള്ള ചെറിയ ടൗവ്വൽ കൊണ്ട് അവൾ കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു. ആ പെൺകുട്ടിയെ നോക്കി കൊണ്ടാണ് മധു നടന്നത് ആദ്യ നോട്ടത്തിൽ തന്നെ കണ്ണുകൾ പരസ്പരം സംസാരിച്ചിരുന്നു.
പരിപാടി കഴിഞ്ഞപ്പോൾ അവളുടെ അടുത്ത സീറ്റിൽ ഉണ്ടായിരുന്ന ഏതാണ്ട് 55-58 വയസിനടുത്ത് പ്രായം തോന്നിക്കുന്ന ആൾ മധുവിനെ തേടി വന്നു.
” വളരെ നന്നായിരുന്നു , അഭിനന്ദനങ്ങൾ ” അയാൾ മധുവിനോട് പറഞ്ഞു.
ചെറു പുഞ്ചിരിയോടെ മധു നന്ദി പറഞ്ഞു.
കുറച്ചു സമയത്തെ സംസാരത്തിന് ശേഷം അയാൾ പറഞ്ഞു.
” മകളുണ്ട് ഒപ്പം ഒന്നവിടെ വരെ വരുമോ ? ‘
” ഓ അതിനെന്താ ” എന്ന് പറഞ്ഞു മധു അയാളോടൊപ്പം നടന്നു.
ആ ചെയറിൽ ഇരുന്നുകൊണ്ട് തന്നെ അവൾ ഷേക്ഹാൻഡിനായി കൈ നീട്ടി.
” ഞാൻ അനുപമ , പെർഫോർമൻസ് വളരെ ഗംഭീരമായിരുന്നു , ”
അവിടെയും ഒരു മന്ദസ്മിതത്തോടെ ” താങ്ക് യു ” എന്ന് പറഞ്ഞു തന്റെ താടിയിലൂടെ മധു വിരലോടിച്ചു.
” കുറെ വർഷങ്ങളായോ ഓടക്കുഴൽ പഠിക്കുന്നത് ? ഒരു പ്രൊഫഷണൽ മ്യൂസിഷ്യൻ വായിക്കുന്നതാണെന്നേ തോന്നൂ ”
അനുപമയും മധുവും കുറച്ചു സമയം സംസാരിച്ചു.
വർഷങ്ങൾക്ക് മുൻപ് ജോലി കിട്ടി കൊൽക്കത്തയിലേക്ക് വേരുകൾ പറിച്ചു നട്ട ഒരു പാലക്കാടുകാരൻ ആണ് ശശികുമാർ, അയാളുടെ മകളാണ് അനുപമ.
” ബിദയ്, ഷീഗ്രി ദേഖാ ”
വീണ്ടും കാണാമെന്നു പറഞ്ഞു യാത്ര പറഞ്ഞു പിരിയുമ്പോൾ അനുപമ ഇരുന്ന ചെയറിന്റെ പിന്നിൽ ശശികുമാർ ഉണ്ടായിരുന്നു, ആ ചെയറിന് ചക്രങ്ങളും.
അനുപമയുടെ മുഖം തന്നെ ആയിരുന്നു മധുവിന്റെ മനസ്സ് നിറയെ,
എന്തൊരു തിളക്കമാണ് ആ കണ്ണുകൾക്ക് എന്തു പറ്റിയതായിരിക്കും ? ജന്മനാ ഉള്ള പ്രശ്നങ്ങൾ കൊണ്ടാണോ അവളുടെ ജീവിതം ചക്രകസേരയിൽ ആയത് ? വല്ല അപകടവും ആണോ ?
അങ്ങിനെ ചോദ്യങ്ങൾ ഒരുപാട് മനസ്സിൽ നിറഞ്ഞു …
ആ രാത്രി എപ്പോഴാണ് ഉറങ്ങിയത് എന്നയാൾ ഓർക്കുന്നില്ല …
ഉറക്കമുണർന്നപ്പോഴും അനുപമ തന്നെ ആയിരുന്നു മധുവിന്റെ മനസ്സിൽ.
ഒരു ഞായറാഴ്ച്ച രാവിലെ ആണ് പ്രശാന്തിനും ചന്ദ്രമല്ലികയോടുമൊപ്പം ശശികുമാർ മധുവിനെ തേടിയെത്തിയത്
പുല്ലുപായ വിരിച്ചു കൊടുത്തു അവരോട് ഇരിക്കാൻ പറഞ്ഞു
ചായ വേണ്ടെന്ന് പറഞ്ഞെങ്കിലും മധു വിട്ടില്ല
മൂന്നു പേർക്കും കട്ടൻ ചായ നൽകി.
” ശശിയേട്ടന് മധുവിന്റെ ഒരു സഹായം വേണം ” പ്രശാന്താണ് പറഞ്ഞത്.
” എന്റെ സഹായമോ ? ‘ തെല്ലത്ഭുതത്തോടെ മധു തിരിച്ചു ചോദിച്ചു.
” അനുപമക്ക് ഒരാഗ്രഹം, ബാംസുരി പഠിക്കണം , മധുവിന് പഠിപ്പിക്കാൻ പറ്റുമോ ? ” ശശികുമാർ ചോദിച്ചു.
” അയ്യോ ഞാൻ വലിയ സംഗീതജ്ഞൻ ഒന്നും അല്ല കുറച്ചെന്തൊക്കെയോ അറിയാം , അത്രയേ ഉള്ളൂ ” ഉള്ളിലെ സന്തോഷം മറച്ചുവെക്കാൻ പാടുപെട്ടാണ് മധു പറഞ്ഞൊപ്പിച്ചത്.
അവരുടെ ചർച്ചകൾക്കൊടുവിൽ അനുപമയെ ഓടക്കുഴൽ പഠിപ്പിക്കാൻ മധു തയ്യാറായി.
പഠിക്കാൻ മിടുക്കിയായ, നർത്തകിയായ അനുപമയ്ക്ക് ഒരപകടം പറ്റിയതും , അതിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതും പിന്നെയുള്ള ജീവിതം വീൽചെയറിൽ ആയതും ഒക്കെ പറയുമ്പോൾ ശശികുമാറിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
ആ അപകടത്തിൽ അയാളുടെ ഭാര്യയും അനുപമയുടെ സഹോദരനും കൊല്ലപ്പെട്ടത് പിന്നീട് പ്രശാന്താണ് മധുവിനോട് പറഞ്ഞത്.
മനുഷ്യന്റെ അവസ്ഥ … പല പല സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഒക്കെയായി പൊരുതുമ്പോഴായിരിക്കും ഇടിത്തീ പോലെ വല്ലതും സംഭവിക്കുന്നതും എല്ലാം താറുമാറാകുന്നതും , ശശികുമാറിനോടും അനുപമയോടും വല്ലാത്ത സഹതാപമാണ് അയാൾക്ക് തോന്നിയത്.
ജോലി കഴിഞ്ഞെത്തുന്ന സായാഹ്നങ്ങളിലും വാരാന്ത്യങ്ങളിലും ശശികുമാറിന്റെ വീട്ടിലേക്ക് മധു ഒരു സൈക്കിളുമായി ഇറങ്ങും.
അങ്ങിനെ അനുപമയുടെ ഓടക്കുഴൽ ഗുരു എന്ന റോളിലേക്ക് അയാൾ മാറി ….
ഓടക്കുഴൽ എങ്ങിനെ പിടിക്കണം ഒരു വശത്തേക്ക് അല്പം ചെരിഞ്ഞിരുന്നു തലയല്പം ചെരിച്ചു വെച്ച് വലതുകൈ പുറത്തും ഇടതു കൈ അകത്തുമായുള്ള പൊസിഷൻ പറഞ്ഞു കൊടുത്തു അതിൽ കംഫർട്ട് ആണെന്ന് ഉറപ്പുവരുത്തിയാണ് ആദ്യപാഠങ്ങൾ തുടങ്ങിയത്
എല്ലാ സുഷിരങ്ങളും തുറന്ന് വച്ച് നന്നായി ശ്വാസം പിടിച്ചു ഊതുക എന്നതായിരുന്നു ആദ്യ പാഠം
പിന്നെ ദീർഘശ്വാസം പിടിച്ചു കൂടുതൽ സമയം കണ്ടെത്തുക എന്നതായി
സപ്തസ്വരങ്ങളും സ്വരസ്ഥാനങ്ങളും അനുപമ പഠിച്ചു തുടങ്ങി
വലതു കൈയുടെ മൂന്നു വിരലുകൾ , ചൂണ്ടു വിരൽ , നടുവിരൽ , മോതിരവിരൽ മൂന്നു സുഷിരങ്ങളിൽ അതുപോലെ അടുത്ത മൂന്നു സുഷിരങ്ങളിൽ ഇടതു കൈവിരലുകളും.
ഊതുന്ന സുഷിരത്തിന്റെ ഭാഗത്തു നിന്ന് ആദ്യത്തെ മൂന്നു സുഷിരങ്ങൾ അടച്ചു പിടിച്ചു വായിച്ചാൽ ” സ ” – ഷഡ്ജം
രണ്ടു സുഷിരങ്ങൾ അടച്ചു പിടിച്ചു വായിച്ചാൽ ” രി ” -ഋഷഭം
ഒരു സുഷിരം അടച്ചു പിടിച്ചു വായിച്ചാൽ ” ഗ ” – ഗാന്ധാരം
ആദ്യ സുഷിരത്തിലെ ഹാഫ് നോട്ട് (പകുതി അടച്ചു പിടിച്ചു വായിച്ചാൽ ) ” മ ” – മധ്യമം
ഇനി ഇടതു കൈ
ആറു സുഷിരങ്ങൾ അടച്ചു പിടിച്ചു വായിച്ചാൽ ” പ ” -പഞ്ചമം
അഞ്ചു സുഷിരങ്ങൾ അടച്ചു പിടിച്ചു വായിച്ചാൽ “ധ ” -ധൈവതം
നാലു സുഷിരങ്ങൾ അടച്ചു പിടിച്ചു വായിച്ചാൽ ” നി ” -നിഷാദം
മൂന്നു സുഷിരങ്ങൾ അടച്ചു പിടിച്ചു വായിച്ചാൽ ” സ ” – ഷഡ്ജം
ഓരോ സ്വരങ്ങളും ദിവസങ്ങളെടുത്താണ് അനുപമയെ പഠിപ്പിച്ചത്.
സ, പ എന്നിവയൊഴികെ മറ്റുള്ളവയ്ക്കു ഒന്നിലേറെ രൂപങ്ങളുള്ളതും,
രി, ഗ, ധ, നി എന്നിവയ്ക്ക് ശുദ്ധരൂപവും കോമള രൂപവുമുള്ളതും മധ്യമത്തിനുള്ള ശുദ്ധരൂപവും തീവ്രരൂപവും ആരോഹണവും അവരോഹണവും ഒക്കെ ലളിതമായ രീതിയിൽ മധു പറഞ്ഞു കൊടുത്തു
ദിവസങ്ങൾ … ആഴ്ചകൾ .. മാസങ്ങൾ പിന്നിട്ടു
മകൾ ഇപ്പോൾ സന്തോഷവതിയാണ് അതിൽ ശശികുമാറും സന്തോഷിച്ചു.
എന്നും ഒന്നിച്ചിരുന്നു സംഗീതം അഭ്യസിക്കുന്നതിനിടയിൽ അവരുടെ മനസ്സുകളും ശ്രുതി ചേർന്നു തുടങ്ങിയിരുന്നു. പക്ഷെ രണ്ടുപേരും പരസ്‌പരം ഒന്നും പറഞ്ഞിരുന്നില്ല.
പഠനം നല്ല രീതിയിൽ മുന്നോട്ട് പോയി ..
വായനയുടെ ഗതി നിയന്ത്രിക്കുന്ന രീതിയാണു് താളം മെന്നും പത്തുതരം താളബോധന കാലപ്രമാണങ്ങളെ കുറിച്ചുമെല്ലാം മധു വിശദമാക്കി
ഒന്നാം കാലം ഒരടി ഒരു സ്വരം – ” സ ”
രണ്ടാം കാലം ഒരടി രണ്ട്സ്വരം – ” സരി ”
മൂന്നാം കാലം ഒരടി നാല്സ്വരം – ” സരിഗമ ”
നാലാം കാലം ഒരടി എട്ട് സ്വരം – ” സരിഗമപധനിസ ”
തനിക്കേറെ ഇഷ്ടമുള്ള അനുപമയെ നോക്കി അയാൾ പാടി
”
കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ
ഇന്നെനുള്ളിൽ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം
കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്‌ടം കൂടാമോ ”
കല്യാണിയും ശങ്കരാഭരണവും രണ്ടു രാഗങ്ങൾ ഒത്തുചേർന്ന ഗാനം
കമൽ സംവിധാനം ചെയ്ത ” കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ ” എന്ന ചിത്രത്തിന് വേണ്ടി ബിച്ചു തിരുമല രചിച്ചു ഔസേപ്പച്ചൻ സംവിധാനം നിർവഹിച്ചു മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ആലപിച്ച മനോഹര ഗാനം
അതിന്റെ നോട്ടുകൾ മധു അനുപമയെ പഠിപ്പിച്ചു
” സഗാ സഗാ ഗമാഗരി ധരീധരി രിഗരിസാ
സഗാ സഗാ ഗമാഗരി ധരീധരി രിഗരിസാ
സഗഗാ സഗമാഗരി രിമമമാഗമ പാഗരിസ …..”
ഓരോ സന്ധ്യയിലും പ്രണയ രാഗങ്ങളുടെ ബാംസുരി പെയ്തിറങ്ങി.
അനുപമ തന്റെ ഇഷ്ടം അച്ഛനെ അറിയിച്ചു, അംഗീകരിക്കാൻ ശശികുമാറിന് ഒട്ടും പ്രയാസമുണ്ടായിരുന്നില്ല പക്ഷെ തന്റെ മകളുടെ ശാരീരിക പ്രയാസങ്ങൾ പറഞ്ഞു മധുവിനെ പിന്തിരിപ്പിക്കാൻ അയാൾ ശ്രമിച്ചു.
മധു പിന്മാറാനൊരുക്കം ആയിരുന്നില്ല.
ജാവേദ്‌പുരിലെ രജിസ്റ്റർ ഓഫീസിൽ വെച്ചാണ് വിവാഹം കഴിഞ്ഞത്
ശശികുമാറും പ്രശാന്തും ചന്ദ്രമല്ലികയും പിന്നെ മലയാളി സമാജത്തിലെ കുറച്ചു സഖാക്കളും.
ശശികുമാറിന്റെ വീട്ടിൽ ചെറിയൊരു ചായ സൽക്കാരം … കല്യാണ ചടങ്ങുകൾ ലളിതം …
മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ മധുവും അനുപമയും ജാവേദ് പൂരിൽ നിന്ന് ഹൂഗ്ലി നദിയുടെ അരികിൽ ഉള്ള മഹേഷ് തലയിലേക്ക് താമസം മാറി.
കുറെ ഡോക്ടർമാരുടെ ഉപദേശങ്ങൾ തേടിയതിന് ശേഷമാണ് അവർ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.
ചെറിയ കോംപ്ലിക്കേഷന്സിന് സാധ്യത ഉണ്ടെന്നാണ് പല ഡോക്ടർമാരും പറഞ്ഞതെങ്കിലും പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അനുപമ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
അവരുടെ പ്രണയരാഗങ്ങളുടെ ബാംസുരി കേൾക്കാൻ കൊച്ചു ” പായൽ ” കൂടി എത്തി
മകളെ സുരക്ഷിതമായ കൈകളിലേൽപ്പിച്ച ചാരിതാർഥ്യത്തോടെ തന്റെ നഷ്ടപ്പെട്ട വേരുകൾ തേടി വംഗനാട്ടിൽ നിന്ന് പാലക്കാട്ടേക്ക് ശശികുമാർ വണ്ടി കയറി.
ഹ്രസ്വ സന്ദർശനത്തിനാണ് ശശികുമാർ കേരളത്തിലെത്തിയതെങ്കിലും പിന്നെ കൊൽക്കത്തയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല,
ഒരു നെഞ്ചുവേദന , ആശുപത്രിയിലെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
അനുപമയെയും പായലിനെയും പ്രശാന്തിനെയും ചന്ദ്രമല്ലികയെയും ഏല്പിച്ചാണ് മധു പാലക്കാടേക്ക് പോയത്. ശശികുമാറിന്റെ സംസ്കാരം കഴിഞ്ഞതിന് ശേഷം അയാൾ വടകരയിലേക്ക് പോയി മാലതിച്ചേച്ചിയേയും ദിവാകരേട്ടനെയും മക്കളെയും കണ്ടു, രണ്ടു ദിവസം അവരോടൊപ്പം താമസിച്ചു, അനുപമയുടെയും പായലിന്റെയും വിശേഷങ്ങൾ പങ്കു വെച്ച് മടങ്ങുമ്പോൾ കൈയിലുണ്ടായിരുന്ന കുറച്ചു കാശ് ചേച്ചിയെ ഏൽപ്പിച്ചു.
സംഗീതസാന്ദ്രമായ അവരുടെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോയി, കൊച്ചു പായലിനു നാലു വയസു കഴിഞ്ഞു.
അച്ഛന്റെയും അമ്മയുടെയും ഒപ്പം പായലും ഓടക്കുഴൽ വായന തുടങ്ങി ..
സ്നേഹരാഗങ്ങളുടെ ബാംസുരി അവരുടെ മനസ്സിനെ നിറച്ചു ഒഴുകിക്കൊണ്ടേയിരുന്നു.
ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ മധു കണ്ടത് വീൽ ചെയറിൽ ഇരിക്കുന്ന അനുപമയെ പിടിച്ചു കരയുന്ന പായലിനെ ആണ്.
” അനു .. അനു …. അനുപമ ..” അയാൾ ഉറക്കെ വിളിച്ചു.
അനക്കമില്ല ഒട്ടും വൈകാതെ അനുപമയെ മഹേഷ്‌തലയിലെ ചിത്തരഞ്ജൻ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു.
” സാബ് , ഡോക്ടർ അപ്‌നാകെ ദക്ചേ ”
സിസ്റ്റർ മധുവിന്റെ ചുമലിൽ തട്ടി ” സാബിനെ ഡോക്ടർ വിളിക്കുന്നു ” എന്ന് പറഞ്ഞപ്പോൾ അയാൾ ഓർമ്മകളുടെ വലയത്തിൽ നിന്നുണർന്നത്.
” അനുവിന് ഒന്നും സംഭവിക്കില്ല ”
എന്ന് അയാളുടെ മനസ്സുപറയുന്നുണ്ടായിരുന്നുവെങ്കിലും നാലുവയസ്സുകാരി പായലിനെയും എടുത്ത് ഡോക്ടറെ കാണാൻ അകത്തേക്ക് കയറുമ്പോൾ അയാളുടെ ഹൃദയം പടാപടാന്നു മിടിക്കുന്നുണ്ടായിരുന്നു.
Click this button or press Ctrl+G to toggle between Malayalam and English