ഫാസിസ്റ്റ് വിരുദ്ധ റാലി

 

രാവിലെ കൂലിപണിക്കു പോകുന്ന പെണ്ണുങ്ങളോട്
ലുങ്കിയും മാടിക്കുത്തി കുമ്പയും കാട്ടി,
പീട്യേല് ചായകുടിച്ചോണ്ടിരുന്ന ആണുങ്ങൾ കൽപ്പിച്ചു.
“ഇന്ന് ഫാസിസ്റ്റു വിരുദ്ധ റാലിയുണ്ട്.
എല്ലാരും ഉച്ചപ്പണി കഴിഞ്ഞു വരണം”.

സ്വന്തം ദൈവരാജ്യം കെട്ടിപ്പൊക്കുന്ന മതനേതാക്കളും,
അന്യർ തീണ്ടാതിരിക്കാൻ തമോഗർത്തങ്ങൾ തീർക്കുന്ന
ജാതി നേതാക്കളും, സുഭിക്ഷമായ പ്രാതലും കഴിഞ്ഞ്,
അണികളോടാഹ്വാനം ചെയ്തു “റാലിക്കിങ്ങെത്തിയേക്കണം”!

കളവു പോയവന്റെ പാതിയും കട്ടവന്റെ പാതിയും
തുല്യമായ് വീതിച്ച് സോഷ്യലിസം നടത്തി,
നുരയുന്ന ബിയർ ഗ്ലാസ്സുകളുമായ് ഖദർ ധാരിയേമാന്മാർ
രാവിലെ തന്നെയൊന്നു “ചിയേഴ്സ്” പറഞ്ഞപ്പോ
അതാ നേതാവിന്റെ വിളി, ഏതോ ഒരു റാലിക്കു പോണം പോലും!

വായനശാലയിലെ മാറാല പിടിച്ചു കിടക്കുന്ന
മൂലധനം കൊണ്ട് വെട്ടിയ വാളിലെ ചോര
ധൃതിയിൽ തുടച്ചു കളഞ്ഞ്,
പാർട്ടി സ്നേഹികളും പാഞ്ഞു, റാലിയിൽ പങ്കെടുക്കാൻ!

എല്ലാവരും റാലിക്കു പോയി!
ദേവാലയങ്ങളിലെ ദൈവങ്ങളെല്ലാം ഇറങ്ങി വന്ന്,
ജാതിതീണ്ടി നിസ്സഹായരായിരിക്കുന്ന നവോത്ഥാന നായകന്മാരുടെ
ചുവർ ചിത്രങ്ങളെ ആശ്വസിപ്പിച്ചു.

പാർട്ടി ഓഫീസിലെ ചുവരിൽ
ഒറ്റക്കായിപോയ മാർക്സിനെ നോക്കി
സ്റ്റാലിൻ പൊട്ടിച്ചിരിച്ചു.
എരിവെയിലിൽ പൊരിയുന്ന ഗാന്ധി പ്രതിമയെ
മാർക്സ് ജനലിലൂടെ നിസ്സഹായനായി നോക്കി!

റാലി കഴിഞ്ഞു! എല്ലാവരും വരിവരിയായ് പഞ്ചപുച്ഛമടക്കി നിന്ന്
നേതാക്കന്മാരുടെ ഫാസിസ്റ്റ് വിരുദ്ധ പ്രസംഗം കേൾക്കുന്നു.
അവസാനം ഫാസിസ്റ്റു നേതാവ് സ്വയം ആശ്വസിച്ചു…
“ഞാൻ ഐതിഹ്യങ്ങൾ മാത്രം പഠിച്ചത് എത്ര നന്നായി?
ഇവരുള്ളിടത്തോളം എനിക്ക് വിലസാം.
കെട്ടുകഥകളെ ഭരണഘടനയാക്കാം!!!
ഇനി മുതൽ എന്റെ അണികളേയും അയയ്ക്ക്ണം,
ഇവരുടെ കൂടെ ഫാസിസ്റ്റു വിരുദ്ധ റാലിക്ക്.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here