അവൾ കണ്ട നരകങ്ങൾ

 

 

 

കവയിത്രി സെറീനയുടെ പുസ്തകത്തിന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ കുറിപ്പ് വായിക്കാം

ഇരമ്പിയൊഴുകുന്ന മരണത്തിന്റെ കരയിലൂടെ ഒഴുകാത്ത അനേകം നദികളെ അകത്തൊതുക്കിപ്പിടിച്ച്‌ അവൾ നടന്നു പോകുന്നു. കൊടുങ്കാറ്റു ചുരുൾ നിവർത്തിയ ജീവിതത്തിന്റെ കൊടിക്കൂറ പോലെ അവളുടെ തലമുടി വിടർന്നു പാറുന്നു. ആധിയോടെ നാം ആർത്തു വിളിക്കുന്നു : സെറീനാ .. സെറീനാ ..

ഭ്രാന്തിയായിരിക്കാനും മരിച്ചു പോവാനും ബലമുണ്ടായിരുന്ന പ്രാചീന സ്ത്രീകളുടെ വംശത്തിൽ പിറന്നവളേ … നിന്റെ കീറിക്കളഞ്ഞ മരണമൊഴികൾ ഞങ്ങൾക്കു തരൂ.

സെറീനാ …

ദുഃഖത്താലും ഉന്മാദത്താലും മരണത്താലും ശക്തിപ്പെട്ട ഉമ്മുമ്മമാരെക്കുറിച്ചുള്ള ഓർമ്മകളുടെ പൊടിപറ്റാത്ത നിലക്കണ്ണാടിയിൽ നിന്റെ നഗ്നരൂപം ഞങ്ങൾ കണ്ടു.

മാംസവും അസ്ഥിയും കൊടുത്തു പോറ്റിയ സ്നേഹം പേയോടെ തിരികെ കടിക്കുക മാത്രം ചെയ്യുമ്പോൾ ഒരു സ്ത്രീ കവിയായിപ്പോകുന്നു. സെറിനൈസ് ഡോസുകൾക്കിടയിലെ പേരറിയാത്ത ഋതുവിൽ നിന്ന് ഓർമ്മയുടെ പിത്തജലത്തിൽ കുളിച്ചു അവളുടെ വാക്കുകൾ വരുന്നു. അവളുടെ ഭാവന ജീവിതത്തിന്റെ ഉൾത്തടങ്ങളിലേക്ക് അറവുകത്തി പോലെ ആഴ്ന്നിറങ്ങുന്നു.
സെറീനാ ..

ജീവനോടെ അടക്കപ്പെട്ട എല്ലാ സ്ത്രീകളുടെയും ബാധയാണു നീ. ഞങ്ങളുടെ അഹങ്കാരത്തിന്റെ കപ്പലുകളെ നടുക്കടലിൽ മുക്കിക്കളയുന്നവൾ. നിന്റെ നിശ്വാസം തീവണ്ടികളെ പാളം തെറ്റിക്കുന്നു.

മനുഷ്യർ ഉറങ്ങുമ്പോൾ എങ്ങനെയെന്നറിയാതെ കത്തിപ്പോയ വീടാണ് നീ . മഞ്ഞു വീണുവീണ് മാഞ്ഞു പോയ ആ വീടും നീ തന്നെ. എല്ലാ വീടുകളും നീ തന്നെ.
പേരറിയാത്ത നാടുകളിലെ മലമ്പാതകളിൽ പാതിരാത്രിയിൽ നിലച്ചു പോകുന്ന എല്ലാ തീവണ്ടികളും നീ തന്നെ . നിന്റെ വാക്ക് ഓരോ ബോഗിയിലെയും മരിച്ചവരെ തൊട്ടു നോക്കുന്നു.

സെറീനാ ..
തകർക്കപ്പെട്ടവളേ .. നിന്റെ കവിത വേദനയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അതിന്റെ ആഘാതത്തിൽ എന്റെ മസ്തിഷ്‌കത്തിൽ നിന്നും പുക വരുന്നു . അല്ലെങ്കിൽ നിന്റെ മൂർച്ചകൾ എന്നെ സുബോധത്തോടെ ശസ്ത്രക്രിയ ചെയ്ത പോലെ.

മുറിവുകളിൽ ഉപ്പു കാറ്റു വീശുമ്പോൾ നിന്റെ ഓർമ്മകളുടെ രക്തപേടകം തുറന്നു നോക്കട്ടെ :

തീയണയ്ക്കാൻ മറന്ന്‌ ,
പോയ വഴികളിലൂടെ തിരികെ ഓടിയത്
കടങ്ങളും കയ്പ്പും കണ്ണു നീറ്റിച്ചത്.
ഔദാര്യങ്ങളൊക്കെ അപമാനങ്ങളായത്.
തൊട്ടതൊക്കെ കെട്ടതായത്.
ഭ്രാന്തിന്റെ ചൂണ്ടയിൽ പച്ചയായി കോർത്തിട്ടും
ചാവാതിരുന്നത്.

ഈ കവിതകൾ എന്നെ ഏൽപ്പിക്കുമ്പോൾ ഞാൻ ഹൃദ്രോഗിയാണെന്നു നീ ഓർത്തിട്ടുണ്ടാവില്ല. അതുകൊണ്ടാണ് ഉടലിൽ ചീത്തയായി അച്ഛൻ തൊട്ട ആഴമേറിയ മുറിവുകളോടെ ഒരുവളെ നീ എന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തിയത്. മറന്നു പോയെന്നു വേട്ടക്കാരനും മരിച്ചു പോയാലും മറക്കില്ലെന്ന് ഇരയും ശഠിക്കുന്ന ഒരേ ഓർമ്മയുടെ കഥ എന്നോട് പറഞ്ഞത്. പിന്നെ പന്ത്രണ്ടുകാരിയുടെ ഹൃദയത്തിൽ പിതാവിന്റെ കുഴിമാടം കാണിച്ചു തന്നത്. ഞാനിതാ പാതിരാത്രിയിൽ നിന്റെ കവിതയോടൊപ്പമിരുന്ന് പാലങ്ങൾ കത്തിയമരുന്നത് കാണുന്നു.

പള്ളിമിനാരങ്ങൾക്കു താഴെ നിന്റെ ചുവന്ന ചന്ദ്രൻ അസ്തമിക്കുമ്പോൾ തീയിനെ പെറ്റ നിന്റെ വയറ്റിൽ ഒരിക്കൽ മാത്രം ഞാനൊന്നു ചുംബിച്ചു കൊള്ളട്ടെ. ദുഃഖത്തിന്റെ ദേവാലയത്തിൽ നിന്റെ തിരുവെഴുത്ത്‌ ഞാൻ ഉറക്കെ വായിക്കട്ടെ :

അപമാനങ്ങളുടെ
വേദനയുടെ
നിസ്സഹായതയുടെ
പരകോടിയിൽ
അമർത്തിപ്പിടിച്ചു കൊല്ലുംമുമ്പ്
അവസാനം കൊടുത്ത
ആരും കണക്കിലെടുക്കാത്ത
ആ ഒരൊറ്റ ഉമ്മയുടെ മിന്നൽ
നീ കണ്ടു എന്നൊരു വാക്ക് ,
മരിച്ചാലും ജീവിപ്പിക്കുന്ന ഒരുറപ്പ്.

ഇതാണ് ഞാൻ പറഞ്ഞ സെറീന .കുപ്പിച്ചില്ലു തിന്നുന്ന കവി. ഇവളുടെ കവിതയിൽ നിന്ന് നാം കുതറിയോടുന്നു.
നമുക്ക് പിന്നിൽ വാതിലുകൾ ഒന്നൊന്നായി അടയുന്നു.
നാം അകപ്പെട്ടു പോകുന്നു.

സ്ത്രീയേ ,
നീ കണ്ട നരകങ്ങൾ ആരു കണ്ടിരിക്കുന്നു !

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English