ഞാൻ നാളുകളേറെയായി
സ്വർഗ്ഗവാതിൽ തുറക്കുമെന്ന്
ആളുകൾ വിശ്വസിക്കുന്ന
ആ പക്ഷിയുടെ പിറകെയായിരുന്നു.
എന്നിട്ട് നിനക്കതിന്റെ നിഴലെങ്കിലും
കാണാൻ കഴിഞ്ഞോ?
അതോ കാരമുള്ളുകൾ കൊണ്ട്
നീ മുറിഞ്ഞപ്പോൾ എന്തിനെന്നു
ചിന്തിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയിരുന്നോ.?
നീയെന്നോട് ചോദിച്ചു.
ഞാൻ ജന്മത്തിന്റെ
പടികൾ കടന്നിരുന്നില്ല.
വയസ്സുകൾ എണ്ണിത്തെറ്റിയ
പടവുകൾ നിറയെ
എന്നെയും നിന്നെയും കാത്ത്
മുഷിഞ്ഞ ഉറുമ്പുകൾ
നമ്മുടെ മറ്റൊരു ജന്മത്തെ കാത്തിരിക്കുകയായിരുന്നു
അപ്പോൾ.
ചിതലുകൾ ചിറക് മുളച്ച്
കൊഴിഞ്ഞു പോയത്,
പല്ലികൾ അവരുടെ ജന്മത്തെയും അക്ഷമയോടെ കാത്തിരിക്കുന്നത്,
ഇടിവെട്ടി കൂണുകളൊന്നാകെ
കുട വിരിക്കുന്നത്,
അതിന്റെ ചുവട്ടിൽ കുന്തിച്ചിരിക്കുന്ന വയസൻ തവള ആകാശത്ത്
കണ്ണെറിയുന്നത്,
നോക്കു, അപ്പോളേക്കും
സ്വർഗ്ഗവാതിൽ കടന്നു പക്ഷി
നമ്മളെയും വെട്ടിച്ചു
പറന്നു പോയിരിക്കുന്നു.
നീ കണ്ടോ,
എന്താണെന്ന് ചോദിക്കുന്നില്ലേ…?
വേണ്ട.. ഞാൻ തന്നെ പറയാം.. കലണ്ടറിലെ ഏതോ അക്കങ്ങളിലൊന്നിൽ വെച്ച്
ജനിച്ച ദിനവും വർഷവും മാസവും
നമ്മൾ മറന്നു പോയിരിക്കുന്നു.
നമുക്കിനി ആത്മാവിനെ തൊടാമെന്ന്,
തൊട്ട് തൊട്ടുമ്മ വയ്ക്കാമെന്ന്,
ഒന്നിൽ നിന്ന് പൂജ്യത്തിലേക്ക് നടക്കാമെന്ന്…
എവിടാ നീ…?
ഞാൻ തിരിച്ചു ചോദിക്കുന്നു,
കാണുന്നില്ലേ എന്നെ?
നിന്റെ കാതിനരികിൽ തന്നെ.
നോക്കു, ആ വിരലിൽ ഞാൻ
തൊട്ടിരിക്കുന്നു.
നീ പോയ വഴിയിലാകെ
വെളിച്ചം ജലാശയം പോലെ
തളം കെട്ടിക്കിടക്കുന്നു.
അതിലാകെ മുങ്ങിമരിച്ച
ഓർമ്മകൾ പോലെ നിഴൽ പടർന്ന
കരിഞ്ഞ നിറമുള്ള ഇലകൾ.
ഭ്രാന്ത് പറയാതെ പെണ്ണെ…
എനിക്ക് നിന്നെ കാണണം.
നിന്റെ കവിത പോലെ നീയിരിക്കണം.
ഞാൻ നിന്നെയൊന്നു വായിക്കട്ടെ.
തന്ത്രികളില്ലാത്ത ലോകത്തെ
ആദ്യത്തെ വീണയിൽ ഞാൻ മൗനത്തിന്റെ
സംഗീതം കേൾക്കട്ടെ.
നിന്നെ ഞാൻ തൊട്ടിരിക്കുന്നു.
ചെവിയിലൂടെ കാറ്റ് പോലെ
ഞാൻ ഉമ്മ വെച്ച് പോയിരിക്കുന്നു .. ഇപ്പോളതാ, പാതി അടച്ച
നിന്റെ മുറിയിലെ
ജനൽ വരികൾക്കിടയിൽ ഞാൻ പോകാൻ മടിച്ചു പോകണമല്ലോ എന്നോർത്ത് തിരിഞ്ഞു നോക്കുന്നു.
നീയപ്പോൾ നെരൂദയെ വായിക്കുന്നു.
ഞാനതിൽ വിടർന്ന കണ്ണുകൾ പോലെ
നിന്നെ ഇമവെട്ടാതെ നോക്കുന്നു.
നമ്മളത്രമേൽ പ്രണയിതാക്കളായിരിക്കുമെന്ന
വരികൾക്കിടയിൽ വെച്ച്
നീയെന്നെ കാണുന്നു.
ഞാൻ ജനലഴികൾക്കിടയിലൂടെ
പതുക്കെ നിന്റെ ആത്മാവിനെയുംകൊണ്ട് കടന്നുകളയുന്നു.