ഇവിടെയെനിക്കിന്ന്
അന്ത്യോപഹാരമാണത്താഴം
ക്ഷണിക്കപ്പെടാതെ വന്നതല്ലിവിടെ
സമയപരിധി കഴിഞ്ഞാലും
പറഞ്ഞയക്കാനുള്ളൊരാ മടിയോർത്തു ഖേദം
സ്വയമൊഴിയാൻ മാത്രമായ് നിശ്ചയം
പിടിച്ചിരുത്തുന്നു അലങ്കാര ലഹരികൾ
സ്നേഹമോടിവിടുന്നു എന്തു തന്നാലും
അവയെല്ലാമെനിക്കമൃതായിരിക്കും
വഴിയിൽവച്ചൊരുമിച്ചു പങ്കിട്ട കാഴ്ചകൾ
തിരികെ ഞാൻ ഉപഹാരമായ് നൽകുന്നു
രാത്രിയിൽ അത്താഴം കൂടെ കഴിക്കുമ്പോൾ
വീണ്ടും വിളമ്പാമോ
എന്ന ചോദ്യം കേട്ട്
ഞാനതിൽ പ്രസന്നനാകും
നാളെയായ് മടക്കയാത്രപോകുന്നേരം
ഇവിടെ ഇനിയുമൊരതിഥിയാവാൻ മോഹിക്കും…