“പിതാവിൽനിന്ന് ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു;
അവയിൽ ഏത് പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു ” – യോഹന്നാന്റെ സുവിശേഷം , 10:32
വർഷങ്ങളായി അതിരിന്റെ
അപ്പുറവും ഇപ്പുറവുമാണ്
ഞങ്ങളുടെ വീടുകൾ
എന്തുകൊണ്ടും അവൻ
നല്ലൊരയൽക്കാരനായിരുന്നു
എന്റെ വീട്ടിലേക്കെത്താൻ
വഴിവേണമെന്നു പറഞ്ഞപ്പോൾ
വഴിവെട്ടാൻ ആദ്യമെത്തിയത്
അവനായിരുന്നു
അവന്റെ പറമ്പിലെ തേക്കുമരം
എന്റെ വീട് തകർക്കുമെന്ന്
പറഞ്ഞപ്പോൾ
ഒരു മടിയുമില്ലാതെ
അവനത് മുറിച്ചു മാറ്റി
മൃഗസ്നേഹിയായ അവന്റെ
വളർത്തു പശു എന്റെ അതിരിലേക്ക്
നാവുനീട്ടിയതറിഞ്ഞപ്പോൾത്തന്നെ
അവനതിനെ വിറ്റു
എങ്ങനെ നോക്കിയാലും
അയാൾ സ്നേഹനിധിയായ
ഒരയൽക്കാരനായിരുന്നു
എന്നിട്ടും
മദ്യപിച്ചെത്തി ഞാൻ
വലിച്ചെറിയുന്ന തെറി
അവന്റെ ഉറക്കം കെടുത്തുന്നു
എന്നപേക്ഷിച്ച രാത്രിയിൽ
അവൻ ദാനം തന്നതെങ്കിലും
എന്റെ രക്തം തിളച്ചിരമ്പി,
അതിരിൽ വളർന്നു നിൽക്കുന്നൊ
രാഞ്ഞിലി മരത്തിന്
മറഞ്ഞിരുന്നുന്നം പിടിച്ച്
ഒരു കൂർത്തകല്ലിനാൽ
ഞാനവന്റെ തലതകർത്തു.
അവൻ എന്തുകൊണ്ടും
നല്ലൊരയൽക്കാരനായിരുന്നു!