ഉറക്കത്തിനിടയിലാണ് ‘ശ്രീ തവള’ ഒരു പിറുപിറുപ്പ് കേട്ടത്. എന്താണിത് അവൻ ചെവി വട്ടം പിടിച്ചു. ഇല്ല ഒന്നും മനസ്സിലാകുന്നില്ല. ശ്രദ്ധിക്കും തോറും പിറുപിറുപ്പ് മുറുകി മുറുകി വന്നു. അവന് ആകാംക്ഷ നിയന്ത്രിക്കാനാവാതെയായി. എന്താണ് എന്നറിയാൻ അവൻ എഴുന്നേറ്റു ചാടി.
പിറുപിറുക്കുന്നത് തവള പുരോഹിതനായിരുന്നു. ശ്രീ തവള ആലോചിച്ചു ‘ഈ രാത്രിയിൽ പുരോഹിതൻ എന്താണിങ്ങനെ പിറുപിറുക്കുന്നത്?’.
അവൻ പിന്നെയും ചെവി കൂർപ്പിച്ച് ശ്രദ്ധിച്ചു നോക്കി. ഇത്തവണയും ഒന്നും മനസ്സിലായില്ല. അക്ഷമനായിട്ടാണെങ്കിലും അവൻ തവള പുരോഹിതൻ കണ്ണു തുറക്കുന്നതുവരെ കാത്തിരിക്കാൻ തീരുമാനിച്ചു.വളരെ നേരത്തെ പിറുപിറുക്കലിനുശേഷം പുരോഹിതൻ കണ്ണു തുറന്നു. “നീയെന്താണ് ഇവിടെ?”അദ്ദേഹം ശ്രീ തവളയോട് ചോദിച്ചു.
ഇതുവരെ അക്ഷമനായി കാത്തിരുന്ന തവള, പുരോഹിതനോട് ചോദിച്ചു , “ഞാൻ എത്ര നേരമായി അങ്ങ് ഉണരുന്നതും കാത്തിരിക്കുന്നു, അങ്ങ് എന്താണീ പിറുപിറുത്ത് കൊണ്ടിരിക്കുന്നത്?”
പുരോഹിതൻ:”ഞാൻ പ്രാർത്ഥിക്കുകയായിരുന്നു”
തവള :”എന്ത്?”
പുരോഹിതൻ:”പുഞ്ചപ്പാടത്തെ തവളനേതൃത്വം തൊച്ചിപൊന്ത നിയന്ത്രണങ്ങളോടെ തുറക്കാൻ തീരുമാനിച്ചിരിക്കുന്നു. നല്ല നല്ല വരുമാനം ഉണ്ടാവണേ എന്ന് പ്രാർത്ഥിക്കുകയായിരുന്നു”
ഇപ്രാവശ്യം ശ്രീ തവള ശരിക്കും ഞെട്ടി. ‘ഈ ചേരപെരുകൽ കാലത്ത് എന്തിനാണ് ധൃതിപ്പെട്ട് തെച്ചിപ്പൊന്ത തുറക്കുന്നത്? തുറക്കുന്നതിന് ഭയപ്പെടുകയില്ലേ വേണ്ടത്? അതിന് പുരോഹിതൻ എന്തിനാണ് സന്തോഷിക്കുന്നത്? അദ്ദേഹത്തിന് ഭ്രാന്തായോ?’
പുരോഹിതൻ തുടർന്നു “ഇപ്രാവശ്യം സാധാരണപോലെയല്ല വൃദ്ധരെയും രോഗികളെയും കുട്ടികളെയും ഒന്നും കയറ്റുന്നില്ല. യുവാക്കളെ മാത്രമേ കയറ്റുന്നുള്ളൂ. അതുകൊണ്ടെന്താ ആവലാതികളും സ്വൈരക്കേടുകളും കുറയും. വരുമാനം കൂടുകയുംചെയ്യും. ഞാൻ പ്രാർത്ഥിക്കുകയായിരുന്നു, ചേരപെരുകൽ ഇനിയും കൂടണേയെന്ന്. എന്നാലല്ലേ പ്രാർത്ഥനയും കൂടൂ.”
“ചേരകളുടെ വംശം ഇനിയും ഇനിയും ഇനിയും വലുതാകട്ടെ. അവർ ധാരാളമായി പെറ്റ് പെരുകട്ടെ. അവരുടെ വംശവർദ്ധനവിനെ തടയുന്ന ഒന്നും കണ്ടുപിടിക്കപ്പെടാതിരിക്കട്ടെ.” പുരോഹിതൻ തവള ദൈവത്തോട് വീണ്ടും വീണ്ടും പ്രാർഥിച്ചു.
ഇതേസമയം പൊന്തയിലെ വള്ളിയിൽ ചുറ്റികിടന്ന ചേര പുതിയ സർക്കുലർ വായിക്കുകയായിരുന്നു. അതിപ്രകാരമായിരുന്നു,’സുഹൃത്തുക്കളേ, തെച്ചിപൊന്തയിലേക്ക് വരുന്ന തവളകളെ ഘട്ടംഘട്ടമായി മാത്രം തിന്നുക. ഒരു കൂട്ടക്കൊല ഉണ്ടാവരുത്. എന്തുകൊണ്ടെന്നാൽ ഈ വരുന്നവർ മുഴുത്ത ആരോഗ്യമുള്ള നല്ല തവളകൾ ആണ്. ഒറ്റയടിക്ക് തിന്നാൻ പോയാൽ ചിലപ്പോൾ തവള നേതൃത്വം തെച്ചിപൊന്ത വീണ്ടും അടച്ചേക്കും. നമുക്ക് ആരോഗ്യമുള്ള ഉള്ള തവളകളെ നഷ്ടമാവുകയും ചെയ്യും. പയ്യെ തിന്നാൽ പനയും തിന്നാം എന്ന് നിങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്നു. കൂട്ടക്കൊലയ്ക്ക് നിങ്ങൾ പാടത്തേക്കോ കുളത്തിലേക്കോ പോവുക. ശ്രദ്ധയോടുകൂടി കാര്യങ്ങൾ കൈകാര്യം ചെയ്യുക.’
ചേര വിചാരിച്ചു ഇതുതന്നെയാണ് നല്ല കാര്യം. എന്തിനാണ് വെറുതെ വയസ്സരെയും രോഗികളെയും തിന്നുന്നത്. തിന്നുമ്പോൾ ആരോഗ്യമുള്ളവരെയോ തന്നെ തിന്നാമല്ലോ.
ഇതേസമയം, തങ്ങളുടെ ഭക്തിയെപറ്റി അവനവനും തവളദൈവത്തിനും ബോധ്യമുണ്ടെങ്കിലും, പുരോഹിതനെയും തവള സമൂഹത്തെയും കാണിക്കുന്നതിനും പറ്റിയാൽ ദിനപത്രത്തിലെ മുൻപേജിൽ തന്നെ പടം വരുന്നതിനും ലൈവ് ന്യൂസുകളിൽ പ്രത്യക്ഷപ്പെടുന്നതിനും വേണ്ടി തവളെ യുവാക്കൾ ക്യൂവിൻറെ മുൻപന്തിയിൽ എത്താൻ എല്ലാ തയ്യാറെടുപ്പുകളും ചെയ്തുകൊണ്ടിരുന്നു.