“എനിക്ക് രണ്ടേ രണ്ടു മുലയേയുള്ളൂ”
ക്ലാസ്സു മുറി നിശബ്ദമാക്കികൊണ്ട്
പെൺകുട്ടി ആവർത്തിച്ചു
പറയുന്നു.
പുറത്തെ ചാറ്റൽ മഴ
വിറയ്ക്കുന്നു.
പെൺകുട്ടികൾക്ക്
മൂന്ന് മുലയുണ്ടെന്ന്
മരിച്ചു പോയ
അമ്മയാണ് സ്വപ്ന-
ത്തിൽ വന്നു പറഞ്ഞത്.
കറുത്ത കമ്പളത്തിൽ
മരണത്തട്ടേൽ കിടന്ന
അതേ വിറങ്ങലിച്ച
അമ്മയുടെ
മുഖം….
ഒന്നാമത്തേയും
രണ്ടാമത്തേയും
മുല
എപ്പോഴും
ഉപയോഗശ്യൂനമാണ്
പെൺകുട്ടികൾക്ക്?
എന്നെയൂട്ടിയ
മുല വീങ്ങി
എൻ്റെയമ്മ കരഞ്ഞിട്ടുണ്ടത്രേ.
അടുക്കളക്കനൽ മാറിനെ
പലവട്ടം പൊള്ളിച്ചിട്ടുണ്ടത്രേ.
എൻ്റെ വർണ കുപ്പായങ്ങൾക്കൊപ്പം
അച്ഛൻ്റെ വരയൻ ഷർട്ടുകൾക്കൊപ്പം
കോലായിലെ വിരിച്ചിട്ട
അമ്മയുടെ മുലക്കച്ച മാത്രം
കരിമ്പന പിടിച്ച്..
തീവെയിലിലെരിഞ്ഞ്…
എങ്കിലും
മൂന്നാമത്തെ മുല
ഇങ്ങനെയൊന്നുമല്ലെന്ന്
അമ്മ പറഞ്ഞു.
അപ്പൂപ്പൻ്റെ
വെറ്റില തുപ്പൽ
വന്ന് തണുപ്പിക്കും വരെ
അമ്മ ആ മുലകൊണ്ട്
തീക്കവിതകൾ എഴുതി.
ഗർഭസമയത്ത്
അമ്മമാരുടെ
അതേ മുലയാണ്
കുട്ടികളോട്
സംസാരിക്കുന്നത്.
കാമാത്തിപുരയിലെ
തെരുവുവേശ്യക്ക്
മൂന്നാമത്തെമുല
വഴി വരച്ചുകൊടുത്തേക്കാം
മൂന്നാമത്തെ
മുലപിടിച്ച്
അമ്മമാർക്ക്
പകലാകാശം
തേടാം.
രണ്ട് മുലയുള്ള
പെൺക്കുട്ടി
ഇപ്പോഴും
ആവർത്തിച്ചു
പറയുന്നു
മുലവടിവിൽ രണ്ട്
കറുത്ത മേഘം മാത്രം
മഴയൊഴിഞ്ഞ
വെളുത്ത
അകാശത്ത്…
പെൺകുട്ടികൾ
ഇനിയും
മൂന്നാമത്തെ മുല
കണ്ടെത്തിയിട്ടില്ലെന്ന്
വിചാരിച്ചിരിക്കേ
പാഠപുസ്തകത്തിലിരുന്ന്
നങ്ങേലി
മണത്തു.
“എൻ്റെ മൂന്നാമത്തെ മുല
ഇനിയും അറുത്തിട്ടില്ല കുട്ടികളെ…. ”