അനന്തരം
ഭൂമിയിൽ പ്രളയമുണ്ടായി,
ഞാനപ്പോഴും
തീരാത്ത ഉറക്കമായിരുന്നു.
നിർത്താതെ പെയ്ത
ഏഴുനാളുകൾക്കു ശേഷം
ജലമിറങ്ങിപ്പോകുന്നതിനും
തൊട്ടു മുമ്പേയാണ്
ഉണർവ്വിന്റെ സൂര്യനുദിച്ചത്
ഉള്ളിലെത്തുന്നത്.
കണ്ണെത്തുന്ന ഇടങ്ങളിലെല്ലാം
കടലുപോലെയും ,
നനഞ്ഞു നിൽക്കുന്ന
ഇലത്തുമ്പുകളിൽനിന്നും
മരം പെയ്തുവീണും
മഴക്കാഴ്ച്ചകൾ.
എത്ര നിറഞ്ഞിട്ടും
എത്ര പെയ്തിട്ടും
തീരാത്ത
നിന്റെയോർമ്മകൾ പോലെ,
മണ്ണിൽ മഴയവശേഷിപ്പിക്കുന്നുണ്ട്
ജലക്കാഴ്ച്ചകൾ.
ഇനി , മഴക്കാലമപ്പുറം…
വെയിൽക്കാലമുണ്ടാകും .
ജലമിറങ്ങിപ്പോയ വഴികളിൽ
മുറിപ്പാടുകൾ തെളിയും.
ഊഷരഭൂമിയിൽ
വെയിൽപ്പാടിന്റെ നഖചിത്രങ്ങൾ
കാലസാക്ഷികളാകും.
നമ്മളന്നും
നഷ്ടമായിപ്പോയ
പ്രണയകാലമോർത്ത് ,
മഴയും വെയിലും വിരിയിച്ച
നിഴൽച്ചിത്രങ്ങളുമായി,
പരസ്പരം കൂട്ടിമുട്ടാത്ത
ഇരുസമാന്തര രേഖകളിൽ
നഷ്ടമായ ജീവിതത്തിന്റെ
രക്തസാക്ഷികളായവശേഷിക്കും.
Click this button or press Ctrl+G to toggle between Malayalam and English