അഞ്ചാമത്തെ ആഗ്രഹം



അമ്മ വെച്ച് വിളമ്പുന്ന സ്നേഹച്ചൊറുണ്ണുക ! അച്ഛന്‍ വാങ്ങിത്തരുന്ന പുസ്തകങ്ങളും, പേനയും ബാഗിലാക്കി സ് ക്കൂളില്‍ പോകുക ! സ്നേഹ പരിലാളനങ്ങള്‍ മാതാപിതാക്കളില്‍ നിന്നും ആവോളം ആസ്വദിച്ച് വളരുവാനായിരിക്കും എല്ലാ കുട്ടികളും കൊതിക്കുന്നത്. കൂട്ടുകാരുടെ അച്ഛനോ, അമ്മയോ ക്ലാസ് പി. ടി. എ കളില്‍ വന്നുപോകുന്നതു കാണുമ്പോള്‍ സോജനും മോഹിച്ചിട്ടുണ്ടാവും അങ്ങനെയൊക്കെയായിരുന്നെങ്കിലെന്ന് .

മാതാപിതാക്കളുടെ സാമീപ്യം അനുഭവിച്ച് വളരാന്‍ ഭാഗ്യം ലഭിക്കാതിരുന്ന കുട്ടിയാണ് ‍സോജന്‍ . ആ‍ ഒരു കുറവായിരിക്കാം അവനെ കൂട്ടം തെറ്റി അലയാന്‍ പ്രേരിപ്പിച്ചത്. തെമ്മാടിത്തത്തിന് കിട്ടിയ സമ്മാനമാവാം എട്ടിലെ തോല്‍വി. തെമ്മാടികളുടെ ഒരു ചെറുസംഘം സോജനൊടൊപ്പം തോറ്റ് എട്ടാം ക്ലാസ്സിലിരുപ്പുണ്ടായിരുന്നു. എട്ട് ബി. സ്കൂളിലെ കുപ്രസിദ്ധമായ ബാച്ച് ആയിരുന്നു അന്നത്. സോജനും സംഘവുമാണ് ഈ കുപ്രസിദ്ധിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രക്ഷകര്‍ത്താവായി അമ്മമ്മ എത്തിയപ്പൊഴാണ് സോജന്റെ കുടുംബവിശേഷങ്ങളറിയുന്നത്.

അച്ഛനും അമ്മയും വഴിപിരിഞ്ഞു. സോജന്‍ അമ്മയുടെ തണലിലായി. താമസിയാതെ അമ്മ ജോലി തേടി ഗള്‍ഫില്‍ പോയി. അമ്മമ്മയുടെയും , അങ്കിളിന്റെയും സംരക്ഷണയിലായി അവന്റെജീവിതം. .

സ്കൂള്‍ വിട്ട്, സോജന്‍ എന്നും വൈകീട്ട് അച്ഛന്റെ വീട്ടിലേക്ക് പോകും.അച്ഛനെ കാണും.അച്ഛനൊടൊപ്പം കുറെ സമയം ചെലവഴിക്കും.പിന്നെ വീട്ടിലേക്ക് തിരിച്ച് പോകും. കുറെക്കാലം ഈ രഹസ്യ സന്ദര്‍ശനം തുടര്‍ന്നു.വൈകിവരുന്നതിന്റെ കാരണം അന്വേഷിച്ച് അമ്മമ്മയും ,അങ്കിളും കാര്യം കണ്ടെത്തി.അച്ഛനെ കാണുന്നത് അവര്‍ വിലക്കി.എങ്കിലും സോജന്‍ ഇടക്കൊക്കെ അച്ഛന്റെ സ്നേഹം തേടി, അച്ഛന്‍ വാങ്ങി കൊടുക്കുന്ന പലഹാരങ്ങള്‍ കഴിക്കാനും രഹസ്യ യാത്ര നടത്തും.

അമ്മമ്മയാണ് രക്ഷിതാവായി സ്കൂളില്‍ എത്തുന്നത്. പ്രായാധിക്യത്താല്‍ കാലിന് സുഖമില്ലാത്ത,നടക്കാന്‍ ക്ലേശിക്കുന്ന അവര്‍ ബസ് യാത്ര ചെയ്ത് സ്കൂളില്‍ എത്തും. കൊച്ചുമകനുണ്ടാക്കുന്ന കുഴപ്പങ്ങള്‍ക്ക് പഴി കേള്‍ക്കാന്‍, അല്ലെങ്കില്‍ പരീക്ഷയുടെ മാര്‍ക്ക് കേട്ട് വിമ്മിഷ്ടപ്പെടാന്‍.

സോജനെ എട്ടില്‍ നിന്നും, ഒമ്പതില്‍ നിന്നും കരകയറ്റി പത്താം ക്ലാസ്സിലെത്തിച്ചു. ആ കുട്ടി നന്നായി വരക്കും. അക്കൊല്ലം പൂക്കളമത്സരത്തിന്റെ ചുമതലക്കാരനായി. ഡിസൈന്‍ ചെയ്യുന്നതിന്റെയും , പൂക്കള്‍ വാങ്ങുന്നതിന്റെയുമൊക്കെ ചുമതല അവനെ ഏല്‍പ്പിച്ചു. ആ വര്‍ഷം ഓണപ്പൂക്കളം ഒന്നാം സ്ഥാനം സോജന്റെ ടീമിനായിരുന്നു.

പത്താം ക്ലാസ്സിലെത്തിയപ്പൊഴേക്കും നേര്‍ വഴിയിലേക്കുള്ള യാത്ര അവന്‍ ആരംഭിച്ചതായി എനിക്ക് തോന്നി. എങ്കിലും, ആ പഴയ കൂട്ടുകെട്ടുകളിലേക്കും, ചിന്തകളിലേക്കുമൊക്കെ ഇടക്ക് മടങ്ങി പോകാനുമുള്ള പ്രേരണയും നടക്കുന്നുണ്ട്. കണക്ക് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു ദിവസം ഞാന്‍ചോദിച്ചു.

“ അഞ്ച് ആഗ്രഹങ്ങള്‍ പറയാമോ ?” കണക്ക് പുസ്തകത്തിലില്ലാത്ത ഒരു ചോദ്യം.
ആഗ്രഹങ്ങളുടെ പെരുമഴയായിരുന്നു ക്ളാസ്സില്‍ തുടര്‍ന്ന് നടന്നത്.
സിനിമ നടനാകണം, ഡോക്ടറാകണം, കാറ് വാങ്ങണം, ദുബായില്‍ പോകണം, പ്രധാനമന്ത്രിയാകണം …………… !

സോജന്റെ ഊഴം.

സോജന്‍ എഴുന്നേറ്റ് നിന്ന് പരുങ്ങി.വിഷാ‍ദത്തില്‍ പൊതിഞ്ഞ നിഷ്കളങ്കമായ ഒരു ചിരി അവന്‍ സമ്മാനിച്ചു.കാര്‍മേഘം മറച്ചു വെച്ച ചന്ദ്രന്റെ വെട്ടം പോലെ!അവന്‍ മൗനം…….
ഞാന്‍ നിര്‍ബന്ധിച്ചു. കുട്ടികളും പ്രോത്സാഹിപ്പിച്ചു.പിന്നെ ആദ്യത്തെ ആഗ്രഹം വെളിപ്പെടുത്തി.
“പഠിക്കണം.. ജയിക്കണം !”
എല്ലാവരും കൈയടിച്ചു.
ഇനി രണ്ടാമത്തെ ആഗ്രഹം പറയൂ ?”
അല്‍പ്പസമയം കഴിഞ്ഞ് സോജന്‍ രണ്ടാമത്തെ ആഗ്രഹം വെളിപ്പെടുത്തി.
“ പണിയെടുത്ത് ജീവിക്കണം “
വീണ്ടും കുട്ടികളുടെ കൈയടി.
“ഇനി അടുത്ത ആഗ്രഹം കേള്‍ക്കട്ടെ”
“എല്ലാവരും വേണം”
അപ്പോള്‍ ഞാന്‍ പറഞ്ഞു : സോജനു വേണ്ടി അങ്ങകലെ കഷ്ടപ്പെടുന്ന അമ്മ , അരികിലില്ലെങ്കിലും സ്നേഹിക്കുന്ന അച്ഛന്‍, അമ്മമ്മ, അങ്ങനെ എല്ലാവരും, അല്ലേ?”
അവന്‍ തല കുലുക്കി. അതേയെന്ന് പറഞ്ഞു.
“ സ്വന്തമായി ഒരു ഇടം വേണം ”
നാലാമത്തെ ആഗ്രഹവും അവന്‍ വെളിപ്പെടുത്തി .
കൂട്ടുകാരുടെ തകര്‍പ്പന്‍ കൈയടി!

അഞ്ചാമത്തെ ആഗ്രഹം കൂടി പറയാന്‍ പ്രേരിപ്പിച്ചെങ്കിലും അവനപ്പോളതിന് കഴിഞ്ഞില്ല.
അവന്‍ എസ്.എസ്.എല്‍ .സി. പാസ്സായി. മിനിമം മാര്‍ക്ക് മാത്രമേ കിട്ടിയുള്ളുവെങ്കിലും ജയിച്ചതില്‍ അവന് സന്തോഷമായി. അമ്മമ്മക്ക് അതിലേറെ സന്തോഷം!സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അമ്മമ്മയോടൊപ്പമാണ് വന്നത്.
“പഴേ‍ ദുശ്ശീലങ്ങളൊന്നുമിപ്പോളില്ല മാഷേ. “ അമ്മമ്മ പറഞ്ഞു.
“ എല്ലാം ശര്യാവും . കൊച്ചുമോന്‍ മിടുക്കനാകും . എല്ലാ ആഗ്രഹങ്ങളും സാധിച്ചു കഴിയുമ്പോ മക്കള് കഷ്ടപ്പെട്ടോരെ ഓര്‍ത്താ മതി , അല്ലെയമ്മേ ? ”
സോജന്‍ ചിരിച്ചു.
മാഷ് പറഞ്ഞത് നേരാന്ന് പറഞ്ഞ് അമ്മമ്മ സോജനോടൊപ്പം നടന്നകന്നു.

2020 ഡിസംബര്‍ 21 തിങ്കളാഴ്ച്ച. നേര്‍ത്ത കുളിരുള്ള പ്രഭാതം.
ചാരുകസേരയില്‍ , ‘മാതൃഭൂമി ‘ യിലെ വാര്‍ത്തകള്‍ക്കൊപ്പം ചൂട് ചായ നുകര്‍ന്നിരിക്കുമ്പോള്‍ ‘ അലൈയ് പായുതേ കണ്ണാ ….’ റിങ്ങ് ടോണ്‍.
ഞാന്‍ മൊബൈല്‍ ഫോണ്‍ എടുത്തു.
‘അണ്‍നോണ്‍ കോണ്ടാക്ട്. ‘
“ ഗുഡ് മോണിങ്ങ്. സന്തോഷ് സാറല്ലേ ?”
“ അതെ. ”നമസ്കാരം .
“ സാര്‍. ഞാന്‍ സോജനാണ് . അഡ്വക്കേറ്റ് സോജന്‍.സാറിന്റെ ക്ളാസ്സിലുണ്ടായിരുന്ന പത്ത് ബിയിലെ . സാര്‍ ഓര്‍ക്കുന്നോ ? 2005 ബാച്ച് !”
ആ നിമിഷം ഞാന്‍ എന്റെ മനസ്സിലെ , ഭൂതകാലത്തിലേക്ക് നോക്കുവാനുള്ള യന്ത്രം പതിനഞ്ച് വര്‍ഷം പിന്നിലേക്ക് സൂം ചെയ്തു.
‘ അതാ, സോജന്‍. അമ്മമ്മയോടൊപ്പം നടന്ന് പോകുന്ന സോജന്‍ .’
സോജന്റെ ശബ്ദം വീണ്ടും എന്നെ തൊട്ടുണര്‍ത്തി.
“ സാര്‍ , ഞാന്‍ വിളിച്ചത് സാറിന്റെ അനുഗ്രഹം വാങ്ങാനാണ് . ഞാനിന്ന് നഗരസഭ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്യുകയാണ് , രാവിലെ പത്തിന് . സാര്‍ അനുഗ്രഹിക്കണം .”
അനുഗ്രഹങ്ങളും , ആശംസകളും വേണ്ടുവോളം നല്‍കി പ്രിയ ശിഷ്യന്.
പതിനഞ്ച് വര്‍ഷത്തെ ഇടവേളയിലെ വിശേഷങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞുകൊണ്ടിരുന്നു സോജന്‍. വിവാഹം, ഭാര്യ, ആറ് മാസം പ്രായമുള്ള കു‍ഞ്ഞ് വാവ, കുടുംബ വിശേഷങ്ങള്‍, നാട്ട് വിശേഷങ്ങള്‍……….
എല്ലാം കേട്ടു.
അന്ന് , സോജന്‍ ‍ പൂരിപ്പിക്കാതിരുന്ന അ‍ഞ്ചാമത്തെ ആഗ്രഹം എന്തായിരുന്നിരിക്കാം ? ഇതെഴുതുമ്പോള്‍ ഞാനത് വെറുതെ ആലോചിച്ചു.


അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൃതകൂടങ്ങൾ
Next articleകർഷകർ ഇന്നും പാത്രം കൊട്ടി പ്രതിഷേധിച്ചു
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായിരുന്നു.സ്വദേശം ചെറായി.ഇപ്പോള്‍ നോര്‍ത്ത് പറവൂരില്‍ താമസിക്കുന്നു.പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. ' വസന്തത്തിന്റെ ഓര്‍മ്മക്ക് ' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു.ഈ പുസ്തകത്തിന് കോട്ടയം കേന്ദ്രമായുള്ള "പരസ്പരം വായനക്കൂട്ടം പുരസ്ക്കാരം 2020 " ലഭിച്ചു. ഭാര്യ - വി.വി.സിന്ധു ( അധ്യാപിക ) മക്കള്‍ - ഹരിശങ്കര്‍, ഗൗരിലക്ഷ്മി ( വിദ്യാര്‍ത്ഥികള്‍ ) വിലാസം എം എന്‍ സന്തോഷ് മണിയാലില്‍ ഹൗസ് കേസരി കോളേജ് റോഡ് നോര്‍ത്ത് പറവൂര്‍ എറണാകുളം ഫോണ്‍ 9946132439

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here