തോറ്റവൻ

തോറ്റവൻ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു
അവനെ തിരികെ വിളിക്കാൻ ആരുമില്ലെന്ന്
അവനോളം അറിയുന്നവർ ആരുമില്ലെന്ന പോലെ

പാമ്പിൻ കാവും പുൽപ്പാടവും
മഞ്ഞമുളകളും പച്ചില കാട്ടിൽ ഒളിഞ്ഞിരിക്കുന്ന കുറുക്കൻമാരും വെയിൽ പൊട്ടിട്ട് തിളങ്ങുന്ന പൂച്ചുട്ടി മീനുകളും
ഇളകി തുള്ളുന്ന വെള്ളിലം താളിയും
ഇരുട്ടിലൊരു ഇരുട്ടായ്‌ അവൻ അലിഞ്ഞു തീരുന്നത് നോക്കി നിന്നു

ഇടവഴി താണ്ടും വരെ മരങ്ങൾ
വേരുകൾ നീട്ടി അവനെ പിന്തുടർന്നു
അവനോ
ആകാശത്തും ഭൂമിയിലുമായി
തന്നെ കൂട്ടി കെട്ടിയിരുന്ന
ചരടുകളെല്ലാം അറുത്തു മാറ്റി
ദിക്കുകൾ അളക്കാതെ
കാറ്റിനൊപ്പം പറന്നു

പുഴ കടക്കുമ്പോൾ
കടൽ അവനെ കാത്തു നിന്നു
ചിപ്പികളും മുത്തുകളും
ഇന്നോളം ആരും കണ്ടിട്ടില്ലാത്ത പവിഴ പുറ്റു ദ്വീപുകളും ഒരുക്കി
തിരകളവനെ തൊടാൻ കരയിലേക്ക് ഒഴുകി
കടലോളം സ്നേഹം ഉള്ളിലില്ലാതെ
മൂന്നാം നാൾ അവൻ തിരിഞ്ഞോടി

വറ്റി വരണ്ടവനെ
നക്ഷത്രങ്ങൾ വലിച്ചെറിഞ്ഞ് മരുഭൂമി വളഞ്ഞു
മുൾച്ചെടിയിൽ വസന്തം കാണാഞ്ഞ്
ഇറ്റ് നീരുറവയിൽ ദാഹം തീരാഞ്ഞ്‌ കനൽ കട്ടകൾ വിഴുങ്ങി
പാതിരാ നിലാവിൽ അവൻ നിലവിളിച്ചു

പിന്നെ
പുതഞ്ഞു പോയ കാലുകൾ പുറത്തെടുത്ത്
പാതളത്തിലേക്കൊരു കുഴി കുഴിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here