ഇടത്തും വലത്തും
കിളിപ്പാട്ടു മൂളും വയൽച്ചുണ്ടു പറ്റി-
ക്കിലുങ്ങുന്ന കാറ്റിൽ
കലമ്പൽ കിലുക്കി
മുഖങ്ങളിൽ പലത്
വരൾച്ചക്കിനാവിൽ നടുങ്ങും
കടൽപോലെ ചിലത്
പ്രണയം കാത്തു തപിക്കും
കരയായ് ചിലത്
സ്മൃതിച്ചെപ്പിനുള്ളിൽ വസന്തം തിമിർക്കും
കാർമേഘമായ് ചിലത്
” വരും വരും” എന്ന് കൺപാർത്ത്
കണ്ണിൽ കിനാവുകൾ തിളക്കി ചിലത്
സ്വപ്നം തളിർക്കെ തുടുത്തും വിയർത്തും
മിഴി പാതി കൂമ്പിയും
മിഴിയേറെ വിടർത്തിയും
അണ മുറിഞ്ഞൊഴുകുമെൻ
ഹൃദയത്തെ നീ നിന്‍റെ
ആത്മാവിലേക്കേറ്റുവാങ്ങുകെന്നും ചിലർ
ഇടത്തും വലത്തും
മുഖങ്ങളിൽ പലതും
ചിരി വറ്റി മൗനം കനത്ത്
പഴകിയ മരച്ചില്ലയിൽ ചീഞ്ഞുനാറുന്നു
തലമുറകൾക്കപ്പുറത്തു നിന്ന്
നിലവിളിച്ചുയരുന്ന പിതൃസംഗീതത്തിൽ
തിരിച്ചറിയാത്ത നാദവീചികളിലൊന്നായി
കരയുന്നു ചിരിക്കുന്നു
മുഖങ്ങൾ ചിലർ
ഏതോ ശിലായുഗ മരുപ്പച്ചയിൽ
ഒരു തുള്ളിയുറവിന്നു ചോര ചിന്തുന്നവർ
അസഹനീയമായൊരു തിരിച്ചറിവിന്‍റെ മുൾമുനയിൽ
പിടഞ്ഞു തീരാൻ വിധിക്കപ്പെട്ടവർ
വിടരും മുമ്പേ കൊഴിയുന്നവർ,
ചിലർ വിടരാതെ വിങ്ങി വിതുമ്പി നിൽക്കുന്നവർ
വിടർന്നു ചിരിച്ചു വിലസി നിൽക്കുന്നവർ
വിടർന്നും കൊഴിഞ്ഞും വിടർന്നും കൊഴിഞ്ഞും
വഴിവക്കിലെവിടെയോ കെട്ടു പോകുന്നവർ
നിറങ്ങളിൽ നീന്തിക്കുതിർന്നവർ
നിറങ്ങളില്ലാതെ കറുത്തവർ
നിറനിറഞ്ഞിരുകരകളും കവി-
ഞ്ഞിരു നദികളിലൊന്നായ പോൽ ചിലർ
വിണ്ട മാറു പൊളിച്ചു കാട്ടി
ഒരു തുള്ളി നേരിനായ് കേഴുന്നവർ ചിലർ
പ്രിയങ്ങളാൽ കീറിമുറിഞ്ഞു പോയവർ
പ്രിയതരങ്ങളിൽ ചിതറിവീണവർ
” ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം”
എന്നിളവെയിൽ തുമ്പിൽ കടിച്ചുതൂങ്ങുന്നവർ
മുഖങ്ങളെത്രയോ പിന്നെയും പിന്നെയും…
എവിടെയെൻ വാക്കിന്റെ മറുപാതിയെന്നു തേടിയലയുന്നവർ
“വാക്കു ഞാനല്ലേ”യെന്നു തെളിഞ്ഞുണരുന്നവർ
ഇവരിലാരെയോ തേടുന്നു ഞാൻ
ഇവരിലാരുമേ ഞാനല്ലയെങ്കിൽ
ആരു ഞാനായതെന്നറിയുവാ-
നിനിയെത്ര ദൂരം?
(1998)
Click this button or press Ctrl+G to toggle between Malayalam and English