ഞാനിരിക്കും
മുൻപേ പന്തി തീർന്നു പോയ്
പുല്ലുപായ ചുരുട്ടുന്നു ചിന്തകൾ.
പണ്ട് നടന്നു ഞാൻ തീർത്തെന്നിരിക്കിലും
മായ്ച്ചു തീരാതെ, മനസ്സിൻ്റെ പാടുകൾ
നിങ്ങൾ താണ്ടു,മിടവഴിപ്പാതയിൽ
കാത്തുകെട്ടിക്കിടപ്പതു,ണ്ടിപ്പോഴും.
പൂത്ത വാകക്കു കീഴിലിരുന്നു നാം
ആർത്തിയോടെ പകുത്ത് കഴിച്ചതാം
സ്നേഹമൂറും രുചിക്കൂട്ട് തേടുമ്പോൾ
കാറ്റിനൊപ്പമെൻ സ്നേഹവും വീശിടും.
പണ്ട് നിലാവിൻ്റെ കൈയെത്താ,മൂലയിൽ
കാത്തു വച്ച കിനാവിൻ്റെ ചിന്തുകൾ
കൂട്ട് ചേർത്ത് ഞാ,നൊരുക്കുന്ന ചൂളയി-
ലാർക്കറിയാം ഇരുളകറ്റാനെത്തു-
മോർമ്മ ഭവ്യമായ് വിണ്ണിറങ്ങും കാലം.