അലഞ്ഞുതിരിയുന്ന നായകളെ കൊന്നാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും അതുവഴി ജയിലില്‍ പോകേണ്ടി വരുമെന്നും കേന്ദ്രത്തിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ അന്ത്യ സാസനം വന്നതിന് പിറകെ പല സ്ഥലങ്ങളിലായി പട്ടി വാദികള്‍ വേദി കയ്യടക്കാന്‍ തുടങ്ങിയതോടെ , എല്ലാ പട്ടികള്‍ക്കും ഒരു ദിനം ഉണ്ട് എന്ന ചൊല്ല് തിരുത്തി, എല്ലാ ദിനവും പട്ടികളുടേത് എന്നോ പട്ടികള്‍ക്ക് അച്ഛാ ദിന്‍ എന്നോ ആക്കി മാറ്റാം ! തെരുവ് നായകളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന മുംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോര്‍ഡിന്റെ ഈ സത്വര ഇടപെടല്‍ ! താറാവുകളില്‍നിന്ന് മാരക രോഗങ്ങള്‍ പകരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്കോ ആലോചനകള്‍ക്കോ മുതിരാതെ യുദ്ധകാലാടിസ്ഥാനത്തില്‍ താറാവുകളെ കൊന്നൊടുക്കുകയും അതിനു വേണ്ട ഫണ്ടുകള്‍ പേമാരി കണക്കെ പെയ്തിറങ്ങുകയും അതുവഴി യഥേഷ്ടം കര്‍ഷകര്‍ ജീവിത പ്രതിസന്ധിയിലകപ്പെടുകയും ചെയ്ത നാട്ടില്‍, മനോനില തെറ്റിയവരോ വീട്ടില്‍നിന്ന് ഇറക്കിവിട്ടവരോ ആയവര്‍ ജീവിതത്തിനും മരണത്തിനും മദ്ധ്യേ തെരുവിലലയുമ്പോള്‍ , ഉപദ്രവമാല്ലാതെ യാതൊരു പ്രയോജനവുമില്ലാത്ത തെരുവ് നായകളെ കൊല്ലുന്നതിനെതിരെ എന്തെല്ലാം കുതൂഹലങ്ങളാണ് ! തെരുവ് പട്ടികളെ കൊല്ലുന്നതിനെതിരെ കുരക്കുന്നവര്‍, ഇനി പട്ടികളുടെ ഇറച്ചി, പട്ടി മാംസം കഴിക്കുന്ന നാട്ടിലേക്ക് അയച്ചു കൊടുക്കാനുള്ള തീരുമാനം ഉണ്ടായാല്‍ ജനങ്ങള്‍ക്ക് നേരെ കുരയ്ക്കുമോ അതോ സര്‍ക്കാരിനെ കടിക്കുമോ ? പട്ടിയിറച്ചി കയറ്റി അയച്ച് സര്‍ക്കാര്‍ പണം നേടുകയോ പട്ടികളെ സ്നേഹിക്കുന്നവര്‍ അവരവരുടെ വീടുകളില്‍ കൊണ്ടുപോയി വളര്‍ത്തുകയോ ചെയ്യട്ടെ. അല്ലാതെ, പട്ടികളെ, നിസ്സഹായരായ ജനത്തിന്റെ നെഞ്ചച്ചത്തോട്ടു കേറ്റരുത് !
പട്ടികള്‍ ഇല്ലാതായാല്‍ എലികള്‍ പെരുകുമെന്നും പ്ലേഗ് പകരുമെന്നുമുള്ള ന്യായീകരണങ്ങള്‍ ധാരാളം വന്നു. അങ്ങിനെയെങ്കില്‍, പൂച്ചകളും പാമ്പുകളും പിടിക്കുന്ന അത്ര എലികളെ പട്ടികള്‍ പിടിക്കുന്നില്ല. മാത്രമല്ല, പട്ടികളെ പോലെ എലികളും ജീവനുള്ള സൃഷ്ടിയാണ് എന്നിരിക്കെ, പട്ടികള്‍ക്ക് എലിയെ പിടിക്കാമെങ്കില്‍ എന്തുകൊണ്ട് തെരുവ് പട്ടികളെ മനുഷ്യര്‍ക്ക് കൊന്നുകൂടാ ? തെരുവ് പട്ടികള്‍ മനുഷ്യരുടെ മിത്രങ്ങളും എലികള്‍ ശത്രുക്കളും ആകുന്നതിലെ സാംഗത്യം എന്താണ് ? എലികള്‍, എലിപ്പനി പടര്‍ത്തുമ്പോള്‍ പട്ടികള്‍ മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും കടിച്ച് മുറിക്കുകയും പേ നിറച്ച് കൊല്ലുകയും ചെയ്യുന്നു. പക്ഷേ, ആന്റി റാബീസ് വക്സിനുകളെ പോലെ റാറ്റ് പോയിസണ്‍ ഒരു ‘കോമ്പറ്റീഷന്‍ ഐറ്റം’ അല്ലാത്തത്കൊണ്ടും പ്രതി വര്ഷം 10 കോടിയാണ് കേരളം വാക്ക്സിനുകള്‍ക്ക് ചെലവിടുന്നത് എന്നത് കൊണ്ടും തെരുവ് പട്ടികളെ സംരക്ഷിക്കാം എന്നതാണ് കേന്ദ്ര മുതലാളിത്ത മൃഗ വകുപ്പിന്റെ നിലപാട്. കണ്മുന്‍പില്‍ മനുഷ്യ ജീവനുകള്‍ പിടഞ്ഞു വീണിരുന്നപ്പോഴും വിഷമേറ്റവര്‍ മൃതപ്രായരായപ്പോഴും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരുന്നതിലെയും തെരുവ് പട്ടികളെ കൊല്ലാന്‍ പാടില്ലെന്നതിലെയും മനുഷ്യ വിരുദ്ധതയും എന്നാല്‍, പക്ഷിപ്പനി പറഞ്ഞ് താറാവുകളെ കൊന്ന് തീര്‍ത്തതിലെയും കാര്‍ , ബൈക്ക് യാത്രക്കാരുടെ ജീവനില്‍ അതീവ ജാഗ്രത കാണിച്ച് പിന്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് പോലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിലെയും മനുഷ്യ ‘സ്നേഹ’വും ആരെ സമ്പന്നരാക്കാനാണ് ? വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റുമൊക്കെ ധരിക്കേണ്ടത് തന്നെ. പക്ഷേ, ഒരാള്‍ക്ക് സ്വന്തം ജീവനില്‍ ഇല്ലാത്ത താല്പര്യം യുദ്ധകാല ജാഗ്രതയോടെ പോലീസും സര്‍ക്കാരും സംരക്ഷിക്കുന്നതും , പട്ടിണിയും പ്രാരാബ്ദവുമാണെങ്കിലും ജീവിച്ചുതീര്‍ക്കാന്‍ കൊതിയുള്ളവര്‍ പട്ടിയുടെ കടിയേറ്റും മരം വീണും മരിക്കുന്ന കാര്യത്തില്‍ നിസ്സംഗരാകുന്നതും ഒരു നാട്ടില്‍ ! ഹെല്‍മെറ്റ് ധരിക്കാത്തവനെ പിടികൂടാന്‍ പോലീസ് പിറകെ ഓടിയത് കാരണം ബൈക്ക് യാത്രക്കാരന്‍ കിണറ്റില്‍ വീണ് മരിച്ചതും പട്ടി കടിച്ചും മരം വീണും ഉള്ള മരണം അഭംഗുരം തുടരുന്നതും അതേ നാട്ടില്‍ തന്നെ !!
പേ വിഷബാധക്കെതിരെയുള്ള വാക്സിനുകളും മരുന്നുകളും ഉണ്ടാക്കുന്ന വന്‍കിട കമ്പനികള്‍ക്ക് ഭാവിയില്‍ നഷ്ടം വരുമെന്ന ഭയം മൂലമോ മറ്റോ തെരുവ്പട്ടികളെ കൊല്ലുന്നത് കുറ്റകരമാക്കിയാല്‍, പട്ടിയെ കൊന്നതിന്റെ പേരില്‍ മനുഷ്യരെ ശിക്ഷിക്കാന്‍ തുടങ്ങിയാല്‍, പട്ടിയുടെ കടിയേറ്റ് പേ പിടിച്ചു മരിക്കുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കിടക്കുന്നതായിരിക്കും എന്ന് സമാധാനിച്ച് തെരുവു പട്ടികളെ ഉന്മൂലനം ചെയ്യാന്‍ തയ്യാറാകുക എന്നതായിരിക്കും ജീവനില്‍ കൊതിയുള്ള നിസ്സഹായ ജനത്തിന് പോംവഴി. അതുപോലെ, അപകടകാരികളായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഇനിയും അധികൃതര്‍ തയ്യാറാവുന്നില്ലെങ്കില്‍ ആ ദൌത്യവും ജനങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന കാലവും വിദൂരമായിരിക്കില്ല. പ്രായമേറിയതും ഉറപ്പില്ലാത്തതുമായതും റോഡരികിലെയും പൊതു സ്ഥാപനങ്ങളിലെയും, മനുഷ്യ ജീവനുകള്‍ അപഹരിക്കാന്‍ സാധ്യതയുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് പകരമായി അതേ സ്ഥലത്ത് തന്നെ വൃക്ഷ തൈകള്‍ നാട്ടുപിടിപ്പിച്ചും വനങ്ങളില്‍ നിന്നും മരങ്ങള്‍ മോഷ്ടിക്കപ്പെടുന്നത് തടഞ്ഞും കയ്യേറ്റം ചെയ്യപ്പെട്ട വനങ്ങള്‍ സര്‍ക്കാര്‍ തിരിച്ചു പിടിച്ചും പറ്റാവുന്ന ഇടങ്ങളിലൊക്കെ വനവല്‍ക്കരണം നടത്തിയും ഹരിത കേരളം സാധ്യമാക്കുകയും ചെയ്യാം. മനുഷ്യ ജീവനുകള്‍ അപഹരിക്കുന്നതിന് പുറമേ, റോഡുകളില്‍ വെള്ളം വീണ് കുണ്ടും കുഴികളും ഉണ്ടാവുക, വേരുകള്‍ വലുതായി റോഡുകളില്‍ വിള്ളല്‍ വരുത്തുക , ഇലക്ട്രിക് പോസ്റ്റുകളിലേക്കും ലൈനുകളിലേക്കും വീണ് കരണ്ട് പിടിച്ച് ആളപായവും യാത്രാ തടസ്സവും സാമ്പത്തിക നഷ്ടവും ഉണ്ടാവുക തുടങ്ങിയവയെല്ലാം മരങ്ങള്‍ കൊണ്ടുണ്ടാകുന്ന ദോഷങ്ങളാണെന്ന കാര്യവും അമിതമായ പ്രകൃതി സ്നേഹത്തിനിടയില്‍ നാം ഓര്‍ക്കണം. വനത്തിലെ മരങ്ങള്‍ വനം കൊള്ളക്കാര്‍ക്ക് മുറിച്ചു കടത്താന്‍ വിട്ടുകൊടുക്കുകയും റോഡരികിലെ മുത്തശ്ശി മരങ്ങളെ നിലനിര്‍ത്തുകയും ചെയ്താകരുത് നമ്മുടെ ഹരിത വിപ്ലവം.
ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം അതിനെ കുറിച്ച് വാചാലരാകാതെ, മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സത്വര നിയമനിര്‍മ്മാണം നടത്തുകയും ഉദ്ദ്യോഗസ്ഥര്‍ അത് നടപ്പിലാക്കിയോ എന്ന് പരിശോധിക്കുകയും പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് പണിഷ്മെന്റ് നല്‍കുകയും ചെയ്യുന്നതാണ് ജീവനുള്ള, മനുഷ്യ പക്ഷത്ത് നില്‍ക്കുന്ന സര്‍ക്കാരിന്റെ ലക്ഷണം. മരങ്ങള്‍ ആളുകളെ കൊന്നുകൊണ്ടേയിരിക്കുമ്പോഴും ഉദ്യോഗസ്ഥരും സര്‍ക്കാറും നടപടിയെടുക്കുന്നില്ലെങ്കില്‍, അപകടകരമെന്നറിയിച്ച് പരാതി നല്‍കിയിട്ടും മുറിച്ചുമാറ്റപ്പെടാത്ത മരം പിന്നീട് മനുഷ്യ ജീവന്‍ അപഹരിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റം ചുമത്തുകയോ അവരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി മരണപ്പെട്ടവരുടെ കുടുംബത്തിന് കൊടുക്കുകയോ ചെയ്തില്ലെങ്കില്‍, ഭാവിയിലെ ദുരന്തം ഒഴിവാക്കാന്‍, റോഡരികുകളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ചെറുതും വലുതുമായ മരങ്ങള്‍ നശിപ്പിക്കാനുള്ള പ്രവണത ജനങ്ങളില്‍ കണ്ടേക്കാം. കാരണം, മരങ്ങളെക്കാള്‍ വലുത് തന്നെയാണ് മനുഷ്യജീവനുകള്‍.
ഗോ വധ നിരോധനത്തില്‍ അന്തര്‍ലീനമായിരിക്കുന്നതും കടുത്ത മുതലാളിത്ത പ്രീണനമാണ്. ഫാസ്റ്റ്ഫുഡ്കളും പച്ചക്കറികളും വിഷമയമാകുമ്പോള്‍ (നമ്മളെല്ലാവരും പ്രതീക്ഷിച്ച പോലെതന്നെ മാഗിയില്‍ വിഷമില്ലെന്ന് ‘കണ്ടെത്തി’ യിരിക്കുന്നു !) വിഷം നിറക്കാന്‍ കഴിയാത്ത പോത്തിറച്ചി ജനങള്‍ക്ക് നിരോധിച്ചവര്‍ തന്നെയാണ് അത് വിദേശങ്ങളിലേക്ക് കയറ്റി അയച്ച് സമ്പന്നരാകുന്നത്. ഇനി, തെരുവ് പട്ടികളുടെ ഇറച്ചി കയറ്റി അയക്കുന്നതും ഇവര്‍ തന്നെയായിരിക്കും. ഇത്രയുംകാലം ഫ്രഷ് ആയി കിട്ടിയിരുന്ന പോത്തിറച്ചി പാക്കറ്റുകളിലൂടെ വരാന്‍ തുടങ്ങുമ്പോള്‍, അതിന്റെ വിപണന – വിതരണ അധികാരം ചില ആളുകളില്‍ മാത്രം നിക്ഷിപ്ത്മാകുമ്പോള്‍ എല്ലാ നിരോധനവും തീരും. മാട്ടിറച്ചിയായാലും പട്ടിയിറച്ചി ആയാലും ഇന്ത്യയിലോ വിദേശത്തോ ഉള്ള ആളുകള്‍ പാക്കറ്റ് മാംസം ഉപയോഗിക്കാതിരുന്നാല്‍ അവര്‍ക്ക് നല്ലത് ! നാട്ടിലുള്ള ബീഫ് പ്രേമികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിദേശത്തുള്ളവര്‍ കുറച്ച് കാലമെങ്കിലും ബീഫ് തീറ്റ നിര്‍ത്തിയാല്‍ കയറ്റുമതിയുടെ അളവ് കുറയും. മാട്ടിറച്ചികള്‍ സംഭരണ ശാലകളില്‍ കെട്ടിക്കിടക്കുകയും മാടുകള്‍ ആലകളില്‍ ചത്ത് വീഴുകയും ചെയ്യുമ്പോള്‍ നിരോധനവും പിന്‍വലിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മാട്ടിറച്ചി കേരളത്തിലേക്ക് എത്താന്‍ തടസ്സം വരുമ്പോള്‍, മാടുകളുടെയും കോഴികളുടെയും ജീവന് ഒരേ വിലയാണെന്ന അടിസ്ഥാനത്തില്‍, അവിടെങ്ങളില്‍ നിന്നുള്ള കോഴികളെയും പഴം – പച്ചക്കറികളും കേരളത്തില്‍ ഇറക്കാന്‍ അനുവദിക്കാതിരിക്കുകയും ക്രമേണ ഉപയോഗം കുറയ്ക്കുകയും ചെയ്‌താല്‍ കേരളത്തില്‍ മാടുകളും സുലഭാമാകും, വിലകുറയുകയും ചെയ്യും.
പോത്തായാലും പട്ടിയായാലും താറാവായാലും കോഴിയായാലും സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും പണം വിഴുങ്ങാന്‍ അവസരം കിട്ടിയാല്‍ എല്ലാ പാപ ബോധവും പമ്പകടക്കുമെന്നതാണ് അനുഭവമെന്നതിനാല്‍ ജനകീയ മുന്നേറ്റങ്ങളിലൂടെയല്ലാതെ ജനജീവിതം ഇനിമേല്‍ ഭൂമിയില്‍ സാധ്യമാകില്ലെന്ന് തിരിച്ചറിയുക നാം. തെരുവ് പട്ടികളുടെ കാര്യത്തില്‍ ഇനിയും നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെങ്കില്‍, കണ്‍ മുന്‍പില്‍ കാണുന്ന പട്ടികളെയെല്ലാം വടിയെടുത്ത് അടിച്ചും കല്ലെറിഞ്ഞ് ഒട്ടിച്ചും വിടാന്‍ ജനങ്ങള്‍ തയ്യാറാകണം. നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെ പട്ടികള്‍ കാടുകളില്‍ അഭയം തേടട്ടെ. അങ്ങിനെ, പെറ്റും പെരുകിയും പേപിടിച്ചും വനജീവികളെ കടിച്ചു കൊല്ലുമ്പോള്‍ മൃഗ സ്നേഹികളും ഇന്നത്തെ പട്ടി വാദികളും ഒരു തീരുമാനത്തില്‍ എത്തിക്കൊള്ളും. കാട്ടിലെത്താത്തവ തമിഴ് നാട്ടിലും മറ്റും അഭയംതേടട്ടെ. അതുവഴി, അവിടങ്ങളിലെ പട്ടി പ്രേമികളുടെ ആക്രാന്തവും തീരട്ടെ !
Click this button or press Ctrl+G to toggle between Malayalam and English